മനില: ആഗോളസഭ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കാൻ തയാറെടുത്ത് ഫിലിപ്പൈൻസിലെ സഭാ നേതൃത്വം. തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മേയ് ഒന്നിനാണ് സമർപ്പണ തിരുക്കർമങ്ങൾ ക്രമീകരിക്കുന്നതെങ്കിലും മാർച്ച് 30 മുതൽ ഇതിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമാകും.
ഫിലിപ്പൈൻസിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദേശപ്രകാരം അൽമായർക്ക് വേണ്ടിയുള്ള കമ്മീഷനാണ് മേൽനോട്ടം വഹിക്കുന്നത്. സമർപ്പണത്തിന്റെ ഭാഗമായി ഫാ. ഡൊണാൾഡ് കല്ലോവേ തയാറാക്കിയ ‘കോൺസക്രറേഷൻ ടു സെന്റ് ജോസഫ്’ എന്ന പുസ്തകം വിശ്വാസികൾക്ക് ലഭ്യമാക്കുമെന്ന് അൽമായ കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോ പറഞ്ഞു.
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിക്കാൻ ഫ്രാൻസിസ് പാപ്പയ്ക്ക് പ്രചോദനമായ കത്തിന്റെ രചയിതാവ് എന്ന നിലയിൽ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഫാ. ഡൊണാൾഡ് കല്ലോവേ. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് 2019ൽ അദ്ദേഹം പാപ്പയ്ക്ക് എഴുതിയ കത്ത് അനവധി മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് സ്പാനിഷിലേക്ക് തർജിമ ചെയ്യപ്പെട്ട കത്ത് അർജന്റീനിയൻ ബിഷപ്പ് പാപ്പയ്ക്ക് കൈമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് 2020 ഡിസംബർ എട്ടു മുതൽ 2021 ഡിസംബർ എട്ടുവരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്നത്. ‘ക്യൂമാഡ്മോഡം ഡിയൂസ്’ എന്ന തിരുവെഴുത്തിലൂടെ 1870 ഡിസംബർ എട്ടിന് പയസ് ഒമ്പതാമൻ പാപ്പയാണ് വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *