Follow Us On

29

March

2024

Friday

അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ ?

അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ ?

പലരും പല തവണ ചോദിച്ചിട്ടുള്ളതാണിത്. അനേകം വര്‍ഷത്തെ പരിശീലനം കഴിഞ്ഞ്, അനേകം ആളുകളെ അവരുടെ പ്രതിസന്ധികളില്‍ നിന്ന് കൈപിടിച്ചു കയറ്റുകയും ആത്മീയമായും മാനസികമായും ഒക്കെ മറ്റുള്ളവര്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള പുരോഹിതരും കന്യാസ്ത്രീകളും ഒക്കെ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം.
ചോദ്യം അല്പം സങ്കീര്‍ണമാണെങ്കിലും ഉത്തരം വളരെ ലളിതമാണ്! അതിതീവ്രമായ വിഷാദരോഗ അവസ്ഥ പോലുള്ള മാനസിക ആരോഗ്യ പ്രശ്‌നം വരുമ്പോള്‍, ഇത് എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളില്‍ പലരും ആത്മഹത്യ ചെയ്‌തേക്കാം. അതില്‍ വൈദ്യന്‍ എന്നോ വൈദീകന്‍ എന്നോ നടന്‍ എന്നോ നടി എന്നോ പണ്ഡിതനും പാമരനും എന്നോ ധനവാനും ദരിദ്രനും എന്നോ വ്യത്യാസമില്ല. ഇന്ത്യയിലെ ഒരു വര്‍ഷത്തെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തില്‍ 10.2 ആയിരിക്കേ കേരളത്തിലേത് 24.3 ആണ്. അതായത് കേരളത്തില്‍ പതിനായിരത്തില്‍ രണ്ടുപേര്‍ (2.43) വെച്ച് ആത്മഹത്യ ചെയ്യുന്നു എന്ന് അര്‍ത്ഥം. (നാഷണല്‍ െ്രെകം ബ്യൂറോ റെക്കോര്‍ഡ്‌സ് 2019 രേഖകള്‍ പ്രകാരം)
ശാസ്ത്രീയമായ പഠനങ്ങള്‍ പ്രകാരം ആത്മഹത്യ ചെയ്ത 95 ശതമാനം ആളുകളും ഏതെങ്കിലും തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. ഈ 95 ശതമാനത്തില്‍ 80 ശതമാനവും ആളുകള്‍ വിഷാദരോഗ അവസ്ഥ ഉള്ളവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറച്ച് നാളുകള്‍ക്കു മുമ്പ് മരണമടഞ്ഞ വൈദികസഹോദരനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കൃത്യമായും മനസിലാകുന്നത് സാഹചര്യ സമ്മര്‍ദ്ദങ്ങളെക്കാള്‍ ഉപരിയായി അദ്ദേഹത്തിന് കടുത്ത വിഷാദ രോഗാവസ്ഥ ഉണ്ടായിരുന്നു എന്നാണ്. ഇത്തരം കടുത്ത വിഷാദരോഗം ഉള്ള ആളുകള്‍ ആത്മഹത്യാശ്രമം നടത്തുമ്പോള്‍ ഏതുവിധേനയും ആ ശ്രമം വിജയിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തും.
അതുകൊണ്ടാണ് നന്നായി നീന്തല്‍ അറിയാവുന്ന അദ്ദേഹം തന്റെ ഇരുകൈകളും കൂട്ടിക്കെട്ടി വെള്ളത്തിലേക്ക് ചാടിയത്. സൈക്കോളജിക്കല്‍ ഓട്ടോപ്‌സിയില്‍ അതിനെ ‘Intent to Die’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് മരണം ഉറപ്പാക്കാന്‍ എത്രത്തോളം തീവ്രമായി ആഗ്രഹിച്ചിരുന്നു എന്ന കാര്യം.
ആത്മഹത്യാ പ്രവണത ഒരു സൈക്യാട്രിക് എമര്‍ജന്‍സി / മാനസികാരോഗ്യ അത്യാഹിതം തന്നെ ആണ്. കൃത്യസമയത്ത് ഇടപെടുകയും ചികിത്സിക്കുകയും ചെയ്യുകയാണെങ്കില്‍ വിലപ്പെട്ട ഒരു ജീവനെ നമുക്ക് രക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, ദുരഭിമാനികളായ മലയാളികള്‍ പലരും നെഞ്ചുവിരിച്ച് ഒരു ഹൃദ്രോഗ വിദഗ്ധനെ കാണാന്‍ പോകുമ്പോള്‍, പലരും തലയില്‍ മുണ്ടിട്ടു കൊണ്ടാണ് തങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത്.
മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ അത്രയധികം അയിത്തം ഉണ്ട്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ സന്യാസ സമര്‍പ്പിതരില്‍ കാണപ്പെടുമ്പോള്‍ അതു തിരിച്ചറിയാനും വേണ്ട വിധം ശാസ്ത്രീയ ചികിത്സകള്‍ തേടാനും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥനയിലൂടെ മാത്രം അസുഖം മാറ്റാനും പൊതു സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്താനുമുളള പ്രവണതകള്‍ ശരിയായ ദിശയിലുള്ളവയല്ല.
മാനസിക രോഗങ്ങളെപ്പറ്റി മലയാളി മനസില്‍ സൂക്ഷിക്കുന്ന ഒരു തെറ്റിദ്ധാരണ മാനസിക രോഗങ്ങള്‍ക്ക് കാരണം പിശാചുബാധയാണ് എന്നുള്ളതാണ്. ഇതുമൂലം രണ്ട് പ്രധാന പ്രശ്‌നങ്ങളുണ്ട്; ഒന്നാമത്തെ കാര്യം, മാനസിക രോഗം ഉള്ള ആള്‍ ധാര്‍മികമായും ആത്മീയമായും മൂല്യച്യുതി ഉള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പിശാചുബാധ വന്നതെന്ന് പൊതുസമൂഹം അനുമാനിക്കുന്നു. അതുകൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താനും പുച്ഛത്തോടെ വീക്ഷിക്കാനും ഇടവരുന്നു. സമര്‍പ്പിതരുടെ ഇടയില്‍ ഇങ്ങനെ മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി വിലയിരുത്തപ്പെടുന്ന വ്യക്തികളെ പലപ്പോഴും ദൈവവിളിയില്‍ താല്‍പര്യം നഷ്ടപ്പെട്ടവരായി കരുതാന്‍ ഇടയുണ്ട്.
രണ്ടാമതായി, മാനസികരോഗങ്ങള്‍ ബാധശല്യം ആണെന്നുള്ള തെറ്റിദ്ധാരണ ഉള്ളതുകൊണ്ട് ആര്‍ക്കെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവര്‍ സ്വാഭാവികമായും അതിന് ശാസ്ത്രീയമായ ചികിത്സാരീതികള്‍ അവലംബിക്കാതെ സ്വയം ചികിത്സയോ അല്ലെങ്കില്‍ അശാസ്ത്രീയമായ മറ്റു മാര്‍ഗങ്ങളോ തേടുന്ന ദുരവസ്ഥ ഉണ്ടാകുന്നു. ചില സമയമങ്ങളില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ പിശാചുബാധയാണെന്ന് തെറ്റിദ്ധരിച്ച് അവരെ ധ്യാനങ്ങള്‍ക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും അയച്ച് മാനസാന്തരപ്പെടുത്താന്‍ പലരും പരിശ്രമിക്കാറുണ്ട്. ഇത് തീര്‍ച്ചയായും തിരുത്തപ്പെടേണ്ട പ്രവണതയാണ്.
മാനസിക രോഗത്തിനുള്ള പ്രാഥമികചികിത്സ
മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ഒരാളെ കണ്ടാല്‍ നമ്മള്‍ നല്‍കേണ്ട സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് അഥവാ മാനസിക പ്രാഥമിക ചികിത്സ എന്താണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമായ നിര്‍ദേശം നല്‍കുന്നുണ്ട്;
ലുക്ക്, ലിസണ്‍, ലിങ്ക് ( Look, Listen, Link ) എന്ന മൂന്ന് ഇംഗ്ലീഷ് വാക്കുകളില്‍ അതിനെ ചുരുക്കി നിര്‍വ്വചിക്കാം. (നോക്കുക, ശ്രവിക്കുക, ബന്ധപ്പെടുത്തുക)
• ലുക്ക് അഥവാ നോക്കുക
നമ്മുടെ ചുറ്റുമുള്ളവരുടെ മേല്‍ ജാഗ്രതയുടെ ഒരു കണ്ണ് എപ്പോഴും സൂക്ഷിക്കുക എന്നുള്ളതാണിത്. തുറന്ന മനസോടെ മാനസിക ക്ലേശം അനുഭവിക്കുന്നവരെ കണ്ടെത്താനും മനസിലാക്കാനും നമുക്ക് സാധിക്കണം.
• ലിസണ്‍ അഥവാ ശ്രവിക്കുക
മാനസിക അസ്വാസ്ഥ്യം ഉള്ളവരെ കണ്ടാല്‍, അവരോടൊപ്പം സമയം ചെലവഴിക്കാനും അവരെ കേള്‍ക്കാനും നാം തയാറാകണം. ചിലപ്പോള്‍ അവര്‍ ഒന്നുംതന്നെ പറഞ്ഞില്ലെങ്കിലും നമ്മള്‍ കൂടെയുണ്ട്, ശ്രവിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നുള്ള ഉറപ്പ് എങ്കിലും കൊടുക്കാന്‍ സാധിക്കണം.
• ലിങ്ക് അഥവാ ബന്ധപ്പെടുത്തുക
ഒരാള്‍ക്ക് മാനസിക ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് മനസ്സിലായാല്‍ അവരെ ഉത്തരവാദിത്വപ്പെട്ട മാനസികാരോഗ്യ പ്രവര്‍ത്തകരുമായി ഉടനെ ബന്ധപ്പെടുത്തുക എന്നുള്ളതാണ് ഏറ്റവും അഭികാമ്യം. ഒരു കൗണ്‍സിലറുമായോ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റോ സൈക്യാട്രിസ്റ്റുമായോ ഇവരെ ബന്ധപ്പെടുത്തുക.നമ്മുടെ ഇടയില്‍ നടക്കുന്ന ആത്മഹത്യകള്‍ പരിശോധിച്ചാല്‍ ഈ മൂന്നു തലങ്ങളിലും വീഴ്ചകള്‍ സംഭവിക്കുന്നുണ്ട് എന്ന് മനസിലാക്കാന്‍ സാധിക്കും.
മാനസിക ആരോഗ്യം ഇല്ലാതെ പൂര്‍ണ ആരോഗ്യം സാധ്യമല്ല എന്ന മുദ്രാവാക്യം നമുക്ക് മറക്കാതിരിക്കാം. നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് പരിശ്രമിക്കാം. അടുത്തൊരു ആത്മഹത്യ തടയാന്‍ നമുക്ക് ജാഗ്രതയോടെ ആയിരിക്കാം.


ഡോ.ഫാ.ഡേവ് അഗസ്റ്റിന്‍ അക്കര കപ്പൂച്ചിന്‍
ലേഖകന്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗം ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ റെസിഡന്റ് ഡോക്ടറാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?