Follow Us On

28

February

2021

Sunday

ഈ യാത്ര എവിടേക്ക്?

മനോജ് മാത്യു

ഈ യാത്ര എവിടേക്ക്?

ഈ വലിയനോമ്പ്, ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനും നമ്മുടെ ജീവിതത്തെ നവീകരിക്കാനുമുള്ള അവസരമാവട്ടെ. സഭാപ്രസംഗകന്റെ വാക്കുകള്‍ നമുക്ക് മറക്കാതിരിക്കാം: “ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക”

ഓസ്‌ട്രേലിയയിലേക്കുള്ള സെറ്റില്‍മെന്റ്  വിസ പ്രതീക്ഷിച്ചതിലും വേഗം കിട്ടിയപ്പോള്‍ ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടിയതിന്റെ സന്തോഷത്തിലായിരുന്നു ആന്‍സി (പേര് യഥാര്‍ത്ഥമല്ല). താന്‍ ഭാഗ്യവതിയാണ്, ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠിച്ചിറങ്ങി ഏറെനാള്‍ കഴിയുംമുമ്പേ ഗള്‍ഫിലേക്കുള്ള ഇന്റര്‍വ്യൂ പാസായി സൗദി അറേബ്യയില്‍ എത്തി. അവിടെ അധികകാലം കഷ്ടപ്പെടാതെ യു.കെയിലേക്കുള്ള വിസ ശരിയായി.

അവിടെ പി.ആര്‍  കിട്ടിക്കഴിഞ്ഞപ്പോഴാണ് യൂറോപ്പിലെ കാലാവസ്ഥയും തണുപ്പുമൊക്കെ ഒരു പ്രശ്‌നമായി തോന്നിയത്. യു.കെയില്‍ ഒരുവിധം സെറ്റിലായവര്‍ ജീവിതനിലവാരം കുറേക്കൂടി മെച്ചപ്പെട്ട ഓസ്‌ട്രേലിയയിലേക്ക് പോകുന്ന സമയമായിരുന്നു അത്. അപേക്ഷിച്ച് അധികനാള്‍ കഴിയും മുമ്പേ അവള്‍ക്കും കുടുംബത്തിനും ന്യൂ സൗത്ത് വെയില്‍സിലേക്കുള്ള ജോബ് വിസ കിട്ടി. ഓസ്‌ട്രേലിയയിലെ ആദ്യനാളുകള്‍ ആഹ്ലാദത്തിന്റെതായിരുന്നു. യു.കെയിലേതിനെക്കാള്‍ വലിയ വീടും സൗകര്യങ്ങളും, കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ വിശാലമായ മുറ്റം, ഇടയ്ക്കു മഴ വരുമെങ്കിലും മഞ്ഞോ, കൊടുംതണുപ്പോ ഇല്ലാത്ത കാലാവസ്ഥ, നൈറ്റ് ഷിഫ്റ്റ് ഇല്ലാത്ത ജോലി, യു.കെയിലെക്കാള്‍ കൂടിയ ശമ്പളം.

കാര്യങ്ങള്‍ ഇങ്ങനെ ഇഷ്ടപ്രകാരം മുന്നോട്ടു പോകുമ്പോഴാണ് തനിക്ക് ഇനി ഒന്നും ലക്ഷ്യംവെക്കാനില്ലല്ലോ എന്ന ചിന്ത ആന്‍സിയെ പിടികൂടിയത്. ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതുമൊക്കെ കിട്ടിയപ്പോഴും ഒന്നിലും സംതൃപ്തി ലഭിക്കാത്ത ഒരവസ്ഥ. എല്ലാം കൈപിടിയില്‍ ഉണ്ടെങ്കിലും ഉള്ളിലെവിടെയോ ഒരു ശൂന്യത. അമേരിക്കയിലേക്ക് പോവാനുള്ള അവസരം വേണ്ടെന്നു വെച്ചാണവള്‍ ഓസ്‌ട്രേലിയക്കു വിമാനം കയറിയത്.

അതുകൊണ്ടുതന്നെ വീണ്ടുമൊരു അമേരിക്കന്‍ സാധ്യതയും തള്ളിക്കളഞ്ഞു. എല്ലാം വിട്ടെറിഞ്ഞ് നാട്ടിലേക്കുപോയാലോ എന്നാലോചിച്ചിരിക്കുമ്പോഴാണ് യു.കെയിലെ സുഹൃത്ത് പഴയ ധ്യാനഗുരുവിനെ വിളിക്കാന്‍ ഉപദേശിച്ചത്. സമാനമായ പ്രശ്‌നങ്ങളുമായി നിരവധിപേരെ കണ്ടിട്ടുള്ള അദ്ദേഹത്തിന് സംഗതി പിടികിട്ടി- ആത്മാവിന്റെ ദാഹമാണ് ഇവിടെയും പ്രശ്‌നം. സെന്റ് അഗസ്റ്റിന്‍ ഇപ്രകാരം പറഞ്ഞു: “ദൈവമേ അങ്ങ് മനുഷ്യനെ അങ്ങേക്കായി സൃഷ്ടിച്ചു; അങ്ങയില്‍ എത്തിച്ചേരുന്നതുവരെ മനുഷ്യഹൃദയം അസ്വസ്ഥമായിരിക്കും.” നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെതുമായ ഒരു ഭൂതകാലം തനിക്കും ഉണ്ടായിരുന്നത് അവളോര്‍ത്തു. ആ നാളുകളില്‍ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെങ്കിലും സന്തോഷപ്രദമായിരുന്നു.

പിന്നീട് ദൈവത്തെ ഓരോരോ ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രം സമീപിക്കുന്ന രീതിയിലേക്ക് പ്രാര്‍ത്ഥനകള്‍ മാറി. അവസാനം ആവശ്യങ്ങള്‍ മിക്കതും നിറവേറികഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥനകളും പതുക്കെപ്പതുക്കെ ഇല്ലാതായി. ഹൃദയത്തിലെ ദൈവത്തിന്റെ സ്ഥാനത്ത് മറ്റുപലതും കയറിപ്പറ്റി. അപ്പോഴും മനസ്സിലെ ശൂന്യത അവശേഷിച്ചിരുന്നു. പാസ്‌കല്‍ എന്ന ഫ്രഞ്ച് ചിന്തകന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. എല്ലാ മനുഷ്യന്റെയും ഉള്ളില്‍ ഒരു ശൂന്യ സ്ഥലമുണ്ട്. ഈ ശൂന്യതയുടെ ആകൃതി ദൈവത്തിന്റേതാണ്. നാം മറ്റു പലതുംകൊണ്ട് ഈ ഗ്യാപ് നികത്താന്‍ നോക്കും. എന്നാല്‍, ഈ ശൂന്യതയില്‍ ദൈവത്തെ നിറച്ചാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളം നിറയൂ.

ലോകസുഖങ്ങളെ  ഐസ്‌ക്രീം കഴിക്കുന്നതിന് സമാനമായാണ് കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍  ഫാ. ഡേവിസ് ചിറമേല്‍ വിശേഷിപ്പിക്കുന്നത്. കഴിക്കുന്ന ഏതാനും നി മിഷങ്ങളില്‍മാത്രം ലഭിക്കുന്ന ആ സുഖം വേഗം തീര്‍ന്നുപോകുന്നു. “ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു, എന്നാല്‍ ദൈവഹിതം നിറവേറ്റുന്നവനോ എന്നേയ്ക്കും നിലനില്‍ക്കുന്നു,” എന്നാണ് യോഹന്നാന്‍ ശ്ലീഹ തന്റെ ലേഖനത്തില്‍ എഴുതിയത്. (1യോഹ. 2:17)

മനുഷ്യന്റെ ഈ ലോക ജീവിതം പുല്ലുപോലെയാണെന്ന് സങ്കീര്‍ത്തകന്‍ പറയുന്നു. വയലിലെ പൂപോലെ അത് വിരിയുന്നു; എന്നാല്‍ ചുടുകാറ്റടിക്കുമ്പോള്‍ അതു കൊഴിഞ്ഞു പോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല. (സങ്കീ.103:15-16) ഈ ജീവിതയാത്ര ഓസ്‌ട്രേലിയയിലോ അമേരിക്കയിലോ അവസാനിക്കേണ്ടതല്ല; അതു നിത്യതയുടെ തീരങ്ങളെ യാണ് ലക്ഷ്യംവെക്കേണ്ടത്.

“മനുഷ്യന്‍ നൂറു വയസുവരെ ജീവിച്ചാല്‍ അതു ദീര്‍ഘായുസാണ്. നിത്യതയോട് തുലനം ചെയ്യുമ്പോള്‍ ഈ ഏതാനും വത്സരങ്ങള്‍ സമുദ്രത്തിലെ ഒരു തുള്ളി വെള്ളം പോലെയും ഒരു മണല്‍ത്തരി പോലെയും മാത്രം” എന്നാണ് പ്രഭാഷകന്‍ പറയുന്നത്. (പ്രഭാ.18:9) ഈ വലിയനോമ്പ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനും നമ്മുടെ ജീവിതത്തെ നവീകരിക്കാനുമുള്ള അവസരമാവട്ടെ. സഭാപ്രസംഗകന്റെ വാക്കുകള്‍ നമുക്ക് മറക്കാതിരിക്കാം: “ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക” (സഭാപ്ര. 12:1)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?