Follow Us On

14

April

2021

Wednesday

വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയിൽ അണിചേരാം; ക്രമീകരണങ്ങളുമായി ഫ്രാൻസിസ്‌കൻ മിഷനറിമാർ

വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയിൽ അണിചേരാം; ക്രമീകരണങ്ങളുമായി ഫ്രാൻസിസ്‌കൻ മിഷനറിമാർ

ജറുസലേം: ക്രൈസ്തവരുടെ മനസിൽ വിശുദ്ധനാടിനെ കുറിച്ചുള്ള ചിന്തകൾ ഏറ്റവുമധികം ഇടംപിടിക്കുന്ന വലിയനോമ്പ് ദിനങ്ങളിൽ, വിശുദ്ധ നാട്ടിലെ കുരിശിന്റെ വഴിയിൽ ലോകത്തെവിടെനിന്നും അണിചേരാൻ സുവർണാവസരം. മഹാമാരിമൂലം തീർത്ഥാടകർക്ക് വിശുദ്ധ നാട്ടിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, വിശുദ്ധസ്ഥലങ്ങളുടെ സംരക്ഷണ ചുമതലയുള്ള (കസ്റ്റോഡി ഓഫ് ഹോളി ലാൻഡ്) ഫ്രാൻസിസ്‌ക്കൻ സഭയാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. ‘ഹിക്- ഓൺ ദ വേ ഓഫ് ദ ക്രോസ്’ എന്ന നാമധേയമാണ് വിർച്വൽ കുരിശിന്റെ വഴിക്ക് നൽകിയിരിക്കുന്നത്.

കുരിശ് വഹിച്ച് ക്രിസ്തു യാത്രചെയ്ത, വിശുദ്ധ നാട്ടിലെ ‘വിയാ ഡോളോറോസ’യിലെ 14 സ്ഥലങ്ങളിലൂടെ തീർത്ഥാടകർക്ക് ഈ വർഷവും സഞ്ചരിക്കാൻ സാധിക്കില്ല എന്ന സാഹചര്യമാണ് തങ്ങളെ ഇതിന് പ്രചോദിപ്പിച്ചതെന്ന് ഹോളി ലാൻഡ് കസ്റ്റോസ് ബ്രദർ ഫ്രാൻസിസ്‌കോ പാറ്റോൺ ഒ.എഫ്.എം പറഞ്ഞു. 13 ചെറിയ വീഡിയോകളിലൂടെയാണ് ഇത് തയാറാക്കിയിരിക്കുന്നത്. സിറിയ, ജറുസലേം, ഗ്രീസ്, ടെൽ അവീവ്, ഇസ്രായേൽ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച വിഡിയോകൾ യേശു കുരിശുമായി നടന്ന സ്ഥലങ്ങളുമായി പ്രത്യേകമായി ബന്ധിപ്പിച്ചിട്ടുണ്ട്.

കുരിശിന്റെ വഴിയിലെ പരമ്പരാഗതമായ 14 സ്ഥലങ്ങളെ ആസ്പദമാക്കിയുള്ള ധ്യാനാത്മക ചിന്തകളും ഇതിന്റെ സവിശേഷതയാണ്. വിശുദ്ധനാട്ടിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽനിന്നുകൊണ്ടാണ് ധ്യാനചിന്തകൾ വൈദികർ പങ്കുവെക്കുന്നത്. കുരിശിന്റെ വഴിയുടെ രഹസ്യം സമകാലീന ജീവിതവുമായി ബന്ധിപ്പിച്ച് മനസിലാക്കാൻ സഹായിക്കുന്ന ചിത്രങ്ങളും വിശദാംശങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള വിശ്വാസികളുടെ കണ്ണും ഹൃദയവും ജറുസലേമിലേക്ക് തിരിയുന്ന ഈ നോമ്പുകാലത്തിൽ തീർത്ഥാടകർക്ക് അവരുടെ ജീവിതത്തിന്റെ ആഴവും അർത്ഥവും അസ്തിത്വവും കണ്ടെത്താൻ ധ്യാനചിന്തകൾ സഹായമാകുമെന്നും ബ്രദർ ഫ്രാൻസിസ്‌കോ പാറ്റോൺ ഒ.എഫ്.എം അഭിപ്രായപ്പെട്ടു. ‘കസ്റ്റോഡി ഓഫ് ദ ഹോളി ലാൻഡി’ന്റെ സോഷ്യൽ മീഡിയാ പേജുകളിൽ മാർച്ച് 30വരെയുള്ള ചൊവ്വ, വെള്ളി ദിനങ്ങളിലാണ് ‘ഹിക്- ഓൺ ദ വേ ഓഫ് ദ ക്രോസ്’ ലഭ്യമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?