ദമാസ്ക്കസ്: ലോകം നമ്മെ മറന്നാലും ക്രിസ്തുവിന്റെ നയനങ്ങൾ നമ്മെ ഉറ്റുനോക്കുന്നുണ്ടെന്ന പ്രത്യാശ ജനത്തിന് പകർന്ന് സിറിയയിലെ ദമാസ്ക്കസിലെ മാരോനൈറ്റ് ആർച്ച്ബിഷപ്പ് സമീർ നാസർ. ഒരു രാജ്യത്തെ അതിന്റെ അടിത്തറയോളം നശിപ്പിക്കുന്നത് എളുപ്പവും പെട്ടെന്നുള്ളതുമാണെങ്കിൽ അത്രതന്നെ ബുദ്ധിമുട്ടുള്ളതും മന്ദഗതിയിലുള്ളതുമാണ് അതിനെ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നത്. വലിയ ആഴത്തിലുള്ള കഠിനമായ മുറിവുമാണത്. എങ്കിലും തന്റെ ജനത്തെയും ഈ ലോകത്തെയും കർത്താവ് നിരീക്ഷിക്കുന്നുണ്ടെന്നും തന്റെ ജനം മുങ്ങിപോകാൻ അവൻ ഒരിക്കലും അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയനോമ്പിനോടനുബന്ധിച്ച സന്ദേശം പങ്കുവെക്കുകയായിരുന്നു ആർച്ചുബിഷപ്പ് നാസർ.
വർഷങ്ങൾനീണ്ട സാമ്പത്തിക ദാരിദ്ര്യത്തിനും സംഘട്ടനത്തിനും ശേഷം സിറിയൻ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും ക്രൂരമായ ചിത്രമായിരുന്നു സിറിയയുടേത്. അനാഥമാക്കപ്പെട്ട ഒരുപാട് കുട്ടികൾ, മരണത്തോട് മല്ലടിക്കുന്ന അനേകർ, കുടിയേറിയിട്ടും അനിശ്ചിതത്വത്തിലും ദാരിദ്രത്തിലും കഴിയുന്ന ധാരാളം കുടിയേറ്റക്കാരുമൊക്കെ രാജ്യത്തെ ശൂന്യമാക്കികൊണ്ടിരുന്നു.
എന്നാൽ ശൂന്യമാക്കപ്പെടുന്ന ഈ ഓരോ അവസരങ്ങളിലൂടെ കടന്നുപോകുമ്പോഴും വെറും കാഴ്ചക്കാരായി തുടരാൻ സിറിയയിലെ സഭ തയ്യാറായില്ല. പരിശുദ്ധാത്മാവിന്റെ വെളിച്ചത്തെ പിന്തുടരുന്നതിനുവേണ്ടി ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, യുവജനങ്ങൾക്കുവേണ്ടിയുള്ള പാസ്റ്ററൽ പ്രോഗ്രാമുകൾ, കുടുംബനവീകരണ പരിപാടികൾ നടത്തുന്നതിന് സിനഡ് രൂപീകരിച്ചു. രാജ്യത്തിന്റെ ദാരുണമായ ശിഥിലീകരണം ഏറ്റവും ഭൗതികമായി ബാധിച്ചവരെ സഹായിക്കുകയെന്നതായിരുന്നു സിനഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ക്രിസ്തുവിന്റെ ഉത്ഥാനതിരുനാളിനായി സ്വയം ഒരുക്കുന്ന ഈ കാലഘട്ടത്തിൽ അറബ് രാജ്യത്ത് ശൂന്യമായിപോകുന്ന വിശ്വാസത്തിന്റെ മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അവിടങ്ങളിൽ വിശ്വാസം പുനർജനിക്കുന്നതിന്റെയും പുനർനിർമ്മിക്കുന്നതിന്റെയും വെല്ലുവിളി ഏറ്റെടുക്കാൻ പ്രാദേശിക സഭ തയ്യാറാണെന്ന ഉറപ്പും അദ്ദേഹം പങ്കുവെച്ചു.
Leave a Comment
Your email address will not be published. Required fields are marked with *