Follow Us On

07

May

2021

Friday

നാടാര്‍ സംവരണം ദൈവവിശ്വാസം, ഗാന്ധിയന്‍മാര്‍ഗം, ഇച്ഛാശക്തി ഇവയുടെ വിജയം

നാടാര്‍ സംവരണം ദൈവവിശ്വാസം, ഗാന്ധിയന്‍മാര്‍ഗം,  ഇച്ഛാശക്തി ഇവയുടെ വിജയം

ഐക്യവും സമത്വവും വിഭാവനം ചെയ്യുന്ന ഒരു ജനാധിപത്യാധിഷ്ഠിത ഭരണഘടനയാണ് നമ്മുടേത്. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ പിന്നാക്കം പോയ ജനവിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും കൈപിടിച്ചുയര്‍ത്താന്‍ ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത സംവരണാനുകൂല്യം ഒരേ സമയം ജനാധിപത്യപരവും മാനുഷികവുമാണ്. എന്നാല്‍ സംവരണാനുകൂല്യത്തിന്റെ ഫലങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ഒരുപോലെ സംലഭ്യമാണോ എന്നത് സംവാദത്തിന്റെ മേഖലയാണ്.

സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിച്ച അനീതിക്ക് വിധേയമായ നാടാര്‍ സമുദായത്തിലെ ഒരു വിഭാഗം ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമായിരുന്നു 2021 ഫെബ്രുവരി 3 ബുധനാഴ്ച കേരള സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം: മതപരിഗണനകൂടാതെ നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണാനുകൂല്യ പരിരക്ഷ. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേയുള്ളവര്‍ക്ക് നാടാര്‍ സംവരണ വിഷയത്തിന്റെ തീവ്രതയും ഗൗരവവും അത്രമേല്‍ അറിയില്ലായെന്ന പരമാര്‍ത്ഥം അറിയുന്നതിനാലാണ് പൊതുസമൂഹത്തിനായി ഈ ലേഖനമെഴുതുന്നത്.

ചരിത്രത്തിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം

കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപിച്ചുകിടക്കുന്ന ജനവിഭാഗമാണ് നാടാര്‍ സമുദായം. കാലഗതിയില്‍ ഈ സമുദായം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം പോയി എന്നത് ചരിത്ര സത്യമാണ്. അതുകൊണ്ടാണ് നാടാര്‍ സമുദായത്തിന് പ്രത്യേക ആനുകൂല്യം നല്‍കി വന്നിരുന്നത്. അവിടെ മതത്തിന്റേയോ വിശ്വാസത്തിന്റേയോ പേരില്‍ വിവേചനം ഇല്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം 1949-ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ ഭരണഘടനാനുസൃതമായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ പഠനം നടത്തി പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് (നാടാര്‍, ഈഴവ, വിശ്വകര്‍മ്മ മുതലായവ) ക്രിസ്തുമതം സ്വീകരിച്ച എല്ലാവരേയും പിന്നാക്ക വിഭാഗമായി അംഗീകരിച്ച് 521528/50/cs dt:17.9.1952 എന്ന ഉത്തരവിലൂടെ സംവരണാവകാശം നല്‍കിയിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായ ശേഷവും ഈ അവകാശം തുടര്‍ന്നു.

കേരളപ്പിറവിക്കുശേഷം, 1957 ഡിസംബര്‍ 14-ന് ഒരു അസാധാരണ സര്‍ക്കാര്‍ ഉത്തരവിലൂടെ കേരള സര്‍ക്കാര്‍ “-മറ്റു ക്രിസ്ത്യാനികള്‍” എന്ന പട്ടികയില്‍ വരുത്തിയ മാറ്റം മലങ്കര കത്തോലിക്കാസഭയില്‍ അംഗങ്ങളായ നാടാര്‍ സമുദായാംഗങ്ങളെ പിന്നാക്ക വിഭാഗപട്ടികയില്‍ നിന്നുതന്നെ പുറത്താക്കി. “മറ്റു ക്രിസ്ത്യാനികള്‍” എന്ന പട്ടികയില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗം വിഭാഗങ്ങളില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍ മാത്രം എന്നാണ് മാറ്റം വരുത്തിയത് (DR-S No. 26706/57/D-D). അക്കാരണത്താല്‍ മലങ്കര കത്തോലിക്കാ സഭയിലുള്‍പ്പെടെ 45-ല്‍പരം സഭകളില്‍ അംഗങ്ങളായ നാടാര്‍ സമുദായാംഗങ്ങള്‍ക്കു കഴിഞ്ഞ 58 വര്‍ഷങ്ങളായി സംവരണ പരിരക്ഷ നഷ്ടപ്പെട്ട് കഴിയുകയായിരുന്നു.

മതപരമായ വിവേചനം ഭരണഘടനാ വിരുദ്ധമാണ്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കടുത്ത സാമൂഹിക നീതിനിഷേധത്തിലൂടെയാണ് നാടാര്‍ വിഭാഗത്തിലെ (ലത്തീന്‍, എസ്.ഐ.യു.സി ഒഴികെയുള്ള) ക്രൈസ്തവര്‍ സംവരണാനുകൂല്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പിന്നാക്ക ജനസമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് പഠിച്ച് ശുപാര്‍ശകള്‍ നല്‍കാന്‍ നിയോഗിച്ച 1955-ലെ കാക്കാ കലേല്‍ക്കര്‍ കമ്മിഷന്‍, 1965-ലെ ജി. കുമാരപിള്ള കമ്മിഷന്‍, 1970-ലെ സന്താനം കമ്മിറ്റി, 1975-ലെ ചിതംബരം കമ്മിഷന്‍, 1980-ലെ മണ്ഡല്‍ കമ്മിഷന്‍ ഇവയെല്ലാം പിന്നാക്ക വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരുടെ പിന്നോക്കാവസ്ഥയെ എടുത്തു കാട്ടുന്നുണ്ട്. ക്രൈസ്തവ വിശ്വാസികളോട് മാത്രം ഇത്തരം സാമൂഹിക വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ അന്തസിനു നിരക്കാത്തതും മനുഷ്യത്വരഹിതവും ആണെന്നത് പകല്‍ പോലെ വ്യക്തമാണ്. പഠന കമ്മിറ്റികളുടെ ഈ കണ്ടെത്തലുകളൊന്നും അധികാരത്തിലിരുന്ന ആരും മുഖവിലക്കെടുത്തില്ല. ഒരു മതം വിട്ട് മറ്റൊരു മതം സ്വീകരിച്ചാല്‍ മൗലിക അവകാശങ്ങളും ജന്മാവകാശവും പൗരാവകാശങ്ങളും എല്ലാം നഷ്ടമാവുന്ന അവസ്ഥ സാമൂഹിക നീതിയുടെ നഗ്നമായ ലംഘനമാണെന്നതില്‍ രണ്ടുപക്ഷമില്ല.

നീതിക്കുവേണ്ടിയുള്ള സമരം കഴിഞ്ഞ നൂറ്റാണ്ടില്‍

നാടാര്‍ സമുദായത്തിലെ മുഴുവന്‍പേര്‍ക്കും മതപരിഗണന കൂടാതെ സംവരണാനുകൂല്യം ലഭ്യമാക്കാനായി നടന്ന പരിശ്രമങ്ങളില്‍ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വം പ്രസ്താവ്യമാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോടും കേരള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനോടും ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമേനി നീതി നിഷേധത്തിന്റെ ഈ വിഷയം പലയാവര്‍ത്തി അവതരിപ്പിച്ചു.

ഓരോ പത്തു കൊല്ലം കൂടുമ്പോഴും സമുദായങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥ പഠിച്ച് അതിന്റെ അടിസ്ഥാനത്തില്‍ സംവരണ പരിരക്ഷതത്വം പുനഃക്രമീകരിക്കണമെന്നതാണ് വ്യവസ്ഥ. ഇവിടെ 1956-നുശേഷം ഇന്നേവരെ അങ്ങനെയൊരു പഠനം നടന്നിട്ടില്ല. ഭരണത്തിലും, രാഷ്ട്രീയത്തിലും സ്വാധീനമുള്ള വിഭാഗങ്ങള്‍ യാതൊരു ശാസ്ത്രീയ പഠനവും കൂടാതെ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ സ്വായത്തമാക്കുന്നു. നീതിനിഷേധിക്കപ്പെട്ടവര്‍ കാഴ്ചക്കാരായി സാമൂഹ്യ ജീവിതത്തിന്റെ വിളുമ്പിലേയ്ക്ക് വീണ്ടും വീണ്ടും മാറ്റപ്പെടുന്നു. നീതിക്കുവേണ്ടിയുള്ള നാടാര്‍ സമുദായത്തിന്റെ നിലവിളിക്കുനേരെ ചെവിയടച്ച ഭരണകൂടങ്ങള്‍ യുക്തിക്കു നിരക്കാത്ത ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തങ്ങളുടെ ജനാധിപത്യപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയായിരുന്നു.

അസമത്വത്തിന്റെ ബാക്കി പത്രം

1996 മുതല്‍ സിറില്‍ മാര്‍ ബസേലിയോസ് ബാവാ തിരുമേനിയും മലങ്കര കാത്തലിക് അസോസിയേഷന്റെ പ്രതിനിധികളും ഉള്‍പ്പെടെ വിവിധ നാടാര്‍ സംഘടനകളും കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര പിന്നാക്കവിഭാഗ കമ്മീഷനും നല്കിയ പരാതികള്‍ പരിഗണിച്ചാണ് നാടാര്‍ സമുദായം ഒന്നാകെ പിന്നാക്കമായി കണ്ട് 2000 ഏപ്രില്‍ 4-ന് ഭാരതസര്‍ക്കാര്‍ ദേശീയ തലത്തില്‍ നാടാര്‍ സംവരണം നടപ്പിലാക്കിയത്. അപ്പോഴും ക്രൈസ്ത വിശ്വാസികളായ നാടാര്‍ സമുദായാംഗങ്ങളെ പിന്നാക്ക പട്ടികയില്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല എന്നതാണ് വിരോധാഭാസം. അസമത്വമുളവാക്കുന്ന ഈ സംവരണക്രമത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യന്‍ നാടാര്‍ സമുദായാംഗങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പിന്നാക്കക്കാരും സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനങ്ങളില്‍ മുന്നോക്കക്കാരുമാകുന്ന മനുഷ്യയുക്തിക്കും സാമൂഹിക നീതിക്കും നിരക്കാത്ത സ്ഥിതിവിശേഷം ഉണ്ടായി.

സംവരണക്രമത്തിലെ അനീതി

നാടാര്‍ കുടുംബങ്ങളില്‍ 4% സംവരണ പരിരക്ഷ അനുഭവിക്കുന്ന ലത്തീന്‍ കത്തോലിക്കാ സഭാംഗവും 1% സംവരണം അനുഭവിക്കുന്ന ഹിന്ദു വിശ്വാസിയും 1% പ്രത്യേക സംവരണം അനുഭവിക്കുന്ന ടകഡഇ യിലുള്‍പ്പെടുന്ന സി.എസ്.ഐ. സഭാംഗവും എല്ലാം ഒരപ്പന്റെയും ഒരമ്മയുടെയും മക്കളായി ഒരു വീട്ടില്‍ തന്നെയുണ്ട്. ഈ 3 പട്ടികയിലും പെടാത്ത മറ്റു മക്കള്‍ക്ക് സര്‍ക്കാര്‍ സമുദായ ലിസ്റ്റില്‍ പേരുചേര്‍ക്കാന്‍ പോലും സാധ്യമല്ലായിരുന്നു. സാമുദായികമായി വ്യക്തിത്വം പോലും പറയാന്‍ പറ്റാത്ത വിവേചനത്തിന്റെ തീച്ചുളയിലൂടെയാണ് നാടാര്‍ സമുദായത്തിലെ ഇപ്പോള്‍ സംവരണാനുകൂല്യം ലഭിച്ച മക്കള്‍ ഇതുവരെ ജീവിച്ചിരുന്നത്.

മലങ്കരകത്തോലിക്കാ സഭ സമരമുഖത്തേക്ക്

നാടാര്‍ സമുദായാംഗങ്ങളില്‍ അവകാശ ബോധം ഉണര്‍ത്താനും പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേയ്ക്ക് ഈ വിഷയം കൊണ്ടുവരാനുമായി ആര്‍ച്ചുബിഷപ് സിറില്‍ മാര്‍ ബസേലിയോസ് പിതാവ് 2000-ാമാണ്ടില്‍ അരലക്ഷത്തോളം ആളുകളെകൂട്ടി ഒരു സമ്മേളനം കാട്ടാക്കടയില്‍ വിളിച്ചു കൂട്ടി. 2003 ജൂലൈ മാസം മലങ്കര കത്തോലിക്കാ പിന്നാക്ക വിഭാഗസമുദ്ധാരണ പ്രസ്ഥാനം എന്ന നിലയില്‍ സംഘടനാപരമായ മുന്നേറ്റം ആരംഭിക്കുകയും നീതിന്യായ കോടതിയെ സമീപിച്ച് നീതി നേടാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നാടാര്‍ സമുദായത്തിലെ ഒരു വിഭാഗത്തിനു നഷ്ടപ്പെട്ട സംവരണാവകാശം ലഭ്യമാക്കാനായി ആദ്യമായി കോടതിയെ സമീപിച്ചത് മലങ്കര കത്തോലിക്കാ സഭയാണ്.

2001 മുതലുള്ള മന്ത്രിസഭയുടെ കാലത്ത് നിയമസഭയിലെ 120 എം.എല്‍.എ.മാരെയും 20 മന്ത്രിമാരെയും പ്രത്യേകം പ്രത്യേകം കണ്ട് നാടാര്‍ സംവരണാവശ്യം ഉന്നയിച്ചു, പരാതികള്‍ നല്കി. ജോണി നെല്ലൂര്‍, പി.സി. ജോര്‍ജ് എന്നീ എം.എല്‍.എ.മാര്‍ ഈ വിഷയം പഠിച്ച് നിയമസഭയില്‍ എത്തിച്ചു. ജോണി നെല്ലൂര്‍ പ്രത്യേക ശ്രദ്ധക്ഷണിക്കല്‍ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. ചോദ്യോത്തരവേളയില്‍ ചോദ്യം ഉന്നയിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ. പല സന്ദര്‍ഭങ്ങളിലും ഈ സംരംഭത്തില്‍ സഹകാരിയായി.

2007-ല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാദ്ധ്യക്ഷനായി തിരുവനന്തപുരത്ത് ചുമതലയേറ്റെടുത്തപ്പോള്‍ എന്റെ പരിഗണനയില്‍ പ്രഥമ സ്ഥാനത്തുണ്ടായിരുന്നത് നാടാര്‍ വിഭാഗം ജനങ്ങളുടെ നീതിനിഷേധത്തിന്റെ കാര്യമായിരുന്നു. ഈ വിഷയത്തിന്റെ വേദന മലസ്സിലാക്കിയ നിമിഷം മുതല്‍ നാടാര്‍ സംവരണ വിഷയം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ”മലങ്കര കാത്തലിക് നാടാര്‍ മൂവ്‌മെന്റ്” സ്ഥാപിച്ചുകൊണ്ട് നീതിക്കുവേണ്ടിയുള്ള പോരാട്ടം രാഷ്ട്രീയമായും നിയമപരമായും മുന്നോട്ടു കൊണ്ടുപോകാനും സാമൂഹ്യബോധവത്ക്കര ണത്തിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അരനൂറ്റാണ്ടിലധികമായി തുടരുന്ന നീതിനിഷേധം പൊതുജന സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ 2008 സെപ്തംബര്‍ 22, 23 തീയതികളില്‍ 24 മണിക്കൂര്‍ ഉപവാസം അനുഷ്ഠിക്കുകയും അതിനോട് ചേര്‍ത്ത് പാളയം സെന്റ് മേരീസ് ബസിലിക്കായില്‍ പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് വച്ച് വൈദികരുടേയും സിസ്റ്റേഴ്‌സിന്റെയും അല്മായരുടേയും നേതൃത്വത്തില്‍ 26 മണിക്കൂര്‍ ദിവ്യകാരുണ്യാരാധന നടത്തുകയും ചെയ്തു. ഈ ഉപവാസ സമരത്തില്‍ എല്ലാ മുന്നണികളിലെയും നിരവധി എം.എല്‍.എ മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍, സാംസ്‌കാരിക നായകര്‍, വിവിധ നാടാര്‍ സംഘടനാ നേതാക്കള്‍, സഭാമക്കള്‍ എല്ലാവരും സജീവമായി പിന്തുണച്ചു. ഉപവാസം അവസാനിക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. സഭയിലെ പിതാക്കന്മാരും വൈദികരും മലങ്കര കാത്തലിക് അസോസിയേഷനും ഇക്കാര്യത്തില്‍ നല്‍കിയ പിന്‍ബലം നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

നാടാര്‍ സംവരണാനുകൂല്യം നിഷേധിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിച്ചു കൊണ്ട് 2009 സെപ്തംബര്‍ 16-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കിഴക്കേകോട്ട ഗാന്ധിപാര്‍ക്കിലേയ്ക്ക് കൂറ്റന്‍ പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും സംഘടിപ്പിച്ചു. ആ വര്‍ഷം ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ വില്ലേജാഫീസുകള്‍ക്കു മുമ്പിലും നെയ്യാറ്റിന്‍കര ബസ്സ്റ്റാന്റിലും ധര്‍ണ്ണകള്‍ സംഘടിപ്പിച്ചു. 2009 നവംബര്‍ 22-ന് ബാലരാമപുരത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തു. സംവരണേതര നാടാര്‍ സമുദായാംഗങ്ങളോട് കാട്ടിയ നിഷേധത്തിനെതിരെ 2009 നവംബര്‍ 29 തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ എല്ലാ ഇടവകകളിലും പ്രതിഷേധ ദിനമായി ആചരിച്ചു. ഡിസംബര്‍ 3-ന് നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണ പരിരക്ഷ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സഭാംഗങ്ങളായ ഒരു ലക്ഷംപേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി. അധികാരികളുടെ കണ്ണു തുറപ്പിക്കാനായി 2010 ഫെബ്രുവരി 15-ന് മലങ്കര കത്തോലിക്കാ സഭയിലെ അമ്മമാരുടെയും കുട്ടികളുടെയും ധര്‍ണ്ണ സെക്രട്ടറിയേറ്റ് പടിക്കല്‍ സംഘടിപ്പിച്ചു.

2012-ല്‍ നാടാര്‍ സംവരണ വിഷയവുമായി ബന്ധപ്പെട്ട് പല തവണ മുഖ്യമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തി. അതേ തുടര്‍ന്ന് നാടാര്‍ സംവരണം സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് നയത്തിനനുസൃതമായി കേരളത്തിലെ നാടാര്‍ ക്രൈസ്തവര്‍ക്കെല്ലാം സംവരണ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് എം.എം. ഹരിഹരന്‍നായരെ കമ്മീഷനായി നിയമിച്ചു. നീതിനിഷേധത്തിലൂടെ സാമൂഹിക വിവേചനത്തിനിരയായ മലങ്കര കത്തോലിക്കാ സഭയിലെ നാടാര്‍ കുടുംബത്തിലെ 2 വ്യക്തികളും ഞാനും കക്ഷികളായി 2012-ല്‍ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ മുഖേന WP(C)21849/12 എന്ന നമ്പരായി കേരളാ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ സംവരണം നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് കേരള ഹൈക്കോടതി 29.11.2015 ല്‍ ഉത്തരവു പുറപ്പെടുവിച്ചെങ്കിലും 2 പ്രാവശ്യം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിന്നും സമയം നീട്ടിവാങ്ങി പ്രസ്തുത ഉത്തരവ് അനിശ്ചിതത്വത്തിലാക്കി.

തുടര്‍ന്ന് ഗവണ്‍മെന്റിനും പിന്നാക്കകമ്മിഷനും എതിരെ Cont (c) 937/2018 എന്ന നമ്പരായി കോര്‍ട്ട് അലക്ഷ്യം ഫയല്‍ ചെയ്തു. പ്രസ്തുത പെറ്റിഷന്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. 2015 മെയ് 31-ന് മലങ്കര കാത്തലിക് നാടാര്‍ മൂവ്‌മെന്റിന്റെയും വി.എസ്.ഡി.പി.യുടെയും സംവരണം നിഷേധിക്കപ്പെട്ട മറ്റു സഭകളുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തിലേയ്ക്ക് സംവരണാനുകൂല്യം നഷ്ടപ്പെട്ട നാടാര്‍ സമുദായാംഗങ്ങളെ ഒരുമിച്ചു കൂട്ടി അവകാശ പ്രഖ്യാപന റാലിയും സംഗമവും സംഘടിപ്പിച്ചു. അന്‍പതിനായിരത്തിലധികം നാടാര്‍ സമുദായാംഗങ്ങള്‍ ഇതില്‍ പങ്കുചേര്‍ന്നു.

നാടാര്‍ സമുദായത്തിന് മതരപരമായ വിവേചനം കൂടാതെ സംവരണ പരിരക്ഷ ഉറപ്പാക്കാനായി പൊതു സമൂഹത്തിന്റേയും രാഷ്ട്രീയ ഭരണനേതൃത്വത്തിന്റേയും ശ്രദ്ധ ക്ഷണിക്കാനായി മലങ്കര കത്തോലിക്കാ സഭയെടുത്ത ധീരമായ ചുവടുവയ്പ്പിന്റെ ചരിത്രമാണിത്.

സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച സാമൂഹികനീതി

നീതി നടപ്പാക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടിട്ടും അതു നടപ്പിലാക്കാന്‍ സാധ്യമല്ലാത്തവിധം സമര്‍ദ്ദത്തിലായ ഭരണനേതൃത്വങ്ങളുടെ ഇച്ഛാശക്തിയെക്കുറിച്ച് സംശയിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഒരുനാള്‍ നീതി നടപ്പാകുമെന്ന ഉറച്ച ബോധ്യത്തോടെ ഗാന്ധിയന്‍ സമരമാര്‍ഗത്തില്‍ ദൈവാശ്രയത്തില്‍ സ്ഥിരതയോടെ നിലകൊണ്ടതുകൊണ്ടാണ് അന്തിമവിജയം നേടാന്‍ സാധിച്ചത്. എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിനു സാധിച്ചു എന്ന മാതൃകാപരമായ നിലപാടില്‍ ഈ സര്‍ക്കാരിനോട് നാടാര്‍ സമൂഹം കടപ്പെട്ടിരിക്കുന്നു.

എല്ലാ നാടാര്‍ മക്കള്‍ക്കും സംവരണം

മലങ്കര കത്തോലിക്കാ സഭ ഈ നീതി നിഷേധത്തിനെതിരെ സംഘടിതമായ മുന്നേറ്റം നടത്തിയപ്പോള്‍, നീതി നിര്‍വ്വഹണത്തില്‍ വിവേചനം പാടില്ലാ എന്ന ഉറച്ച നിലപാടുകളോടെയാണ് ആദ്യംമുതലേ നിലകൊണ്ടത്. സംവരണേതര നാടാര്‍ വിഭാഗങ്ങളെയെല്ലാം ചേര്‍ത്ത് അവര്‍ക്കുവേണ്ടി നിലകൊള്ളാന്‍ മലങ്കര കത്തോലിക്കാസഭയ്ക്ക് കഴിഞ്ഞുവെന്നത് ദൈവനിയോഗമായി ഞാന്‍ കാണുന്നു. എല്ലാവരെയും കൂട്ടിയുള്ള ആലോചനാ യോഗങ്ങള്‍ക്ക് എപ്പോഴും പട്ടത്തെ മേജര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസാണ് വേദിയായിരുന്നത്.

അജപാലന വെല്ലുവിളി

ഒരു സഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ അജപാലന ശുശ്രൂഷയില്‍ ഉള്‍പ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ വേദനകള്‍ പലപ്പോഴും ഹൃദയഭേദകമായ അനുഭവമായിരുന്നു. മറ്റുള്ളവരെപ്പോലെ യോഗ്യതനേടിയിട്ടും പഠന-ജോലി സാധ്യതകള്‍ നിഷേധിക്കപ്പെട്ട അനേകം യുവതീ-യുവാക്കന്മാരുടെ ഹൃദയനൊമ്പരം നേരിട്ടു കാണേണ്ടി വന്നിട്ടുണ്ട്. അര്‍ഹമായ ആനുകൂല്യം നേടണമെങ്കില്‍ ഇതുവരെ മുറുകെപിടിച്ച വിശ്വാസം ഉപേക്ഷിക്കേണ്ട സാഹചര്യം സംജാതമാക്കിയ സഭാമക്കളുടെ കണ്ണുനീരിനു മുന്നില്‍ പലപ്പോഴും നിസ്സഹായനായി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രലോഭനങ്ങളെ അതിജീവിച്ച് വിശ്വാസത്തില്‍ ഉറച്ചു നിന്ന് നീതിക്കുവേണ്ടി മടുപ്പുകൂടാതെ പ്രാര്‍ഥിച്ച സഭാമക്കളെക്കുറിച്ച് സഭാധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.

പ്രാര്‍ത്ഥനയുടെ വിജയം

വ്യക്തികളായും സമൂഹങ്ങളായും വര്‍ഷങ്ങളോളം തുടര്‍ന്ന പ്രാര്‍ത്ഥയ്ക്കുത്തരമായിട്ടാണ് ഇപ്പോള്‍ നീതി ലഭിച്ചിരിക്കുന്നത്. ഇടവക കൂട്ടായ്മകളും വൈദികജില്ലാ കൂട്ടായ്മകളും മേജര്‍ അതിരൂപതയും വിവിധ രൂപതകളും ഒരു വ്യക്തിഗത സഭയായിട്ടും ഉപവാസത്തോടും ത്യാഗത്തോടും കൂടി നടത്തിവന്ന പ്രാര്‍ത്ഥനായജ്ഞത്തിന്റെ വിജയത്തെ തടുക്കാന്‍ ഈ ലോകത്തിലെ മാനുഷികമായ ഒരു ശക്തിക്കും സാധ്യമല്ലായെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അനേക നാളത്തെ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമാണ് ഇപ്പോള്‍ കിട്ടിയ നീതി.

ഗാന്ധിയന്‍ മാര്‍ഗത്തിന്റെ വിജയം

രാഷ്ട്രപിതാവ് കാട്ടിത്തന്ന സമാധാന മാര്‍ഗത്തിലൂടെ സാമൂഹിക നീതി നേടിയെടുക്കാന്‍ സാധിക്കുമെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ അടിയുറച്ചു വിശ്വസിക്കുന്നു. ഉപവാസ സമരം, സത്യാഗ്രഹം, പൊതു റാലി, മഹാ സമ്മേളനങ്ങള്‍ ഇവയെല്ലാം പൊതുജന ജീവിതത്തെ ഒരുതരത്തിലും തടസ്സപ്പെടുത്താതെ സംഘടിപ്പിച്ചുകൊണ്ട് ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാന്‍ സാധിച്ചു എന്നതാണ് ഈ സമരമാര്‍ഗത്തിന്റെ വിജയം. നീതി നിഷേധങ്ങള്‍ തിരുത്തപ്പെടേണ്ട തെറ്റുകളാണ്. കാലത്തിന്റെ പ്രയാണത്തില്‍ അത്തരം തിന്മകള്‍ക്കെതിരെ സമൂഹമനസാക്ഷി ഉണരേണ്ടതാണ്. ഇന്നല്ലെങ്കില്‍ നാളെ നീതി നടപ്പിലാവുക തന്നെ ചെയ്യും. കേരളത്തില്‍ വേരുറപ്പിക്കുവാന്‍ ശ്രമിക്കുന്ന വര്‍ഗീയതയെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കാം. നീതി നിഷേധിക്കപ്പെടുന്ന സമൂഹങ്ങള്‍ക്ക് മതപരിഗണന കൂടാതെ തന്നെ നീതി ഉറപ്പാക്കുവാന്‍ ഒരു ജനതയായി നമുക്ക് കൈകോര്‍ക്കാം, ഒരുമിച്ചുനീങ്ങാം!


കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കബാവാ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?