കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ (ഏപ്രിൽ 21) നടന്ന സ്ഫോടന പരമ്പരയെക്കുറിച്ച് അന്വേഷിച്ച പ്രസിഡൻഷ്യൽ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് ആവശ്യപ്പെട്ട് ശ്രീലങ്കൻ കർദിനാൾ മാൽക്കം രഞ്ജിത്ത്. സ്ഫോടനത്തിൽ ഇരകളായവർക്ക് പ്രസിഡൻഷ്യൽ കമ്മീഷനിൽനിന്നും ഭരണകൂടത്തിൽനിന്നും നീതി ലഭിച്ചില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതി സമീപിക്കുമെന്നും കർദിനാൾ തുറന്നടിച്ചു.
ആറ് വാല്യങ്ങളിലായി 472 പേജുകളും 215 അനുബന്ധങ്ങളുമുള്ള റിപ്പോർട്ട് ഫെബ്രുവരി ഒന്നിന് പ്രസിഡന്റ് ഗോട്ടഭയ രജപക്സെയ്ക്ക് അന്വേഷണ സംഘം കൈമാറിയിരുന്നു. അതിന്റെ പകർപ്പ് സഭാനേതൃത്വത്തിന് ലഭ്യമാക്കാൻ ഭരണകൂടം ഇനിയും തയാറാകാത്ത സാഹചര്യത്തിലാണ് കർദിനാളിന്റെ പ്രതികരണം.
‘സ്ഫോടനത്തെ കുറിച്ച് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണ രീതിയെക്കുറിച്ചും അവർ കൈക്കൊണ്ട നടപടികളെക്കുറിച്ചും ഞങ്ങൾക്ക് തൃപ്തിയില്ല. ഈക്കാര്യത്തിൽ ഇനിയും സഹിഷ്ണുതരായിരിക്കാൻ ഞങ്ങൾക്കാവില്ല. പ്രസിഡൻഷ്യൽ കമ്മീഷനിൽനിന്നും ഭരണകൂടത്തിൽനിന്നും നീതി ലഭിച്ചില്ലെങ്കിൽ ഞങ്ങൾക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടിവരും,’ കർദിനാൾ വ്യക്തമാക്കി.
മൂന്ന് ദൈവാലയങ്ങളിലും മൂന്ന് ഹോട്ടലുകളിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ‘നാഷണൽ തൗഹീദ് ജമാത്ത്’ നടത്തിയ സ്ഫോടനത്തിൽ 279 പേർ കൊല്ലപ്പെടുകയും 500ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ കുറിച്ച് സൂചനകളുണ്ടായിരുന്നെങ്കിലും അത് തടയുന്നതിൽ അധികാരികൾ പരാജയപ്പെടുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കാൻ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന 2019ലാണ് പ്രസിഡൻഷ്യൽ കമ്മീഷന് രൂപം കൊടുത്തത്.
അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ചതായി പ്രസിഡന്റ് ഗോട്ടാഭയ രജപക്സെ അടുത്തിടെ വെളിപ്പെടുത്തിയെങ്കിലും ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുമെന്നും ശ്രീലങ്കയിൽ ഇനി തീവ്രവാദികളെ തലപൊക്കാൻ അനുവദിക്കില്ലെന്നും പ്രസിഡന്റ് അറിയിച്ചെങ്കിലും റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാത്ത നടപടി വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ.
Leave a Comment
Your email address will not be published. Required fields are marked with *