Follow Us On

07

May

2021

Friday

യാത്രയായത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ കന്യാസ്ത്രീ; ആദരം അർപ്പിച്ച് സിംബാവ്‌വേ പ്രസിഡന്റ്

യാത്രയായത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ കന്യാസ്ത്രീ; ആദരം അർപ്പിച്ച് സിംബാവ്‌വേ പ്രസിഡന്റ്

ഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാവ്‌വേയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ സിസ്റ്റർ ജാനിസ് മക്‌ലാഫ്‌ലിന്റെ (77) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിംബാവ്‌വേ പ്രസിഡന്റ് എമ്മേഴ്‌സൺ നനാഗാഗ്വാ പുറപ്പെടുവിച്ച ചരമ കുറിപ്പ് ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായും വളർച്ചയ്ക്കായും ക്രിസ്തീയ വിശ്വാസത്തെ മുറുകെപ്പിടിച്ച് സിസ്റ്റർ നടത്തിയ ശ്രമങ്ങൾ അക്കമിട്ട് നിരത്തിയാണ് സിസ്റ്ററിനെ കുറിച്ചുള്ള ഓർമകൾ പ്രസിഡന്റ് പൊതുജനങ്ങളുമായി പങ്കുവെച്ചത്.

‘മേരിനോൾ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഡൊമിനിക്ക്’ സഭാംഗമായ സിസ്റ്റർ ജാനിസ് ഇക്കഴിഞ്ഞ ദിവസം അമേരിക്കയിൽവെച്ചാണ് നിര്യാതയായത്. ‘വിശ്വാസം മനുഷ്യാവകാശങ്ങളുടെ അന്വേഷണമാക്കി മാറ്റിയ അടിയുറച്ച കത്തോലിക്കാ വിശ്വാസി’ എന്നാണ് അനുശോചന കുറിപ്പിൽ സിസ്റ്ററിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കൊളോണിയൽ അധിനിവേശാനന്തരം രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ പുനരുദ്ധരിക്കുന്നതിൽ സിസ്റ്റർ നടത്തിയ പരിശ്രമങ്ങളെ അനുസ്മരിച്ച പ്രസിഡന്റ്, കൊളോണിയൽ അധിനിവേശ കാലത്ത് സിസ്റ്റർ നാടുകടത്തപ്പെട്ട കാര്യവും പരാമർശിച്ചു.

‘ദ കാത്തലിക് ജസ്റ്റിസ് ആൻഡ് പീസ് കമ്മീഷൻ’ സെക്രട്ടറിയായി 1969ലാണ് സിസ്റ്റർ ജാനിസ് ആഫ്രിക്കയിൽ പ്രേഷിത പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സിംബാവ്‌വേയിൽ എത്തിയതിന്റെ മൂന്നാമത്തെ മാസം സിസ്റ്റർ നാടുകടത്തപ്പെട്ടു. പിന്നീട് മൊസാംബിക്കിലെ അഭയാർത്ഥി ക്യാംപുകളായിരുന്നു സിസ്റ്ററിന്റെ സേവനരംഗം.

മൊസാംബിക്കിലെ ശുശ്രൂഷകൾക്കിടയിലും സ്വാതന്ത്ര്യത്തിനു വേണ്ടി സിംബാവ്‌വേ നടത്തുന്ന പോരാട്ടത്തെ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാൻ സിസ്റ്റർ സഹായിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അനുസ്മരിച്ചു. 1980ൽ സ്വാതന്ത്ര്യം നേടിയ ശേഷമാണ് സിസ്റ്റർ ജാനിസ് സിംബാവ്‌വേയിൽ തിരിച്ചെത്തിയത്. പുതിയ സർക്കാരിന്റെ ക്ഷണപ്രകാരം വിദ്യാഭ്യാസ ഉപദേഷ്ടാവായും സേവനം ചെയ്തു. 1991ലാണ് സിംബാവ്‌വേയിലെ ശുശ്രൂഷകൾക്ക് വിരാമം കുറിച്ച് അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?