Follow Us On

28

February

2021

Sunday

പാലകന്റെ പാഥേയം: വിശുദ്ധ യൗസേപ്പിന്റെ വർഷാചരണത്തിൽ ശാലോമിന്റെ സമ്മാനം!

പാലകന്റെ പാഥേയം: വിശുദ്ധ യൗസേപ്പിന്റെ വർഷാചരണത്തിൽ ശാലോമിന്റെ സമ്മാനം!

ശാലോം ടി.വിയിൽ പ്രാർത്ഥനാ യജ്ഞം ഫെബ്രു.15 മുതൽ

കോഴിക്കോട്: ആഗോളസഭ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണം അർത്ഥപൂർണമാക്കാൻ ധ്യാനാത്മകമായ പ്രാർത്ഥനാ പുസ്തകം, ‘പാലകന്റെ പാഥേയം’ വിശ്വാസീസമൂഹത്തിലേക്ക്. വിശുദ്ധ ലൂയി ഡി മോൺഫോർട്ട് പരിശുദ്ധ മാതാവിലൂടെ ഈശോയ്ക്കു നടത്തിയ സമർപ്പണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ശാലോം മീഡിയ’ സ്പിരിച്വൽ ഡയറക്ടർ റവ. റോയ് പാലാട്ടി സി.എം.ഐയാണ് പ്രാർത്ഥനാ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 33 ദിവസത്തെ ഒരുക്ക പ്രാർത്ഥനവഴി വിശുദ്ധ യൗസേപ്പിലൂടെ ഈശോയ്ക്കുള്ള സമ്പൂർണ സമർപ്പണമാണ് പ്രാർത്ഥനയുടെ ലക്ഷ്യം.

ഇപ്പോൾ ‘ഇ ബുക്ക്’ രൂപത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ സൗജന്യമായി ലഭ്യമാക്കുന്ന പുസ്തകം അധികം താമസിയാതെ മലയാളം, ഇംഗ്ലീഷ് ഭാഷകളിലും ലഭിക്കും. പുസ്തകത്തിലെ ധ്യാനചിന്തകൾ ഉൾപ്പെടെയുള്ളവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്താണ് ‘ഇംപ്രമാത്തൂർ’ (സഭാപരമായ അംഗീകാരം) നൽകിയിരിക്കുന്നത്. വ്യക്തികൾക്കും കുടുംബങ്ങൾക്ക് ഒന്നുചേർന്നും സമർപ്പണം നടത്താനാവും വിധം ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്- ഒന്ന്, സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളും മറ്റൊന്ന്, വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള പ്രതിദിന ധ്യാനചിന്തയും.

കുടുംബത്തിനും സഭയ്ക്കുമെതിരായ യുദ്ധങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തിരുസഭയുടെ മധ്യസ്ഥനും കുടുംബങ്ങളുടെ പരിപാലകനുമായ വിശുദ്ധ യൗസേപ്പിതാവിലൂടെയുള്ള സമർപ്പണ പ്രാർത്ഥന കൂടുതൽ പ്രസക്തമാകുന്നത്. വിശുദ്ധ യൗസേപ്പിനെ നമ്മുടെ ആത്മീയ പിതാവും പാലകനുമായി ഏറ്റുപറയുന്ന ഒരു പ്രാർത്ഥനയാണിത്. ഈശോയെയും പരിശുദ്ധ അമ്മയേയും ദൈവഹിതപ്രകാരം ചേർത്തുപിടിച്ച പുണ്യതാതന്റെ കരങ്ങളിലേക്ക് തിരുസഭയെയും കുടുംബങ്ങളെയും ഭരപ്പെടുത്തുകയാണ് പ്രാർത്ഥനയുടെ ഉദ്യേശ്യം.

വിശുദ്ധ യൗസേപ്പിന്റെ പുണ്യങ്ങളെയും ജീവിതത്തെയും ആഴമായി ധ്യാനിക്കാൻ സഹായിക്കുന്ന 33 ദിവസത്തെ ഒരുക്കത്തിലൂടെയുള്ള സമ്പൂർണ സമർപ്പണം എന്നതും ഇതിന്റെ സവിശേഷതയാണ്. ഈ സമർപ്പണത്തിന്റെ ഒരുക്കം ഏപ്പോൾ വേണമെങ്കിലും ആരംഭിക്കാമെങ്കിലും സഭയിലെ ചില പ്രധാന തിരുനാളുകളുടെ ഭാഗമായി ഇതു ചെയ്യുമ്പോൾ കുറെക്കൂടി മനോഹരമാകുമെന്ന ചിന്തയാൽ, ഇതിനു സഹായിക്കുന്ന ചാർട്ടും പുസ്‌കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, സമർപ്പണത്തിന്റെ ഫലപ്രാപ്തിക്ക് സഹായകമാകുന്ന നിർദേശങ്ങളും നൽകിയിട്ടുണ്ട്.

കത്തോലിക്കാ സഭ നോമ്പുദിനങ്ങളിലേക്ക് പ്രവേശിക്കുന്നതിനോട് അനുബന്ധിച്ച് ‘പാലകന്റെ പാഥേയം’ എന്ന പേരിൽ ഫെബ്രുവരി 15ന് ശാലോം ടി.വിയിൽ സമർപ്പണ പ്രാർത്ഥനാ യജ്ഞത്തിന് തുടക്കമാകും. രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ക്രമീകരിക്കുന്ന പ്രാർത്ഥനയ്ക്ക് റവ. ഡോ. റോയ് പാലാട്ടി നേതൃത്വം വഹിക്കും. SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TV, IOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യുന്നതിനൊപ്പം സൺഡേ ശാലോം ഓൺലൈനിലും പ്രസിദ്ധീകരിക്കും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?