Follow Us On

14

April

2021

Wednesday

പാലകന്റെ പാഥേയം 11- കൃപാവരങ്ങളാല്‍ നിറയപ്പെട്ട യൗസേപ്പ്

പാലകന്റെ പാഥേയം 11- കൃപാവരങ്ങളാല്‍ നിറയപ്പെട്ട യൗസേപ്പ്

”ദൈവദാനങ്ങളുടെ ഇരിപ്പിടമായ വി. യൗസേപ്പേ, കൃപാവരപൂര്‍ണമായ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.” പാലകന്റെ പാഥേയം 11-ാം ദിന ധ്യാനം- കൃപാവരങ്ങളാല്‍ നിറയപ്പെട്ട യൗസേപ്പ്.

ദൈവവചനം: ”ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. കര്‍ത്താവിന്റെ ആത്മാവ് അവന്റെമേല്‍ ആവസിക്കും” (ഏശ. 11:1-2).

ധ്യാനം: പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ മറിയം കഴിഞ്ഞാല്‍ റൂഹാ ഇത്രമേല്‍ താവളമടിച്ചു വസിച്ചിട്ടുള്ള മനുഷ്യവ്യക്തി ആരുണ്ടാകും? ദൈവസ്വരത്തിന് സമൂലം കീഴ്‌വഴങ്ങിയ യൗസേപ്പില്‍ പരിശുദ്ധാത്മാവ് എന്നും ആനന്ദം കണ്ടെത്തിയിട്ടുണ്ടാകും. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല ഉറങ്ങുമ്പോള്‍പോലും ആത്മാവിന്റെ ഹിതമറിയുന്ന പുണ്യാത്മാവ്.

പരിശുദ്ധ റൂഹായെ അനുസരിക്കുന്നവരിലാണ് പരിശുദ്ധി കുടികൊള്ളുന്നത്. പരിശുദ്ധിയെന്നാല്‍ ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കുകയാണ്. അവിടെ പാപം അകന്നുനില്‍ക്കും. സുകൃതങ്ങളിലുള്ള വളര്‍ച്ച ഉണ്ടാകും. കൃപാവരങ്ങളില്‍ ജീവിതം ഫലം ചൂടും. ഈശോ ഉള്ള ഇടങ്ങളിലെല്ലാം റൂഹായുമുണ്ട്. യൗസേപ്പ്  ഈശോയോടൊപ്പം ആയിരുന്നതിനാല്‍ യൗസേപ്പുള്ളിടത്തെല്ലാം റൂഹായുടെ സാന്നിധ്യമുണ്ട്.

തന്നെ എല്ലായ്‌പ്പോഴും അനുസരിക്കുന്ന, സ്വപ്‌നങ്ങളെപ്പോലും ഗൗരവമായി എടുക്കുന്ന, ഒരിക്കല്‍ പോലും വേദനിപ്പിക്കാത്ത യൗസേപ്പില്‍നിന്നും അകന്നു പോകാന്‍ സ്വര്‍ഗത്തിന്റെ ആ തങ്കപ്രാവിന് കഴിയുമായിരുന്നില്ല. ഇതു നമുക്കെങ്ങനെ സാധ്യമാകുമെന്ന് ചോദിച്ചേക്കാം. ശാന്തമായി പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കാത്ത മനസുകള്‍ക്ക് ആത്മാവിന്റെ ഇംഗിതം വിവേചിച്ചറിയാന്‍ കഴിയില്ല.

തിരക്കുപിടിച്ച ജീവിതത്തില്‍ ഇതു സാധ്യമാകുമോ എന്നോര്‍ത്ത് ഭയപ്പേടേണ്ട. നിങ്ങളുടെ ജീവിതാവസ്ഥയില്‍ ദൈവസാന്നിധ്യം അനുഭവിച്ചാല്‍ മതി. പ്രാര്‍ത്ഥനയില്‍ ഹൃദയം ദൈവവുമായി ഐക്യപ്പെടുത്തിയാല്‍ മതി. പരിശുദ്ധി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതു ദൈവവിളി സ്വീകരിച്ചവര്‍ക്കും വിശുദ്ധരാകാം. വിശുദ്ധ യൗസേപ്പ് ഒരു പുരോഹിതനായിരുന്നില്ല, വെറുമൊരു ആശാരി ആയിരുന്നു. എന്നിട്ടും, അന്നു ജീവിച്ച എല്ലാ ദേവാലയ ശുശ്രൂഷകരെക്കാളുമധികം ആത്മചൈതന്യം യൗസേപ്പിലല്ലേ വന്നു വസിച്ചത്.

കൂദാശകള്‍ വിശ്വാസത്തോടെ സ്വീകരിക്കുമ്പോള്‍, പ്രാര്‍ത്ഥനകളില്‍ പ്രത്യാശയോടെ പങ്കുചേരുമ്പോള്‍, പരസ്പരബന്ധങ്ങളില്‍ സ്‌നേഹത്തോടെ വ്യാപരിക്കുമ്പോള്‍ നമ്മിലെ ആത്മവീര്യം വര്‍ദ്ധിക്കുന്നു. ആത്മാവിന് ഇണങ്ങാത്തതെല്ലാം നമുക്കും ഉപേക്ഷിക്കാം. അപ്പോള്‍, ഈ പുണ്യാത്മാവില്‍ കുടികൊണ്ട ചൈതന്യം നമ്മിലും വളര്‍ച്ച പ്രാപിക്കും. യൗസേപ്പില്‍ സമര്‍പ്പണം നടത്തുമ്പോള്‍, നമ്മെയവന്‍ ചിന്തേറിട്ട്, മിനുക്കിയെടുത്ത് റൂഹായ്ക്ക് ഇണങ്ങിയവരാക്കി മാറ്റും.

റൂഹായുടെ ഏഴു ദാനങ്ങളും യൗസേപ്പിലുണ്ടായിരുന്നു. ഈശോയുടെയും മറിയത്തിന്റെയും സംരക്ഷകനാകാന്‍ അവനത് ആവശ്യമായിരുന്നു. ദൈവം നമ്മുടെ സംരക്ഷകനായി ഏല്‍പ്പിച്ചിരിക്കുന്ന പുണ്യപിതാവ് ഈ ദാനങ്ങള്‍ നമുക്കും പകര്‍ന്നുതരും. പൂര്‍ണതയിലേക്കു വളരാന്‍ കൊതിക്കുന്ന നമ്മില്‍ ഏഴു ദാനങ്ങളും നിറയാന്‍ യൗസേപ്പിന്റെ സഹായം തേടാം.

നിത്യമായതും അനിത്യമായതും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ജ്ഞാനത്തിന്റെ ആത്മാവിനെ എനിക്കുവേണം. നിത്യസത്യങ്ങളെ യഥാവിധം മനസിലാക്കാന്‍ ബുദ്ധിയെ പ്രകാശിപ്പിക്കുന്ന ആത്മാവിനെ എനിക്കുവേണം. ദൈവത്തിനു പ്രീതികരമായതു ചിന്തിക്കാനും ദൈവികവഴികള്‍ തിരഞ്ഞെടുക്കാനും ആലോചനയുടെ ആത്മാവിനെ എനിക്കുവേണം. ദൈനംദിന കുരിശുകളെ യഥാവിധം സ്വീകരിക്കാനും നിത്യരക്ഷയ്‌ക്കെതിരായവ എങ്ങനെയും പരിത്യജിക്കാനുള്ള ധീരത ലഭിക്കാന്‍ ആത്മശക്തിയുടെ ആത്മാവിനെ എനിക്കുവേണം.

ദൈവത്തെ അറിയാനും എന്നെത്തന്നെ മനസിലാക്കാനും സഹായിക്കുന്ന അറിവിന്റെ ആത്മാവിനെ എനിക്കുവേണം. ദൈവത്തെ ശുശ്രൂഷിക്കുന്നതില്‍ മാധുര്യവും ആനന്ദവും കണ്ടെത്താന്‍ സഹായിക്കുന്ന ദൈവഭക്തിയുടെ ആത്മാവിനെ എനിക്കുവേണം. ദൈവത്തോടുള്ള അഗാധമായ സ്‌നേഹവും ആദരവും എന്നില്‍ വളരാനും പാപത്തെക്കാള്‍ മരണം കാംക്ഷിക്കാനും ദൈവഭയത്തിന്റെ ആത്മാവിനെ എനിക്കുവേണം.
റൂഹായെ കണ്ണുംപൂട്ടി അനുസരിച്ച യൗസേപ്പ് റൂഹായുടെ വിളനിലമാണ്. ചോദിക്കുന്നവര്‍ക്ക് യഥേഷ്ടം വിളമ്പി നല്‍കുന്ന ജോസഫിന്റെ അടുത്തേക്കുപോകാം.

പ്രാര്‍ത്ഥന: ദൈവദാനങ്ങളുടെ ഇരിപ്പിടമായ വി. യൗസേപ്പേ, കൃപാവരപൂര്‍ണമായ ജീവിതം നയിക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമേന്‍.

****************

****************

‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.

SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TVIOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?