Follow Us On

14

April

2021

Wednesday

മേൽക്കൂരയിൽ അൾത്താര ഒരുക്കി ലോപ്പസ് അച്ചൻ; ദിവ്യബലി തുടരുന്നു സാഘോഷം!

മേൽക്കൂരയിൽ അൾത്താര ഒരുക്കി ലോപ്പസ് അച്ചൻ; ദിവ്യബലി തുടരുന്നു സാഘോഷം!

ലിമ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഭീതി പടർത്തുമ്പോഴും ദിവ്യബലി അർപ്പണം സാഘോഷം തുടരാൻ ദൈവാലയത്തിന്റെ മേൽക്കൂരയിൽ അൾത്താര ക്രമീകരിച്ച് പെറുവിലെ വൈദികൻ. കോവിഡ് നിയന്ത്രണങ്ങളാൽ അംബോ പ്രവിശ്യയിൽ ദൈവാലയങ്ങൾ വീണ്ടും അടച്ചിടേണ്ടി വന്നപ്പോൾ, സാന്താ റോസാ ഇടവക വികാരി ഫാ. ജുവാൻ ലോപ്പസ് ദൈവാലയത്തിന് മുകളിൽ ഒരുക്കിയ ബലിവേദിയെ കുറിച്ചുള്ള വാർത്ത ശ്രദ്ധേയമായിക്കഴിഞ്ഞു. വിശുദ്ധമായ ഞായറാഴ്ച ആചരണം മുടക്കാതിരിക്കുക എന്ന ആഗ്രഹമാണ് അദ്ദേഹത്തിന് ഇതിന് പ്രചോദനമായത്.

അധികാരികൾ നിർദേശിച്ച കോവിഡ് നിയന്ത്രണങ്ങളെ മറികടന്നുകൊണ്ടാണ് ഈ നീക്കമെന്ന് തെറ്റിദ്ധരിക്കരുത്. കാരണം, ദൈവാലയത്തിലേക്കോ ദൈവാലയാങ്കണത്തിലേക്കോ അദ്ദേഹം വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ദൈവാലയത്തിന് സമീപത്ത് താമസിക്കുന്നവർക്ക് വീടുകളുടെ മേൽക്കൂരകളിലും ബാൽക്കണികളിലും വാതിൽ പടിയിലും തുറന്നിട്ട ജനാലകളിലും നിന്ന് ദിവ്യബലിയിൽ പങ്കുകൊള്ളാനാണ് അവസരം. ഏകദേശം 100 പേരാണ് ഇപ്രകാരം ദിവ്യബലിയിൽ പങ്കുകൊള്ളുന്നത്. തൽസമയം സംപ്രേഷണം ചെയ്യുന്ന ദിവ്യബലി അർപ്പണത്തിൽ 3000ൽപ്പരം പേർ പങ്കുചേരുന്നുമുണ്ട്.

നിർമാണം നടക്കുന്ന ദൈവാലയത്തിന്റെ മേൽക്കൂരയിലാണ് ഇദ്ദേഹം അൾത്താര ക്രമീകരിച്ചത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020ന്റെ ആദ്യ നാളുകളിലും അദ്ദേഹം ഇപ്രകാരം ചെയ്തിരുന്നു. ദിവ്യബലി അർപ്പണവും കൂട്ടായ്മകളും തടയപ്പെട്ടെങ്കിൽ ജനങ്ങൾക്കൊപ്പം ആയിരിക്കാൻ മറ്റ് മാർഗങ്ങൾ തേടണമെന്ന് അദ്ദേഹം പറയുന്നു. ‘ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന തടസങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് നാം മനസിലാക്കണം. അതിനായി നിരവധി മാർഗങ്ങളുമുണ്ട്. ആ അർത്ഥത്തിൽ, മേൽക്കൂര ഇല്ല എന്ന കുറവ് ദൈവവചനം നൽകുന്നതിൽനിന്ന് എന്നെ തെല്ലും പിന്തിരിപ്പിക്കുന്നില്ല.’

ഇടവകാംഗങ്ങളുടെ ഞായറാഴ്ച ആചരണം മുടങ്ങാതിരിക്കാൻ ക്രിയാത്മകമായ മാർഗം കണ്ടെത്തിയ അദ്ദേഹം കോവിഡ് ബാധിതരായി ആശുപത്രിയിൽ കഴിയുന്നവർക്ക് അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിലും ശ്രദ്ധാലുവാണ്. ആഴ്ചയിൽ മൂന്നോ നാലോ തവണ അദ്ദേഹം ആശുപത്രിയിൽ എത്തും.

‘ചിലപ്പോഴെല്ലാം ഞാൻ ആശുപത്രി മുറിയിൽ ദിവ്യബലി അർപ്പിക്കും. ആ രോഗികൾ അനുഭവിക്കുന്ന വേദന ഹൃദയം നുറുക്കുന്നതാണ്. അവർക്കൊപ്പമായിരിക്കാനും അവരെ ശക്തിപ്പെടുത്താനും ദൈവീക സ്പർശനം അവർക്ക് അനുഭവ വേദ്യമാക്കാനും നാം പരിശ്രമിക്കണം,’ അദ്ദേഹം പറഞ്ഞു. വഴിയോരത്തുള്ള ജനങ്ങൾക്കൊപ്പം ചേർന്ന് ജപമാല പ്രാർത്ഥനയും മറ്റും ചൊല്ലാൻ വാഹനത്തിൽ സ്പീക്കർ സിസ്റ്റവും കെട്ടിവെച്ചാണ് അദ്ദേഹത്തിന്റെ യാത്ര എന്നുകൂടി അറിയണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?