Follow Us On

28

March

2024

Thursday

ബിഷപ്‌സ് ഹൗസ് അറിയപ്പെടും ‘മൈക്കിൾ നാദി’യുടെ പേരിൽ; രക്തസാക്ഷിത്വം വരിച്ച സെമിനാരിയന് വിശേഷാൽ ആദരം!

ബിഷപ്‌സ് ഹൗസ് അറിയപ്പെടും ‘മൈക്കിൾ നാദി’യുടെ പേരിൽ; രക്തസാക്ഷിത്വം വരിച്ച സെമിനാരിയന് വിശേഷാൽ ആദരം!

നൈജീരിയ: മെത്രാസന മന്ദിരം ‘മൈക്കൽ നാദി ഹൗസ്’ എന്ന് നാമകരണം ചെയ്തും ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച നാദിയുടെ നാമകരണ നടപടികൾ ആരംഭിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചും നൈജീരിയൻ സഭാ നേതൃത്വം. ആയുധ ധാരികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സെമിനാരി വിദ്യാർത്ഥിയായ മൈക്കിൾ നാദിയുടെ ഒന്നാം ചരമവാർഷികത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ് സൊക്കോട്ടോ ബിഷപ്പ് മാത്യു ഹസൻ കുക്ക ഇക്കാര്യങ്ങൾ പങ്കുവെച്ചത്. നൈജീരിയയിൽ ക്രൈസ്തവ വിരുദ്ധ പീഡനം ഇന്നും തുടരുന്നതിലുള്ള സങ്കടവും നാദിയുടെ സെമിനാരി പരിശീലകൻ കൂടിയായിരുന്ന അദ്ദേഹം വ്യക്തമാക്കി.

ബന്ധിതനായിട്ടും ഭയം കൂടാതെ നിരന്തരം ക്രിസ്തുവിനെ പ്രഘോഷിച്ചതാണ് മൈക്കിൾ മൈക്കിൾ നാദി കൊല്ലപ്പെടാൻ കാരണമെന്ന്, ജയിൽശിക്ഷ അനുഭവിക്കുന്ന കൊലപാതകി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നാദിയുടെ രക്തസാക്ഷിത്വത്തെയും നാമകരണത്തെയും കുറിച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചത്. ‘ഭാവിയിൽ, മൈക്കിളിനെ രക്തസാക്ഷിയായി സഭ അംഗീകരിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. സുവിശേഷം പ്രഘോഷിക്കുകയും തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് പറയുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമായി മുഹമ്മദ് മുസ്തഫ എന്ന ഘാതകൻതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.’

അബൂജയിലെ കഡുണയിൽ സ്ഥിതിചെയ്യുന്ന ഗുഡ് ഷേപ്പേഡ് സെമിനാരിയിൽനിന്ന് 2020 ജനുവരി എട്ടിനാണ് 18 വയസുള്ള മൈക്കിൾ ഉൾപ്പെടെ നാലുപേരെ തോക്കുധാരികളായ അക്രമകാരികൾ തട്ടികൊണ്ടുപോയത്. മൂന്നു പേർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും 2020 ഫെബ്രുവരി ഒന്നിന് മൈക്കിളിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഫെബ്രുവരി 15നായിരുന്നു മൃതസംസ്‌ക്കാര കർമം. അതിന്റെ അനുസ്മരണാ ദിനത്തിലായിരുന്നു ബിഷപ്പിന്റെ ദിവ്യബലി അർപ്പണം. നാദിയുടെ രക്തസാക്ഷിത്വത്തെ ആദരിക്കാൻ കടുണ സെമിനാരിയിൽ സ്മാരകം നിർമിക്കാൻ സഭാനേതൃത്വം അംഗീകാരം നൽകിയിട്ടുമുണ്ട്.

തട്ടിക്കൊണ്ടു പോകലും കൊലപാതകവും തടയുന്നതിൽ ഭരണകൂടം തുടരുന്ന നിസംഗതയ്‌ക്കെതിരെയും അദ്ദേഹം വികാരാധീനനായി: ‘ഒരു വർഷത്തിനുശേഷവും സ്ഥിതിഗതികൾ ഗുരുതരമാണ്. മരണത്തിന്റെ വിളവെടുപ്പ് വർദ്ധിക്കുന്നു, കൂടുതൽ പേർ കൊല്ലപ്പെടുന്നു. സാധാരണക്കാരുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ മോശമായിരിക്കുന്നു. നമ്മുടെ ജനങ്ങളെയും രാജ്യത്തെയും സുരക്ഷിതമാക്കുന്നതിൽ ഞങ്ങൾ എങ്ങുമെത്തിയിട്ടില്ല എന്നത് വളരെയധികം ആശങ്കാജനകവും സങ്കടകരവുമാണ്.’

നൈജീരിയൻ ദിനപത്രമായ ‘ഡെയ്ലി സൺ’ന് ജയിലിൽ നിന്ന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ്, മൈക്കിൾ നാദിയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തിയത്. സെമിനാരി വിദ്യാർത്ഥിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ അയാൾ, കഠിന വേദനയിലും വിശ്വാസം ഏറ്റുപഞ്ഞ നാദിയുടെ ധീരതയെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?