Follow Us On

14

April

2021

Wednesday

പാലകന്റെ പാഥേയം 13- തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പ്

പാലകന്റെ പാഥേയം 13- തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പ്

”തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങളെ സ്‌നേഹത്തിലും വിശ്വസ്തതയിലും പരിശുദ്ധിയിലും വളര്‍ത്താന്‍ ഞങ്ങള്‍ക്കു തുണയായിരിക്കേണമേ.” പാലകന്റെ പാഥേയം 13-ാം ദിന ധ്യാനം- തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പ്.

ദൈവവചനം: ”മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” (സങ്കീ. 23:4).

ധ്യാനം: ത്രിത്വകുടുംബത്തിന്റെ പകര്‍പ്പാണ് തിരുക്കുടുംബം. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള പരസ്പര കൂട്ടായ്മയാണ് ത്രിത്വം. യൗസേപ്പും മറിയവും അവരുടെ കൈകളില്‍ നല്‍കപ്പെട്ട ദൈവസുതനും ചേര്‍ന്നതാണ് തിരുക്കുടുംബം. ഒന്ന് സ്വര്‍ഗത്തില്‍, മറ്റൊന്നു ഭൂമിയില്‍. ഒന്ന് ദൈവകുടുംബം, മറ്റൊന്നു പുത്രന്‍തമ്പുരാനടങ്ങുന്ന മനുഷ്യകുടുംബം. നസ്രത്തിലെ ത്രിത്വമായിരുന്നു ഇവര്‍. സ്‌നേഹവും സ്വയംദാനവും അത്രകണ്ട് ഇവരിലുണ്ടായിരുന്നു. സ്വയം മറന്ന് സ്‌നേഹിക്കുമ്പോള്‍ കുടുംബങ്ങള്‍ തിരുക്കുടുംബംപോലെയാകും.

ഒരര്‍ത്ഥത്തില്‍, നസ്രത്തിലെ തിരുക്കുടുംബമല്ലേ ആദ്യത്തെ സഭാകുടുംബം. ഈ കുടുംബത്തില്‍ അംഗമാകുമ്പോള്‍ നാം സ്വര്‍ഗീയകുടുംബത്തില്‍ അംഗമാവുകയാണ്. യൗസേപ്പിന്റെ കൈകളിലെ ഒരു കുഞ്ഞായി മാറാമോ? അവന്‍ നിന്നെ തിരുക്കുടുംബത്തോടു ചേര്‍ക്കും. അവന്‍ നിന്നെ ദൈവമകനും മകളുമാക്കി വളര്‍ത്തും. ജോസഫിനെയും മറിയത്തെയുംപോലുള്ള മാതാപിതാക്കള്‍ക്കേ ഈശോസമാനമുള്ള കുഞ്ഞുങ്ങള്‍ ലഭിക്കൂ. ഈശോയെപ്പോലെയുള്ള കുഞ്ഞുങ്ങളായാലേ ജോസഫിനെയും മറിയത്തെയുംപോലുള്ള മാതാപിതാക്കളെയും ലഭിക്കൂ.

ഇതെങ്ങനെ സംഭവിക്കും? പരസ്പരസ്‌നേഹവും ധാരണയും വിശ്വസ്തതയും വളര്‍ത്തിയെടുക്കണം. സ്വയം മറന്നു സ്‌നേഹിക്കണം. പരിശുദ്ധാത്മാവിന്റെ സഹായം തേടണം. നോക്കുക, ദൈവസുതനു ജന്മം നല്‍കാന്‍ തനിക്കു കിട്ടിയ ഭാഗ്യത്തെ മറിയം എത്ര ആദരവോടെയാണ് സ്വീകരിച്ചത്. ദൈവസുതനും അവന്റെ അമ്മയ്ക്കും സംരക്ഷണവും പരിപാലനവും നല്‍കാന്‍ കിട്ടിയ വിളിയെ എത്രയോ കുലീനമായിട്ടാണ് യൗസേപ്പ് സ്വീകരിക്കുന്നത്.

ഒരു സംഭാഷണം ധ്യാനിക്കാം: ഉണ്ണീശോ ജോസഫിനെ നോക്കി പുഞ്ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നു: ”എന്റെ പ്രിയപ്പെട്ട അപ്പാ, ഞാന്‍ എത്രയധികം നിന്നെ സ്‌നേഹിക്കുന്നു എന്നറിയാമോ? അപ്പന്റെ കൈകളിലിരിക്കാന്‍ എനിക്ക് എന്തൊരിഷ്ടമാണെന്നോ? ഈ കരങ്ങളില്‍ എനിക്കെന്നും സുരക്ഷിതത്വം അനുഭവിക്കാന്‍ പറ്റുന്നുണ്ട്.”

മാതാപിതാക്കളുടെ കൈകളില്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്ന ബോധ്യം അവരെ എത്രയോ കരുത്തുറ്റവരാക്കുമെന്ന് അറിയുക. ഉണ്ണീശോയെ മറിയത്തിന്റെ കൈകളില്‍ ഏല്‍പിച്ച് ജോസഫ് പറയുന്നുണ്ട്: ”മറിയമേ, കുഞ്ഞിനെ നീ വഹിക്കുക. ഏറ്റവും പരിശുദ്ധയും കന്യകയുമായ നിന്റെ കൈകളിലാണ് അവന് ഏറ്റം ആനന്ദവും സംതൃപ്തിയും കണ്ടെത്താനാവുക. നിന്റെ സാന്നിധ്യം എന്നുമവന് ആഹ്ലാദമാണ്.”

സ്‌നേഹിക്കുന്നതിലും മനസിലാക്കുന്നതിലും പരസ്പരം മത്സരിക്കുന്ന കുടുംബം. പ്രോത്സാഹനം നല്‍കുന്നതിലും എളിമപ്പെടുന്നതിലും മടുപ്പില്ലാത്ത കുടുംബം. ദാരിദ്ര്യത്തിന്റെ നോവിലും പ്രവാസത്തിന്റെ കഷ്ടതയിലും ഇവര്‍ ഒന്നായിരുന്നു. ഇവര്‍ക്കിടയിലെ സ്‌നേഹത്തിന്റെ കണ്ണികള്‍ മുറിക്കാന്‍ ഒരു ദുഷ്ടശക്തിക്കും കഴിയുമായിരുന്നില്ല. എത്ര മനോഹരം, തിരുക്കുടുംബം.

കുടുംബത്തിന്റെ പവിത്രതയും വിശുദ്ധിയും നഷ്ടമാകുന്ന ഈ നാളുകളില്‍ യൗസേപ്പില്‍ നമുക്ക് അഭയം തേടാം. പിതാക്കന്മാരുടെ ജ്ഞാനമില്ലാത്ത പെരുമാറ്റവും മാതാക്കളുടെ സ്‌നേഹമില്ലാത്ത പരിചരണവും കുഞ്ഞുങ്ങളുടെ ഭാവിയെ താളം തെറ്റിക്കാറുണ്ട്. മക്കളുടെ ആദരവില്ലാത്ത സമ്പര്‍ക്കങ്ങള്‍ മാതാപിതാക്കളുടെ ഹൃദയം തകര്‍ക്കാറുമുണ്ട്.

നമുക്ക് യൗസേപ്പിന്റെ അടുത്തേക്ക് പോകാം. വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുന്നതും കലഹങ്ങള്‍ പെരുകുന്നതും വിശ്വസ്തത നഷ്ടമാകുന്നതും വിശുദ്ധ യൗസേപ്പേ, നീ കാണുക. സ്വവര്‍ഗവിവാഹങ്ങളെയും ഗര്‍ഭഛിദ്രങ്ങളെയും നിയമപിന്തുണയോടെ ലോകം വാഴ്ത്തുന്നത് ഓ, തിരുക്കുടുംബത്തിന്റെ പാലകാ, നീ കാണുക. ഈശോയെ മാറ്റിനിറുത്തുന്ന കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നത് നീയെങ്ങനെ ശാന്തമായി നോക്കിനില്‍ക്കും? ഞങ്ങളെ സഹായിക്കാന്‍ നീ മുന്‍കൈ എടുക്കണം.

പ്രാര്‍ത്ഥന: തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങളെ സ്‌നേഹത്തിലും വിശ്വസ്തതയിലും പരിശുദ്ധിയിലും വളര്‍ത്താന്‍ ഞങ്ങള്‍ക്കു തുണയായിരിക്കേണമേ, ആമേന്‍.

****************

****************

‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.

SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TVIOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?