Follow Us On

29

March

2024

Friday

പാലകന്റെ പാഥേയം 2- വിശുദ്ധരുടെ മാതൃകയായ യൗസേപ്പ്

പാലകന്റെ പാഥേയം 2- വിശുദ്ധരുടെ മാതൃകയായ യൗസേപ്പ്

”വിശുദ്ധിക്ക് ഖ്യാതി നേടിയ ജോസഫിനെ പരിശുദ്ധ മറിയത്തിനു ഭര്‍ത്താവായി നല്‍കിയ അതേ ദൈവം, വിശുദ്ധിക്കായി ദാഹിക്കുന്ന സകലര്‍ക്കും സങ്കേതമായും വഴികാട്ടിയായും മാതൃകയായും ഈ പുണ്യപുരുഷനെ തരുന്നു.” പാലകന്റെ പാഥേയം രണ്ടാം ദിന ധ്യാനം– വിശുദ്ധരുടെ മാതൃകയായ യൗസേപ്പ്

ദൈവവചനം: ”ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരി ശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍” (1 പത്രോ. 1:16).

ധ്യാനം: നാം എന്തിനെ അധികമായി സ്‌നേഹിക്കുന്നുവോ അതിലേക്കു വളരാന്‍ ശ്രമിക്കുക സ്വാഭാവികമാണല്ലോ. വിശുദ്ധരുമായുള്ള ബന്ധം നമ്മെയും വിശുദ്ധരാക്കും. വിശുദ്ധരുടെ കൂട്ടായ്മ എന്നത് നമ്മുടെ നാളെകളെ കുറേക്കൂടി പരിശുദ്ധമാക്കുവാന്‍ തീര്‍ച്ചയായും സഹായിക്കും.

ആത്മീയജീവിതത്തില്‍ വളരാന്‍ കൊതിക്കുന്ന ഒരാത്മാവിനെ ഈശോ ഭരമേല്പിക്കുന്നത് ജോസഫിലാണ്. തന്നെ ജ്ഞാനത്തിലും പ്രായത്തിലും വളരാന്‍ സഹായിച്ച ആ കരങ്ങളോളം ശക്തവും മനോഹരവുമായ കരം മറ്റൊന്നില്ല എന്ന് ഈശോയ്ക്ക് അറിയാമല്ലോ. വിശുദ്ധര്‍ക്കല്ലേ വിശുദ്ധരെ വാര്‍ത്തെടുക്കാന്‍ കഴിയൂ. ജോസഫ് എന്നാല്‍ വളര്‍ത്തുന്നവന്‍ എന്നല്ലേ അര്‍ത്ഥം. അവന്‍ നമ്മെ ആത്മീയ യാത്രയില്‍ സുരക്ഷിതമായി വളര്‍ത്തും.

വിശുദ്ധരാകാനുള്ള ആഗ്രഹം ആര്‍ക്കാണ് ഇല്ലാത്തത്. എന്നാല്‍, അതിനു നല്‍കേണ്ട വില വലുതാണെന്നറിയുമ്പോള്‍ പതുക്കെപ്പതുക്കെ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങുന്നു. എന്നിട്ടും, വിശുദ്ധിയോടുള്ള ആഗ്രഹം വിട്ടുകളയാനുമാകുന്നില്ല. കാരണം, സൃഷ്ടിയിലേ ദൈവം സൃഷ്ടാവിന്റെ പരിശുദ്ധിയിലേക്കു വളരാനുള്ള ആഗ്രഹം നമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. നമ്മുടെ ക്ലേശങ്ങള്‍ കൃത്യമായി അറിയാവുന്ന ദൈവം, തന്റെ പ്രിയമുള്ളവര്‍ക്ക് രണ്ടുപേരെ നല്‍കി: മറിയത്തെയും ജോസഫിനെയും. ഇവരുടെ കരങ്ങള്‍ പിടിച്ച് ഉണ്ണിയേശു വളര്‍ന്നതുപോലെ നമുക്കു വളരണം.

വിശുദ്ധിയെന്നാല്‍ ദൈവഹിതത്തിനു കീഴ്‌വഴങ്ങുക, എല്ലായിടത്തും എല്ലായ്‌പ്പോഴും. ദൈവഹിതത്തിനു കീഴ്‌വഴങ്ങാതെ വിശുദ്ധരാകാന്‍ കഴിയില്ല. വിശുദ്ധ യൗസേപ്പേ, നിന്നെപ്പോലെ ദൈവേഷ്ടത്തെ കണ്ണുംപൂട്ടി വിശ്വസിച്ചവര്‍ ആരുണ്ട്? ഗര്‍ഭിണിയായ മറിയത്തെ സ്വീകരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വീകരിച്ചു. ജനിച്ച ശിശുവുമായി ഈജിപ്തിലേക്കു പോകാന്‍ പറഞ്ഞപ്പോള്‍ പോയി. പിന്നീട്, യൂദയായിലേക്ക് മടങ്ങാന്‍ കല്‍പിച്ചപ്പോള്‍ അനുസരിച്ചു. നമ്മെ അനുസരണയിലും എളിമയിലും വളര്‍ത്താന്‍ യൗസേപ്പിനെപ്പോലൊരു അപ്പനെ തന്ന ദൈവത്തെ നമുക്ക് വാഴ്ത്താം.

ഇത്തരമൊരു അപ്പനില്‍നിന്നേ വിശുദ്ധരായ മക്കള്‍ ജനിക്കൂ. വിശുദ്ധ യൗസേപ്പില്‍ കയ്യാളിക്കുന്ന ഒരാത്മാവിനെ ഈശോയിലേക്ക് വളര്‍ത്താന്‍ അവന്‍തന്നെ മുന്‍കൈയെടുക്കും. തന്നിലേക്ക് ആരെയും അവന്‍ ആകര്‍ഷിക്കാറില്ല. മൗനമായി, എല്ലാവരേയും തിരുക്കുമാരനിലേക്ക് നയിക്കും. ഒരാത്മാവ് വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിക്കയറുന്നതുകണ്ട് മാറിനിന്ന് സന്തോഷിക്കും. സ്വയംദാനം എങ്ങനെ ചെയ്യണമെന്നും ശാന്തമായി ദൈവഹിതം പൂര്‍ത്തിയാക്കേണ്ടത് എങ്ങനെയെന്നും ഈ മഹാത്മാവ് നമ്മെ പരിശീലിപ്പിക്കുന്നു.

പഞ്ചേന്ദ്രിയങ്ങളുടെ ചായ്‌വുകളെ യഥാവിധം കൈകാര്യം ചെയ്യാനും നഷ്ടമായ ദൈവസ്‌നേഹം വീണ്ടെടുക്കാനും ജോസഫിനെ സമീപിക്കാം. ദുഷ്ടന്റെ പ്രലോഭനങ്ങളില്‍ കാലിടറുമ്പോഴും സ്വന്തം താല്‍പര്യങ്ങളില്‍ മനസുടക്കുമ്പോഴും ജോസഫിനെ വിളിക്കാം. ആത്മീയയാത്രയില്‍ ആന്തരികതയുടെ വെളിച്ചം മങ്ങുമ്പോള്‍ ജോസഫിന്റെ ശോഭ നമുക്കു വഴികാണിച്ചു തരാതിരിക്കില്ല. ഒട്ടേറെ വിശുദ്ധര്‍ അഭയം കണ്ടെത്തിയ ഈ പിതാവില്‍ നമുക്കും വിശുദ്ധരാകാന്‍ കഴിയും. വിശുദ്ധിക്ക് ഖ്യാതി നേടിയ ജോസഫിനെ പരിശുദ്ധ മറിയത്തിനു ഭര്‍ത്താവായി നല്‍കിയ അതേ ദൈവം, വിശുദ്ധിക്കായി ദാഹിക്കുന്ന സകലര്‍ക്കും സങ്കേതമായും വഴികാട്ടിയായും മാതൃകയായും ഈ പുണ്യപുരുഷനെ തരുന്നു.

പ്രാര്‍ത്ഥന: വിശുദ്ധരുടെ മാതൃകയും മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പേ, വിശുദ്ധിയുടെ വഴികളില്‍ എന്നെയും നയിക്കണമേ, ആമേന്‍.

**************************

**************************

‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.

SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TVIOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?