Follow Us On

19

April

2024

Friday

ദൈവകരുണയുടെ അഗ്‌നി ലോകത്തിലേക്ക് പകർന്നു നൽകുന്നവരായി നാം മാറണം: പാപ്പ

ദൈവകരുണയുടെ അഗ്‌നി ലോകത്തിലേക്ക് പകർന്നു നൽകുന്നവരായി നാം മാറണം: പാപ്പ

വത്തിക്കാൻ സിറ്റി: ദൈവകരുണയുടെ ഉറവിടത്തിലേക്ക് നാം മടങ്ങണമെന്നും ദൈവകരുണയുടെ അഗ്‌നി ലോകത്തിലേക്ക് പകർന്നു നൽകുന്നവരായി നാം മാറണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദൈവകരുണയുടെ സന്ദേശം വെളിപ്പെടുത്താൻ പോളിഷ് സന്യാസിയായ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ 90-ാം
വാർഷികത്തോട് അനുബന്ധിച്ച് പോളണ്ടിലെ പ്ലോക്ക് രൂപതയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. മധ്യപോളണ്ടിൽ സ്ഥിതി ചെയ്യുന്ന പ്ലോക്ക് നഗരത്തിലെ കന്യാമഠത്തിൽവെച്ചാണ് 1931 ഫെബ്രുവരി 22ന് വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ദൈവകരുണയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന, പോളണ്ടിൽനിന്നുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ ആഹ്വാനമെന്നതും ശ്രദ്ധേയം. ‘ദൈവകരുണയുടെ അഗ്‌നി ലോകത്തിലേക്ക് കൈമാറണം. ദൈവകരുണയിൽ ലോകവും മനുഷ്യകുലവും സമാധാനവും സന്തോഷം കണ്ടെത്തും.’ പോളിഷ് പര്യടനമധ്യേ 2002ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറഞ്ഞ വാക്കുകൾ പാപ്പ ആവർത്തിച്ചു.

ഈ വാർഷികാഘോഷത്തോട് അനുബന്ധിച്ച് വിശുദ്ധ ഫൗസ്റ്റീന തന്റെ ഡയറിയിൽ രേഖപ്പെടുത്തിയ യേശുവിന്റെ മറ്റു വചനങ്ങളെയും ഓർമിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയ പാപ്പ, ‘എന്റെ കാരുണ്യത്തിന്റെ ഉറവിടത്തിലേക്ക് വിശ്വാസപൂർവം തിരിയുന്നതുവരെ മനുഷ്യകുലത്തിനു സമാധാനം കണ്ടെത്താനാവില്ല,’ എന്ന ഈശോയുടെ വെളിപ്പെടുത്തൽ ഓർമിപ്പിച്ചുകൊണ്ട് ദൈവകരുണയിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

‘ക്രിസ്തുവിനോട് കരുണയുടെ കൃപയ്ക്കായി യാചിക്കാം. അത് നമ്മെ ഗ്രസിക്കുകയും നമ്മിൽ വ്യാപിക്കുകയും ചെയ്യട്ടെ. കൂദാശകളിൽ യേശുവിന്റെ സ്‌നേഹവും കരുണയും അനുഭവിക്കുകയും അവിടുന്നിലേക്ക് മടങ്ങിവരാനുള്ള ധൈര്യം നമുക്ക് ലഭിക്കുകയും ചെയ്യട്ടെ. നമുക്ക് യേശുവിന്റെ സാമീപ്യവും ആർദ്രതയും അനുഭവിക്കാനും അങ്ങനെ കരുണ, ക്ഷമ, സഹനശീലം, സ്‌നേഹം എന്നിവയ്ക്ക് നാം കൂടുതൽ പ്രാപ്തരാകപ്പെടാനും ഇടയാകട്ടെ,’ പാപ്പ പറഞ്ഞു.

വിശുദ്ധ ഫൗസ്റ്റീനയിലൂടെ ഈശോ നൽകിയ ഈ വെളിപ്പെടുത്തൽ പ്ലാക്ക് രൂപതയ്ക്കും കരുണയുടെ മാതാവിന്റെ സന്യാസിനി സഭയ്ക്കും മധ്യപോളണ്ടിൽ സ്ഥിതി ചെയ്യുന്ന പ്ലോക്ക് നഗരത്തിനും മാത്രമല്ല നമുക്ക് ഓരോരുത്തർക്കും ഒരു പ്രത്യേക വെല്ലുവിളിയാണെന്നും പാപ്പ കൂട്ടിച്ചേർത്തു. യേശുവിന്റെ കരുണയുടെ സ്‌നേഹസന്ദേശം ഭൂമിയിലെ എല്ലാ ജനങ്ങളിലേക്കും എത്തിച്ചേരണമെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആഗ്രഹിച്ചിരുന്നതും അതിനായി പരിശ്രമിച്ചതുമെല്ലാം പാപ്പ സന്ദേശത്തിൽ കുറിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?