Follow Us On

28

March

2024

Thursday

കേരളത്തിന്റെ പൊതുബോധം ക്രൈസ്തവ സമൂഹത്തിന് എതിരാണോ

കേരളത്തിന്റെ പൊതുബോധം ക്രൈസ്തവ സമൂഹത്തിന് എതിരാണോ

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി, ‘കേരള സമൂഹത്തിന്റെ പൊതുബോധം’ ഇവിടുത്തെ ക്രൈസ്തവ സഭകള്‍ക്കും സമുദായത്തിനും എതിരാണ് എന്ന് സമര്‍ഥിക്കാന്‍ ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഇപ്രകാരം ഒരു ‘ക്രൈസ്തവ വിരുദ്ധത’ (അങ്ങനെയൊന്നുണ്ടെങ്കില്‍) എങ്ങനെ കേരള സമൂഹത്തിന്റെ പൊതു ബോധത്തിന്റെ ഭാഗമായി എന്ന ആലോചനയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരണ നല്‍കിയത്.

‘കേരളത്തിന്റെ പൊതുബോധം’ എന്നത് പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ സാധാരണ പരാമര്‍ശിക്കാറുള്ള ഒന്നാണ്. എന്താണീ പൊതുബോധം? സമൂഹത്തിലെ അംഗങ്ങള്‍ എന്നനിലയില്‍ ഇതര വ്യക്തികളെയും സമുദായങ്ങളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ച് വ്യത്യസ്ത വ്യക്തികളുടെ ബോധമണ്ഡലത്തില്‍ രൂപപ്പെടുന്ന ചിത്രമാണ് അവയെ സംബന്ധിച്ച പൊതു ബോധം എന്ന് പറയാം.
അത് വിശാലമായ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, നൈയാമിക യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടതും പ്രാദേശിക സാംസ്‌കാരിക സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഉരുത്തിരിയുന്നതുമായ ഒരു പരികല്പനയാണ്.

പൊതുബോധത്തെ സ്വാധീനിച്ച ചില സംഭവങ്ങള്‍

കേരളത്തിന്റെ പൊതു ബോധം ക്രൈസ്തവ സഭകള്‍ക്കെതിരാണ് എന്നു തെളിയിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുകാണുന്നത് ‘അഭയാകേസ്’ തന്നെയാണ്. 1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ് ടെന്‍ത് ലേഡീസ് ഹോസ്റ്റലിന്റെ കിണറ്റില്‍ അഭയ എന്ന കന്യാസ്ത്രീ അസ്വാഭാവികമായി മരണപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങളുടെ ഭാഗമായി 2008 നവംബര്‍ 19-ന് കത്തോലിക്കാ സഭയിലെ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും സിബിഐ അറസ്റ്റു ചെയ്തു. 28 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും വിചാരണക്കുമൊടുവില്‍ 2020 ഡിസംബര്‍ 21-ന് അവരില്‍ രണ്ടുപേര്‍ കുറ്റക്കാരെന്നു വിചാരണക്കോടതി കണ്ടെത്തുകയും 22-ന് ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം ഉറപ്പുവരുത്താന്‍ സിബിഐയെക്കൊണ്ടുതന്നെ അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട സന്യാസ സമൂഹത്തെയും കത്തോലിക്കാസഭയെയും പുകമറയില്‍ നിര്‍ത്തി, മാധ്യമങ്ങളും നിരീക്ഷകരും വിശകലന വിദഗ്ധരും ആക്ഷന്‍ കൗണ്‍സിലും മൂന്നു പതിറ്റാണ്ടുകാലം കളം നിറഞ്ഞു നിന്നു. സത്യം സംശയാതീതമായി സ്ഥാപിക്കപ്പെടുന്നതുവരെ, നീതി നടപ്പായി എന്നു കരുതാന്‍ കഴിയാത്ത സാഹചര്യം ഈ കേസില്‍ ഇപ്പോഴും നിലനില്‍ക്കുന്നു!

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരള സമൂഹത്തിന് അനിവാര്യമാണെന്ന തിരിച്ചറിവില്‍, മുമ്പേ പറക്കുന്ന പക്ഷികളെ പോലെ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന ക്രൈസ്തവ മാനേജുമെന്റുകളെ ‘വിദ്യാഭ്യാസ കച്ചവടക്കാര്‍’ എന്ന് മുദ്രയടിക്കുന്നതില്‍ ചാനലുകള്‍ തമ്മിലും നിരീക്ഷകരും വിശകലന വിദഗ്ധരും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലും മത്സരിച്ചു. ‘കച്ചവടക്കാര്‍’ എന്ന ലേബല്‍ തങ്ങള്‍ക്കു ചേരുന്നതല്ല എന്നു ക്രൈസ്തവ മാനേജുമെന്റുകള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വസ്തുനിഷ്ഠമായ കണക്കുകള്‍ നിരത്തി വ്യക്തമാക്കിയിരുന്നു. ഇന്നിപ്പോള്‍, തിരിഞ്ഞു നോക്കുമ്പോള്‍, സഭയുടെമേല്‍ കെട്ടിവയ്ക്കാന്‍ മത്സരിച്ച ലേബലുകള്‍ ആര്‍ക്കാണ് നന്നായി ചേരുന്നതെന്ന്, അന്ന് സമരം നടത്തി സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരള സമൂഹത്തിനും അറിയാം. എങ്കിലും, ഇപ്പോഴും അവസരം കിട്ടുമ്പോഴൊക്കെ, സ്വാശ്രയ ഏണിവച്ചു ക്രൈസ്തവ സമൂഹത്തെ താറടിക്കാനാണ് മിക്ക മാധ്യമങ്ങള്‍ക്കും നിരീക്ഷകര്‍ക്കും താല്‍പര്യം!

ശരിയായ തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും ഭരണത്തിലിരുന്നവര്‍ക്കു കഴിയാതെപോയതാണ്, യഥാര്‍ത്ഥത്തില്‍ ടി. എം എ. പൈ കേസിന്റെ വിധിയെത്തുടര്‍ന്ന് ഈ രംഗത്ത് പ്രതിസന്ധി രൂപപ്പെടാന്‍ കാരണം. ഇക്കാര്യം മറച്ചുവച്ച്, മുന്‍പുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ കേസിന്റെ മറപിടിച്ചു ഫിഫ്റ്റി + ഫിഫ്റ്റി ഫോര്‍മുലയില്‍, കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സോഷ്യലിസം നടപ്പാക്കുന്നതായി ഭാവിച്ചു. ഇതിനുപിന്നില്‍ ഒളിച്ചിരുന്ന അനധികൃതവും നിയമ വിരുദ്ധവുമായ ധാരണകള്‍ അങ്ങേയറ്റം അഴിമതിയുടേത് മാത്രമായിരുന്നു എന്ന് ഇപ്പോള്‍ ആര്‍ക്കാണ് മനസിലാകാത്തത്!
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിന്റെ ആരംഭത്തിലുണ്ടായ മറ്റൊരു സംഭവവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതുതന്നെയായിരുന്നു: 2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറായ ടി. ജെ. ജോസഫ് എന്ന അധ്യാപകന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയും ഇടതു കാല്പാദം കൊത്തിയരിയുകയും ചെയ്തു.

പ്രസ്തുത അധ്യാപകന്‍ തയാറാക്കിയ ചോദ്യപേപ്പറില്‍ ‘പ്രവാചകനിന്ദയും മതനിന്ദയുമുണ്ട്’ എന്നാരോപിച്ചായിരുന്നു ആക്രമണം.
2010 മാര്‍ച്ച് 23-ന് തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി. കോം മലയാളം ഇന്റേണല്‍ പരീക്ഷയില്‍ ചിഹ്നങ്ങള്‍ ചേര്‍ത്തെഴുതാന്‍ നല്‍കിയ ഒരു ചോദ്യത്തില്‍നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്നു ചില മുസ്‌ലിം സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തില്‍, ‘അധ്യാപകന്റെ ഭാഗത്തുനിന്നു വിവേകക്കുറവുണ്ടായി’ എന്നു കണ്ടെത്തിയ കോളജധികൃതര്‍, അധ്യാപകനെ സസ്‌പെന്‍ഡു ചെയ്യുകയും യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും, തങ്ങളുടെ സ്ഥാപനത്തില്‍നിന്നുണ്ടായ അവിവേകത്തിനു മുസ്‌ലിം സമൂഹത്തോട് മാപ്പുപറയുകയും ചെയ്തു.

എങ്കിലും, ഇസ്ലാമിക തീവ്രവാദികള്‍ ‘പ്രവാചക നിന്ദക്ക്’ ‘മതനിയമം’ അനുശാസിക്കുന്ന ശിക്ഷ നേരിട്ട് നടപ്പാക്കി. അങ്ങനെ, സ്വതന്ത്ര ഇന്ത്യയില്‍, രാജ്യത്തിന്റെ നിയമങ്ങള്‍ക്കു സമാന്തരമായി മറ്റൊരു നിയമവ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചു!
അധ്യാപകന്റെ പ്രവൃത്തിയിലെ ‘അവിവേകം’ കണ്ടെത്തിയ കോളജധികൃതരും സഭാധികാരികളും, സാമൂഹിക ഐക്യവും സമാധാനവും സമൂഹത്തില്‍ നിലനിര്‍ത്താനുള്ള ബാധ്യത ഏകപക്ഷീയമായി ഏറ്റെടുക്കുകയും അത് കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടില്‍, അധ്യാപകന്റെമേല്‍ വിട്ടുവീഴ്ചയില്ലാതെ നീതി നടപ്പാക്കുകയും ചെയ്തു!

അധ്യാപകന്‍ ഇട്ട ചോദ്യത്തിനും, അധ്യാപകന്റെമേല്‍ എടുത്ത ശിക്ഷണ നടപടിക്കും അധ്യാപകന്റെ കൈകാലുകള്‍ വെട്ടിയതിനുപോലും സഭയെ പ്രതിസ്ഥാനത്തുനിര്‍ത്തിക്കൊണ്ടുള്ള വിചാരണകള്‍ നടത്തുന്നതില്‍ മാധ്യമങ്ങള്‍ തമ്മില്‍ മത്സരിച്ചു! ‘കേരളത്തിന്റെ പൊതുബോധത്തില്‍,’ കത്തോലിക്കാ സഭ അങ്ങനെ വീണ്ടും പ്രതിരോധത്തിലായി! അപ്പോഴും ഒരു ചോദ്യത്തെ വ്യാഖ്യാനിച്ചു മതനിന്ദയും പ്രവാചക നിന്ദയുമാക്കി, ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ തല്ലിത്തകര്‍ക്കുകയും, അധ്യാപകന്റെമേല്‍ മതനിയമം അനുസരിച്ചുള്ള വിധി നടപ്പാക്കുകയും ചെയ്യാന്‍ കഴിയുന്നത്ര റാഡിക്കലൈസ് ചെയ്യപ്പെട്ട ഒരു വിഭാഗം, ഇവിടത്തെ മുസ്‌ലിം സമൂഹത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിനുനേരെ, മാധ്യമങ്ങളും നിരീക്ഷകരും സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളും കണ്ണടച്ചു!

ഇതേ ദശകത്തിന്റെ രണ്ടാം പാദം കൂടുതല്‍ കലുഷമായിരുന്നു. കത്തോലിക്കാ സഭയ്ക്കുള്ളില്‍നിന്നുയര്‍ന്നുകേട്ട ചില ഭിന്ന സ്വരങ്ങളും ചിലരുടെ വ്യക്തിജീവിതത്തിലെ വീഴ്ചകളും ഉപയോഗപ്പെടുത്തി, സഭക്കെതിരെയുള്ള നീക്കം ശക്തമാക്കിയെന്നു മാത്രമല്ല, മുമ്പുകാണാത്തവിധം സംഘടിതവുമായി. ഇതേകാലത്ത്, ജലന്ധര്‍ രൂപതയിലെ ബിഷപ്പിനെതിരെ, അദ്ദേഹത്തിന്റെ രൂപതയിലെതന്നെ കന്യാസ്ത്രീകളില്‍ ഒരു വിഭാഗത്തിനുണ്ടായിരുന്ന തര്‍ക്കങ്ങളും ഭിന്നതയും നീറിപ്പുകഞ്ഞ്, ഒരു അഗ്‌നിപര്‍വതംപോലെ കേരളത്തില്‍ വന്നു പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലവും ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്.
പരസ്പര ബന്ധമില്ലാതിരുന്ന പല വിഷയങ്ങളെ ബന്ധിപ്പിക്കുന്ന ആഖ്യാനങ്ങളിലൂടെ, കേരളത്തിലെ കത്തോലിക്കാ സഭാ സമൂഹങ്ങള്‍ക്കുനേരെയുള്ള, വിശിഷ്യാ അതിന്റെ നേതൃത്വ തലത്തിലുള്ളവര്‍ക്ക് നേരെയുള്ള ഒരു സംഘടിത പ്രക്ഷോഭമാക്കി അതിനെ മാറ്റാന്‍, അതിന്റെ സോഷ്യല്‍ എന്‍ജിനിയറിങ്ങിന് നേതൃത്വം നല്‍കിയവര്‍ക്ക് കഴിഞ്ഞു. പൊതു സമൂഹത്തില്‍ മാത്രമല്ല, സഭക്കുള്ളില്‍പോലും അതു വലിയതോതിലുള്ള അസ്വസ്ഥതകള്‍ ഇളക്കിവിടുകയും ചെയ്തു. അങ്ങനെ, മൂന്നു പതിറ്റാണ്ടോളം, ‘കേരളത്തിന്റെ പൊതുബോധത്തില്‍’ ‘പ്രതിരോധത്തില്‍’ നിര്‍ത്തപ്പെട്ടിരുന്ന സഭ, ശരിക്കും ‘പ്രതി’സ്ഥാനത്തേക്കു മാറ്റപ്പെടുന്ന കാഴ്ചയാണ് തുടര്‍ന്നുകണ്ടത്!

നിശബ്ദതയുടെ കാലം കഴിഞ്ഞു

സഭയുടെ നിശബ്ദതയും സത്യം താനേ വെളിപ്പെടുമെന്ന വിശ്വാസവും മാറിയ സാഹചര്യത്തില്‍ ഒന്നിനും പരിഹാരമല്ല, എന്ന തിരിച്ചറിവ് സഭയിലുണ്ടാക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞു എന്നതാണ് ഇത്തരം സംഭവങ്ങളില്‍നിന്നു സഭയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ പൊതുവെ ഉള്‍ക്കൊണ്ട പാഠം.
ചില സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍, ഇപ്പോള്‍ ചിലര്‍ക്ക് അങ്കലാപ്പാണ്! മതത്തെയും മതരാഷ്ട്രത്തെയും കൂട്ടിക്കെട്ടുന്ന ചിന്താധാരകളും പ്രത്യയശാസ്ത്രങ്ങളും സംഘടിത പ്രസ്ഥാനങ്ങളും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെതന്നെ കടിഞ്ഞാണ്‍ കരസ്ഥമാക്കുന്ന അപകടകരമായ സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടിയാല്‍, അത് ഏതെങ്കിലുമൊരു മതത്തിനുനേരെയുള്ള വിദ്വേഷ പ്രചാരണമാകുന്നതെങ്ങനെ?

ക്രൈസ്തവ സമൂഹത്തില്‍നിന്ന് ആരെങ്കിലും ന്യൂനപക്ഷ അവകാശങ്ങളെപ്പറ്റി സംസാരിച്ചാല്‍, അതില്‍ മറ്റു ന്യൂനപക്ഷങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? സമൂഹത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ചില മതാധിപത്യ പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്നത്, അനാവശ്യ ഭീതി വളര്‍ത്താനാണെന്നു പറയുന്നതിന് എന്തടിസ്ഥാനമാണുള്ളത്? ഇടതുവലതു രാഷ്ട്രീയ മുന്നണികള്‍ തീവ്രവാദ മത രാഷ്ട്രീയത്തെ തങ്ങള്‍ക്കു നേട്ടമുണ്ടാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിച്ചു വന്നിട്ടുണ്ട് എന്നതും വാസ്തവമല്ലേ?

വാസ്തവം ഇതായിരിക്കേ, കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങളും ചാനല്‍ ജഡ്ജിമാരും നിരീക്ഷകരും ഓണ്‍ലൈന്‍, യൂട്യൂബ് വിദഗ്ധരും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുംവിധം, കേരളത്തിന്റെ പൊതുബോധ’ത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെടേണ്ട എന്ത് പാതകമാണ് കേരള ക്രൈസ്തവ സമൂഹം കേരളത്തിലെ ജനങ്ങളോട് ചെയ്തിട്ടുള്ളത്? യഥാര്‍ത്ഥത്തില്‍ ഇവര്‍ ‘കേരളത്തിന്റെ പൊതുബോധം’ എന്നപേരില്‍ പ്രചരിപ്പിക്കുന്നത് ഒരു വ്യാജ നിര്‍മ്മിതിയാണ്. കളവാണ്. കേരളത്തിന്റെ പൊതുബോധം അതല്ല.

അവസാന വാക്ക് മാധ്യമങ്ങളുടേതല്ല

‘പൊതുബോധം’ എന്നത് ‘പൊതു നന്മ’ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സമൂഹത്തിന്റെ ബോധപൂര്‍വമായ ചുവടുവയ്പ്പിന്റെ പ്രതിഫലനമാണ്. അത് മാധ്യമങ്ങളുടെ മാത്രം സൃഷ്ടിയല്ല, നന്മയുള്ള മനുഷ്യരില്‍നിന്നും അവരുടെ ത്യാഗോജ്വലമായ ജീവിതങ്ങളില്‍നിന്നും സമൂഹ മനഃസാക്ഷി സ്വാംശീകരിച്ചെടുക്കുന്നതാണ് എന്ന തിരിച്ചറിവ് സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു. മനുഷ്യ സമൂഹങ്ങളിലെ നന്മ, തലമുറകളിലേക്ക് കൈമാറുന്നതില്‍ ആധുനിക മാധ്യമങ്ങളെക്കാള്‍ ഔപചാരിക വിദ്യാഭ്യാസത്തിനു ക്രിയാത്മകമായ പങ്കു വഹിക്കാനുണ്ട്. എല്ലാ മതങ്ങളിലെയും സ്വയം നവീകരണ ശക്തിയെ ഉണര്‍ത്തുന്നതില്‍ ഔപചാരിക വിദ്യാഭ്യാസത്തിനും മതവിദ്യാഭ്യാസത്തിനുമുള്ള പങ്ക് കുറച്ചുകണ്ടാല്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാന, സൗഹൃദ അന്തരീക്ഷത്തിന് പരിഹരിക്കാനാവാത്ത പിഴവ് സംഭവിച്ചുവെന്നു വരും.

ഈ രംഗത്ത്, കേരളത്തിന്റെ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങള്‍ക്കും തനതായ പങ്കുവഹിക്കാനുണ്ട്. മതങ്ങളുടെയും മനുഷ്യന്റെയും പാരസ്പരികതക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യ സഹനത്തിന്റെ വിമലീകരണ ശക്തിക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കലാ സാഹിത്യ സൃഷ്ടികള്‍ മനുഷ്യ വംശത്തിന്റെ ഈടു വയ്പ്പുകളാണ്. അതിന്റെ ശക്തി തിരിച്ചറിയുന്നിടത്താണ് സാംസ്‌കാരിക നായകര്‍ സമൂഹത്തിന്റെ ക്രിയാത്മക പരിവര്‍ത്തനത്തിനുള്ള പാതകള്‍ ജനങ്ങള്‍ക്കുമുന്‍പില്‍ വെട്ടിത്തുറന്നു വയ്ക്കുന്നത്. നമ്മുടെ സാംസ്‌കാരിക രംഗം ഈ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍നിന്നു പിന്നോക്കം പോയിട്ടുണ്ടോ എന്ന് ആത്മശോധന നടത്തേണ്ടതില്ലേ?

ദൃശ്യമാധ്യമങ്ങള്‍ ഒരുവിധത്തില്‍ സമൂഹത്തിന്റെ അനുഗ്രഹമാണ്. എന്നാല്‍, അതിന്റെ തള്ളിച്ചയില്‍, സമൂഹത്തെ അതിന്റെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്ന മറ്റു തൂണുകള്‍ ദുര്‍ബലമായി തകര്‍ന്നുവീഴാന്‍ ഇടയാക്കിയാല്‍, ഏതെങ്കിലും ഒരു മതത്തിനോ സമുദായത്തിനോ മാത്രമല്ല, എല്ലാ മത സമുദായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും, അവയുടെ നന്മകള്‍ നിലനിര്‍ത്താനും സമൂഹത്തെ സേവിക്കാനുമുള്ള കഴിവ് നഷ്ടമാകും. ഇതു സമൂഹത്തിന് അപരിഹാര്യമായ നഷ്ടമുണ്ടാക്കും.


ഫാ.വര്‍ഗീസ് വള്ളിക്കാട്ട്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?