Follow Us On

20

April

2024

Saturday

ഫിലിപ്പൈൻസ് സഭയ്ക്ക് രാജ്യത്തിന്റെ ആദരം; പൗരാണിക ബസിലിക്കയും തിരുരൂപവും ഇനി ദേശീയ സാംസ്‌ക്കാരിക നിധികൾ

ഫിലിപ്പൈൻസ് സഭയ്ക്ക് രാജ്യത്തിന്റെ ആദരം; പൗരാണിക ബസിലിക്കയും തിരുരൂപവും ഇനി ദേശീയ സാംസ്‌ക്കാരിക നിധികൾ

മനില: ഏഷ്യയിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിന്റെ 500-ാം പിറന്നാളിൽ രാജ്യത്തിന്റെ വിശേഷാൽ ആദരം. സെബു നഗരത്തിലെ പൗരാണിക ദൈവാലയമായ സാന്റോ നിനോ മൈനർ ബസിലിക്കയും സാന്റോ നിനോ ഡെ സെബു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണിശോയുടെ തിരുരൂപവും ദേശീയ സാംസ്‌കാരിക നിധികളായി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് ദേശീയ മ്യൂസിയം. 500-ാം പിറന്നാൾ ആഘോഷത്തിന് ആരംഭം കുറിക്കുന്ന ഏപ്രിൽ 14നായിരിക്കും പ്രഖ്യാപനം.

സാന്റോ നിനോ ഡെ സെബു തിരുരൂപം രാജ്യത്ത് എത്തിയതിന്റെ 500-ാം വാർഷികത്തോട് അനുബന്ധിച്ച് അഗസ്റ്റീനിയൻ സഭാ പ്രോവിൻഷ്യൽ സംഘടിപ്പിച്ച ‘ബൗണ്ട് ബൈ ഹിസ്റ്ററി: മഗല്ലൻ, സാന്റോ നിനോ ആൻഡ് ദ ബിഗിനിംഗ് ഓഫ് അഗസ്റ്റീനിയൻ ഇവാഞ്ചലൈസേഷൻ’ വെബിനാറിനെ അഭിസംബോധന ചെയ്യവേയായിരുന്നു ഫിലിപ്പീൻസിലെ നാഷണൽ ഹിസ്റ്റോറിക് കമ്മീഷൻ (എൻ.എച്ച്.സി.പി) ചെയർപേഴ്‌സൺ ഡോ. റെനെ എസ്‌കാലന്റെൻ സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. ഫിലിപ്പൈൻ ജനതയുടെ ചരിത്രസാംസ്‌കാരിക പ്രാധാന്യമുള്ള പൈതൃകത്തിന് രാഷ്ട്രം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായാണ് ഇത് നിരീക്ഷിക്കപ്പെടുന്നത്.

1521ൽ ഫിലിപ്പെൻസിൽ എത്തിച്ചേർന്ന പോർച്ചുഗീസ് പരിവേഷകൻ ഫെർഡിനാന്റ് മഗല്ലനിലൂടെയാണ് രാജ്യത്ത് ക്രിസ്തുവിശ്വാസം വന്നണഞ്ഞത്. 1521 ഏപ്രിൽ 14ന് സെബുവിലെ രാജാവും രാജ്ഞിയും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് ഫെർഡിനാൻഡ് മഗല്ലൻ സമ്മാനിച്ചതാണ് തടിയിൽ നിർമിച്ച സാന്റോ നിനോ എന്ന ഉണ്ണീശോ രൂപം. പിന്നീട് കാണാതായ രൂപം ദശാബ്ദങ്ങൾക്കുശേഷം കണ്ടെത്തിയ സ്ഥലത്താണ് സാന്റോ നിനോ ബസിലിക്ക നിർമിച്ചത്. ഫിലിപ്പീൻസിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ആരംഭത്തിന്റേയും വളർച്ചയുടേയും പ്രതീകങ്ങളായാണ് ഈ ദൈവാലയവും തിരുരൂപവും പരിഗണിക്കപ്പെടുന്നത്.

രാജ്യത്ത് ക്രിസ്തുവിശ്വാസം എത്തിയതിന്റെ അഞ്ചാം ശതാബ്ദി ആഘോഷങ്ങൾക്ക് 2020 ഏപ്രിലിൽ തുടക്കം കുറിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021മുതൽ 2022വരെ ആഘോഷപരിപാടികൾ പുനക്രമീകരിക്കുകയായിരുന്നു. ‘ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായി തന്നെ കൊടുക്കുവിൻ’ (മത്താ. 10:8) എന്ന തിരുവചനമാണ് ആഘോഷങ്ങളുടെ ആപ്തവാക്യം. ഇതോട് അനുബന്ധിച്ച് നടക്കുന്ന സുപ്രധാന നാഴികകല്ലുകളിൽ ഒന്നായിരിക്കും സാന്റോ നിനോ മൈനർ ബസിലിക്കയും സാന്റോ നിനോ ഡെ സെബു തിരുരൂപവും ദേശീയ സാംസ്‌കാരിക നിധികളായി പ്രഖ്യാപിക്കുന്ന നടപടി.

ക്രൈസ്തവ ജനസംഖ്യയിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഫിലിപ്പൈൻസ്, കത്തോലിക്കാ ജനസംഖ്യയിൽ ലോകത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യവുമാണ്. ജനസംഖ്യയുടെ 90%ൽപ്പരം ക്രൈസ്തവരുള്ള ഫിലിപ്പൈൻസിലെ കത്തോലിക്കാ ജനസംഖ്യ 80%ൽപ്പരം വരും. 16 അതിരൂപതകളും 62 രൂപതകളും ഒരു മിലിറ്ററി ഓർഡിനറിയേറ്റും ഏഴ് വികാരിയത്തുകളും ഫിലിപ്പൈൻസിലുണ്ട്. മൂന്ന് പാപ്പമാരുടെ പാദസ്പർശമേറ്റ രാജ്യംകൂടിയാണ് ഫിലിപ്പൈൻസ്. വിശുദ്ധ പോൾ ആറാമൻ (1970), വിശുദ്ധ ജോൺ പോൾ രണ്ടാമൻ (1981ലും 1995ലും), ഫ്രാൻസിസ് (2015) എന്നിവരാണ് ഫിലിപ്പൈൻസിൽ പര്യടനം നടത്തിയ പാപ്പമാർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?