Follow Us On

14

April

2021

Wednesday

പാലകന്റെ പാഥേയം 12- മാതൃഭക്തരെ സഹായിക്കുന്ന യൗസേപ്പ്

പാലകന്റെ പാഥേയം 12- മാതൃഭക്തരെ സഹായിക്കുന്ന യൗസേപ്പ്

”മാതൃഭക്തരുടെ ആശ്രയമായ വിശുദ്ധ യൗസേപ്പേ, മറിയത്തെപ്പോലുള്ള പരിശുദ്ധ മാതാക്കളെ ഈ ഭൂമിയിലേക്ക് അയയ്ക്കാന്‍ ഈശോയോടു പറയണമേ.” പാലകന്റെ പാഥേയം 12-ാം ദിന ധ്യാനം- മാതൃഭക്തരെ സഹായിക്കുന്ന യൗസേപ്പ്.

ദൈവവചനം: ”അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹ. 19:27).

ധ്യാനം: കുരിശിന്‍ ചുവട്ടില്‍നിന്ന യോഹന്നാന്റെ കൈകളിലാണ് മറിയത്തെ അന്ന് ഭരമേല്‍പിച്ചത്. സ്വഭവനത്തിലും ഹൃദയത്തിലും മറിയത്തെ സ്വീകരിക്കാന്‍ അന്നുമുതല്‍ ശിഷ്യസമൂഹത്തിനായി. എന്നാല്‍, ഇതിന് എത്രയോനാള്‍ മുമ്പേതന്നെ മറിയം യൗസേപ്പിന്റെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവന്റെ പ്രാണസഖിയായ മറിയം യൗസേപ്പിന്റെകൂടെ എന്നുമുണ്ടായിരുന്നു. യൗസേപ്പ് ജീവിച്ചതും മരിച്ചതും ഈശോയുടെയും മറിയത്തിന്റെയും സാന്നിധ്യത്തിലും ആയിരുന്നല്ലോ. യൗസേപ്പിനെപ്പോലെ മറിയത്തെ സ്വീകരിക്കാം, നമുക്കും.

ചെറുപ്പം മുതല്‍ക്കേ കന്യാവ്രതം സ്വീകരിച്ച് ജീവിക്കുന്നവളായിരുന്നു മറിയം. അതിനിടയിലാണ് ജോസഫുമായുള്ള വിവാഹത്തെക്കുറിച്ചുള്ള ദൈവകല്‍പന ലഭിക്കുന്നത്. ദൈവത്തിന്റെ വഴികള്‍ എത്രയോ നിഗൂഢം. അതു ഗ്രഹിക്കാന്‍ നമുക്കാകണമെന്നില്ല. അവള്‍ ചെന്ന് പുരോഹിതനോട് കാര്യമറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”പ്രിയ മകളേ, നിന്റെ പരിശുദ്ധമായ ആഗ്രഹങ്ങള്‍ കര്‍ത്താവിന് സ്വീകാര്യമാണ്. എന്നാല്‍, ദാവീദിന്റെ വംശത്തില്‍നിന്ന് നിനക്കനുയോജ്യനായ ഒരു ഭര്‍ത്താവിനെ തരുന്നത് ദൈവമാണ്.”

ദൈവഹിതത്തിന് ആമേന്‍ പറയാനേ അവള്‍ക്കറിയൂ. യൗസേപ്പ് തന്റെ വധുവായ മറിയത്തോട് പറഞ്ഞു: ”എന്റെ പ്രിയ മണവാട്ടീ, യാതൊരു യോഗ്യതയുമില്ലാത്ത എന്നെ നിന്റെ ഭര്‍ത്താവായി നിയോഗിച്ച അത്യൂന്നതനായ ദൈവത്തിന്റെ ഔദാര്യത്തിന് ഞാന്‍ നന്ദി പറയുന്നു. കാരുണ്യവാനായ ദൈവം തക്കസമയത്ത് താഴ്ന്നവരെ ഉയര്‍ത്തുവാന്‍ എന്നോട് കരുണകാണിച്ചു.” അവള്‍ വിനീതമായി പറഞ്ഞു: ”എന്റെ ഏറ്റം പ്രിയ യജമാനനെ, എന്നെ ഈ ജീവിതാന്തസിലേക്ക് പ്രവേശിപ്പിക്കുന്നതിനുവേണ്ടി അത്യുന്നതന്‍ അങ്ങയെ എനിക്ക് ഭര്‍ത്താവായി തന്നല്ലോ. ഞാന്‍ ഭാഗ്യവതിയാണ്.”

മറിയം നിന്നെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാന്‍ പരിശുദ്ധനായ യൗസേപ്പേ, എന്നെയും അനുവദിക്കുക. ഭാര്യയുടെ മഹത്വമറിഞ്ഞ ഭര്‍ത്താവാണ് യൗസേപ്പ്. അവന്‍ ചിന്തിച്ചു: ദൈവസുതന്റെ അമ്മയാണിവള്‍. വാഗ്ദാനപേടകം. പഴയനിയമത്തില്‍ വാഗ്ദാനപേടകം ഏതാനും കാലത്തേക്കു സൂക്ഷിച്ച ഓബദ് ഏദോമിനെ ദൈവം തന്റെ ശക്തമായ കരങ്ങളാല്‍ അനുഗ്രഹിച്ചു. എങ്കില്‍, യഥാര്‍ത്ഥ വാഗ്ദാനപേടകത്തെ മനുഷ്യായുസു മുഴുവന്‍ വഹിക്കാന്‍ കഴിയുക എത്രയോ ഭാഗ്യകരമാണ്. ബലിവസ്തുവും ബലിപീഠവും വാഗ്ദാനപേടകവും ഇതാ, എന്റെ ഭവനത്തില്‍!

മറിയത്തിലേക്കും ദൈവസുതനിലേക്കും കൂട്ടിക്കൊണ്ടു പോകാന്‍ യൗസേപ്പിനുള്ള തീക്ഷ്ണത ഒരാള്‍ക്കുമില്ലെന്നറിയുക. മാത്രവുമല്ല, തന്റെ അപ്പനെ ആരെങ്കിലും സ്‌നേഹിക്കുന്നതു കാണുമ്പോള്‍ ഈശോയ്ക്ക് വലിയ സന്തോഷമാണ്. തന്നെ വളര്‍ത്തിയതുപോലെ അപ്പന്‍ അവരെയും വളര്‍ത്തുമെന്ന് ഈശോയ്ക്കറിയാം. ഇതുപോലെതന്നെ മറിയത്തെ ആരെങ്കിലും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ യൗസേപ്പിന് വലിയ സന്തോഷമാണ്. കാരണം, അവര്‍ ആദരിക്കുന്നത് സ്വര്‍ഗത്തിന്റെ രാജ്ഞിയെ ആണല്ലോ. അവളിലെത്തുന്ന ഒരാത്മാവിന് രാജാധിരാജന്റെ മുഖം കാണാതിരിക്കാന്‍ ആവില്ല.

മറിയത്തിന്റെ മഹത്വവും തിരഞ്ഞെടുപ്പും ഇത്രകണ്ട് അറിയാവുന്ന മനുഷ്യവ്യക്തി ആരുണ്ട്? യൗസേപ്പിന്റെ ഹൃദയത്തിലും വീട്ടിലും ഒരുപോലെ അവളുടെ ശോഭ നിറഞ്ഞുനിന്നിരുന്നു.
മാതാക്കളെ ഒരുപാട് ആവശ്യമുണ്ട്, ഈ ലോകത്തിന്. അവളില്ലെങ്കില്‍ വീടിന്റെ ശോഭ കെട്ടുപോകും. മറിയംപോലുള്ള നല്ല മാതാക്കളെ തരാന്‍ യൗസേപ്പിനോടു പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന: മാതൃഭക്തരുടെ ആശ്രയമായ വിശുദ്ധ യൗസേപ്പേ, മറിയത്തെപ്പോലുള്ള പരിശുദ്ധമാതാക്കളെ ഈ ഭൂമിയിലേക്ക് അയയ്ക്കാന്‍ ഈശോയോടു പറയണമേ, ആമേന്‍.

****************

****************

‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.

SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TVIOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?