Follow Us On

21

September

2023

Thursday

ധൂര്‍ത്തപുത്രന്റെ പിതാവിനെ സൂക്ഷിച്ചുനോക്കൂ….

ധൂര്‍ത്തപുത്രന്റെ പിതാവിനെ  സൂക്ഷിച്ചുനോക്കൂ….

ധൂര്‍ത്തപുത്രന്റെ ഉപമയില്‍ അലിവുള്ള പിതാവിനെ അവതരിപ്പിക്കുവാന്‍ യേശുവിനെ പ്രേരിപ്പിച്ചത് യൗസേപ്പിതാവുമായുള്ള തന്റെ സമ്പര്‍ക്കവും അനുഭവവുമായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നുണ്ട്. ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ വിശുദ്ധ യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ സംരക്ഷകനായി പ്രഖ്യാപിച്ചിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ പരിശുദ്ധ കുര്‍ബാനയില്‍ പരിശുദ്ധ കന്യകയെ അനുസ്മരിച്ചതിനുശേഷം വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കണമെന്ന് മാര്‍പാപ്പ നിര്‍ദേശിക്കുകയും ചെയ്തു. പരിഷ്‌കരിച്ച സീറോ മലബാര്‍ കുര്‍ബാനയിലെ അനുസ്മരണ പ്രാര്‍ത്ഥനയില്‍ വിശുദ്ധ യൗസേപ്പും ചേര്‍ക്കപ്പെട്ടു എന്നത് ശുഭസൂചകമാണ്.
വിശുദ്ധ യൗസേപ്പ്, അനേകം പുണ്യങ്ങളുടെ നിറകുടവും അനേകം തലങ്ങളുടെ പ്രത്യേക മധ്യസ്ഥനുമാണ്. ദൈവശാസ്ത്രപരമായി പറഞ്ഞാല്‍, പിതാവായ ദൈവത്തിന്റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരിശുദ്ധ കന്യകയുടെ വിരക്ത ഭര്‍ത്താവുമാണ് വിശുദ്ധ യൗസേപ്പ്. ”കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാല്‍ അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും. ജോസഫ് നിദ്രയില്‍ നിന്നും ഉണര്‍ന്നു. കര്‍ത്താവ് കല്പിച്ചതുപോലെ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല. അവന്‍ ശിശുവിന് യേശു എന്ന് പേരിട്ടു” (മത്തായി 1:20-21, 24-25). ഈ വചനത്തില്‍ നിന്നു തന്നെ യൗസേപ്പിതാവിന്റെ സ്വഭാവ വിശേഷണങ്ങള്‍ നമുക്ക് മനസിലാക്കാം.
വിശുദ്ധ യൗസേപ്പില്‍ വിളങ്ങിയിരുന്ന സുകൃതങ്ങള്‍, പുണ്യങ്ങള്‍ ഏവര്‍ക്കും സുപരിചിതമാണ്.
നീതിമാന്‍ : ജോസഫ് നീതിമാനാകയാലും മറിയത്തെ അപമാനിക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു (മത്തായി 1:19). ബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ് ”നീതിമാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം നല്ല മനുഷ്യന്‍, മാന്യന്‍, മറ്റുള്ളവര്‍ക്ക് ഒട്ടും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തവന്‍ എന്നൊക്കെയാണ്. ”
എളിമ : അസാധാരണ കൃത്യങ്ങളോ മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കത്തക്ക പ്രവര്‍ത്തനങ്ങളോ ഒന്നുംതന്നെ വിശുദ്ധ യൗസേപ്പ് ചെയ്തിട്ടില്ല. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും (ലൂക്കാ 18:16) എന്ന ക്രിസ്തുവിന്റെ പ്രബോധനമത്രെ വിശുദ്ധ യൗസേപ്പിന്റെ മഹത്വത്തിന്റെ നിദാനം.
വിശ്വാസവും പ്രത്യാശയും : പരിശുദ്ധ കന്യക പരിശുദ്ധാത്മാവിനാല്‍ ദൈവകുമാരനെ ഗര്‍ഭം ധരിച്ച വിവരം വിശുദ്ധ യൗസേപ്പിനെ ദൈവദൂതന്‍ അറിയിച്ചപ്പോള്‍ അത് അംഗീകരിച്ചത് പരിപൂര്‍ണമായ വിശ്വാസത്തിന്റെ അര്‍പ്പണത്തോടുകൂടിയാണ്. ഹേറോദേസ് ദൈവകുമാരന്റെ ജീവന്‍ അപഹരിക്കാന്‍ പരിശ്രമിച്ച അവസരത്തില്‍ ശത്രുകരങ്ങളില്‍നിന്നും ബലഹീനനായ ആ കുമാരനെ രക്ഷിക്കാന്‍ വിശ്വാസത്തിലും പ്രത്യാശയിലും ചഞ്ചലനാകാതെ വിശുദ്ധ യൗസേപ്പ് മുന്നേറി (മത്തായി 2:13-15).
ഈജിപ്തിലെ പ്രവാസകാലത്ത് അജ്ഞാതമായ സ്ഥലത്ത് വിജാതീയരുടെ മധ്യത്തില്‍ ദൈവകുമാരനെ പരിരക്ഷിച്ചതും നസ്രത്തിലേക്കുള്ള പ്രത്യാഗമനവും അവിടുത്തെ അജ്ഞാതവാസവും വിശുദ്ധ യൗസേപ്പിന് അഗ്നിപരീക്ഷണഘട്ടങ്ങള്‍ ആയിരുന്നു. അവയെല്ലാം അതിജീവിച്ചുകൊണ്ടാണ് അദ്ദേഹം വിശ്വാസപരവും പ്രത്യാശാപൂര്‍ണവുമായ തീര്‍ത്ഥയാത്ര പൂര്‍ത്തിയാക്കിയത് (മത്തായി 2:19-23).
ത്യാഗം : വിശുദ്ധ നാട് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയിട്ടുള്ള എല്ലാവര്‍ക്കും മനസിലാവും ഈജിപ്ത് അനേകം മലയിടുക്കുകളുടെ പ്രദേശമാണെന്ന്. ഒരു വിധത്തിലുമുള്ള യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്ന ആ കാലത്ത് എത്രയോ പ്രതിസന്ധികളും ത്യാഗങ്ങളും സഹിച്ചാണ് വിശുദ്ധ യൗസേപ്പ് ശിശുവായ യേശുവിനെയും ക്ഷീണിതയായ മറിയത്തെയും കൂട്ടി ഈജിപ്തുദേശം കയറിയിറങ്ങിയത് (മത്തായി 2:13-23).
ദൈവതിരുമനസിനോടുള്ള വിധേയത്വം : വിശുദ്ധ യൗസേപ്പ് ജീവിതത്തില്‍ പല അവസരങ്ങളിലും മേലധികാരികളുടെ ആജ്ഞകളെ ശിരസാ വഹിക്കുന്നതായി കാണാം. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായ കന്യക മറിയത്തെ സ്വീകരിക്കാനുള്ള നിര്‍ദേശം ലഭിച്ച ഉടന്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിച്ചു (മത്തായി 1:20-21, 24-25).
റോമാ ചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിലുള്ള എല്ലാവരും സ്വദേശങ്ങളില്‍ചെന്ന് പേരെഴുതിക്കണം എന്ന് പ്രഖ്യാപിച്ചപ്പോഴും അദ്ദേഹം അത് അനുസരിച്ചു. ചക്രവര്‍ത്തിയുടെ കല്‍പനയിലും വിശുദ്ധ യൗസേപ്പ് ദൈവഹിതമാണ് ദര്‍ശിച്ചത്. അതിനാല്‍ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയോടുകൂടി താമസമെന്യേ അദ്ദേഹം ബെത്‌ലഹേമിലേക്ക് പുറപ്പെട്ടു (ലൂക്കാ 2:1-7).
‘പിതൃഹൃദയത്തോടെ’ എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെ 2020 ഡിസംബര്‍ എട്ടുമുതല്‍ 2021 ഡിസംബര്‍ എട്ടുവരെ വിശുദ്ധ യൗസേപ്പിതവിന് പ്രതിഷ്ഠിതമായ വര്‍ഷമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. യൗസേപ്പിതാവിനെ സാര്‍വത്രിക സഭയുടെ സംരക്ഷകനായി പ്രഖ്യാപിച്ചതിന്റെ 150-ാം വര്‍ഷത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം. 1870-ല്‍ ഒമ്പതാം പീയൂസ് മാര്‍പാപ്പയാണ് യൗസേപ്പിതാവിനെ സാര്‍വത്രിക സഭയുടെ മധ്യസ്ഥനും സംരക്ഷകനുമായി പ്രഖ്യാപിച്ചത്.
പൂര്‍വ യൗസേപ്പ് വിശുദ്ധ യൗസേപ്പിന്റെ പ്രതിഛായയാണ്. അദ്ദേഹം ഈജിപ്തില്‍ സര്‍വാധികാരിയായി ലോകത്തില്‍ ഉള്ളവരെ ഭക്ഷ്യക്ഷാമത്തില്‍നിന്നും രക്ഷിച്ചു. ഈജിപ്തില്‍ ക്ഷാമം ഉണ്ടായപ്പോള്‍ ഫറവോ പ്രജകളോട് പറയുന്നു ”യൗസേപ്പിന്റെ പക്കല്‍ പോകുവിന്‍” (ഉല്‍പത്തി 41:53-57). ഇന്നത്തെ ആത്മീയ ദാരിദ്ര്യത്തിലും മറ്റ് അവശതകളിലും നമുക്ക് ആശ്രയിക്കാവുന്നത് വിശുദ്ധ യൗസേപ്പ് ആണ്.
ക്രൈസ്തവ വീക്ഷണത്തില്‍ മരണം, നിത്യജീവിതത്തിലേക്കുള്ള കവാടമാണ്. വിശുദ്ധ യൗസേപ്പിന്റെ മരണം ഏറ്റവും സൗഭാഗ്യപൂര്‍ണമായിരുന്നു. പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തില്‍ ഈശോയുടെ തൃക്കരങ്ങളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ലോകമാകെ മാര്‍ച്ച് 19 നന്മരണ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.


ഫാ. ജോസഫ് പൂണേലി സി.എം.ഐ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?