Follow Us On

28

March

2024

Thursday

ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം സ്ഥാനം ഒഴിയുന്നു; തീരുമാനം വെളിപ്പെടുത്തിയത് വൈദികർക്ക് അയച്ച കത്തിൽ

ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം സ്ഥാനം ഒഴിയുന്നു; തീരുമാനം വെളിപ്പെടുത്തിയത് വൈദികർക്ക് അയച്ച കത്തിൽ

തിരുവനന്തപുരം: അനാരോഗ്യവും തുടർച്ചയായ ചികിത്സകളും കണക്കിലെടുത്ത് തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. മരിയ കലിസ്റ്റ് സൂസപാക്യം അതിരൂപതാധ്യക്ഷന്റെ ചുമതലകകൾ ഒഴിയുന്നു. അതിരൂപതയിലെ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് തയാറാക്കിയ കത്തിലൂടെയാണ് ഡോ.സൂസപാക്യം തന്റെ തീരുമാനം അറിയിച്ചത്. വിരമിക്കാനുള്ള സന്നദ്ധത മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, അതിരൂപതയുടെ അധികാരങ്ങൾ കൈകാര്യം ചെയ്യാനുള്ള ചുമതല സഹായമെത്രാൻ ഡോ. ക്രിസ്തുദാസിനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

കാനോനിക നിയമപ്രകാരം ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിക്കാനുള്ള 75 വയസ് ഡോ. സൂസപാക്യത്തിന് പൂർത്തിയാകുന്നത് ഈ മാർച്ച് 11നാണ്. സാധാരണ ഗതിയിൽ 75 വയസ് പൂർത്തിയാകുമ്പോൾ അതിരൂപതാധ്യക്ഷന്മാർ രാജി സമർപ്പിക്കാറുണ്ടെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്തുംവരെ തൽസ്ഥിതി തുടരുകയാണ് പതിവ്. എന്നാൽ, ആരോഗ്യപരമായ കാര്യങ്ങൾ കണക്കിലെടുത്ത് അതിനായി കാത്തുനിൽക്കാതെയാണ് ഡോ. സൂസപാക്യം ചുമതല ഒഴിയുന്നത്. മാർച്ച് 10 മുതൽ അതിരൂപതാ സെമിനാരിയിലേക്ക് താമസം മാറ്റുന്ന വിവരവും അദ്ദേഹം അറിയിച്ചുട്ടുണ്ട്.

ഡോ. സൂസപാക്യം വൈദികർക്ക് അയച്ച കത്തിൽനിന്ന്:

മാർച്ച് 11-ാം തീയതി ഞാൻ 75 വയസ് പൂർത്തിയാക്കുകയാണല്ലോ. തുടർ സംവിധാനങ്ങൾ എന്താണെന്നറിയാനുള്ള ആകാംഷ സ്വാഭാവികമാണ്. ചിലരെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം പലവട്ടം ഞാൻ മേലധികാരികളെ അറിയിച്ചിട്ടുള്ളതാണ്. സഭാധികാരികളെ നിർബന്ധിക്കാനാവില്ലല്ലോ; അനുസരിക്കുകയാ ണല്ലോ നമ്മുടെ കടമ. എത്രയും വേഗം വ്യക്തമായൊരു പ്രഖ്യാപനം പരിശുദ്ധ സിംഹാസനത്തിൽ നിന്നുണ്ടാ കുമെന്നാണ് പ്രതീക്ഷ. ദീർഘമായ കാലയളവിനെയും തുടർച്ചയായ ചികിത്സകളെയും കണക്കിലെടുക്കേണ്ടത് എന്റെയും കൂടി കടമയാണല്ലോ.

അതിരൂപത ഉപദേശക സമിതിയെയും സാമ്പത്തിക സമിതിയേയും വിളിച്ചുകൂട്ടി സുപ്രധാനമായ ചില രേഖകളും ചില നിർദേശങ്ങളും ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെയും ശുശ്രൂഷാ സമിതികളുടെയും വിവിധ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വപ്പെട്ടവരുമായി സഹകരിച്ചുകൊണ്ടാണല്ലോ കാര്യങ്ങളെല്ലാം മുന്നോട്ട് പോയിരുന്നത്. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഉത്തരവാദിത്വം എല്ലാവർക്കും പൊതുവായിട്ടുള്ളതാണ്.

അനുദിന കാര്യങ്ങളിൽ അതിരൂപത അധ്യക്ഷനെ സഹായിക്കേണ്ടത് പ്രഥമവും പ്രധാനവുമായി സഹായമെത്രാന്റെ ചുമതലയാണല്ലോ. ഇന്നുമുതൽ എന്റെ സ്ഥാനത്തു നിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും ഉത്തരവാദിത്വവും ഞാൻ സഹായമെത്രാനെ ഭരമേൽപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതും സഹായമെത്രാൻ തന്നെയായിരിക്കും. ഉത്തരവാദിത്വങ്ങളിൽനിന്ന് പരിശുദ്ധ സിംഹാസനം എന്നെ ഒഴിവാക്കുന്നത് വരെ സഹായമെത്രാനെടുക്കുന്ന തീരുമാനങ്ങളു ടെയെല്ലാം ഉത്തരവാദിത്വം എനിക്കുതന്നെയായിരിക്കും.

വികാരി ജനറലും ഉത്തരവാദിത്വപ്പെട്ടവരും കൂടെയുള്ളപ്പോൾ എല്ലാം മുറപോലെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മാർച്ച് മാസം 10-ാം തീയതി മുതൽ ഞാൻ അതിരൂപതാ മന്ദിരത്തിൽ നിന്ന് അതിരൂപതാ സെമിനാരിയിലേക്ക് മാറി താമസിക്കാൻ ഉദ്ദേശിക്കുകയാണ്. ഇക്കാര്യങ്ങൾ ഉചിതമായ രീതിയിൽ ഇടവക ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുമല്ലോ. സർവ്വ പ്രധാനമായി അതിരൂപതയുടെ വിശുദ്ധീകരണത്തിനായി പ്രാർത്ഥിക്കേണ്ട അവസരമാണിത്. അതിരൂപതയുടെ വിശുദ്ധീകരണം എന്റെയും നിങ്ങളുടെയും ശക്തിക്കും ബുദ്ധിക്കും കഴിവുകൾക്കും അതീതമായി ദൈവത്തിന്റെ പ്രവർത്തനഫലമാണ്.

ഓരോ സാഹചര്യത്തിലും മനസിനിണങ്ങിയ ഇടയന്മാരെ പ്രദാനം ചെയ്യുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. തീർച്ചയായും നല്ല ഇടയനായ യേശുവിന്റെ സജീവ സാന്നിധ്യം എപ്പോഴും നമ്മോടൊപ്പമുണ്ടാകും. നിക്ഷിപ്ത താൽപ്പര്യങ്ങൾക്കുപരിയായി യേശുവിന്റെ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ശുശ്രൂഷയിൽ പങ്കുചേരാൻ നമുക്ക് നമ്മെത്തന്നെ പൂർണമായി സമർപ്പിക്കാം. പരിശുദ്ധ അമ്മയുടെ ശക്തമായ മാധ്യസ്ഥ്യവും നമ്മെ എപ്പോഴും നേർവഴിയിലേക്കുതന്നെ നയിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?