Follow Us On

03

March

2021

Wednesday

ആറ് ദിനം പിന്നിട്ടപ്പോഴേക്കും രക്ഷപ്പെട്ടത് 15 കുഞ്ഞുങ്ങൾ! വലിയനോമ്പ് ജീവന്റെ ഉത്‌സവമാക്കി ടീം ’40 ഡേയ്സ്’

ആറ് ദിനം പിന്നിട്ടപ്പോഴേക്കും രക്ഷപ്പെട്ടത് 15 കുഞ്ഞുങ്ങൾ! വലിയനോമ്പ് ജീവന്റെ ഉത്‌സവമാക്കി ടീം ’40 ഡേയ്സ്’

വാഷിംഗ്ടൺ ഡി.സി: വലിയ നോമ്പ് ദിനങ്ങൾ പതിവുപോലെ ജീവന്റെ ഉത്‌സവമാക്കി മാറ്റി ടീം ’40 ഡേയ്സ്’. അനേകം ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത ’40 ഡേയ്സ് ഫോർ ലൈഫ്’ ഇത്തവണ ലെന്റൻ കാംപെയിൻ സംഘടിപ്പിക്കുന്നത് 567 നഗരങ്ങളിലാണ്. ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോ ലൈഫ് ക്യാംപെയിനാണ് ’40 ഡേയ്സ് ഫോർ ലൈഫ്’.

വിഭൂതി തിരുനാൾ ദിനമായ ഫെബ്രുവരി 17മുതൽ ഓശാന ഞായറായ മാർച്ച് 28വരെയുള്ള കാംപെയിൻ വെറും ആറ് ദിനം പിന്നിടുന്നതിനിടയിൽ 15 കുരുന്നു ജീവനുകൾക്ക് രക്ഷയേകി എന്നുകൂടി അറിയണം. നിർബന്ധബുദ്ധി പ്രകടിപ്പിച്ചുകൊണ്ടല്ല മറിച്ച്, ഗർഭച്ഛിദ്രത്തിന് തയാറായി ക്ലിനിക്കിലേക്ക് എത്തുന്നവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിച്ചും, അവർക്ക് (കേൾക്കാൻ സന്നദ്ധരാണെങ്കിൽ) അവശ്യമായ ബോധവത്ക്കരണം നൽകിയുമാണ് ഈ നേട്ടം ടീം ’40 ഡേയ്‌സ്’ കരസ്ഥമാക്കുന്നതെന്നതും ശ്രദ്ധേയമാണ്.

567 നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ഇത്തവണത്തെ കാംപെയിൻ ലെന്റൻ കാംപെയിനുകളിൽ ഏറ്റവും വലുതാണെന്ന് ക്യാംപെയിൻ ഡയറക്ടർ സ്റ്റീവ് കാർലെൻ പറഞ്ഞു. ‘ഇത്തണത്തെ കാംപെയിൻ വലുതു മാത്രമല്ല, സുപ്രധാനവുമാണ്. മനുഷ്യാന്തസിനുമേൽ അപ്രതീക്ഷിതമായ കടന്നുകയറ്റങ്ങൾക്ക് നാം സാക്ഷിയാകുന്ന നാളുകളാണ് ഇതെന്നതുതന്നെ അതിനു കാരണം. നമുക്ക് രാഷ്ട്രീയ ശക്തിയില്ല; വാൾസ്ട്രീറ്റ്, സിലിക്കൺ വാലി, ഹോളിവുഡ് എന്നിവരുടെ പിന്തുണയുമില്ല; പക്ഷേ, ദൈവം നമ്മുടെ പക്ഷത്തുണ്ട്. അതിനാൽ, അവിടുന്നിലേക്ക് നമുക്ക് തിരിയാനുള്ള അവസരമാണിത്,’ അദ്ദേഹം വ്യക്തമാക്കി.

2004ലാണ് ’40 ഡേയ്സ് ഫോർ ലൈഫ്’ എന്ന സംഘടന സ്ഥാപിതമായത്. 40 ദിവസം നീണ്ടുനിൽക്കുന്ന ജാഗരണപ്രാർത്ഥനകൾ, ഉപവാസം, വിവിധ സമൂഹങ്ങളിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തനം, എന്നിവയിലൂടെ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ പ്രത്യേക വിളിക്ക് കാതോർത്ത നാല് വ്യക്തികളായിരുന്നു ഇതിന് പിന്നിൽ. 2007ൽ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ കാംപെയിനിൽ 33 വേദികളേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് 30 രാജ്യങ്ങളിലെ 500ൽപ്പരം നഗരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്.’

എന്തും ചെയ്യാൻ മടിയില്ലാത്ത ഗർഭച്ഛിദ്ര ലോബിയുടെ സർവവിധ പിന്തുണയുള്ള ഗർഭച്ഛിദ്ര ക്ലിനിക്കുകളെ നേരിടാൻ പ്രോ ലൈഫ് സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡും ജപമാലയും പിടിച്ച ഒരു ചെറുകൂട്ടം- പലരും കൗതുകക്കാഴ്ചയായി മാത്രം കാണുന്ന വ്യത്യസ്ഥമായ ഈ സമര രീതിയുടെ ഗുണഫലങ്ങൾ പക്ഷേ ആരെയും അമ്പരപ്പിക്കും. 2007 മുതൽ ഇതുവരെ കരസ്ഥമാക്കിയ ആ നേട്ടം ചുവടെ:

ഇതിനകം സംരക്ഷിക്കപ്പെട്ടത് 18,017 കുരുന്നു ജീവനുകൾ, അടച്ചുപൂട്ടിക്കാനായത് 107 ഗർഭച്ഛിദ്ര കേന്ദ്രങ്ങൾ, ഗർഭച്ഛിദ്രക്ലിനിക്കിലെ തൊഴിലിൽനിന്ന് പിൻവാങ്ങിയവർ 211. അവിടങ്ങളിലെ ജോലി ഉപേക്ഷിച്ചവരെല്ലാം ഇന്ന് ’40 ഡേയ്സ് ഫോർ ലൈഫി’ന്റെ വക്താക്കളാണെന്നുകൂടി അറിയണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?