Follow Us On

03

March

2021

Wednesday

രക്തസാക്ഷികളുടെ സഭയിലേക്ക് പാപ്പയ്ക്ക് സ്വാഗതം; സങ്കടങ്ങൾക്കിടയിലും പ്രത്യാശ പങ്കുവെച്ച് ഇറാഖി വൈദികൻ

രക്തസാക്ഷികളുടെ സഭയിലേക്ക് പാപ്പയ്ക്ക് സ്വാഗതം; സങ്കടങ്ങൾക്കിടയിലും പ്രത്യാശ പങ്കുവെച്ച് ഇറാഖി വൈദികൻ

നിനവേ: രക്തസാക്ഷികളുടെ ചുടുരക്തത്താൽ കുതിർന്ന ഇറാഖിലെ സഭയിലേക്ക് ഫ്രാൻസിസ് പാപ്പ ആഗതനാകുന്നതിന്റെ ആനന്ദത്തിലാണ് ഫാ. നയിം ഷൊഷാൻഡി. ക്രിസ്തുവിശ്വാസത്തെ പ്രതി ഐസിസുകാരുടെ കൊലക്കത്തിക്ക് ഇരയായി സഹോദരനെ നഷ്ടപ്പെട്ട ഫാ. നയിം ഇപ്പോൾ സ്‌പെയിനിലാണ് ശുശ്രൂഷ ചെയ്യുന്നത്. ഇസ്ലാമിക തീവ്രവാദികൾ അഴിച്ചുവിട്ട പീഡനങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങിയിട്ടില്ലെങ്കിലും അത്യധികമായ പ്രതീക്ഷയോടെയാണ് 37 വയസുകാരനായ ഇദ്ദേഹം പാപ്പയുടെ സന്ദർശനത്തെ കാത്തിരിക്കുന്നത്. മാർച്ച് അഞ്ചു മുതൽ എട്ടുവരെയാണ് ഇറാഖിലെ പേപ്പൽ പര്യടനം.

‘ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും നഷ്ടപ്പെട്ട ഇറാഖിലെ രക്തസാക്ഷികളുടെ സഭയിലേക്ക് പാപ്പയെ സ്വാഗതം ചെയ്യുന്നു. ഐക്യത്തിന്റെ സന്ദേശവും ഭാവിയിലേക്കുള്ള പ്രതീക്ഷയും പാപ്പയുടെ സന്ദർശനത്തിലൂടെ ഇറാഖിന് ലഭിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇറാഖി ജനതയെ വിശിഷ്യാ, ക്രൈസ്തവരെ വിവേചനത്തിൽനിന്നും സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളിൽനിന്നും മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഈ ആഗമനം ഊർജമേകും.’

വേദനിക്കുന്ന ഇറാഖി ജനതയുടെ ഇടയിലേക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും അടയാളമായാണ് പാപ്പ കടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പാപ്പ ഞങ്ങളെ കൂടുതൽ ഐക്യപ്പെടുത്തും. ഞങ്ങൾക്കിടയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രാർത്ഥനയും ഭാവിയിലേക്കുള്ള പ്രത്യാശ ഞങ്ങളിൽ നിറയ്ക്കും. അദ്ദേഹത്തിന്റെ സന്ദേശം ഇറാഖിനുവേണ്ടി മാത്രമുള്ളതാവില്ല മറിച്ച്, മധ്യപൂർവ ദേശത്തെ സകല ജനത്തിനും വേണ്ടിയുള്ളതാവും.’

നിനവേ സമതലത്തിലെ മൊസൂളിൽനിന്ന് 32 കിലോമീറ്റർ അകലെയുള്ള ക്വാരാഘോഷ് നഗരത്തിലാണ് ഫാ. നയിം ജനിച്ചത്. 2013 സെപ്റ്റംബർ 12 നായിരുന്നു തിരുപ്പട്ട സ്വീകരണം. ഐസിസുകാർ ക്വാരഘോഷിൽ അക്രമം ശക്തമാക്കിയ 2014ലാണ് അദ്ദേഹത്തിന് തന്റെ സഹോദരനെ നഷ്ടമായത്. ‘ഐസിസ് എന്ന പൈശാചിതകയ്ക്ക് നടുവിലായിരുന്നു ഞങ്ങളുടെ ജീവിതം. അവരുടെ അതിഭീകരമായ ക്രൂരതകൾ മാസരക്തങ്ങളിൽ ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നു. അവർ എന്റെ സഹോദരനെ മൊസ്യൂളിൽവെച്ച് വെടിവച്ചു കൊന്നു, അവൻ ക്രിസ്ത്യാനി ആയതുകൊണ്ടുമാത്രം.’

ഐസിസ് അതിക്രമങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഇദ്ദേഹവും അവിടെ ഉണ്ടായിരുന്ന നിരവധി പേരും മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. നഗരം വിട്ടശേഷം, കുർദിസ്ഥാന്റെ തലസ്ഥാനമായ എർബിലിലെ അഭയാർഥി ക്യാംപിലായിരുന്നു ഒരു വർഷം അദ്ദേഹത്തിന്റെ സേവനം. അവർക്ക് ആവശ്യമായ ആത്മീയ ശുശ്രൂഷകൾ ലഭ്യമാക്കുന്നതിനൊപ്പം അവരെ പ്രത്യാശയാൽ നിറയ്ക്കുന്നതിലും ദുരിതങ്ങൾക്കിടയിലും ജീവിതത്തിന്റെ അർത്ഥം പങ്കുവെച്ചുകൊടുക്കുന്നതിലുമെല്ലാം ബദ്ധശ്രദ്ധനായിരുന്നു ഫാ. നയിം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?