Follow Us On

03

March

2021

Wednesday

പാലകന്റെ പാഥേയം 8- അഞ്ചാം വ്യാകുലം: ഈജിപ്തിലേക്കുള്ള പലായനം

പാലകന്റെ പാഥേയം 8- അഞ്ചാം വ്യാകുലം: ഈജിപ്തിലേക്കുള്ള പലായനം

”ഈലോകജീവിതം പരദേശവാസമാണെന്നും ഞങ്ങളുടെ യഥാര്‍ത്ഥ ഭവനം സ്വര്‍ഗഗേഹമാണെന്നുമുള്ള സത്യം വിശുദ്ധ യൗസേപ്പേ, എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് ഓര്‍മപ്പെടുത്തി തരണമേ.” പാലകന്റെ പാഥേയം എട്ടാം ദിന ധ്യാനം- അഞ്ചാം വ്യാകുലം: ഈജിപ്തിലേക്കുള്ള പലായനം

ദൈവവചനം: ”അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയുംകൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കു പോയി” (മത്താ. 2:14).

ധ്യാനം: ജോസഫ് ശാന്തമായി തലചായ്ക്കാനൊരുങ്ങുമ്പോഴാണ് മറ്റൊരു സ്വപ്‌നവുമായി ദൂതന്‍ വരുന്നത്. കുഞ്ഞിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കുപോവുക. ഈ നിര്‍ദേശം ജോസഫില്‍ ഏല്‍പിച്ച ഞെട്ടല്‍ ചെറുതൊന്നുമല്ല. പറക്കമുറ്റാത്ത കുഞ്ഞിനെയും സംരക്ഷണം അധികമായി ആവശ്യമുള്ള മറിയത്തെയുംകൂട്ടി രാത്രിയില്‍തന്നെ യാത്രയാകാനാണ് സന്ദേശം. ഹേറോദേസിന്റെ കല്‍പനപ്രകാരം ശിശുവിനെ വധിക്കാനുള്ള അന്വേഷണം ഉടനെ ആരംഭിക്കും.

നുറുങ്ങിയ ഹൃദയവുമായി ജോസഫ് മറിയത്തെ കാര്യം ധരിപ്പിച്ചു. അവളാകട്ടെ ജോസഫിന്റെ വിളിയും കാത്ത് കിടക്കുകയായിരുന്നു. ദൈവതിരുമനസിന് ചോദ്യം ചെയ്യാതെ കീഴ്‌വഴങ്ങിയിരുന്ന അവര്‍ രാത്രിക്കുതന്നെ അവശ്യസാധനങ്ങളുമായി യാത്രതുടങ്ങി. ഭയന്നോടുന്ന അഭയാര്‍ത്ഥികളെപ്പോലെയാണ് ഈജിതിലേക്കുള്ള പലായനം.
സ്വന്തം മക്കള്‍ തന്റെ അധികാരത്തിന് ഭീഷണിയായേക്കാമെന്നു ഭയന്ന് അവരെപ്പോലും ഇല്ലായ്മ ചെയ്തവനാണ് ഹേറോദേസ്. ഇസ്രായേലിനെ ഭരിക്കാനുള്ളവന്‍ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്തയില്‍ അയാള്‍ വിറളിപിടിച്ചിരിക്കുകയാണ്. സ്വദേശത്തെയും പ്രിയപ്പെട്ടവരെയും വിട്ട് പ്രാണരക്ഷാര്‍ത്ഥം ഓടുകയാണ്, തിരുക്കുടുംബം.

ഓ, പ്രിയ യൗസേപ്പേ, നീയന്ന് എന്തായിരിക്കും ചിന്തിച്ചിരിക്കുക. നസ്രത്തില്‍ മടങ്ങിയെത്തി, കുഞ്ഞിനായി കരുതിവച്ച പിള്ളത്തൊട്ടില്‍പോലും ഉണ്ണിക്ക് നല്‍കാന്‍ നിനക്കായില്ലല്ലോ. ശൈശവദശയില്‍ ഇത്ര സഹനമെങ്കില്‍ എന്റെ മകന് ഇനിയുള്ള നാളുകളില്‍ എത്രയെത്ര വേദനയിലൂടെ കടന്നു പോകേണ്ടിവന്നേക്കും. മാനവകുലത്തെ രക്ഷിക്കാന്‍ വന്നവന്‍ വാള്‍മുനയില്‍നിന്നും രക്ഷപെടാന്‍ ജോസഫിന്റെ മാറില്‍ പറ്റിപ്പിടിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ വാ പൊത്തുന്നുമുണ്ട്.

ആഴ്ചകള്‍ നീളുന്ന യാത്രയാണിത്. പരിചിതരുടെ ഇടയില്‍ നിന്നും തീര്‍ത്തും അപരിചിതരുടെ ഇടയിലേക്കുള്ള യാത്ര. ദൈവസാന്നിധ്യത്തിന്റെ അടയാളമായ ജെറുസലെം വിട്ട് അടിമത്തത്തിന്റെയും വിഗ്രഹാരാധനയുടെയും ഈറ്റില്ലമായ ഈജിപ്തിലേക്കുള്ള യാത്ര. തണുപ്പും വിശപ്പും ദാഹവും ഒരുപോലെ അവരെ വേട്ടയാടിയിരുന്നു. ചില രാത്രികളില്‍ സ്വന്തം മടിത്തട്ടില്‍ മറിയത്തെയും കുഞ്ഞിനെയും കിടത്തിയുറക്കി നേരം വെളുപ്പിച്ച നാളുകള്‍. ഊരും പേരുമില്ലാത്ത നാടോടികളെപ്പോലെ പരദേശികളായി വലഞ്ഞ സമയം.

ശിമയോന്‍ പ്രവചിച്ച വാള്‍ തിരുക്കുടുംബത്തെ കാര്യമായി കുത്തിമുറിവേല്‍പ്പിച്ചു തുടങ്ങി. ഈ യാത്രയില്‍ പ്രത്യേകമായി ഒരത്ഭുതവും സ്വര്‍ഗം ചെയ്തില്ല. ദിവ്യകുമാരനെ പരിപാലിക്കാന്‍ മാലാഖാവൃന്ദങ്ങളെയും സ്വര്‍ഗം അയച്ചതായി കാണുന്നില്ല.

”ഓ പരമപരിശുദ്ധ ദൈവമേ, നിന്റെ വഴികളെ ആര്‍ക്കു ഗണിച്ചെടുക്കാനാകും? പ്രവാചകര്‍ വിശന്നപ്പോള്‍ അവരെപ്പോറ്റാന്‍ പക്ഷികളെയും ദൂതന്മാരെയും അയച്ച ദൈവം, ദൈവജനത്തെ വഴിനടത്താന്‍ മേഘസ്തംഭവും അഗ്‌നിത്തൂണും അയച്ച അവിടുന്ന്, തിരുക്കുടുംബത്തെ വഴിനടത്താന്‍ നല്‍കിയത് വിശ്വാസം മാത്രമാണ്. അവര്‍ യാച കരെപ്പോലെ വലഞ്ഞപ്പോഴും പരദേശികളെപ്പോലെ ഉലഞ്ഞപ്പോഴും വിഡ്ഡികളെപ്പോലെ തലതാഴ്‌ത്തേണ്ടി വന്നപ്പോഴും നീ മൗനമായി അവരെ പിന്‍ചെന്നു. ശാന്തമായി ഞങ്ങളെ സ്‌നേഹിച്ച് മുറിപ്പെടുത്തുന്ന, അങ്ങയെ ഞങ്ങള്‍ക്ക് എങ്ങനെ മനസിലാക്കാനാകും.”

എന്നാല്‍, ഈജിപ്തിലെത്തിയ ഈ വിശുദ്ധകുടുംബത്തിന്റെ സാന്നിധ്യം ദേശത്തിന്റെ ചരിത്രംതന്നെ മാറ്റി. ദൈവകുമാരന്‍ പാപികള്‍ക്കു മോചനവും രോഗികള്‍ക്ക് സൗഖ്യവും നല്‍കാന്‍ തുടങ്ങി. പിശാചുക്കള്‍ പകച്ചു പിന്തിരിഞ്ഞോടാന്‍ തുടങ്ങി. വിഗ്രഹങ്ങള്‍ക്കു പകരം ജീവനുള്ള ദൈവത്തിന്റെ സുവിശേഷം മറിയവും യൗസേപ്പും ഏവര്‍ക്കും പകര്‍ന്നു നല്‍കി.

പ്രാര്‍ത്ഥന: ഈലോകജീവിതം പരദേശവാസമാണെന്നും ഞങ്ങളുടെ യഥാര്‍ത്ഥ ഭവനം സ്വര്‍ഗഗേഹമാണെന്നുമുള്ള സത്യം വിശുദ്ധ യൗസേപ്പേ, എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് ഓര്‍മപ്പെടുത്തി തരണമേ, ആമേന്‍.

****************

****************

‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.

SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TVIOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?