Follow Us On

14

April

2021

Wednesday

കഴുത്തറുക്കപ്പെട്ട ലിബിയൻ രക്തസാക്ഷികൾ സകല ക്രൈസ്തവരുടെയും വിശുദ്ധർ: പാപ്പ

കഴുത്തറുക്കപ്പെട്ട ലിബിയൻ രക്തസാക്ഷികൾ സകല ക്രൈസ്തവരുടെയും വിശുദ്ധർ: പാപ്പ

വത്തിക്കാൻ സിറ്റി: ഐസിസ് തീവ്രവാദികൾ 2015ൽ ലിബിയൻ തീരത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ 21കോപ്റ്റിക് രക്തസാക്ഷികൾ സഭാ ദേദമെന്യേയുള്ള സകല ക്രൈസ്തവ സമൂഹത്തിന്റെയും വിശുദ്ധരാണെന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് പാപ്പ. രക്തസാക്ഷികളുടെ ആറാം ചരമവാർഷികത്തോട് അനുബന്ധിച്ച് ലണ്ടനിലെ കോപ്റ്റിക് ഓർത്തഡോക്‌സ് അതിരൂപത സംഘടിപ്പിച്ച വെബ്ബിനാറിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പയുടെ വിശേഷണം.

‘ജലത്താലും പരിശുദ്ധാത്മാവിനാലും ക്രൈസ്തവരായി സ്‌നാനം സ്വീകരിച്ച ആ 21 പേർ ക്രിസ്തുവിനെ പ്രതി രക്തംകൊണ്ടുള്ള സ്‌നാനവും സ്വീകരിച്ചു. രകതംകൊണ്ടുള്ള ആ സ്‌നാനപ്പെടലിനെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു. അവരെല്ലാം നമ്മുടെ വിശുദ്ധരാണ്, എല്ലാ ക്രൈസ്തവരുടെയും വിശുദ്ധരാണ്, എല്ലാ പാരമ്പര്യങ്ങളിലും സഭാ വിഭാഗങ്ങളിലുമുള്ള ക്രൈസ്തവരുടെയും വിശുദ്ധരാണ്,’ പാപ്പ വ്യക്തമാക്കി.

രക്തസാക്ഷികളായ ആ 21 പേരും സാധാരണക്കാരും കുടുംബം പോറ്റാൻ കഠിനാധ്വാനം ചെയ്യുന്നവരുമായിരുന്നു. വിശ്വാസത്തിൽ ഒരിക്കലും ഇളക്കം തട്ടാത്ത ക്രിസ്തുശിഷ്യർക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനമാണ് ആ 21 ധീര പുരുഷൻമാർക്ക് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, അവരെ വിശ്വാസത്തിൽ ആഴപ്പെടുത്തിയ കുടുംബാംഗങ്ങളെയും സഭാനേതൃത്വത്തെയും അഭിനന്ദിക്കുകയും ചെയ്തു.

‘രക്തം ചൊരിയുന്നതുവരെ യേശുക്രിസ്തുവിനെ ഏറ്റുപറയാനുള്ള ശക്തിയും സ്ഥിരതയും അവർക്ക് നൽകിയതിനാൽ പരിശുദ്ധാത്മാവിനോട് നന്ദിപറയുന്നു. അവരെ വിശ്വാസത്തിൽ വളരാൻ സഹായിച്ച കോപ്റ്റിക് സഭയിലെ വൈദികരെയും ബിഷപ്പുമാരെയും നന്ദിയോടെ ഓർക്കുന്നു. ഈ 21 രക്തസാക്ഷികളെയും വിശ്വാസംകൊണ്ട് ഊട്ടിയ അവരുടെ അമ്മമാരോട് ഞാൻ നന്ദി പറയുന്നു.’

2015 ഫെബ്രുവരി 15നാണ് ലിബിയയിലെ തീരദേശ നഗരമായ സിർട്ടെയിലെ കടൽക്കരയിൽവെച്ച് 20 കോപ്റ്റിക് സഭാംഗങ്ങളും ഒരു ഘാനാ വംശജനും ഉൾപ്പെടെ 21 പേരെ ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. ഇവരെ വധിക്കുംമുമ്പ്, ഓറഞ്ച് വസ്ത്രങ്ങൾ അണിയിച്ച് കൈകൾ പുറകിൽ കെട്ടി മുട്ടുകുത്തി നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടിരുന്നു. ഇവരുടെ മൃതദേഹം എവിടെയാണ് അടക്കം ചെയ്തതെന്ന വിവരം ഏറെ നാൾ അജ്ഞാതമായിരുന്നു.

2018 ഒക്ടോബറിൽ സിർട്ടെയുടെ സമീപപ്രദേശത്തുനിന്നാണ് മൃതദേഹ അവശിഷ്~ങ്ങൾ കഴുത്തറ്റ നിലയിൽ കണ്ടെത്തിയത്. ക്രിസ്തുവിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭ രക്തസാക്ഷികളായി ഉയർത്തിയിരുന്നു. കോപ്റ്റിക് ഓർത്തഡോസ് സഭാ അധ്യക്ഷൻ തവാദ്രോസ് രണ്ടാമൻ, ആംഗ്ലിക്കൻ സഭാ അധ്യക്ഷൻ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി, ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ കുർത്ത് കോച്ച് എന്നിവർ വെബിനാറിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?