വത്തിക്കാൻ സിറ്റി: നോമ്പുകാലം ദൈവത്തിലേക്കുള്ള ഒരു മടക്കയാത്രയാണെന്നും ഹൃദയത്തിന്റെ ദിശ പരിശോധിച്ച് അറിയാനുള്ള സമയമാണെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ചെറിയ ത്യാഗപ്രവർത്തികൾ ചെയ്യുന്നതിൽമാത്രം നോമ്പുകാലം ഒതുങ്ങുന്നില്ലെന്ന് ഓർമിപ്പിച്ച പാപ്പ, ദൈവം നൽകുന്ന പാപമോചനമാണ് നമ്മുടെ മടക്കയാത്രയുടെ ആദ്യപടിയെന്നും വ്യക്തമാക്കി. വിഭൂതി തിരുനാളിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച തിരുക്കർമമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവവുമായുള്ള മൗലികബന്ധം കണ്ടെത്തുന്നതിനുവേണ്ടി, നാം സഞ്ചരിക്കുന്ന വഴികൾ പരിശോധിക്കാനുള്ള സമയമാണ് നോമ്പുകാലം. കർത്താവിന് പ്രീതികരമായിട്ടാണോ നാം ജീവിക്കുന്നത്; ദൈവത്തെയും ലോകത്തെയും അൽപ്പാൽപ്പം സ്നേഹിക്കുന്ന ഹൃദയമാണോ നമുക്കുള്ളത്? അങ്ങനെ നിരവധി ആത്മപരിശോധനകൾ നാം നടത്തണം. അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പുറപ്പാടുമാണ് നോമ്പുകാല യാത്ര.
ദൈവജനം സ്വദേശത്തേക്കു തിരികെപ്പോകാൻ മരുഭൂമിയിൽ യാത്രചെയ്ത 40 വർഷത്തെ ഓർമിപ്പിക്കുന്നതാണ് 40 ദിനങ്ങൾ. എന്നാൽ ഈജിപ്തിൽനിന്ന് പുറത്തുകടക്കുക എത്രയോ ക്ലേശകരമായിരുന്നുവെന്ന് നമുക്കറിയാം. ഗതകാലസുഖത്തെക്കുറിച്ച് ഓർത്ത് കരയാനും തിരികെ പോകാനും ഗതകാലസ്മരണയിലും ചില ബിംബങ്ങളിലും തളച്ചിടാനുമുള്ള പ്രലോഭനം ആ യാത്രയിലുടനീളം ഉണ്ടായിരുന്നു. അതേ അവസ്ഥയിലാണ് ഇന്ന് നാമും.
ഈ നിമിഷം മുടിയനായ പുത്രനെ നമുക്ക് ഓർക്കാം. ആ മകനെപ്പോലെ നാമും വീടിന്റെ പരിമളം മറന്നു, നിസ്സാര കാര്യങ്ങൾക്കായി അമൂല്യമായ പലതും നാം നശിപ്പിച്ചു. ശൂന്യമായ കൈകളും അസംതൃപ്ത ഹൃദയവുമായാണ് നാം നിൽക്കുന്നത്. നടക്കാൻ ശ്രമിക്കുകയും നിലത്ത് വീഴുകയും ചെയ്യുന്ന കുട്ടികളെപ്പോലെയാണ് നാം. അവരെ ഒരോ പ്രാവശ്യവും പിതാവ് പിടിച്ചെഴുന്നേൽപ്പിക്കേണ്ടിയിരിക്കുന്നു. അതെ, ദൈവം നൽകുന്ന പാപമോചനമാണ്, കുമ്പസാരമാണ് നമ്മുടെ മടക്കയാത്രയുടെ ആദ്യപടി.
സുഖം പ്രാപിച്ച കുഷ്~രോഗിയെപ്പോലെ നന്ദിപറയാൻ നാം യേശുവിന്റെ പക്കലേക്ക് മടങ്ങുകയും വേണം. 10 പേർ സുഖം പ്രാപിച്ചു, എന്നാൽ ഒരുവൻ മാത്രം രക്ഷിക്കപ്പെട്ടു, കാരണം നന്ദി പറയാൻ അവൻ യേശുവിന്റെ പക്കലേക്കു മടങ്ങിയെത്തി. ദൈവത്തിലേക്കുള്ള നമ്മുടെ യാത്ര സാധ്യമാകുന്നത് നമ്മുടെ അടുത്തേക്ക് അവിടുന്ന് യാത്ര ചെയ്തതുകൊണ്ടാണ്. നാം അവിടത്തെ പക്കലേക്കു പോകുംമുമ്പ് അവിടുന്ന് നമ്മുടെ അടുത്തേക്കു വന്നു.
നമുക്കുവേണ്ടി അവിടുന്ന്, നമുക്ക് സങ്കൽപ്പിക്കാവുന്നതിലും താഴേയ്ക്ക് ഇറങ്ങി. നമ്മെ തനിച്ചാക്കാതിരിക്കുന്നതിനും യാത്രയിൽ നമുക്കു തുണയാകുന്നതിനും വേണ്ടി അവിടുന്ന് നമ്മുടെ പാപത്തിലേക്കും മരണത്തിലേക്കും ഇറങ്ങി. പ്രകടിപ്പിക്കാനുള്ള നമ്മുടെ കഴിവുകളും യോഗ്യതകളുമല്ല, മറിച്ച് സ്വാഗതം ചെയ്യാനുള്ള അവിത്തെ കൃപയാണ് നമ്മെ അവിടുത്തെ പക്കലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത്. ഈ യാത്രയിൽ, നമ്മുടെ വഴി തെറ്റാതിരിക്കാൻ, നമുക്ക് യേശുവിന്റെ കുരിശിന് മുന്നിൽ നിൽക്കാം. അത് ദൈവത്തിന്റെ നിശബ്ദ സിംഹാസനമാണ്.
അനുദിനം നമുക്ക് അവിടത്തെ മുറിവുകളിലേക്കു നോക്കാം. ആ മുറിവുകളിലെ ദ്വാരങ്ങളിൽ നാം നമ്മുടെ ശൂന്യതയും നമ്മുടെ പോരായ്മകളും പാപത്തിന്റെ മുറിവുകളും നമ്മെ വേദനിപ്പിച്ച പ്രഹരങ്ങളും തിരിച്ചറിയുന്നു. എങ്കിലും, ദൈവം നമുക്കെതിരെ വിരൽ ചൂണ്ടുന്നില്ല, മറിച്ച്, കൈകൾ വിരിച്ചുപിടിച്ചിരിക്കുകയാണ്. അവിടത്തെ മുറിവുകൾ നമുക്കുവേണ്ടി തുറന്നിരിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *