”വിശുദ്ധ യൗസേപ്പേ, ദുരിതപൂര്വകമായ ജീവിത യാത്രയില്‍ ഈശോയെ ചേര്‍ത്തു പിടിക്കാന്‍ ഞങ്ങളെയും സഹായിക്കണമേ.” പാലകന്റെ പാഥേയം ഒൻപതാം ദിന ധ്യാനം- ആറാം വ്യാകുലം: ഈജിപ്തില്‍നിന്നുള്ള മടക്കയാത്ര.
ദൈവവചനം: ”എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു. അവന് എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു” (മത്താ. 2:20-21).
ധ്യാനം: അപരിചിതമായ ഒരു നാട്ടില്‍ രൂക്ഷമായ ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച് തിരുക്കുടുംബം മുന്നോട്ടുനീങ്ങുകയാണ്. മറിയം ഈശോയുമായി വീട്ടിലിരിക്കുമ്പോള്‍ ജോസഫ് ആശാരിപ്പുരയില് ജോലിയിലാണ്. ഈശോ വളരാന്‍ തുടങ്ങി. വളരുന്ന കുഞ്ഞിന്റെ കൊഞ്ചലുകളും ചിരിയും കരച്ചിലും എല്ലാംകൊണ്ട് ജോസഫിന്റെ സായാഹ്നങ്ങള്‍ ആനന്ദകരമായിരുന്നു. ഇടയ്ക്കിടെ അപ്പാ എന്നുവിളിച്ച് കുഞ്ഞ് സമീപത്തേക്കു വരുമ്പോള്‍ സ്വര്‍ഗത്തിലെ അബ്ബായെക്കുറിച്ച് പറഞ്ഞുകൊടുക്കും. കഷ്ടതയിലും പ്രവാസത്തിലും തിരുക്കുടുംബത്തിന്റെ ദിനങ്ങളെ ദൈവം ധന്യമാക്കി.
ശൈശവം പിന്നിട്ട് ബാല്യത്തിലേക്ക് നീങ്ങുന്ന ഈശോയെ കാണാന്‍ ജോസഫിനും മറിയത്തിനും എന്തൊരാനന്ദമായിരുന്നെന്നോ. പകലിന്റെ കഠിന ചൂടില്‍ ജോലികഴിഞ്ഞെത്തുന്ന ജോസഫിന്, രാത്രിയുടെ നിശബ്ദതയില്‍ ഈശോയുടെ കൈകളില്‍ തലോടാനും, വചനഗ്രന്ഥങ്ങള് പങ്കുവയ്ക്കാനും, ഒരുമിച്ചു പ്രാര്‍ത്ഥിക്കാനും കിട്ടുന്ന സമയങ്ങള്‍ സുന്ദരമായിരുന്നു. ജോസഫ് ചിന്തിച്ചു: എത്രയെത്ര രോഗികളെ സുഖപ്പെടുത്തേണ്ട കൈകളാണിത്. എത്രയോ പേര്‍ക്ക് ആശ്വാസമാകേണ്ട മകനാണിവന്‍. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്റെ മകനേ, എന്റെ ഈശോയേ!
ഈജിപ്തിലെ വാസം പൂര്‍ത്തിയാക്കേണ്ട സമയമായി. അവര്‍ ഇനി ഇസ്രായേല്‍ ദേശത്തേക്കു മടങ്ങണം. ജോസഫിന് അടുത്ത സന്ദേശം ലഭിച്ചു, സ്വപ്നത്തിലൂടെ: ”സ്വദേശത്തേക്കു മടങ്ങുക. ശിശുവിനെ വധിക്കാന്‍ ശ്രമിച്ച ഹേറോദേസ് മരിച്ചുകഴിഞ്ഞു.” വിശുദ്ധിയില്‍ ഉയര്‍ന്ന ഈശോയും മറിയവും അവിടെ ഉണ്ടായിരിക്കേതന്നെ, യൗസേപ്പിനെയാണ് യാത്രയിലെ ഓരോ കാര്യവും ദൈവം അറിയിക്കുന്നത്. തിരുക്കുടുംബത്തെ നയിക്കേണ്ടവനെ തന്നെ ദൈവിക സന്ദേശം അറിയിക്കുന്നതില്‍ ദൈവം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഓരോരുത്തരുടെയും വിളി അനുസരിച്ചല്ലേ ദൗത്യം ഭരമേല്പിക്കുന്നത്. അത്യുന്നതന്റെ തിരുവിഷ്ടം നിറവേറ്റുന്നതില്‍ ഒരിക്കലും വീഴ്ചപറ്റാന്‍ ഇവര്‍ ഇടനല്‍കാറില്ല.
ഇതിനോടകം, ഈജിപ്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്ന കുടുംബത്തിന്, ഇനിയും ഒരു യാത്ര ക്ലേശകരമാണ്. ബാലനായ ഈശോയെയും മറിയത്തെയും കൂട്ടി യൗസേപ്പിന് മടങ്ങാറായി. നസ്രത്തിലേക്കുള്ള വഴി നല്ല നിശ്ചയമൊന്നുമില്ല. എങ്കിലും, പ്രിയപ്പെട്ടവരോടെല്ലാം വിടപറഞ്ഞ് വീടൊഴിയുകയാണ്. ആത്മീയ യാത്രയില്‍ തൊട്ടടുത്ത ചുവടു വയ്ക്കാനുള്ള വെളിച്ചമേ ദൈവം പലപ്പോഴും നമുക്ക് അനുവദിച്ചു തരാറുള്ളൂ. കൂടുതല്‍ അവനില്‍ ആശ്രയിക്കാനും അഭയം തേടാനുമാണിത്. നമ്മില്‍ ആശ്രയിച്ചാല്‍ വഴിതെറ്റാന്‍ സാധ്യതകള്‍ ഏറെയാണല്ലോ.
യാത്ര മുന്നോട്ടു നീങ്ങുമ്പോഴാണ് മറ്റൊരു അശുഭകരമായ വാര്‍ത്ത യൗസേപ്പ് അറിയുന്നത്. ഹേറോദേസിന്റെ സ്ഥാനത്ത് ഇളയമകന് അര്‍ക്കലാവോസാണ് ജെറുസലെമില്‍ ഭരണം ഏറ്റെടുത്തിരിക്കുന്നത്. ദൈവം നിര്ദേശിച്ചിട്ടാണല്ലോ ഈജിപ്ത് വിട്ടത്. ഇനി എന്താകും എന്നാലോചിച്ചിരിക്കുമ്പോഴാണ് മറ്റൊരു സ്വപ്നം യൗസേപ്പിനു ലഭിക്കുന്നത്. ഗലീലി ഭാഗത്തേക്കു പോവുക. അവിടെ നസ്രത്തില്‍ പോയി താമസിക്കുക.
ഓ, ശ്രേഷ്ഠപിതാവായ യൗസേപ്പേ, ക്ലേശകരമായ യാത്രകളില്‍ നീ എത്ര ശാന്തമായാണ് മുന്നോട്ടു നീങ്ങിയത്. കഠിനവേദന അനുഭവിക്കുമ്പോഴും ദൈവത്തിന്റെ ഏകജാതനെ, പറുദീസയുടെ മുഴുവന്‍ ആനന്ദത്തെ നീ ചേര്‍ത്തുപിടിച്ചു മുന്നേറിയല്ലോ. ദാഹജലത്തിന്റെ ഉറവയുമായി സഞ്ചരിക്കുമ്പോഴും കുടിവെള്ളത്തിനായി നീയെത്രയോ കഷ്ടപ്പെട്ടു. ജീവന്റെ അപ്പം കൂടെയുണ്ടെങ്കിലും അന്നന്നത്തെ അപ്പത്തിനായി നീയൊരുപാടു വലഞ്ഞല്ലോ. നിന്റെ ആത്മധൈര്യം ഞങ്ങള്‍ക്കും വേണം. നിന്റെ പ്രത്യാശയില്‍ ഞങ്ങളെയും വളര്‍ത്തണം.
പ്രാര്‍ത്ഥന: യാത്രയിലെല്ലാം ഈശോ കൂടെയുണ്ടായിരുന്നതുകൊണ്ട് വഴിതെറ്റില്ല എന്നു വിശുദ്ധ യൗസേപ്പേ, നിനക്കുറപ്പുണ്ടായിരുന്നു. ദുരിതപൂര്വകമായ ജീവിത യാത്രയില്‍ ഈശോയെ ചേര്‍ത്തു പിടിക്കാന്‍ ഞങ്ങളെയും സഹായിക്കണമേ, ആമേന്‍.
****************
****************
‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.
SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TV, IOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.
പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.
Leave a Comment
Your email address will not be published. Required fields are marked with *