Follow Us On

18

April

2024

Thursday

എവിടെയും എപ്പോഴും ക്രിസ്തുനാഥനെ പകരണം നാം; ഫിലിപ്പൈൻ ജനത പകരുന്ന മാതൃകയെ അഭിനന്ദിച്ച് പാപ്പ

എവിടെയും എപ്പോഴും ക്രിസ്തുനാഥനെ പകരണം നാം; ഫിലിപ്പൈൻ ജനത പകരുന്ന മാതൃകയെ അഭിനന്ദിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: ഫിലിപ്പൈൻ ജനതയുടെ മിഷണറി ദൗത്യത്തെ അഭിനന്ദിച്ചും ക്രിസ്തുവിശ്വാസം മറ്റുള്ളവരിലേക്ക് പകരാൻ ഫിലിപ്പൈൻസ് സഭാംഗങ്ങൾ പ്രകടിപ്പിക്കുന്ന തീക്ഷ്ണതയെ മാതൃകയായി ചൂണ്ടിക്കാട്ടിയും ഫ്രാൻസിസ് പാപ്പ. ഏഷ്യയിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിന്റെ 500-ാംപിറന്നാൾ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കൃതജ്ഞതാബലി അർപ്പിക്കുകയായിരുന്നു പാപ്പ. ആനന്ദത്തിന്റെ അടിസ്ഥാനം ദൈവമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ക്രിസ്തീയ വിശ്വാസം ഫിലിപ്പൈൻസിൽ എത്തിയിട്ട് അഞ്ച് നൂറ്റാണ്ടുകൾ പിന്നിടുന്നു. തന്റെ മകനെ നൽകാൻ തക്കവിധം നമ്മെ സ്‌നേഹിച്ച ദൈവത്തിന്റെ സുവിശേഷാനന്ദം അവർക്ക് ലഭ്യമായി. ആ അനന്ദം അവരിൽ ഇന്നും ദൃശ്യമാണ്. അവരുടെ കണ്ണുകളിൽ, മുഖങ്ങളിൽ, അവരുടെ പ്രാർത്ഥനകളിൽ ആ സുവിശേഷാനന്ദം അനുഭവവേദ്യമാണ്. തങ്ങൾക്ക് ലഭിച്ച ആ സുവിശേഷാനന്ദം മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിലും അവർ ശ്രദ്ധാലുക്കളാണെന്നും, പ്രവാസികളായ ഫിലിപ്പിനോ ക്രൈസ്തവരെ ചൂണ്ടിക്കാട്ടി പാപ്പ പറഞ്ഞു.

‘റോമിലെ ഫിലിപ്പിനോ സ്ത്രീകളുടെ വിശ്വാസജീവിതത്തെ കുറിച്ച് ഞാൻ പലതവണ സൂചിപ്പിച്ചിട്ടുണ്ട്. അവർ എവിടെ ജോലിക്കായി പോയാലും, ജോലി ചെയ്യുന്നതിനൊപ്പം വിശ്വാസം വിതയ്ക്കുന്നതിലും അവർ തൽപ്പരരാണ്. ആ ദൗത്യം പൈതൃകസ്വത്തുപോലെ അവർ കാത്തുസൂക്ഷിക്കുന്നു. അഞ്ച് ശതാബ്ദങ്ങൾക്കുമുമ്പ് ലഭിച്ച വിശ്വാസം പകരണം എന്ന ദൗത്യം ഇന്നും അവർ തുടരുകയാണ്.’ ക്രിസ്ത്യൻ സമൂഹങ്ങളിലേക്കും ലോകം മുഴുവനിലേക്കും സുവിശേഷാനന്ദം പകരുന്ന അവരുടെ വിശ്വാസതീക്ഷ്ണതയ്ക്ക് പാപ്പ നന്ദി അർപ്പിക്കുകയും ചെയ്തു.

ഫിലിപ്പൈൻ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രം ധരിച്ചെത്തിയ വിശ്വാസീസമൂഹത്തിന്റെ അകമ്പടിയോടെയുള്ള പ്രവേശന പ്രദക്ഷിണത്തെ തുടർന്നായിരുന്നു ദിവ്യബലി. അഞ്ച് നൂറ്റാണ്ട് മുമ്പ് ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്റെ പ്രതീകങ്ങളായ ‘ഹോളി ചൈൽഡ് ഓഫ് സെബു’ തിരുരൂപവും ഫെർഡിനാന്റ് മഗല്ലൻ സമ്മാനിച്ച കുരിശുരൂപത്തിന്റെ മാതൃകയും പ്രദക്ഷിണത്തിൽ ഉണ്ടായിരുന്നു. ഫിലിപ്പിനോ ഗായകസംഘം ദിവ്യബലിയിൽ ആലപിച്ച പരമ്പരാഗത ഇംഗ്ലീഷ്, ഫിലിപ്പൈൻ ഗാനങ്ങളും ശ്രദ്ധേയമായി.

ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘം അധ്യക്ഷനും ഫിലിപ്പൈൻസ് കർദിനാളുമായ ലൂയിസ് അന്റോണിയോ ടാഗ്ലെ, റോം രൂപതയിലെ പാപ്പയുടെ വികാരിയായ കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് എന്നിവർ സഹകാർമികരായിരുന്നു. 1521ൽ ഫിലിപ്പെൻസിൽ എത്തിച്ചേർന്ന പോർച്ചുഗീസ് പരിവേഷകൻ ഫെർഡിനാന്റ് മഗല്ലനിലൂടെയാണ് രാജ്യത്ത് ക്രിസ്തുവിശ്വാസം വന്നണഞ്ഞത്.

തീർത്ഥാടനകേന്ദ്രങ്ങളായി പ്രഖ്യാപിച്ച ദൈവാലയങ്ങളിലെ ‘ജൂബിലി കവാടങ്ങൾ’ ഈസ്റ്റർ ദിനമായ ഏപ്രിൽ നാലിന് തുറന്നുകൊണ്ടാവും ഫിലിപ്പൈൻസിലെ സഭ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളിലേക്ക് പ്രവേശിക്കുന്നത്. ‘ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായി തന്നെ കൊടുക്കുവിൻ,’ (മത്താ. 10:8) എന്ന തിരുവചനമാണ് ആഘോഷങ്ങളുടെ ആപ്തവാക്യം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?