Follow Us On

28

March

2024

Thursday

പാലകന്റെ പാഥേയം 5- രണ്ടാം വ്യാകുലം: ദാരിദ്ര്യത്തിന്റെ പുല്‍ക്കൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ്

പാലകന്റെ പാഥേയം 5- രണ്ടാം വ്യാകുലം: ദാരിദ്ര്യത്തിന്റെ പുല്‍ക്കൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ്

ജീവിതകുരിശുകള്‍ സന്തോഷപൂര്‍വം വഹിക്കാനുള്ള കൃപയ്ക്കായി വിശുദ്ധ യൗസേപ്പേ എനിക്കുവേണ്ടി പ്രാര്‍ ത്ഥിക്കണമേ.” പാലകന്റെ പാഥേയം അഞ്ചാം ദിന ധ്യാനം- രണ്ടാം വ്യാകുലം: ദാരിദ്ര്യത്തിന്റെ പുല്‍ക്കൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ്.

ദൈവവചനം: ”അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല” (ലൂക്കാ 1:7).

ധ്യാനം: മക്കള്‍ക്ക് നല്ലത് നല്‍കാന്‍ ആകാതെവരുമ്പോള്‍ ഏതപ്പന്റെ ചങ്കിലാണ് മുറിവേല്‍ക്കാത്തത്? തലമുറകള്‍ പ്രാര്‍ത്ഥിച്ചും ബലിചെയ്തും കാത്തിരുന്ന ദൈവകുമാരന്‍ പിറന്നപ്പോള്‍ ഒരു നല്ല തൊട്ടിലുപോലും ഒരുക്കാന്‍ കഴിയാതെപോയ യൗസേപ്പിനെ ധ്യാനിക്കുക.
ദൈവസുതന്‍ തിരഞ്ഞെടുത്ത ദാരിദ്ര്യത്തിന്റെ വഴികളെക്കുറിച്ച് മറിയവും യൗസേപ്പും തമ്മില്‍ പങ്കുവയ്ക്കുമായിരുന്നു:

”സര്‍വസമ്പത്തിന്റെയും അധിപനും നിത്യനുമായവന്‍ പാവപ്പെട്ട നമ്മെയാണല്ലോ മാതാപിതാക്കളായി തിരഞ്ഞെടുത്തത്. ദരിദ്രരെയും ദാരിദ്ര്യത്തെയും പുല്‍കുന്നവന് നാം എന്തു നല്‍കും? നമ്മുടെ ദാരിദ്ര്യം നമ്മുടെ സന്തോഷത്തെ കെടുത്തിയിട്ടില്ലല്ലോ. അതിനായി നമുക്ക് നന്ദി പറയാം.”

തിരുക്കുമാരന്റെ വരവിനുവേണ്ടി മനോഹരമായ ഒരു പിള്ളത്തൊട്ടില്‍ ഒരുക്കി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് റോമന്‍ ചക്രവര്‍ത്തിയുടെ കല്പന വരുന്നത്. ലോകമാസകലമുള്ള എല്ലാ മനുഷ്യരും അവരവരുടെ പിതൃഗ്രാമങ്ങളില്‍ പോയി പേരെഴുതി ചേര്‍ക്കണം. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍ പേരെഴുതിക്കാനായി നസ്രത്തില്‍നിന്നും ബെത്‌ലെഹമിലേക്കു പോകണം (ലൂക്കാ 2:1-4).

ഏറ്റം മോശമായൊരു കാലവസ്ഥ. മറിയം പൂര്‍ണഗര്‍ഭിണിയും. അവളെ വീട്ടില്‍ തനിയെയാക്കി പോകാനാകുമോ? അവളെ കൂട്ടിക്കൊണ്ടുപോയാല്‍ ഈ കഠിനയാത്രയെ അതിജീവിക്കാന്‍ അവള്‍ക്കാകുമോ? സകലതും ദൈവഹിതത്തിനു കീഴ്‌പ്പെടുത്തുന്ന ആ പിതാവ് ഇതും ദൈവാലോചനയ്ക്കായി വച്ചു. മറിയത്തെ കൂട്ടിക്കൊണ്ടു പോകാനാണ് ദൈവം പ്രേരിപ്പിച്ചത്. മറിയത്തെ വഹിക്കാനുള്ള ഒരു യാത്രാമൃഗത്തെ തേടിപ്പിടിക്കലായിരുന്നു അടുത്തത്. വിശേഷബുദ്ധിയില്ലാത്ത കഴുതയുടെ പുറത്ത് അവളെയിരുത്തി യാത്ര തുടങ്ങി.

യാത്രയ്ക്കിടയില്‍ ജോസഫ് പറയുന്നുണ്ട്: ”എന്റെ പ്രിയമുള്ളവളേ, വീട്ടില്‍ തിരിച്ചെത്തുംവരെ ദൈവം നിന്നെ പ്രത്യേകം കാത്തുപരിപാലിക്കും. നമ്മള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടേ പ്രസവസമയമാകൂ എന്നു നമുക്കു വിശ്വസിക്കാം.”

യൗസേപ്പ് പ്രാര്‍ത്ഥിച്ചു: ”സകല യുഗങ്ങളുടെയും അധിപനേ, ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി രൂപമെടുക്കുന്നവനെ എന്റെ ഭവനത്തിനു പുറത്തുവച്ച് പിറക്കുന്നതു കാണാന്‍ ഇടവരരുതേ. അവന്‍ പിറന്നുവീഴുംമുമ്പേ വീട്ടില്‍ തിരിച്ചെത്താന്‍ സഹായിക്കണമേ.”

എന്നാല്‍, ബെത്‌ലെഹം പട്ടണത്തില്‍ എത്തിയപ്പോഴേ അവള്‍ക്കു പ്രസവസമയമടുത്തു എന്നുകണ്ടു. യൗസേപ്പിനാകെ ചങ്കിടിപ്പായി. മുട്ടിയ സത്രങ്ങളൊന്നും തുറന്നു കിട്ടിയില്ല. തന്റെ പ്രിയപ്പെട്ടവള്‍ക്ക് പ്രസവസമയത്തുപോലും നല്ലൊരു ഇടം ഒരുക്കാന്‍ കഴിയാതെ വന്നപ്പോള്‍ യൗസേപ്പ് അനുഭവിച്ച വേദന ആര്‍ക്കു മനസിലാകും. തന്റെ അയോഗ്യതകള്‍ കൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നുപോലും അവന്‍ കരുതിക്കാണും. ഒടുക്കം, പട്ടണത്തിനുപുറത്ത് കാലികള്‍ക്കുള്ള ഒരു ഗുഹ ഉണ്ടെന്നകാര്യം അവന്റെ ഓര്‍മയില്‍ ദൈവം കൊണ്ടുവന്നു. അതിനെ ലക്ഷ്യംവച്ച് അവര്‍ നടന്നുനീങ്ങി.

പ്രപഞ്ചത്തിന്റെ നാഥന് പിറന്നുവീഴാന്‍ കാലിത്തൊഴുത്തേ ഒരുക്കാനായുള്ളൂ എന്ന വേദന യൗസേപ്പില്‍ ഒരു നീറ്റലായിരുന്നു. എങ്കിലും സൂര്യനേക്കാള്‍ തേജോമയനായ ഉണ്ണിയെയും മറിയത്തെയും കാണുമ്പോള്‍ സ്‌നേഹംകൊണ്ടും നന്ദികൊണ്ടും അവന്റെ മനസുനിറയും. മറിയം വിശ്രമിക്കുമ്പോള്‍ കുഞ്ഞിനു കാവലിരുന്നും രണ്ടുപേര്‍ക്കും പരിരക്ഷണം നല്‍കിയും യൗസേപ്പിന്റെ ദിനങ്ങള്‍ ഏറെ ധന്യമായി.

ഓ, മഹാനായ യൗസേപ്പേ, ഞങ്ങളുടെ പദ്ധതികള്‍ തകരുമ്പോള്‍ ഞങ്ങളാകെ പരിഭ്രാന്തര്‍ ആകാറുണ്ട്. പരാതികള്‍ പറയാറുണ്ട്. എന്നാല്‍, ദാരിദ്ര്യവും കഷ്ടതയും എല്ലാം ഒന്നിനുപുറകെ മറ്റൊന്നായി നിന്നെയും കുടുംബത്തെയും പിന്തുടരുമ്പോഴും നീയെത്ര കുലീനമായി അതിനെ കൈകാര്യം ചെയ്തു. നിന്റെ ആന്തരികവേദന നീ ഉണ്ണിയ്ക്കായി സമ്മാനിച്ചു. നിന്റെ വഴികള്‍ ഞങ്ങളെയും പഠിപ്പിക്കണമേ.

പ്രാര്‍ത്ഥന: ജീവിതകുരിശുകള്‍ സന്തോഷപൂര്‍വം വഹിക്കാനുള്ള കൃപയ്ക്കായി വിശുദ്ധ യൗസേപ്പേ എനിക്കുവേണ്ടി പ്രാര്‍ ത്ഥിക്കണമേ, ആമേന്‍.

****************

****************

‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.

SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TVIOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?