Follow Us On

14

April

2021

Wednesday

നിസംഗനോ സുരക്ഷാഅകലം പാലിക്കുന്നവനോ അല്ല ദൈവം: പാപ്പ

നിസംഗനോ സുരക്ഷാഅകലം പാലിക്കുന്നവനോ അല്ല ദൈവം: പാപ്പ

അനുകമ്പയുള്ള കുമ്പസാരക്കാരാകണമെന്ന് വൈദികരെ ഓർമിപ്പിച്ച്‌ പാപ്പ

വത്തിക്കാൻ സിറ്റി: ദൈവം നിസംഗനോ ‘സുരക്ഷാ അകലം’ പാലിക്കുന്നവനോ അല്ലെന്നും മറിച്ച്, നമ്മെ സൗഖ്യപ്പെടുത്താൻ ആർദ്രതയോടെ നമ്മെ സ്പർശിക്കുന്നവനാണെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവത്തിന്റെ ശൈലിയെ സൂചിപ്പിക്കുന്ന സാമീപ്യം, അനുകമ്പ, ആർദ്രത എന്നീ വാക്കുകൾ ഓരോ ക്രിസ്തുവിശ്വാസിയും ഓർത്തുവെക്കണമെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കുഷ്ഠരോഗിയെ യേശു സുഖപ്പെടുത്തുന്ന സുവിശേഷഭാഗം പരാമർശിച്ചുകൊണ്ടായിരുന്നു സന്ദേശം. സമൂഹം ഭ്രഷ്ട് കൽപ്പിച്ചവരായിരുന്നു കുഷ്ഠരോഗികൾ. മതപരമായ കാര്യങ്ങൾക്കു പോലും ദൈവാലയത്തിൽ പ്രവേശിക്കാൻ അവർക്ക് അനുവാദമുണ്ടായിരുന്നില്ല. യേശുവാകട്ടെ, ആ കുഷ്ഠരോഗിയെ തന്റെ അടുത്തുവരാൻ അനുവദിക്കുന്നു, കരുണ തോന്നിയ അവിടുന്ന് കൈ നീട്ടി അവനെ സ്പർശിക്കുന്നു. അക്കാലത്ത് ഇത് അചിന്തനീയമായിരുന്നു.

ഈ സംഭവത്തിൽ രണ്ട് ‘ലംഘനങ്ങൾ’ കാണാം. ആദ്യത്തെ ലംഘനം കുഷ്ഠരോഗിയുടേതാണ്. നിയമാനുശാസനങ്ങൾ ഉണ്ടായിരുന്നിട്ടും കുഷ്ഠരോഗി യേശുവിന്റെ അടുത്തേക്കു വരുന്നു. അവന്റെ രോഗം ഒരു ദൈവിക ശിക്ഷയായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ യേശുവിൽ അവന് ദൈവത്തിന്റെ മറ്റൊരു മുഖം കാണാൻ കഴിയുന്നു. ശിക്ഷിക്കുന്ന ദൈവത്തെയല്ല, മറിച്ച്, തന്റെ വേദന പങ്കിടുന്ന ദൈവത്തെ അവൻ യേശുവിൽ കാണുന്നു. യേശുവിന്റെ മനോഭാവം അവനെ ആകർഷിക്കുന്നു, തന്നിൽ നിന്നുതന്നെ പുറത്തുകടക്കാനും തന്റെ വേദനാജനകമായ ചരിത്രം അവിടത്തേക്ക് സമർപ്പിക്കാനും അവനെ പ്രേരിപ്പിക്കുന്നു.

രണ്ടാമത്തെ ലംഘനം യേശുവിന്റേതാണ്. അവിടുന്ന് വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. മറിച്ച്, കുഷ്ഠരോഗിയെ സ്പർശിക്കുന്നു. സ്‌നേഹപൂർവം തൊടുക എന്നതുകൊണ്ട് ഒരു ബന്ധം സ്ഥാപിക്കുക, കൂട്ടായ്മയിലേക്ക് പ്രവേശിക്കുക, മറ്റൊരാളുടെ ജീവിതത്തിൽ, അവരുടെ മുറിവുകൾ പങ്കുവെക്കത്തക്കവിധം ഇടപെടുക എന്നതാണ് വിവക്ഷിക്കുന്നത്. അനുകമ്പയോടെ അടുത്തേക്കുവരികയും നമ്മുടെ ജീവിതത്തെ സുഖപ്പെടുത്താൻ ആർദ്രതയോടുകൂടി തൊടുകയും ചെയ്യുന്നവനാണ് ദൈവം എന്ന് ഈ പ്രവൃത്തി വ്യക്തമാക്കിത്തരുന്നു.

അതിനാൽ ഈ സുവിശേഷ ഭാഗത്തിൽ പരാമർശിക്കുന്ന രണ്ട് ‘ലംഘനങ്ങൾ’ ജീവിക്കാനുള്ള കൃപയ്ക്കായി നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. നമ്മുടെ ഒറ്റപ്പെടലിൽ നിന്ന് പുറത്തുകടക്കാനുള്ള ധൈര്യം ലഭിക്കുന്നതിന് പ്രചോദനമേകുന്നതാണ് കുഷ്ഠരോഗി നടത്തിയ ലംഘനം. യാഥാസ്ഥികത്വത്തിന് അപ്പുറം കടക്കാനും മുൻവിധികളെയും അപരന്റെ ജീവിതത്തിൽ ഇടപെടാനുള്ള ഭയത്തെയും മറികടക്കാനും നമ്മെ പ്രേരിപ്പിക്കുന്ന സ്‌നേഹമാണ് യേശു നടത്തിയ ലംഘനമെന്നും പാപ്പ ചൂണ്ടിക്കാട്ടി.

അനുകമ്പാർദ്രമായ കുമ്പസാരക്കാരായി മാറണമെന്ന് ഓർമിപ്പിച്ച പാപ്പ, പ്രസ്തുത മനോഭാവമുള്ള കുമ്പസാരക്കാരെ അനുമോദിക്കുകയും ചെയ്തു. ‘ആളുകളെ ആകർഷിക്കാൻ, തങ്ങൾ ഒന്നുമല്ല എന്നു തോന്നുന്നവരെ, തങ്ങളുടെ പാപങ്ങളാൽ നിലംപരിചായവരെ ആകർഷിക്കാൻ കഴിയുന്ന നല്ല കുമ്പസാരക്കാരായ വൈദികരെ ഞാൻ സ്മരിക്കുന്നു. കൈയിൽ ചാട്ടവാറുമായല്ല, മറിച്ച് ആളുകളെ സ്വാഗതം ചെയ്യാനും ശ്രവിക്കാനും ദൈവം നല്ലവനാണെന്നും അവിടുന്ന് മടുപ്പില്ലാതെ ക്ഷമിക്കുന്നുവെന്നും പറയുന്ന നല്ല കുമ്പസാരക്കാരാണ് അവർ. അനുകമ്പയുള്ള ഈ കുമ്പസാരക്കാരെ ഈ ചത്വരത്തിൽനിന്ന് കരഘോഷങ്ങളോടെ അഭിനന്ദിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു,’ പാപ്പ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?