Follow Us On

28

February

2021

Sunday

പാലസ്തീൻ പാർലമെന്റിൽ ക്രൈസ്തവർക്ക് ഇനി ഏഴ് സീറ്റുകൾ ഉറപ്പ്; പ്രസിഡൻഷ്യൽ ഉത്തരവ് സ്വാഗതം ചെയ്ത് ക്രൈസ്തവ നേതൃത്വം

പാലസ്തീൻ പാർലമെന്റിൽ ക്രൈസ്തവർക്ക് ഇനി ഏഴ് സീറ്റുകൾ ഉറപ്പ്; പ്രസിഡൻഷ്യൽ ഉത്തരവ് സ്വാഗതം ചെയ്ത് ക്രൈസ്തവ നേതൃത്വം

റാമല്ല: ഏതാണ്ട് ഒന്നര പതിറ്റാണ്ടിനുശേഷം ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പിലേക്ക് പലസ്തീൻ ജനത നീങ്ങുമ്പോൾ, പാർലമെന്റിൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഉറപ്പാക്കാൻ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നിർണായക നീക്കം. 132 അംഗ പലസ്തീൻ നിയമസഭാ കൗൺസിലിൽ കുറഞ്ഞത് ഏഴ് സീറ്റുകളെങ്കിലും ഇനി ക്രൈസ്തവ സഭാംഗങ്ങൾക്ക് ഉറപ്പ്! ഏഴ് സീറ്റുകൾ ക്രൈസ്തവ സഭാംഗങ്ങൾക്ക് ഉറപ്പ്! ഇതുസംബന്ധിച്ച ഉത്തരവിൽ ഇക്കഴിഞ്ഞ ദിവസമാണ്, പാലസ്തീൻ നാഷ്ണൽ അഥോറിറ്റി പ്രസിഡന്റും പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാനുമായ മഹമൂദ് അബ്ബാസ് ഒപ്പുവെച്ചത്.

2006ൽ നടന്ന തിരഞ്ഞെടുപ്പിൽ പലസ്തീനിലെ ഇസ്ലാമിക പോരാളി സംഘടനയായ ഹമാസ് വിജയിച്ച ശേഷം ഇതാദ്യമായാണ് രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് 2021 മേയ് 22നും പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ജൂലൈ 31നുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രസിഡന്റ് കൈക്കൊണ്ട നടപടിയെ സുപ്രധാനം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്യുന്നത്.

നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ജെറുസലേമിലെ ഓർത്തഡോക്‌സ് മെത്രാപ്പോലീത്ത സെബാസ്റ്റ്യ അതള്ള ഹന്നാ വ്യക്തമാക്കി. ക്രൈസ്തവർക്കുവേണ്ടി ഇതുപോലെ തുറന്ന ക്വാട്ട ഒഴിച്ചിടുന്നത് ആദ്യമായാണെന്ന് ചർച്ച് അഫയേഴ്‌സ് പ്രസിഡൻഷ്യൽ ഹയർ കമ്മിറ്റി അധ്യക്ഷൻ റാംസി ഖൂറി പറഞ്ഞപ്പോൾ, ക്രിസ്തുവിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ ഇവിടെ ക്രൈസ്തവ സാന്നിധ്യം ഉറപ്പാക്കാൻ പാർലമെന്റിൽ ക്രൈസ്തവ പ്രാതിനിധ്യം അനിവാര്യമാണെന്ന് പലസ്തീൻ ബൈബിൾ സൊസൈറ്റി അധ്യക്ഷൻ നാഷട് ഫിൽമോൻ അഭിപ്രായപ്പെട്ടു.

ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന ബെർണാർഡ് സാബെല്ലായും ഉത്തരവിനെ സ്വാഗതം ചെയ്തു: ‘പാലസ്തീനിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത് ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് അല്ലാതെ, ദേശീയമായ അടിസ്ഥാനപ്പെടുത്തിയല്ല. അതിനാൽ സുപ്രധാനമായ തീരുമാനമാണിത്.’

നടപടിയെ ശ്ലാഘിച്ച ബെത്‌ലഹേം മുൻ മേയർ വേരാ ബബോൺ, തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിൽ അംഗങ്ങൾ പലസ്തീൻ ജനതയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ‘പലസ്തീൻ ജനതയുടെ ബഹുസ്വരത ഉൾകൊണ്ട് തങ്ങളുടെ പ്രാതിനിധ്യവും രാഷ്ട്രീയ അനുഭവസമ്പത്തും വഴി പലസ്തീനി ക്രൈസ്തവർ ഉൾപ്പെടുന്ന മുഴുവൻ സമൂഹത്തെയും പ്രതിനിധീകരിക്കണം.’

നടപടിയെ സ്വാഗതം ചെയ്ത പ്രമുഖ കോളമിസ്റ്റും ക്രിസ്ത്യൻ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ ഇബ്രാഹിം ഡേയ്ബസ്, അടിയന്തിരമായി ചെയ്യേണ്ട നിയമനിർമാണത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി: ‘പാലസ്തീൻ ക്രൈസ്തവർ മതപരവും വ്യക്തിപരവുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്. ഇതിനെതിരായ നിയമം നിർമിക്കുക എന്നത് തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിലിന്റെ പ്രധാന ഉത്തരവാദിത്തമാണ്. വിദ്വേഷ പ്രസംഗങ്ങൾ ഇല്ലാതാക്കാനും പുതിയ പ്രതിനിധികൾ ശ്രദ്ധിക്കണം.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?