Follow Us On

29

March

2024

Friday

റസ്സൽ വിൽസൻ ‘മാൻ ഓഫ് ദ ഇയർ’; പുരസ്‌ക്കാര വേദിയിൽ തിരുവചനം പ്രഘോഷിച്ച് അമേരിക്കൻ താരം

റസ്സൽ വിൽസൻ ‘മാൻ ഓഫ് ദ ഇയർ’; പുരസ്‌ക്കാര വേദിയിൽ തിരുവചനം പ്രഘോഷിച്ച് അമേരിക്കൻ താരം

വാഷിംഗ്ടൺ ഡി.സി: ‘എൻ.എഫ്.എൽ മാൻ ഓഫ് ദ ഇയർ’ പുരസ്‌ക്കാര സ്വീകരണവേദിയിൽ തിരുവചനം ഏറ്റുപറഞ്ഞ് അമേരിക്കൻ ഫുട്‌ബോൾ താരം റസ്സൽ വിൽസൻ. കളിക്കളത്തിലെ മികവിനും കളിക്കളത്തിന് പുറത്തെ അനുകരണീയ മാതൃകയ്ക്കും ആദരമർപ്പിക്കാൻ ‘എൻ.എഫ്.എൽ’ (നാഷണൽ ഫുട്‌ബോൾ ലീഗ്) താരങ്ങൾക്ക് നൽകുന്ന പുരസ്‌ക്കാരമാണ് ‘ദ വാൾട്ടർ പെയ്ട്ടൺ എൻ.എഫ്.എൽ മാൻ ഓഫ് ദ ഇയർ’. ‘എൻ.എഫ്.എൽ’ലെ മിന്നും താരമായ റസ്സൽ വിൽസൻ സിയാറ്റിൽ സീഹോകസിന്റെ ക്വാർട്ടർ ബാക്കാണ്.

ഞായറാഴ്ചത്തെ സൂപ്പർ ബൗൾ മത്സരത്തിനു മുന്നോടിയായി നടന്ന സി.ബി.എസ് സൂപ്പർ ബൗൾ പ്രീഗെയിം ഷോയിൽ പുരസ്‌കാരം സ്വീകരിച്ചശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് ബൈബിൾ വചനം പങ്കുവെച്ച് അദ്ദേഹം തന്റെ ക്രിസ്തുവിശ്വാസം സാക്ഷിച്ചത്. ‘സ്‌നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല,’ (1 കോറിന്തോസ് 13:4) എന്ന തിരുവചനഭാഗമാണ് അദ്ദേഹം ഉദ്ധരിച്ചത്.

വിവിധ ടീമുകൾ നാമനിർദേശം ചെയ്ത 32 പേരിൽനിന്നാണ് സാമൂഹ്യ, ജീവകാരുണ്യ മേലകളിൽ സജീവമായ റസലിനെ അവാർഡ് നിർണയ സമിതി തിരിഞ്ഞെടുത്ത്. ദാരിദ്ര്യനിർമാർജനം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ വ്യാപരിക്കുന്ന ‘വൈ നോട്ട് യു ഫൗണ്ടേഷ’ന്റെ സ്ഥാപകനായ ഇദ്ദേഹം നിരവധി സന്നദ്ധസംഘടനകളുമായി ചേർന്നും ക്ഷേമപദ്ധതികൾ നടപ്പാക്കുന്നുണ്ട്. മഹാമാരിക്കാലത്ത് നടത്തുന്ന ഇടപെടലുകളും ശ്രദ്ധേയമാണ്.

സമ്പത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവർക്കായി ചെലവിടുന്നു എന്നതിനപ്പുറം സാമീപ്യംകൊണ്ടും അവരെ ആശ്വസിപ്പിക്കുന്നതിലും ജാഗരൂകനാണ് എന്നതാണ് ഇദ്ദേഹത്തിന്റെ സവിശേഷത. ആഴ്ചയിലൊരിക്കൽ സീയാറ്റിലിലെ കുട്ടികളുടെ ആശുപത്രിയിൽ നടത്തുന്ന സന്ദർശനം ഇതിന് ഉദാഹരണമാണ്. എമർജൻസി വിഭാഗം നഴ്‌സായിരുന്ന അമ്മയാണ് ആശുപത്രി സന്ദർശനത്തിന്റെ പ്രചോദനമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഭാര്യയ്‌ക്കൊപ്പം ചേർന്ന് 2014ൽ അദ്ദേഹം രൂപീകരിച്ച സന്നദ്ധസംഘടന, രാജ്യത്തെ പ്രമുഖ ദാരിദ്ര്യ നിർമാർജന പദ്ധതിയായ ‘ഫീഡിംഗ് അമേരിക്ക’യ്ക്ക് ഒരു മില്യൺ ഡോളറാണ് ഇതിനകം സംഭാവന ചെയ്തത്. കാൻസർ ചികിത്‌സാ സഹായമായി ഒൻപത് മില്യൺ ചെലവഴിക്കുകയും ചെയ്തു. 1970 മുതൽ ഏർപ്പെടുത്തിയ ‘എൻ.എഫ്.എൽ’ അവാർഡിൽ 1999ലാണ്, എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളായ വാൾട്ടർ പെയ്ട്ടണിന്റെ നാമധേയം കൂട്ടിച്ചേർത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?