ബ്ര. മാത്യു കാവുങ്കലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നാം. പ്രവര്‍ത്തനങ്ങളിലെ വൈവിധ്യങ്ങള്‍ മാത്രമല്ല 80-ാം വയസിലെത്തിയ ഒരാളാണോ ഇതെല്ലാം ഏകോപിപ്പിക്കുന്നതെന്ന തിരിച്ചറിവുകൂടിയാണ് അമ്പരപ്പ് സൃഷ്ടിക്കുന്നത്. സഹജീവികളോടുള്ള കരുതലും സ്നേഹവും നിറഞ്ഞ മനസായിരിക്കാം അദ്ദേഹത്തിന് എണ്‍പതാം വയസിലും ഒരു ചെറുപ്പക്കാരന്റെ ഊര്‍ജസ്വലത സമ്മാനിക്കുന്നത്. ഇറ്റലിയിലെ ‘ഇസ്ട്രാന’ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ മിഷനറി ബ്രഹൃത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കേരളത്തില്‍പ്പോലും അത്ര പ്രശസ്തനല്ല. പ്രശസ്തിയില്‍നിന്നും അകലംപാലിക്കുന്നതാണ് ബ്ര. കാവുങ്കലിന്റെ ശൈലി, ദൈവം ഏല്പിച്ച ഉത്തരവാദിത്വം നിര്‍വഹിച്ച ദാസന് എന്ന മനോഭാവത്തോടെ. ഫെബ്രുവരി 22-ന് അദ്ദേഹത്തിന് 80 വയസ് പൂര്‍ത്തിയാകും. ഒപ്പം സന്യാസ സമര്‍പ്പണത്തിന്റെ 60-ാം വര്‍ഷവും. മറ്റുള്ളവരുടെ വേദനകളും രോഗങ്ങളും പ്രശ്നങ്ങളുമെല്ലാം നമുക്ക് പ്രവര്‍ത്തിക്കാന്‍ ദൈവം ഒരുക്കുന്ന അനുഗ്രഹം നിറഞ്ഞ അവസരങ്ങളായിട്ടാണ് ബ്ര. കാവുങ്കല്‍ കാണുന്നത്.
സഹായിക്കാം, ഒരു നിബന്ധനമാത്രം
ബ്രദര്‍ മാത്യുവിന്റെ ജീവിതത്തിന്റെമേല്‍ ദൈവം കയ്യൊപ്പ് ചാര്‍ത്തിയപ്പോള്‍ ആറ്റുതീരത്ത് നില്ക്കുന്ന വൃക്ഷംപോലെ വന്‍ തരുവായി വളര്‍ന്നു, ഒപ്പം ചുറ്റുപാടുമുള്ളവരും. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വേറിട്ട പാതയിലൂടെ സഞ്ചരിക്കാനുള്ള പ്രത്യേക വിളിയാണ് ദൈവം ബ്രദര്‍ മാത്യുവിന് നല്‍കിയിട്ടുള്ളത്. ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള് എനിക്ക് തന്നെയാണ് ചെയ്തത് എന്ന ക്രിസ്തു മൊഴി ഹൃദയമന്ത്രമാക്കി വിളിയുടെ പൊരുളറിഞ്ഞ് കാലത്തിനു മുമ്പേ നടന്നുനീങ്ങുകയാണ് ഈ കര്‍മ്മയോഗി. വിദ്യാഭ്യാസം, തൊഴില്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ അതുല്യമെന്ന് വിശേഷിപ്പിക്കേണ്ടവതന്നെയാണ്.
പ്രാഥമിക വിദ്യാഭ്യാസംപോലും പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയോടെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞിരുന്ന പല കുട്ടികളും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മറ്റ് ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരുമായി വളര്‍ന്നതിന്റെ പിന്നില്‍ ബ്ര. മാത്യുവിന്റെ കൈത്താങ്ങലുകള്‍ ഉണ്ടായിരുന്നു. അവരില്‍ സമര്‍പ്പണജീവിതം തിരഞ്ഞെടുത്തവരുമുണ്ട്. പഠനസഹായം നല്കുമ്പോള് അദ്ദേഹം പറയുന്നത് ഒന്നുമാത്രം. ”നിങ്ങള്‍ പഠിച്ചുമിടുക്കരായി കഴിയുമ്പോള്‍ വിഷമതയനുഭവിക്കുന്ന ഏതെങ്കിലുമൊരു കുട്ടിയെ പഠിപ്പിക്കണം.” അങ്ങനെയും എത്രയോ പേര് ഉന്നത പദവികളില്‍ എത്തിയിട്ടുണ്ടാകാം. സമര്‍ത്ഥനായ കലാകാരനേപ്പോലെ മങ്ങിയ ജീവിത ചിത്രങ്ങള്‍ക്ക് വര്‍ണ്ണശോഭ പകരുന്ന ബ്രദര്‍ മാത്യുവിന്റെ സഹായത്താല്‍ തളിരിട്ട ജീവിതങ്ങള്‍ നിരവധിയാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഏല്പിക്കപ്പെട്ടത് നിര്‍വഹിച്ചതിന്റെ സംതൃപ്തിയാണ് കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലെ വിശ്വസ്തനായ ഈ വേലക്കാരന്റെ മുഖത്തു തെളിയുന്നത്.
ചെവിയില്‍ മുഴങ്ങുന്ന വാക്കുകള്‍
നാമറിയാത്ത അനേകരുടെ സഹായത്താലും സന്മനസാലുമാണ് നാം ജീവിക്കുന്നതെന്ന സത്യം ആരും മറന്നുപോകരുതെന്നും ഈ മിഷനറി കൂടെക്കൂടെ മറ്റുള്ളവരെ ഓര്‍മിപ്പിക്കാറുണ്ട്. അലിവുള്ള ഹൃദയവും കരുതുന്ന സ്നേഹവും അദ്ദേഹത്തിന് പൈതൃക സമ്പത്തായി ലഭിച്ചതാണ്. മരണത്തിനു മുന്‍പ് തന്റെ പിതാവ് പറഞ്ഞ വാക്കുകള്‍ ബ്രദറിന്റെ ചെവിയിലല്ല ഹൃദയത്തിലാണ് പതിഞ്ഞത്. ”എന്റെ പേരിലോ എന്റെ മുറിയിലോ, പെട്ടിയിലോ എന്റേതായി ഉള്ളവ പാവപ്പെട്ടവര്‍ക്ക് നല്‍കണം. ശവമടക്കിനുള്ള വസ്ത്രം മാത്രമേ വയ്ക്കാവൂ.” പിതാവിന്റെ ജീവിതത്തിലെ നന്മകളും ശിക്ഷണവുമാണ് സമര്പ്പണപാതയിലേക്ക് തന്നെ നയിച്ചതെന്ന കാര്യത്തില്‍ ബ്ര. മാത്യുവിന് സംശയമില്ല.
അനേകായിരങ്ങളുടെ ജീവിതത്തില്‍ പ്രത്യാശയുടെ പൊന്‍പ്രഭ വീശുവാന്‍ ദൈവം ഉപയോഗിച്ച ബ്ര. കാവുങ്കല്‍ കോട്ടയം ജില്ലയിലെ മണിമലയില്‍ കാവുങ്കല്‍ ലൂക്കാ-ഏലിയാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1941 ഫെബ്രുവരി 22-ന് ജനിച്ചു. പിന്നീട് ആ കുടുംബം തലശേരി അതിരൂപതയിലെ ചുണ്ടപ്പറമ്പിലേക്ക് കുടിയേറുകയായിരുന്നു. ഏഴ് മക്കള്‍ക്ക് ജന്മം നല്കിയ സ്നേഹനിധിയും ദൈവഭക്തയുമായിരുന്ന അമ്മ അദ്ദേഹത്തിന്റെ ഒന്‍പതാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തുടര്‍ന്ന് ഏഴ് മക്കളെയും പിതാവ് ലൂക്കാ ശ്രദ്ധയോടെ വളര്‍ത്തി.
1956 മെയ് 13 നാണ് മാത്യു മോണ്ട്ഫോര്ട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേല്‍ സമൂഹത്തില്‍ ചേര്‍ന്നത്. നീലഗിരി കുന്നൂര് ആശ്രമത്തിലെ പ്രാഥമിക പരിശീലനത്തിനുശേഷം 1959 ഡിസംബര്‍ എട്ടിന് സഭാവസ്ത്രം സ്വീകരിച്ചു. 1961 ഏപ്രില്‍ 12- ന് പ്രഥമ വ്രതവാഗ്ദാനവും 1967 ഒക്ടോബര്‍ ഏഴിന് പരിശുദ്ധ ജപമാല റാണിയുടെ തിരുനാള്‍ ദിനം ആന്ധ്രാപ്രദേശിലെ കാശിപ്പെട്ടില്വച്ച് നിത്യസമര്പ്പണവും നടത്തി.
വഴിത്തിരിവിന് കാരണമായത് ഒരു കുടുംബം
1979-ലാണ് ബ്രദര്‍ ഇറ്റലിയിലെ ഇസ്ട്രാനയിലുള്ള തന്റെ സന്യാസ സമൂഹത്തിന്റെ സ്കൂളിലേക്ക് പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി നിയുക്തനായത്. ഇറ്റലിയലേക്ക് പോകുന്നതിന് രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് വീട്ടിലെത്തിയപ്പോള്‍ അപ്പനും അമ്മയും ആറ് മക്കളും അടങ്ങുന്ന ഒരു പാവപ്പെട്ട കുടുംബം അദ്ദേഹത്തെ കാണാനെത്തി. ബ്രദര്‍ പോയാല്‍പ്പിന്നെ ഞങ്ങള്‍ക്ക് ആരാണ് ഉള്ളതെന്നതായിരുന്നു അവരുടെ സങ്കടം. അതു പറഞ്ഞ് അവര്‍ കണ്ണീര്‍വാര്‍ത്തു. തന്റെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല ഈരിനല്കിയിട്ട് പറഞ്ഞു. ”ഇതു വിറ്റ് തല്ക്കാലം കാര്യങ്ങള്‍ നടത്തുക. ഇറ്റലിയില്‍ ചെന്നശേഷം എന്തെങ്കിലും വഴിയുണ്ടാക്കാം.” അവരോട് അങ്ങനെ പറഞ്ഞതുമുതല്‍ പുതിയൊരു പ്രാര്‍ത്ഥന ആരംഭിച്ചു. ”ദൈവമേ ഈ കുടുംബത്തെ സഹായിക്കാനുള്ള വഴിയൊരുക്കണമേ.”
ഇറ്റലിയിലെത്തി ആറ് മാസത്തിനുശേഷം അതിനുള്ള വഴി ദൈവം ഒരുക്കി. അവിടെയുള്ള ഒരു സ്ത്രീ ആ കുടുംബത്തെ സഹായിക്കാന്‍ തയാറായി. ഇത് ദൈവം തന്നെ ഏല്പിച്ച പ്രത്യേക നിയോഗമാണെന്നുള്ള ബോധ്യത്തിലേക്കാണ് ആ സംഭവം നയിച്ചത്. എങ്ങനെയും പാവങ്ങളെ സഹായിക്കണമെന്നുള്ള ചിന്തയിലേക്ക് അത് എത്തി. അതിനായി ഇറ്റലി മുഴുവന്‍ ചുറ്റിക്കറങ്ങി. സന്യാസസഭയുടെ അനുവാദത്തോടെ അവിടെയുള്ള പല മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി. പല വ്യക്തികളുമായി മിറ്റിംഗുകള്‍ സംഘടിപ്പിച്ചു. സഹായിക്കാന്‍ സദ്ധതയുള്ള അനേകം സുമനസുകളെ കണ്ടെത്തി. അങ്ങനെ ‘ഓലൂസ് ഏതുകസസിയോനെ ഡിസ്റ്റെന്സാ സെന്റ് ഗബ്രിയേല്‍’ എന്ന സംഘടനയ്ക്ക് രൂപം നല്കി. ഈ പ്രസ്ഥാനത്തിലൂടെ അനേകര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞു.
സ്വതസിദ്ധമായ പുഞ്ചിരിയും നിഷ്ക്കളങ്ക സ്നേഹവും സൗഹാര്‍ദ്ദപരമായ സമീപനവും ബ്ര. മാത്യുവിന്റെ പ്രത്യേകതകളാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ മനുഷ്യ മനസുകളില്‍ ദൈവസ്നേഹത്തിന്റെ മായാത്ത മുദ്ര പതിക്കുന്നവയാണ്. അവിടെ ജാതിയോ മതമോ ഒന്നും ഒരു ഘടകമല്ല. ഈ 80-ാം വയസിലും മറ്റുള്ളവര്‍ക്കായി ദീര്ഘയാത്രകള് നടത്താനും മടിയില്ല. മറ്റുള്ളവരെ സഹായിക്കാനാവശ്യമായ വക കണ്ടെത്തുന്നതും പലപ്പോഴും അങ്ങനെയാണ്.
ഏലൂരില്‍ ഒരു ദൈവദൂതന്
ഈ നല്ല സമറായനില് ദൈവം നിക്ഷേപിച്ച കര്‍മ്മോത്സുകതയും കരുണാര്‍ദ്ര സ്നേഹവും സേവനസന്നദ്ധതയും വഴി ഫിലിപ്പിയന്‍സ്, ടാന്‍സാനിയ, തായ്ലാന്റ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ര, ആന്ധ്രാപ്രദേശ്, ബീഹാര്‍, കൊല്‍ക്കത്ത എന്നീ സംസ്ഥാനങ്ങളിലെ അനേകരിലേക്ക് സഹായം എത്തിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രത്യേകിച്ച്, തലശേരി അതിരൂപതയില്‍ ഉന്നത വിദ്യാഭ്യാസത്തിനും പരിശീലനത്തിനും അനുകൂല സാഹചര്യങ്ങളില്ലാത്ത അനേകം കുട്ടികള്‍ക്ക് പഠന സഹായം ലഭ്യമാക്കി. കുടിയേറ്റ മേഖലയിലെ പല ദൈവാലയങ്ങളുടെ നിര്‍മ്മിതിക്ക് പിന്നിലും ബ്രദര്‍ മാത്യുവിന്റെ സഹായ ഹസ്തം ഉണ്ടായിരുന്നു. പല പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനും ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനുമായി തയ്യല്‍ മെഷീനുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ വാങ്ങുന്നതിനും അദ്ദേഹത്തിന്റെ സഹായം നിര്‍ലോഭം ഉണ്ടായിട്ടുണ്ട്.
ആന്ധ്രാപ്രദേശില്‍ ഏലൂര്‍ രൂപതയിലെ കുഷ്ടരോഗികള് ബ്ര. മാത്യുവിന്റെ സഹാനുഭൂതി അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്. അവരില്‍ പലര്‍ക്കും അദ്ദേഹം ദൈവദൂതനാണ്. അവിടെ പ്രവര്‍ത്തിക്കുന്ന വലിയ ടൈലറിംഗ് സെന്ററിനുള്ള സാമ്പത്തിക സഹായം നല്‍കിയത് ബ്ര. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘടനയായിരുന്നു. ഹൈദ്രാബാദില്‍ തെരുവ് കുട്ടികള്‍ക്കും ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്കുമായി ‘മോണ്ട്ഫോര്ട്ട്’ നിലയം’ എന്ന പേരില്‍ ഒരു സ്ഥാപനം മോണ്ട്ഫോര്ട്ട് ബ്രദേഴ്സ് ആരംഭിച്ചു. അവിടേയ്ക്കും ബ്ര. കാവുങ്കലിന്റെ കരുതല്‍ സാമ്പത്തിക സഹായമായി ഒഴുകിയെത്തി. ബ്രദര്‍ കാവുങ്കലിന്റെ സഹപാഠിയായിരുന്ന ബ്ര. മാത്യു എം.കെ ശ്രീകാകുളം ജില്ലയിലെ അറുപതോളം ആദിവാസി ഗ്രാമങ്ങളിലെ കുട്ടികള്‍ക്കായി 1984 മുതല്‍ സ്കൂളുകള്‍ ആരംഭിച്ചു. അവര്‍ക്കായി ഒരു ഇംഗഌഷ് മീഡിയം സ്കൂളും തുടങ്ങി. ഈ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനും കുട്ടികളുടെ പഠനത്തിനുമായി ബ്ര. മാത്യു സഹായം നല്കി വരുന്നു. അവിടെയുള്ള ചേരികളിലെ 500-ല്‍പ്പരം കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനായി ഇംഗഌഷ് മീഡിയം സ്കൂളിനോട് അനുബന്ധിച്ച് ഹോസ്റ്റലും ആരംഭിച്ചു. ആ പ്രദേശത്തിന്റെ മുഖഛായ മാറ്റാനും അനേകം കുട്ടികളുടെ ജീവിതം മാറ്റിമറിക്കാനും അതുവഴി കഴിഞ്ഞു. ആനന്ദത്തിന്റെ പുഞ്ചിരിയും സംരക്ഷണത്തിന്റെ നിര്‍വൃതിയും പ്രതീക്ഷയുടെ മന:ശാന്തിയും അവിടുത്തെ കുട്ടികളുടെ മുഖങ്ങളില്‍നിന്നു ഇപ്പോള്‍ വായിച്ചെടുക്കാനാകും. വിദ്യാഭ്യാസത്തിനു പുറമെ, ആ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനായി ടൈലറിംഗ് സെന്റകളും കമ്പ്യൂട്ടര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ടാന്സാനിയക്കൊരു കൈത്താങ്ങ്
തായ്ലാന്റില് നാല്‍പ്പത്തിരണ്ട് കുഷ്ഠരോഗികളുടെ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയതിനു പുറമേ, അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായവും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നു. ഉപജീവനത്തിനായി വളര്‍ത്തുമൃഗങ്ങളെ വാങ്ങാനുള്ള സാമ്പത്തിക സഹായവും കൂണുകൃഷി നടത്തുന്നതിനു വേണ്ട സഹായങ്ങളും നല്‍കുകയും ചെയ്തു. ഫിലിപ്പിയന്‍സിലെ കര്‍ദ്ദിനാള്‍ ജെയ്മെ സിന്‍സ് തന്റെ ജന്മസ്ഥലമായ ന്യൂവാഷിംഗ്ടണില് ഒരു സ്കൂള്‍ തുടങ്ങുവാന്‍ മോണ്ട്ഫോര്ട്ട് സഭയോടര്ത്ഥിച്ചു. ആ ദൗത്യനിര്‍വ്വഹണത്തിന് അയക്കപ്പെട്ടവരില്‍ ഒരാള്‍ ബ്രദര്‍ മാത്യുവിന്റെ സഹപാഠിയായ ബ്രദര്‍ തോമസ് ആയിരുന്നു. അദ്ദേഹവുമായുള്ള ബന്ധംവഴി ഫിലിപ്പിയന്‍സ് മിഷനുമായി സഹകരിച്ചുവരുകയും റൊംബ്ലോണ്, തബ്ലാസ് എന്നീ ദ്വീപുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. ദ്വീപുകളില്‍ സ്കൂളുകള്‍ക്കു പുറമെ വിവിധ പ്രൊഫഷണല്‍ കോഴ്സുകളും കമ്പ്യൂട്ടര്‍ ടെക്നോളജി കോഴ്സുകളും ആരംഭിച്ചു.
1988-ല്‍ ആഫ്രിക്കയിലെ ടാന്‍സാനിയയിലെ പ്രസിഡന്റ് ജൂലിയസ് നെയ്രേരെ, മോണ്ട്ഫോര്ട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേലിന്റെ ഒരു വിദ്യാഭ്യാസ സ്ഥാപനം അവിടെ തുടങ്ങുന്നതിനായി ക്ഷണിച്ചു. അങ്ങനെ ടാന്‍സാനിയായിലെ ഏറ്റവും വിദൂരഗ്രാമങ്ങളിലൊായ റുജെവായില് സ്കൂളും കാര്‍ഷിക വിദ്യാഭ്യാസ സ്ഥാപനവും ആരംഭിച്ചു. ഗവണ്മെന്റ് 500 ഏക്കറോളം സ്ഥലം ഇവര്‍ക്ക് കൃഷിക്കായി നല്കി. ഇവടെയും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് സഹായം നല്‍കുകയും ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ക്കായി തയ്യല്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളില്‍ ചെയ്യുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന്റെ പിന്നിലുള്ള ക്ലേശങ്ങള്‍ അദ്ദേഹം ആരെയും അറിയിക്കാറില്ല. സഹായമന്വേഷിച്ച് തന്നെ സമീപിക്കുന്നവരെ ക്ഷമയോടെ കേള്‍ക്കാനുള്ള അദ്ദേഹത്തിന്റെ സന്മനസും ജീവിതത്തില്‍ പുലര്‍ത്തുന്ന ചിട്ടയും ക്രമവും നിശ്ചിതമായ പദ്ധതികളും ആരിലും വിസ്മയം ജനിപ്പിക്കുന്നതാണ്. ആരെയും വെറുപ്പിക്കാത്ത പുഞ്ചിരിയില്‍ പൊതിഞ്ഞ സൗമ്യമായ സംഭാഷണവും സ്നേഹത്തോടെയുള്ള ഇടപെടലുകളും എണ്‍പതാം വയസിലും ബ്ര. മാത്യുവിനെ കൂടുതല്‍ ചെറുപ്പമാക്കുകയാണ്.
സിസ്റ്റര്‍ മരിയറ്റ് എന്‍. എസ്, കുന്നോത്ത്
Leave a Comment
Your email address will not be published. Required fields are marked with *