Follow Us On

09

April

2020

Thursday

സന്യാസിനികൾ മഠം ഉപേക്ഷിക്കുമ്പോൾ

സന്യാസിനികൾ മഠം ഉപേക്ഷിക്കുമ്പോൾ

‘ഈ സംവിധാനങ്ങളെല്ലാം നിർത്തി എല്ലാവരെയും പിരിച്ചുവിടുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.’ ഏറെ രോഷാകുലനായി സംസാരിച്ച ഒരു സുഹൃത്ത് ഉദ്ദേശിച്ചത് വിവിധങ്ങളായ സന്യസ്ത സമൂഹങ്ങളെ ആയിരുന്നു. ഒരു സമർപ്പിതയെക്കുറിച്ച് അടുത്ത നാളുകളിൽ കേട്ട ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മനുഷ്യരെന്ന നിലയിൽ ആരും പൂർണ്ണരല്ലല്ലോ, എല്ലാ അന്തസിലുള്ളവർക്കിടയിലും കുറവുകൾ ഉണ്ടാവാം.’ ഞാൻ അദ്ദേഹത്തെ അൽപ്പമൊന്ന് സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. എങ്കിലും എന്റെ വാദഗതികളെ മുഖവിലയ്‌ക്കെടുക്കുവാൻ തയ്യാറാവാതെ അദ്ദേഹം, തന്റെ ആരോപണങ്ങളുടെ രൂക്ഷത വർദ്ധിപ്പിക്കുകയാണ് ഉണ്ടായത്. മുൻധാരണകളിൽ ഉറച്ചുനിന്ന് കടുംപിടുത്തത്തിന് ഒരുങ്ങിയ അദ്ദേഹവുമായി ഏറെ തർക്കിക്കുവാൻ മുതിരാതെ സഹതാപത്തോടെ പിൻവാങ്ങേണ്ടി വന്നു.
പുരോഹിതരും, സമർപ്പിതരും, സഭാസമൂഹങ്ങളുമായി എക്കാലവും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുവാൻ ശ്രദ്ധിച്ചിരുന്ന ഒരാൾ എന്നനിലയിൽ, മേൽപ്പറഞ്ഞ വിധത്തിലുള്ള സംവാദങ്ങൾ അപൂർവ്വമായിരുന്നില്ല. പലവിധ മാധ്യമങ്ങളിലൂടെയും നേരിട്ടുമെല്ലാം സന്യാസത്തിനും സമർപ്പിത ജീവിതത്തിനുമെതിരായി നടന്ന എത്രയോ ആശയപ്രകടനങ്ങൾക്ക് സാക്ഷിയായിരിക്കുന്നു…
സഭയിൽ, സമർപ്പിതജീവിതങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ വിചിന്തനമാക്കപ്പെട്ട ഒരു സമർപ്പിതവർഷം പര്യവസാനിച്ചിരിക്കുന്ന ഈ വേളയിലും, ഈ സമൂഹത്തിൽ, സമർപ്പിതരും സന്യാസ സമൂഹങ്ങളും, പൗരോഹിത്യവുമെല്ലാം തുടർച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്. ഒരുപക്ഷെ, ഇനിയും കൂടുതൽ തീക്ഷ്ണതയോടെ സഭാംഗങ്ങൾ ഏവരും വിചിന്തനവിധേയമാക്കേണ്ട വിഷയങ്ങളായി ഇവ തുടരുകയാണ്.
അടുത്ത കാലങ്ങളായി പുറംലോകത്ത് മാത്രമല്ല, സഭയ്ക്കുള്ളിലും ഇത്തരത്തിൽ വേദനാജനകമായ കാഴ്ചപ്പാടുകൾക്ക് അരങ്ങൊരുങ്ങിയിട്ടുണ്ടെന്നത് അതീവഗൗരവമായി ചിന്തിക്കേണ്ടതും ആത്മവിമർശനം നടത്തേണ്ടതുമായ വിഷയമാണ്. പലവിധകാരണങ്ങളാൽ സഭാതനയരുടെ, സമർപ്പിത വ്യക്തികളോടുള്ള നിലപാടുകൾക്ക് മാറ്റം വന്നിരിക്കുന്നു എന്നത് ഒരു ദുരന്തം തന്നെയാണ്. കാരണങ്ങൾ ഏറെയും സഭയ്ക്ക് പുറത്തുനിന്നുള്ളതാണ് എന്നതാണ് വാസ്തവം. ഈ കാലഘട്ടത്തിൽ ഭൗതികജീവിതവ്യഗ്രതയ്ക്കും, സുഖലോലുപതയ്ക്കും അമിതപ്രാധാന്യം നൽകിവരുന്ന ആധുനികലോകം അതിനു വിരുദ്ധമായ സന്യാസത്തെയും, പൗരോഹിത്യത്തെയും മറ്റേറെ ആത്മീയ മൂല്യങ്ങളെയും വെറുക്കുന്നു എന്നതിനാൽ, തിരുസഭയുടെ അവിഭാജ്യ ഘടകങ്ങളായ സമർപ്പിത സമൂഹങ്ങൾക്കെതിരെ എണ്ണമറ്റ ആരോപണങ്ങൾ ഇക്കാലത്ത് ചൊരിയുന്നു.
ഒരുപക്ഷേ, പൗരോഹിത്യത്തിന്റെയും സമർപ്പിതരുടെയും നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ വളർന്നിരിക്കുന്ന ദുഷ്പ്രചരണങ്ങൾക്കും, വിരുദ്ധ നിലപാടുകൾക്കും മദ്ധ്യേ, ആത്മീയ പശ്ചാത്തലത്തിലുള്ള ഒരു വിചിന്തനം യുക്തമാണ്. അമാനുഷികമായ ദുഷ്ടശക്തികളുടെ ആത്യന്തികലക്ഷ്യം പോലും, തിരുസഭയുടെ നാശമാണ് എന്നതിനാൽ തന്നെ, മറച്ചുവയ്ക്കപ്പെടുന്ന യാഥാർത്ഥ്യങ്ങളും, കൂട്ടിച്ചേർക്കപ്പെടുന്ന ഭാവനകളും തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു മുന്നേറ്റം സഭയ്ക്കുള്ളിൽ ഇന്ന് ആവശ്യമായിരിക്കുന്നു.
െ്രെകസ്തവസമർപ്പണം ലോകചരിത്രത്തിൽ: നൂറ്റാണ്ടുകളായി ലോക സമൂഹങ്ങളിൽ അളക്കാനാവാത്ത ഇടപെടലുകൾ നടത്തിയിട്ടുള്ള ചരിത്രമാണ് വിവിധ സമർപ്പിത സമൂഹങ്ങളുടേത്. വിദൂര രാജ്യങ്ങളിൽ മുതൽ കേരള സമൂഹത്തിൽ വരെ എടുത്തുപറയത്തക്കതായ സൽഫലങ്ങൾ ഇന്നും ദർശിക്കാനാവുന്ന എണ്ണമറ്റ മേഖലകളിലാണ് വിവിധമിഷനറി സമൂഹങ്ങൾ കാലങ്ങളായി സേവനം ചെയ്തുപോരുന്നത്. ക്രിസ്തുവിന്റെ സുവിശേഷ സന്ദേശം ഹൃദയത്തിൽ ഉൾക്കൊണ്ടുകൊണ്ട്, നിസ്വാർത്ഥ സ്‌നേഹത്തിന്റെ വക്താക്കളായി സമൂഹങ്ങളിലേയ്ക്ക് ഇറങ്ങുന്ന സമർപ്പിത/വൈദിക ശുശ്രൂഷകരുടെ സേവനം വിലമതിക്കാനാവാത്തതായാണ് സകലലോകസമൂഹങ്ങളും എന്നും പരിഗണിച്ചിട്ടുള്ളത്.
ഒരുപക്ഷേ, മാറിയ കാലത്തിന്റെ ഇരുണ്ട മുഖത്ത് ആരോപണശരങ്ങളാൽ വീർപ്പുമുട്ടുന്ന ചില പ്രസ്ഥാനങ്ങൾക്കപ്പുറം, ഇന്ന് ഈ സമൂഹത്തിൽ, ദൈവികസ്‌നേഹം പ്രസരിപ്പിക്കുന്ന അനേക ചെറു സമൂഹങ്ങൾ ദുർബ്ബലർക്കും പീഡിതർക്കും ശക്തി പകരുന്നുണ്ട്. ഒരുവേള, മുഖ്യധാരാ മാധ്യമങ്ങളുടെ ദുഷ്ടലാക്കോടുകൂടിയ സമീപനങ്ങൾ നിമിത്തം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽനിന്ന് മറയ്ക്കപ്പെട്ടിരിക്കുന്ന ഇത്തരം അനേക ശുശ്രൂഷാരംഗങ്ങളെക്കുറിച്ച് ചിന്തിച്ചാൽ, ഇന്നും നമ്മുടെ സമർപ്പിതരുടെ സേവനങ്ങൾ വിലമതിക്കാനാവുന്നതല്ലെന്ന് വ്യക്തമാകും. അതേസമയം, ആരംഭ ചൈതന്യത്തിലേയ്ക്ക് ഒരു തിരിച്ചുപോക്ക് ആവശ്യമുള്ള ചില സ്ഥാപനനേതൃത്വങ്ങളെ വിസ്മരിക്കുന്നില്ല.
സമർപ്പിതർക്കെതിരെ തിരിയുന്ന ലോകം: മുൻകാലങ്ങളെയപേക്ഷിച്ച്, സമർപ്പിതർക്കും അവർ ഉൾക്കൊള്ളുന്ന സഭാസമൂഹങ്ങൾക്കുമെതിരെ നിറയുന്ന വർത്തകളാൽ മുഖരിതമാണ് വെബ് ലോകവും. സമൂഹമാധ്യമങ്ങളിലും, ഓൺലൈൻ വാർത്താരംഗത്തും സജീവമായ ചില ദുഷ്ടശക്തികളുടെ ഇടപെടലുകൾ ഇത്തരം വാർത്തകളുടെ അമിതപ്രചാരത്തിനും വഴിവയ്ക്കുന്നുണ്ട്. അടുത്തു പരിശോധിച്ചാൽ അവയിൽ ഏറെയും കെട്ടിച്ചമച്ചവയും ഊതിപ്പെരുപ്പിച്ചവയുമെന്ന് വ്യക്തം. മുമ്പ് പറഞ്ഞതുപോലെ സമർപ്പിതരെ തളർത്തുകയും ലോകത്തിന് തെറ്റായ സന്ദേശം നൽകുകയും ചെയ്യുന്നതിനായി ചില ശക്തികൾ കിണഞ്ഞ് പരിശ്രമിക്കുന്നുവെന്ന് തീർച്ച.
ഒറ്റപ്പെട്ട ചില വ്യക്തികളെയും പ്രസ്ഥാനങ്ങളെയും, ചില പ്രവൃത്തികളെയും മുൻനിർത്തി ഒരു വലിയ സമൂഹത്തെയാകമാനം വിധിക്കുവാൻ തക്കവിധം വാർത്തകളെ വഴിതിരിച്ചുവിടുകയാണ് ഈ നാളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന രീതി. സമർപ്പിതരുടെയും ദൈവവിളികളുടെയും മഹത്വം ഒരിക്കലെങ്കിലും പറയുകയോ, എണ്ണിയാൽ തീരാത്ത നന്മകളിൽ ഒന്നുപോലും കാണുവാൻ തുനിയുകയോ ചെയ്യാത്ത ചില മാധ്യമങ്ങൾ ഒന്നിന് പിറകെ ഒന്നായി ദുരാരോപണങ്ങൾ മാത്രം ഉന്നയിക്കുന്ന കാഴ്ച തികച്ചും ഖേദകരമാണ്. ഒന്നാലോചിച്ചാൽ, നിസാരമെന്നോ, അപ്രസക്തമെന്നോ വിലയിരുത്തപ്പെട്ടേക്കാവുന്ന ചില ആശയങ്ങൾ പോലും, തങ്ങളുടെ സ്വതസിദ്ധമായ ഭാവനകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുമ്പോൾ, അനാവശ്യ ചർച്ചകൾക്ക് അത് കാരണമായി മാറുന്നത് പതിവ് കാഴ്ചയാണ്. ഒരിക്കൽ ഒരു ഓൺലൈൻ മാധ്യമം ഒരു പ്രത്യേക പ്രദേശത്തെ ഒരു വർഷത്തെ ദൈവവിളികളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് പരാമർശിച്ചു തുടങ്ങിയ ലേഖനത്തിൽ പറഞ്ഞുവച്ചത്, സന്യാസഭവനങ്ങൾ ആകമാനം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുവെന്നും, സമർപ്പിത ജീവിതത്തിനും, പൗരോഹിത്യത്തിനും പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നെന്നും മറ്റുമാണ്. തുടർച്ചയായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം വാർത്തകൾ പൊതുസമൂഹത്തിലും സഭയ്ക്കുള്ളിലും പോലും നല്ലതല്ലാത്ത കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നുവെന്നതാണ് വാസ്തവം.
അപൂർവ്വം ചിലരിലെ വ്യക്തിത്വവൈകല്യങ്ങൾ അസാമാന്യമെന്നവണ്ണം വാർത്തകളിൽ സ്ഥാനം പിടിക്കുന്നതിനു പോലും പിന്നിൽ അത്തരമൊരു സംഭവത്തിന്റെ പേരിൽ ഒരു വലിയ സമൂഹത്തെ കുറ്റം വിധിക്കുന്നതിനും, സമൂഹമദ്ധ്യത്തിൽ തരംതാഴ്ത്തി ചിത്രീകരിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് പലപ്പോഴും മറഞ്ഞിരിക്കുന്നത് എന്ന് വിശ്വാസി സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.
ഇത്തരത്തിലുള്ള തുടർച്ചയായ ഇടപെടലുകൾ വഴിയായി ഇന്ന് ആത്മീയ മേഖല അകത്തുനിന്നും പുറത്തുനിന്നും ഏറെ വെല്ലുവിളികളെ നേരിടുന്നു. അതിൽ പ്രധാനം, ആദ്യം പറഞ്ഞതുപോലെ, വിശ്വാസികൾക്കിടയിൽ തന്നെ രൂപപ്പെട്ടിട്ടുള്ള അബദ്ധ ധാരണകളാണ്. ഒരേ കള്ളം തന്നെ ആവർത്തിച്ച് അത് സത്യമാണെന്ന് സ്ഥാപിച്ചെടുക്കുവാനുള്ള ശ്രമങ്ങളും, മറ്റനേകം ഗൂഡലക്ഷ്യങ്ങളും ഒരു പരിധിവരെ വിജയംവരിക്കുന്ന കാഴ്ച ദുഃഖകരമാണ്. ഈ കാലഘട്ടം സമർപ്പിതർക്കും പുരോഹിതർക്കുംവേണ്ടിയുള്ള ശക്തമായ പ്രാർത്ഥന നമ്മിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. മാനസികമായും ആത്മീയമായും അവർക്ക് ശക്തി പകരുക എന്ന വലിയ ദൗത്യം നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നത് സഭാംഗങ്ങളെന്ന നിലയിൽ കൂട്ടുത്തരവാദിത്തമുള്ള നമ്മിലാണെന്നതിൽ സംശയമില്ല. അതിനാൽതന്നെ, സമർപ്പിതരെക്കുറിച്ചുള്ള വിചിന്തനങ്ങൾ സമർപ്പിതവർഷത്തിൽ അവസാനിക്കുകയല്ല ആരംഭിക്കുകയും എന്നും തുടരുകയുമാണ് വേണ്ടത്. എക്കാലവും സഭയെയും സമർപ്പിതരെയും പ്രാർത്ഥനകൊണ്ടും മനോഭാവം കൊണ്ടും ഇടപെടലുകൾകൊണ്ടും ശക്തിപ്പെടുത്തുവാൻ നമുക്ക് ശ്രദ്ധിക്കാം.
വിനോദ് നെല്ലയ്ക്കൽ

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?