പ്രസ്റ്റൺ: രൂപതയിലെ സുവിശേഷവത്ക്കരണ പദ്ധതികൾ ഊർജിതമാക്കാൻ ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന പേരിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഓൺലൈനിൽ ക്രമീകരിക്കുന്ന മഹാസംഗമത്തിന് ഇനി മണിക്കൂറുകൾ മാത്രം. കേരളസഭയിൽനിന്നുള്ള പ്രമുഖരായ 19 വചനപ്രഘോഷകർ വചനം പങ്കുവെക്കാനെത്തും എന്നതുതന്നെയാകും ഫെബ്രുവരി 27ന് സംഘടിപ്പിക്കുന്ന സംഗമത്തിന്റെ മുഖ്യസവിശേഷത.
സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടകൻ. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 1.30മുതൽ 5.00വരെ ക്രമീകരിക്കുന്ന സംഗമം (ഇന്ത്യൻ സമയം വൈകിട്ട് 7.00 മുതൽ രാത്രി 10.30വരെ) സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹത്തിന് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ പ്രമുഖ വചനപ്രഘോഷകരായ ഫാ. ജോർജ് പനയ്ക്കൽ വി.സി., ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ഡൊമനിക് വാളന്മനാൽ, ഫാ. ഡാനിയൽ പൂവണ്ണത്തിൽ, ഫാ. മാത്യു വയലാമണ്ണിൽ സി.എസ്.ടി., സിസ്റ്റർ ആൻ മരിയ എസ്.എച്ച്., ഷെവലിയർ ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ. ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, സന്തോഷ് ടി., സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ പ്രഭാഷണം നടത്തും.
തിരുവചനം ശ്രവിക്കാനും സ്വീകരിക്കാനും ജീവിക്കാനും പ്രഘോഷിക്കാനും രൂപതാംഗങ്ങളെ കൂടുതൽ സജ്ജരാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. രൂപതയിലെ വൈദികർക്കും സമർപ്പിതർക്കും അൽമായർക്കുമൊപ്പം ഒരോ ഇടവകയിൽനിന്നും മിഷൻ സെന്ററുകളിൽനിന്നും പ്രത്യേകം തിരഞ്ഞെടുത്ത പ്രതിനിധികളും പങ്കെടുക്കും. പ്രോട്ടോസിഞ്ചെലൂസ് മോൺ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരിക്കും. സിഞ്ചെലുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും രൂപത സുവിശേഷവത്കരണ കോർഡിനേറ്റർ ഡോ. ജോസി മാത്യു നന്ദിയും പറയും.
സുവിശേഷവൽക്കരണ മഹാസംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: [email protected] മഹാസംഗമത്തിൽ പങ്കെടുക്കാൻ സന്ദർശിക്കുക: [email protected] [email protected]
Leave a Comment
Your email address will not be published. Required fields are marked with *