Follow Us On

20

April

2024

Saturday

പാലകന്റെ പാഥേയം 10- ഏഴാം വ്യാകുലം: യേശുവിനെ കാണാതാകുന്നു

പാലകന്റെ പാഥേയം 10- ഏഴാം വ്യാകുലം: യേശുവിനെ കാണാതാകുന്നു

”എല്ലാ വേദനകളിലും ദൈവത്തെ ചേര്‍ത്തു പിടിച്ച് മുന്നോട്ടുപോയ പരിശുദ്ധ യൗസേപ്പേ, നിന്റെ പ്രത്യാശയും സ്‌നേഹവും ഞങ്ങളിലും നിറയ്ക്കണമേ.” പാലകന്റെ പാഥേയം പത്താം ദിന ധ്യാനം- ഏഴാം വ്യാകുലം: യേശുവിനെ കാണാതാകുന്നു

ദൈവവചനം: ”ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജെറുസലേമിലേക്കു തിരിച്ചുപോയി” (ലൂക്കാ 2:45).

ധ്യാനം: ജെറുസലെം ദേവാലയത്തില്‍ തിരുനാളിനു പോവുക പതിവായിരുന്നു, ജോസഫ്. ഈശോയ്ക്ക് പന്ത്രണ്ടു വയസു പ്രായമുള്ളപ്പോഴാണ് തിരുക്കുടുംബം ഒരുമിച്ച് തിരുനാളിനു പോയത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളാഘോഷമാണ്. ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങിപ്പോരുകയായിരുന്നു, അവര്‍.

മറിയം സഹയാത്രികരായിരുന്ന മറ്റു സ്ത്രീകള്‍ക്കൊപ്പം ചേര്‍ന്നു. ജോസഫ് പരിചയക്കാരായ ചില പുരുഷന്മാരുടെ കൂടെയും. സ്ത്രീപുരുഷന്മാര്‍ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് പതിവ്. മറിയം വിചാരിച്ചു ഈശോ ജോസഫിന്റെ കൂടെ ഉണ്ടാകുമെന്ന്. ജോസഫ് വിചാരിച്ചു, മറിയത്തിന്റെകൂടെ കാണുമെന്ന്. തന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്നു രണ്ടുപേരും കരുതി, ആഗ്രഹിച്ചു. മാത്രവുമല്ല, രണ്ടുപേരും മറ്റുള്ളവരുമായി സംസാരിച്ചത് ഈശോയെ ക്കുറിച്ചായിരുന്നു താനും.

സന്ധ്യയ്ക്ക് സത്രത്തില്‍ ഒന്നുചേര്‍ന്നപ്പോഴാണ് ഈശോ രണ്ടു പേര്‍ക്കും ഒപ്പമില്ലെന്നറിയുന്നത്. സ്വപുത്രനെ കാത്തു സംരക്ഷിക്കാന്‍ കഴിയാതെവന്നത് സ്വന്തം വീഴ്ചയായി രണ്ടുപേരും കരുതി. മറ്റെന്ത് നഷ്ടപ്പെടുക എന്നതിലുപരി ഈശോ നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ വേദന ഊഹിക്കാന്‍ കഴിയുന്നതല്ല. ഈശോ കൈമോശം വന്നതില്‍ അവരാകെ വിഷമിച്ചു.
മറ്റേതൊരു സഹനത്തെക്കാളും ജോസഫിനെ മുറിപ്പെടുത്തിയത് ഈ വ്യാകുലമാണ്. മറ്റു വ്യാകുലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതെന്തിനാണെന്ന് ജോസഫിനറിയാമായിരുന്നു. എന്നാല്‍, ഈ വ്യാകുലത്തിന്റെ കാരണമറിയില്ല.

നിങ്ങള്‍ എന്തിനു സഹിക്കണമെന്നറിഞ്ഞാല്‍ ഏതൊരു സഹനത്തെയും നേരിടാന്‍ നിങ്ങള്‍ക്കായേക്കും. കാര്യം അറിയാത്തപ്പോഴോ? മാത്രവുമല്ല, മറ്റു വ്യാകുലതകള്‍ക്കിടയില്‍ ഈശോ കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ ഈശോ കൂടെയില്ല. മകനെ വളര്‍ത്താനുള്ള വിശുദ്ധി തനിക്കില്ലാത്തതുകൊണ്ട് അവന്‍ എന്നെ വിട്ടുപോയതാണോ? എന്റെ പെരുമാറ്റം അവനിഷ്ടപ്പെടാത്തതുകൊണ്ടാകുമോ? ആ പിതൃഹൃദയത്തിന്റെ ദുഃഖം കരച്ചിലായി:

”എന്റെ ഈശോയേ, എന്റെ മകനേ, നീ എവിടെയാണ്? എവിടെയാണ് നീ നിന്നെത്തന്നെ മറച്ചുപിടിച്ചിരിക്കുന്നത്? നിന്നെ ഞങ്ങളില്‍നിന്ന് അകറ്റാന്‍ തക്കവിധം എന്നില്‍ ദോഷകരമായിക്കണ്ടത് എന്തെന്ന് നീ എന്നോടു പറയുക. നിന്റെ മാതാവ് പരിശുദ്ധയാണല്ലോ. നിന്റെ സ്‌നേഹസാന്നിധ്യത്തിലല്ലാതെ ഒരു നാഴികപോലും പിന്നിടാന്‍ എനിക്കാവില്ല, മകനെ.”

അന്നുതന്നെ അവനെ അന്വേഷിച്ചിറങ്ങി. കാണുന്നവരോടെല്ലാം അവനെക്കുറിച്ച് തിരക്കി. വെളിച്ചത്തില്‍ സഞ്ചരിച്ചവര്‍ പൊടുന്നനെ അന്ധകാരത്തില്‍ ഇഴയുന്നതുപോലെ.
ഓ ഈശോയേ, നീ ആ ദിവസങ്ങളില്‍ എവിടെ ആയിരുന്നു? ഏതാനും ആണ്ടുകള്‍ പിന്നിടുമ്പോള്‍ വേദനയുടെ ആഴത്തില്‍ രക്തം വിയര്‍ക്കേണ്ട ഗത്‌സെമനിയില്‍ നീയന്ന് പോയിരുന്നോ? തൊട്ടടുത്തുള്ള കാല്‍വരിക്കുന്നിലേക്ക് നീ നിന്റെ മൃദുപാദങ്ങള്‍ ചവിട്ടി സഞ്ചരിച്ചിരുന്നുവോ? പന്ത്രണ്ടാം വയസില്‍തന്നെ അബ്ബായ്ക്കു സമര്‍പ്പിക്കേണ്ട ഇടങ്ങളെ നീ ചുറ്റി നടന്നു കാണുകയായിരുന്നോ?

ജോസഫിന്റെയും മറിയത്തിന്റെയും ചങ്കിലേല്‍പ്പിച്ച വ്യാകുലം ജെറുസലെം ദേവാലയത്തില്‍ മകനെ കണ്ടെത്തിയപ്പോള്‍ മാറിയകന്നു. അബ്ബായുടെ കാര്യത്തില്‍ തല്‍പരനായിരിക്കുന്ന മകനെയോര്‍ത്ത് അവര്‍ സന്തോഷിച്ചു.

മാര്‍ യൗസേപ്പേ, നിരന്തരമെന്നോണം കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ കൈക്കുമ്പിളില്‍നിന്നും നഷ്ടമാകുന്ന കാലമാണ് ഞങ്ങളുടേത് എന്നു നീ ഓര്‍ക്കുക. കാരണമറിയാതെ പരസ്പരം പഴിചാരി കലഹിക്കുകയാണ്, പല അപ്പനമ്മമാരും. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ നഷ്ടമാകുന്നത് ദേവാലയത്തിലല്ല, ദേവാലയത്തിനു പുറത്താണ്. അവരെ ലോകചിന്തകള്‍ അപഹരിച്ചുകൊണ്ടുപോകുന്നതു കാണുമ്പോള്‍ കഠിനവേദനയില്‍ തലതാഴ്ത്തുന്ന പിതാക്കന്മാരും മാതാക്കളുമുണ്ട്. മൂന്നു ദിവസത്തേക്ക് ഈശോ നഷ്ടമായപ്പോള്‍ നീയെത്ര വേദന അനുഭവിച്ചു. വര്‍ഷങ്ങളായി ഈശോയിലല്ലാതെ ജീവിക്കുന്ന കുഞ്ഞുങ്ങളെ ഈ ദിവസങ്ങളില്‍ നീ ഞങ്ങള്‍ക്കു മടക്കിത്തരുമോ? നിന്റെ നെഞ്ചിലെ വ്യാകുലം അതിനായി സമര്‍പ്പിക്കാമോ?

പ്രാര്‍ത്ഥന: എല്ലാ വേദനകളിലും ദൈവത്തെ ചേര്‍ത്തു പിടിച്ച് മുന്നോട്ടുപോയ പരിശുദ്ധ യൗസേപ്പേ, നിന്റെ പ്രത്യാശയും സ്‌നേഹവും ഞങ്ങളിലും നിറയ്ക്കണമേ, ആമേന്‍.

****************

****************

‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.

SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TVIOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?