Follow Us On

14

April

2021

Wednesday

പാലകന്റെ പാഥേയം 14- തിരുസഭയുടെ സംരക്ഷകനായ യൗസേപ്പ്

പാലകന്റെ പാഥേയം 14- തിരുസഭയുടെ സംരക്ഷകനായ യൗസേപ്പ്

 ”തിരുസഭയുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പേ, സഭയെ പരിരക്ഷിക്കണമേ. അജപാലകരെ കാത്തു കൊള്ളണമേ. വിശ്വാസികളെ പൊതിഞ്ഞു പിടിക്കണമേ.” പാലകന്റെ പാഥേയം 14-ാം ദിന ധ്യാനം- തിരുസഭയുടെ സംരക്ഷകനായ യൗസേപ്പ്

ദൈവവചനം: ”ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല” (മത്താ. 16:18).

ധ്യാനം: തിരുക്കുടുംബത്തിന്റെ പാലകനായ അങ്ങയെ തിരുസഭയുടെ സംരക്ഷകനായി ദൈവം നിയോഗിക്കുമെന്ന് യൗസേപ്പിതാവേ, അങ്ങ് എപ്പോഴെങ്കിലും കരുതിയിരുന്നുവോ? ഉണ്ണിയേശുവിനെയും മറിയത്തെയും എല്ലാ തിന്മകളില്‍നിന്നും പൊതിഞ്ഞുപിടിക്കാന്‍ കഴിഞ്ഞതുപോലുള്ള കരുത്തുറ്റകരം മറ്റാര്‍ക്കാണുള്ളത്. അങ്ങയുടെ പരിശുദ്ധിക്കും നൈര്‍മല്യതയ്ക്കും ധീരതയ്ക്കും പകരം വയ്ക്കാന്‍ ആരുമില്ലല്ലോ. തിരുക്കുടുംബം കടന്നുപോയ അതേ പ്രലോഭനങ്ങളിലൂടെയും തിന്മകളിലൂടെയും ആണല്ലോ ഇന്നത്തെ സഭയും ദൈവമക്കളും കടന്നുപോകുന്നത്. നമുക്ക് യൗസേപ്പിന്റെ അടുക്കല്‍ അഭയം തേടാം.

സഭയുടെ ആദ്യരൂപം മറിയമാണല്ലോ. വചനത്തെ മാംസം ധരിപ്പിക്കാന്‍ തന്നെത്തന്നെ സമര്‍പ്പിച്ച മറിയം. ദൈവസുതനെ കുരിശോളം അനുഗമിക്കുകയും ചിതറിപ്പോയ ശിഷ്യഗണത്തെ പെന്തക്കുസ്തായ്ക്ക് ഒരുക്കുകയും ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിനായി സഭയെ അണിയിച്ചൊരുക്കുകയും ചെയ്യുന്ന മറിയം. അവളുടെ പരിരക്ഷണം യൗസേപ്പിനെയാണല്ലോ ദൈവം ഭരമേല്‍പിച്ചത്. കാരണം, യൗസേപ്പ് മറിയത്തെ സ്‌നേഹിച്ചതുപോലെ ആരും സ്‌നേഹിച്ചിട്ടുണ്ടാകില്ല.

ഇത്രയധികം സ്‌നേഹവും പരിരക്ഷണയും നല്‍കാന്‍ കഴിവുള്ള യൗസേപ്പിനെ തന്നെ തിരുസഭയുടെ സംരക്ഷണം ഏല്‍പ്പിക്കാമെന്നു കരുതിയ സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദിപറയുന്നു. ഈ വിശുദ്ധ കരങ്ങളില്‍ സ്വര്‍ഗദേശത്തേക്കുള്ള ഞങ്ങളുടെ യാത്ര സുരക്ഷിതമായിരിക്കും എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മറിയത്തെ സ്‌നേഹിച്ചതുപോലെ യൗസേപ്പ് തിരുസഭയെ സ്‌നേഹിക്കുന്നു.

അനേക വിശുദ്ധരും വേദപാരംഗതരും തിരുസഭയിലുണ്ടെങ്കിലും വിശുദ്ധ യൗസേപ്പിനെയാണ് ആഗോളസഭയുടെ മധ്യസ്ഥനായി ഒന്‍പതാം പീയൂസ് മാര്‍പാപ്പ (1870ല്‍) ഉയര്‍ത്തിയത്. തിരുക്കുടുംബത്തെയെന്നതുപോലെ തിരുസഭയെയും അവന്‍ കാത്തുപരിപാലിക്കും. സഭ പരിരക്ഷിക്കപ്പെടുന്നത് ആയുധ ബലത്താലോ സൈന്യബലത്താലോ അല്ല. പരിശുദ്ധമായ ജീവിതം നയിക്കുന്ന ദൈവമക്കളുടെ സാക്ഷ്യത്തിലാണ്.

സഭയിലെ ഏറ്റവും വലിയവര്‍ എന്നു പറയുന്നത് അധികാരം കയ്യാളുന്നവരാകണമെന്നില്ല. മറിച്ച്, വിശുദ്ധരാണ്. അതില്‍ സ്ത്രീയും പുരുഷനുമുണ്ടാകാം. കുഞ്ഞോ വയോധികനോ ആകാം. വിശുദ്ധികൊണ്ട് മുടിചൂടി നില്‍ക്കുന്ന സഭയാണ് ക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുങ്ങുന്നത്.

ഓ വന്ദ്യനായ യൗസേപ്പിതാവേ, ഇന്ന് സഭാനൗക കാറ്റിലും കോളിലുംപെട്ട് വല്ലാതെ ഉലയുകയാണ് എന്നു നീ കാണണമേ. നിന്റെ അരുമസന്താനമായ ഈശോയ്ക്കുവേണ്ടി നിലകൊണ്ട രാജ്യങ്ങളും സംവിധാനങ്ങളും ഇന്ന് ആ നാമം പേറുന്നില്ലെന്നു മാത്രമല്ല, ദൈവികമൂല്യങ്ങളെ പൂര്‍ണമായി മാറ്റി നിറുത്തുന്നതിലാണ് താല്‍പര്യം കാണിക്കുന്നത്. ശക്തമായ ഒരു ധാര്‍മിക ശക്തിയായി നിലകൊള്ളാന്‍ സഭയ്ക്കും കഴിയാതെപോകുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിശ്വസ്തതയില്ലാത്ത കൃത്യനിര്‍വഹണം, സ്വന്തം താല്‍പര്യങ്ങളെ മുന്‍നിറുത്തി നടത്തുന്ന തീരുമാനങ്ങള്‍, സ്വകാര്യ ജീവിതത്തിന്റെ പരിശുദ്ധി നഷ്ടമാക്കി സഭയെ ദുര്‍ബലമാക്കുന്ന ചെയ്തികള്‍. എല്ലാത്തിനുമായി മാപ്പിരക്കാന്‍ പുണ്യതാതനായ യൗസേപ്പിലേക്കു നോക്കാം, നമുക്ക്.

ലോകത്തിന്റെ ശക്തികള്‍ സഭയുടെ പുറത്തുനിന്നുകൊണ്ട് ആക്രമണം അഴിച്ചുവിടുന്നതുപോലെ, സഭയ്ക്കകത്തും ലോകാരൂപിയുടെ പ്രവര്‍ത്തനം ശക്തമാകുന്നു. പാപികളായ മനുഷ്യരാല്‍ നയിക്കപ്പെടുന്ന ദൈവിക സംവിധാനമാണ് സഭയെന്ന് ഒരിക്കല്‍ കൂടി ഞങ്ങളെ ഓര്‍മിപ്പിച്ചു തരണമേ. സഭ ഞങ്ങളുടെ അമ്മയാണെന്നും വിശുദ്ധിയിലാണ് സഭയുടെ മഹത്വമെന്നും ഞങ്ങളെ നീ പഠിപ്പിക്കണമേ.

നരകശക്തി തിരുക്കുടുംബത്തിനെതിരേ പദ്ധതികള്‍ ഒരുക്കിയപ്പോള്‍, ദൈവികvനിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഉണ്ണിയേശുവിനെയും മറിയത്തെയും സംരക്ഷിച്ചതുപോലെ തിരുസഭയെയും യൗസേപ്പ് സംരക്ഷിക്കും. സഭയില്‍ ഇന്ന് അതിശൈത്യമുള്ളതിനാല്‍ വസന്തം വൈകില്ല എന്നുറപ്പിക്കാം, നമുക്ക്. സഭയുടെ പീഢാനുഭവവും കുരിശുമരണവും ഇന്നു നാം കാണുന്നതിനാല്‍, ഉത്ഥാനം അകലെയല്ല.

പ്രാര്‍ത്ഥന: തിരുസഭയുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പേ, സഭയെ പരിരക്ഷിക്കണമേ. അജപാലകരെ കാത്തു കൊള്ളണമേ. വിശ്വാസികളെ പൊതിഞ്ഞു പിടിക്കണമേ, ആമേന്‍.

****************

****************

‘പാലകന്റെ പാഥേയം’ എന്ന പേരിൽ റവ. ഡോ. റോയ് പാലാട്ടി നയിക്കുന്ന സമർപ്പണ പ്രാർത്ഥനാ യജ്ഞം ഫെബ്രുവരി 15 മുതൽ മാർച്ച് 19വരെ രാവിലെ 6.00നും ഉച്ചയ്ക്ക് 1.30നും രാത്രി 10.00നും (IST/ EST/ GMT) ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്യും.

SHALOMTV.TV/LIVE എന്ന ലിങ്കിലൂടെയും ശാലോം ടി.വിയുടെ ആപ്പ് (ANDROID.SHALOMTV.TVIOS.SHALOMTV.TV) ഡൗൺലോഡ് ചെയ്തും പ്രാർത്ഥനയിൽ പങ്കുചേരാനാകും. അതത് ദിവസത്തെ പ്രാർത്ഥന ‘റേഡിയോ വിൻഡി’ലൂടെ പ്രക്ഷേപണം ചെയ്യും. കൂടാതെ, ഓഡിയോ വേർഷൻ ‘റേഡിയോ വിൻഡി’ന്റെ യൂ ട്യൂബ് ചാനലിലും ലഭ്യമാകും.

പ്രാർത്ഥനാ പുസ്തകത്തിന്റെ ഡിജിറ്റൽ വേർഷൻ SHALOMTV.TV/PP/ എന്ന ലിങ്കിൽനിന്ന് സാജന്യമായി ഡൗൺലോഡ് ചെയ്യാം. 9605818881 (ഇന്ത്യ), +1 (956) 429 1348 (യു.എസ്) എന്നീ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് St. Joseph Prayer എന്ന് മെസേജ് ചെയ്തും പുസ്തകത്തിന്റെ ‘ഇ വേർഷൻ’ ലഭ്യമാക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2664693.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?