Follow Us On

18

April

2024

Thursday

പാലകന്റെ പാഥേയം 1- സ്വര്‍ഗപിതാവിന്റെ നിഴലായ വിശുദ്ധ യൗസേപ്പ്

പാലകന്റെ പാഥേയം 1- സ്വര്‍ഗപിതാവിന്റെ നിഴലായ വിശുദ്ധ യൗസേപ്പ്

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ച് ‘ശാലോം മീഡിയ’ സ്പിരിച്വൽ ഡയറക്ടർ റവ. റോയ് പാലാട്ടി സി.എം.ഐ ചിട്ടപ്പെടുത്തിയ 33 ദിന പ്രാർത്ഥനയുടെ ഒന്നാം ദിന ധ്യാനം- സ്വർഗപിതാവിന്റെ നിഴലായ വിശുദ്ധയൗസേപ്പ്‌

ദൈവവചനം: ”നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ- പിതാവേ- എന്നു വിളിക്കുന്നത്” (റോമാ. 8:15).

ധ്യാനം: സ്വപുത്രനെ ഭൂമിയിലേക്ക് അയച്ചപ്പോള്‍ ഒരു പിതാവിന്റെ സംരക്ഷണം ചേര്‍ത്തുവയ്ക്കാനും സ്‌നേഹനിധിയായ ആ സ്വര്‍ഗപിതാവ് മറന്നില്ല. മറിയത്തിന്റെ കരംപിടിച്ച് ഈശോ സഞ്ചരിച്ചതുപോലെ ഭൗമികജീവിതത്തിന്റെ ആരംഭത്തില്‍ ജോസഫിന്റെ കരംപിടിച്ചും അവന്‍ നടക്കണമെന്ന് പിതാവ് നിശ്ചയിച്ചു. മറിയത്തെ ഈശോയുടെ അമ്മയായി നല്‍കിയതുപോലെ ജോസഫിനെ അപ്പനായി നല്‍കിയ നല്ല ദൈവം.

ഈശോ ഈ അപ്പനെ നന്നായി സ്‌നേഹിച്ചു, കാര്യമായി അനുസരിച്ചു, ശ്രേഷ്ഠമായി അനുകരിച്ചു. ജോസഫിന്റെ മകന്‍ എന്നറിയപ്പെടുന്നതില്‍ ഈശോയ്ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. തന്നെ മനോഹരമായി വളര്‍ത്തിയ അപ്പനെ നമുക്കു തരാനും ഈശോയ്ക്ക് ഇഷ്ടമാണ്.

അധികാരത്തോടും സ്‌നേഹത്തോടും വിശ്വസ്തതയോടും കൂടെ തന്റെ ദൗത്യം നിര്‍വഹിച്ച വിശുദ്ധ യൗസേപ്പിനെ അപ്പായെന്നു വിളിക്കുന്നതില്‍ ദൈവപുത്രനായ ഈശോയ്ക്ക് വലിയ സന്തോഷമായിരുന്നു. എത്രയോ പ്രാവശ്യം, എന്തെല്ലാം ആവശ്യങ്ങള്‍ക്കായി അപ്പായെന്നു വിളിച്ച് ഈശോ ജോസഫിനെ സമീപിച്ചിരിക്കും. ആ കൈകളില്‍ എത്രയോ പ്രാവശ്യം അഭയം കണ്ടിരിക്കും. പൈതലായ യേശുവിന്റെ നാവില്‍ സ്വര്‍ഗത്തിലെ അബ്ബായുടെ നാമരൂപം പകര്‍ന്നു നല്‍കാനുംആ കൈകളില്‍ പിതൃകരത്തിന്റെ ഊഷ്മളത കോരിയിടാനും ജോസഫിനു കഴിഞ്ഞിരുന്നു. ഭൗമിക പിതാവായ ജോസഫ് സ്വര്‍ഗപിതാവിന്റെ സ്‌നേഹത്തിലും കരുണയിലും മകനെ വളര്‍ത്തി വലുതാക്കി.

ശരിയാണ്, ദൈവമെന്ന നിലയില്‍ അവിടുത്തേക്ക് ഇങ്ങനെയൊരു അപ്പന്റെ ആവശ്യമില്ല. എന്നാല്‍, മനുഷ്യപ്രകൃതം സ്വീകരിച്ച ദൈവകുമാരന് ഒരാത്മീയ പിതാവ് ആവശ്യമാണ്; ജ്ഞാനത്തിലും പ്രായത്തിലും മനുഷ്യനെന്ന നിലയില്‍ വളരാന്‍ സഹായിക്കുന്ന സ്വര്‍ഗപിതാവിന്റെ നിഴലായ ഒരു പിതാവ്. അതാണ് ജോസഫ്. ജന്മം നല്‍കി മാത്രമല്ലല്ലോ ഒരാള്‍ അപ്പനാകുന്നത്, കര്‍മ്മം ചെയ്തുകൊണ്ടുമല്ലേ.

അവതരിച്ച വചനത്തെ വളര്‍ത്തുവാന്‍ ജോസഫിനെ തിരഞ്ഞെടുത്ത ദൈവം എത്രയോ മഹോന്നതന്‍. പിതാക്കന്മാര്‍ ജനിക്കുകയല്ല, സൃഷ്ടിക്കപ്പെടുകയാണ്. ഒരു കുഞ്ഞിന്റെ ഉത്തര വാദിത്വം ഏറ്റെടുക്കുമ്പോഴെല്ലാം ഒരു വിധത്തില്‍ അയാള്‍ പിതാവായി മാറുകയാണ്.
നമ്മില്‍നിന്നും യേശുവിനെപ്പോലുള്ള മക്കള്‍ പുറത്തുവരാന്‍ യൗസേപ്പിനെപ്പോലുള്ള ഒരപ്പന്‍ നമുക്കുവേണം.

യഥാസമയം നസ്രത്തില്‍ പിതാവിനെ സഹായിച്ചും സ്‌നേഹിച്ചും വളര്‍ന്ന മകനായിരുന്നു ഈശോ. ഈ അപ്പനില്‍ യഥാര്‍ത്ഥപിതാവിന്റെ സ്‌നേഹം ദര്‍ശിച്ച ഈശോ നമ്മെയും വിശുദ്ധ ജോസഫിന്റെ പിതൃസ്‌നേഹത്തിന് ഭരമേല്‍പിക്കാന്‍ ആഗ്രഹിക്കുന്നു. ഈശോയെ വളര്‍ത്തിയിടത്തോളം വിശുദ്ധമായൊരു പിതൃകരം ഈ ഭൂമിയില്‍ ഉണ്ടാകില്ലല്ലോ. ഈശോയെ വളര്‍ത്താന്‍ ഭാഗ്യം സിദ്ധിച്ച വിശുദ്ധ യൗസേപ്പേ, നീയെത്രയോ ഭാഗ്യവാന്‍. നിന്നിലെ പിതൃസ്‌നേഹം എന്നിലെ വൈകല്യങ്ങളെ തുടച്ചുമാറ്റട്ടെ.

പ്രാര്‍ത്ഥന: പിതാക്കന്മാരുടെ മുഴുവന്‍ മാതൃകയായ ജോസഫില്‍ ഈശോയെ ഭരമേല്‍പിച്ച സ്വര്‍ഗപിതാവേ, ഭൗമിക യാത്രയില്‍ എന്റെ ആത്മീയപിതാവായി വിശുദ്ധ ജോസഫിനെ നിയോഗിക്കണമേ, ആമേന്‍.

****************

**************

‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.

SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TV, IOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?