ഒരു സമ്പന്ന വ്യാപാരി സായാഹ്നത്തില്‍ നടക്കാന്‍ ഇറങ്ങി. വഴിയോരത്തിരുന്ന ഭിക്ഷക്കാരനെ കണ്ട് അയാള്‍ ഒരു നിമിഷം നിന്നു. അയാള്‍ ആ ഭിക്ഷക്കാരന്റെ കണ്ണിലേക്കു നോക്കി. തുടര്‍ന്ന് അദേഹം ചോദിച്ചു: “എങ്ങിനെയാണ് താങ്കള്‍ ഈ അവസ്ഥയില്‍ എത്തിയത്? താങ്കളെ എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും?”
ഭിക്ഷക്കാരന് പറഞ്ഞു: “എന്റെ ജോലി നഷ്ടപ്പെട്ടു. പലയിടത്തും കയറിയിറങ്ങി നടന്നെങ്കിലും ഉചിതമായൊരു ജോലി എനിക്കാരും തന്നില്ല. അവസാനം നിരാശനായാണ് ഞാന്‍ ഭിക്ഷയെടുത്ത് ജീവിക്കാന്‍ തീരുമാനിച്ചത്. എന്നെ സഹായിക്കാന്‍ അങ്ങേക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പത്തോ നൂറോ രൂപ തരാതെ ഉചിതമായൊരു ജോലി തരുമെങ്കില്‍ എന്റെ ഈ ദുരവസ്ഥ മാറും.”
ഭിക്ഷക്കാരന്റെ തുറന്ന മറുപടിയില്‍ വ്യാപാരി സന്തുഷ്ടനായി. അദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: “ശരി, നിന്നെ ഞാന്‍ സഹായിക്കാം. പക്ഷേ ജോലിയല്ല. നിനക്ക് സമ്മതമാണെങ്കില്‍ ഞാന്‍ നിന്നെ എന്റെ കച്ചവടത്തില്‍ പങ്കാളിയാക്കാം. നമുക്ക് രണ്ടുപേര്‍ക്കും ചേര്‍ന്ന് കച്ചവടം നടത്താം.”
ഭിക്ഷക്കാരന് വിശ്വസിക്കാനായില്ല. അയാള്‍ കണ്ണിമക്കാതെ വ്യാപാരിയെ നോക്കി. താന്‍ കേള്‍ക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാണോ എന്ന് അയാള്‍ അത്ഭുതപ്പെട്ടു.
വ്യാപാരി തുടര്‍ന്നു: “എനിക്കൊരു വലിയ നെല്‍പ്പാടമുണ്ട്. അതില്‍ നിന്നുള്ള അരി നീ കൊണ്ടുപോയി വില്‍ക്കണം. വില്‍പ്പനയ്ക്ക് വേണ്ടിവരുന്ന എല്ലാ ചെലവുകളും ഞാന്‍ വഹിക്കാം. നീ ചെയ്യേണ്ടത് ഇത്രമാത്രം, അരി വില്‍ക്കുക. അതിനു ശേഷം ഓരോ മാസവും ലാഭത്തിലെ എന്റെ വിഹിതം തരുക.”
ഭിക്ഷക്കാരന്റെ കണ്ണ് നിറഞ്ഞു. അയാള്‍ പറഞ്ഞു: “നന്ദി സാര്‍, ഒരുപാട് നന്ദി, തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനകള്‍ക്ക് കിട്ടിയ ഉത്തരമാണ് നിങ്ങള്‍. ലാഭം ഞാന്‍ എങ്ങിനെ വിഭജിക്കണമെന്നുകൂടി അങ്ങ് പറഞ്ഞു തരണമേ.”
പുഞ്ചിരിച്ചുകൊണ്ട് വ്യാപാരി പറഞ്ഞു: “ഞാന്‍ നിന്നോട് ബിസിനസിനൊന്നുമില്ല. നിനക്ക് കിട്ടുന്ന ലാഭത്തിന്റെ 10% മാത്രം എനിക്ക് തന്നാല്‍ മതി. അതായത് ബാക്കി 90%വും നിനക്കുമാത്രം അവകാശപ്പെട്ടതാണ്.”
തന്റെ മുന്നില്‍ നില്‍ക്കുന്നത് മാനസിക തകരാറുളള വ്യക്തിയാണോ എന്നുപോലും ഭിക്ഷാടകനുതോന്നി. എന്നാല്‍ വ്യാപാരിയുടെ കുലീനവേഷവും സംസാരത്തിലെ മിതത്വവും ഭിക്ഷക്കാരനെ ആകര്‍ഷിച്ചു. വ്യാപാരി ചിരിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി പറഞ്ഞു: “ചങ്ങാതീ നീ വാക്കുപാലിക്കാതിരിക്കരുത്. നീ എത്ര വേണമെങ്കിലും ലാഭമുണ്ടാക്കിക്കൊള്ളുക. എന്നാല്‍ ലാഭവിഹിതം 10% എന്നത് തരാന്‍ മറക്കരുത്.”
വ്യാപാരിക്ക് ആയിരമായിരം നന്ദി പറഞ്ഞ് ഭിക്ഷക്കാരന് ചന്തയില്‍ അരിക്കച്ചവടം ആരംഭിച്ചു. ആയാളുടെ അധ്വാനത്തിന്റെ ഫലമായി അധികം വൈകാതെ ബിസിനസ് മെച്ചപ്പെട്ടു. ധാരാളം ജോലിക്കാരെ ഭിക്ഷക്കാരന് നിയമിച്ചു. അയാള്‍ക്ക് വന്ന സൗഭാഗ്യം കണ്ട് ജനം അത്ഭുതപ്പെട്ടു.
അമ്പരപ്പിക്കുന്ന ലാഭമായിരുന്നു അയാള്‍ക്ക് ലഭിച്ചത്. ഭിക്ഷക്കാരന് പണം എണ്ണി തിട്ടപ്പെടുത്താന്‍ തുടങ്ങി. പഴയ മുതലാളി വരുമ്പോള്‍ അയാള്‍ 10% കൃത്യമായി ഏല്‍പ്പിക്കാനും തുടങ്ങി. എന്നാല്‍ പിന്നെയും പണം കൈയില്‍ വന്നതോടെ അരിക്കടയുടെ പല ശാഖകള്‍ പലയിടത്തും അയാള്‍ ആരംഭിച്ചു. അതോടൊപ്പം അയാളുടെ മനസില്‍ ഒരു ദുഷ്ചിന്തയും ഉടലെടുത്തു, “ഇനി ഞാനെന്തിനു 10% കൊടുക്കണം? രാവും പകലും കഷ്ട്ടപ്പെട്ട് ഞാനാണ് ഈ കച്ചവടം നല്ല നിലയില്‍ എത്തിച്ചത്. ലാഭം മുഴുവനും എനിക്ക് അവകാശപ്പെട്ടതല്ലേ?”
പതിവുപോലെ ധനികന് അയാളുടെ 10% ലാഭവിഹിതം വങ്ങാന്‍ വന്നു. എന്നാല്‍ ഭിക്ഷക്കാരന് ക്ഷുഭിതനായി പറഞ്ഞു: “നിനക്ക് 10% ലാഭവീതത്തിന് ഒരു അര്‍ഹതയുമില്ല. ഇത് എന്റെ കഠിന പ്രയത്നത്തിന്റെ ഫലമാണ്. അതുകൊണ്ട് ലാഭം മുഴുവനും എനിക്ക് അവകാശപ്പെട്ടതാണ്.”
ആ വ്യാപാരി നിങ്ങളായിരുന്നു എങ്കില്‍, എന്ത് വികാരമാണ് ഉണ്ടാവുക? നമ്മില്‍ പലരും ഈ ഭിക്ഷക്കാരനെപ്പോലെയാണ്. ദൈവം നമുക്ക് തന്നതാണ് ഈ സുന്ദരജീവിതം. നമ്മുടെ ശരീരവും കണ്ണുകളും ചെവികളും വായും കൈകകാലുകളും ഹൃദയവും എല്ലാം ദൈവം നമുക്ക് നല്കിയ സ്നേഹസമ്മാനമാണ്. നമുക്ക് ലഭിച്ച സമ്പത്ത്, സൗഭാഗ്യങ്ങള്‍, മക്കള്‍, കുടുംബം എല്ലാം ദൈവത്തിന്റെ ദാനംമാത്രം. എന്നാല്‍, നാം അതെല്ലാം നല്കിയ ദൈവത്തെ ഉപേക്ഷിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നു.
അത് നമ്മുടെ ജീവിതത്തെ എത്രമാത്രം തകര്‍ച്ചയിലെത്തിക്കുമെന്ന് ചിന്തിക്കുക.ദൈവം നല്കിയ ദാനത്തെ വിലമതിക്കാതെ യജമാനനെതിരെ സ്വരമുയര്‍ത്തിയാല്‍ അതിനുള്ള ശിക്ഷ എന്തായിരിക്കും? അതിനാല്‍ ദൈവം നല്കിയ മഹാദാനത്തിന് ദൈവത്തിന് നന്ദി പറയാനും ദൈവകൃപയില്‍ ആശ്രയിച്ച് ജീവിക്കാനും നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ദശാംശം നല്‍കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. ദൈവത്തിന് അവകാശപ്പെട്ടത് ദൈവത്തിന് നല്കാന് നാം മടിക്കരുത്.
Leave a Comment
Your email address will not be published. Required fields are marked with *