വത്തിക്കാൻ സിറ്റി: സഭാ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള
‘പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റസ്’ എന്ന വത്തിക്കാൻ സമിതിയിലേക്ക് കേരള സഭയിൽനിന്ന് രണ്ട് വൈദികരെക്കൂടി നിയമിച്ച് ഫ്രാൻസിസ് പാപ്പ. കാനൻ നിയമ വിദഗ്ദ്ധരായ റവ. ഡോ. വർഗീസ് കോളുതറ സി.എം.ഐ, റവ. ഡോ.പോൾ പള്ളത്ത് എന്നിവരെയാണ് പാപ്പ നിയമിച്ചത്. അഞ്ച് വർഷത്തേക്കാണ് നിയമനം. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉൾപ്പെടെ സീറോ മലബാർ സഭയിൽനിന്ന് മൂന്ന് അംഗങ്ങളാണ് ഇപ്പോൾ ഈ പൊന്തിഫിക്കൽ കൗൺസിലിൽ ഉള്ളത്.
ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽ കാനൻ ലോ ഫാക്കൽറ്റി ഡയറക്ടറാണ് റവ. ഡോ. കോളുതറ. നിലവിൽ ഈ കൗൺസിലിൽ അംഗമായ ഡോ. കോളുതറയുടെ നിയമനം അഞ്ച് വർഷത്തേക്കുകൂടി പാപ്പ നീട്ടുകയായിരുന്നു. വത്തിക്കാനിൽ വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള കാര്യാലയത്തിൽ റിലേറ്ററും കാനൻ ലോ ഗ്രന്ഥങ്ങളുടെ നവീകരണത്തിനായുള്ള പൊന്തിഫിക്കൽ സമിതി അംഗവും കൂടിയാണ് പാലാ രൂപതാംഗമായ റവ. ഡോ. പള്ളത്ത്. കാനൻ നിയമവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും രചിയ്താക്കളാണ് ഇരുവരും.
Leave a Comment
Your email address will not be published. Required fields are marked with *