Follow Us On

14

April

2021

Wednesday

ലിയാ ഷെരീബുവിന്റെ മോചനം: നൈജീരിയൻ പ്രസിഡന്റ് ബുഹാരി അധികാരം വിനിയോഗിക്കണമെന്ന് സഭാനേതൃത്വം

ലിയാ ഷെരീബുവിന്റെ മോചനം: നൈജീരിയൻ പ്രസിഡന്റ് ബുഹാരി അധികാരം വിനിയോഗിക്കണമെന്ന് സഭാനേതൃത്വം

അബൂജ: ക്രിസ്തുവിശ്വാസം വെടിഞ്ഞ് ഇസ്ലാം മതം സ്വീകരിക്കാത്തതുകൊണ്ടുമാത്രം ബൊക്കോ ഹറാമിന്റെ ബന്ധനത്തിലായ നൈജീരിയൻ പെൺകുട്ടി ലിയാ ഷരീബുവിന്റെ മോചനം ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട് നൈജീരിയൻ ആർച്ച്ബിഷപ്പ്. ഷരീബുവിന്റെ മോചനം സാധ്യമാക്കാൻ, സായുധ സേനാ തലവൻ എന്ന നിലയിലുള്ള അധികാരം പ്രസിഡന്റ് മുഹമ്മദ് ബുഹാരി വിനിയോഗിക്കണമെന്നും നൈജീരിയയിലെ ലാഗോസ് ആർച്ച്ബിഷപ്പ് അഡെവലെ മാർട്ടിൻസ് ആവശ്യപ്പെട്ടു. 14 വയസുകാരിയായിരുന്ന ലിയാ ഷരീബുവിനെ തട്ടിക്കൊണ്ടുപോയിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴും മോചന ശ്രമങ്ങൾ ഫലം കാണാത്തതിൽ പ്രതിഷേധിച്ചാണ് ആർച്ച്ബിഷപ്പിന്റെ പ്രതികരണം.

യോബ് പ്രവിശ്യയിലെ ഗവൺമെന്റ് ഗേൾസ് സയൻസ് ആൻഡ് ടെക്‌നിക്കൽ കോളജിൽ നിന്ന് 2018 ഫെബ്രുവരി 19നാണ് 110 പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഇവരിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ശേഷിക്കുന്ന 104 കുട്ടികളെ അടുത്തമാസം തന്നെ വിട്ടയച്ചെങ്കിലും ലിയാ മാത്രം മോചിതയായില്ല. ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. 104 കുട്ടികളുടെ മോചനം സ്ഥിരീകരിച്ച സമയത്ത്, ലിയയെ സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കുമെന്ന് പ്രസിഡന്റ് വാക്കു നൽകിയിരുന്നു.

‘തട്ടിക്കൊണ്ടുപോയവരുടെ പിടിയിൽതന്നെയാണ് ഇന്നും ലിയാ ഷരീബു. അവളുടെ മോചനം സാധ്യമാക്കാനുള്ള നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പറയുമ്പോഴും അത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ലിയാ ഷെരീബുവും അവളുടെ മാതാപിതാക്കളും അനുഭവിക്കുന്ന മാനസികവ്യഥയും ആകുലതകളും ആർക്കെങ്കിലും സങ്കൽപ്പിക്കാനാവുമോ,’ ആർച്ച്ബിഷപ്പ് ചോദിക്കുന്നു. ഇസ്ലാമിത തീവ്രവാദ സംഘടനകൾ സ്‌കൂളുകൾ അക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാകുന്ന സാഹചര്യത്തിനെതിരെ തുറന്നടിച്ച അദ്ദേഹം, തട്ടിക്കൊണ്ടുപോയ കുട്ടികളെ സുരക്ഷിതരായി വീട്ടിലെത്തിക്കാൻ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.

ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും തുടരുമ്പോഴും ഭരണകൂടം നിസംഗത തുടരുന്നു എന്നതാണ് ഖേദകരം. കഴിഞ്ഞ ഫെബ്രുവരി 17നാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ അക്രമം റിപ്പോർട്ട് ചെയ്തത്. ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിക്കുന്ന ആയുധധാരികൾ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കഗാരയിലെ ഗവൺമെന്റ് സയൻസ് സെക്കൻഡറി സ്‌കൂളിൽ അതിക്രമിച്ച് കയറി 20 കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആക്രമണത്തിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?