ജോലി ചെയ്യുന്ന സ്ഥാപനം ജപ്പാനില്‍നിന്നും വാങ്ങുന്ന ന്യൂസ്പേപ്പര്‍ പ്രിന്റിംഗ് പ്രസുകളുടെ പരിശീലനത്തിനായിട്ടാണ് ഞാനും മറ്റുരണ്ടു സഹപ്രവര്‍ത്തകരും 2011 ജനുവരിയില്‍ രണ്ടുമാസത്തേക്ക് ജപ്പാനിലേക്ക് യാത്രയായത്.
ഒന്നരമാസത്തെ ടോക്കിയോ വാസത്തിനുശേഷം മേലധികാരികളുടെ നിര്‍ദേശപ്രകാരം മറ്റൊരു ജില്ലയായ ഇബാറക്കിയിലേക്ക് ഫെബ്രുവരി 28-ാം തിയതി എത്തിച്ചേര്‍ന്നു. തൊട്ടടുത്തുള്ള ടൗണി ലെ ഇബറാക്കി പ്രസ് സെന്ററിലെ രണ്ട് പ്രസുകള്കൂടി ഞങ്ങളുടെ കമ്പനി വാങ്ങിയിരുന്നു.
പുതിയ സ്ഥലത്തെത്തി രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം മേലധികാരികളുടെ നിര്‍ദേശം വന്നു. കൂടെയുള്ളവര്‍ മാര്‍ച്ച് 13-ന് തിരികെ വരണമെന്നും ഞാന്‍ മാത്രം ഒന്നരമാസംകൂടി ജപ്പാനില്‍ തുടരണമെന്നുമായിരുന്നു അത്. എന്റെ സ്ഥാപനത്തിലെ രണ്ട് സഹപ്രവര്‍ത്തകരെ കൂടാതെ മറ്റ് നാല് പേര് കൂടിയാണ് ടീമിലുണ്ടായിരുന്നത്. മാര്‍ച്ച് 13 മുതല്‍ ഒറ്റയ്ക്കാകുമെന്ന അറിവ് എനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഇവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ജപ്പാന്‍കാര്‍ ഇല്ലാതിരുന്നതും പ്രശ്നമായി.
മാര്‍ച്ച് മാസം ആരംഭിച്ചതിനാല്‍ പ്രതിദിന പ്രാര്ത്ഥനകളോടൊപ്പം വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേനയും മുടങ്ങാതെ ചൊല്ലാന്‍ തുടങ്ങി. നേരത്തെതന്നെ ഞാന്‍ തൊഴിലാളികളുടെ പ്രത്യേക മധ്യസ്ഥനായ യൗസേപ്പിതാവിന്റെ ഭക്തനായിരുന്നു. ഒറ്റയ്ക്കായിക്കഴിയുമ്പോള് ഉണ്ടാകാനിടയുള്ള വിഷമതകളെ സമര്‍പ്പിച്ച് മാധ്യസ്ഥം അപേക്ഷിച്ചു.
ചിലപ്പോഴൊക്കെ എന്റെ സഹപ്രവര്‍ത്തകര്‍ പകുതി കാര്യമായും നേരമ്പോക്കായും പറയുമായിരുന്നു -”പതിമൂന്നാം തിയതി കഴിഞ്ഞാല്‍ എന്തുമാകാമല്ലോ…സ്വതന്ത്രനാണല്ലോ” എന്നെല്ലാം. പക്ഷേ അപ്പോഴൊക്കെ ഞാനവരോട് തിരിച്ചു പറഞ്ഞു – ”പറയാന്‍ വരട്ടെ, ഒന്നുകില്‍ തീരുമാനം മാറും. അല്ലെങ്കില്‍ പതിമൂന്നാം തിയതി നിങ്ങളുടെ ഫ്ളൈറ്റ് ഉയരുന്നതിനുമുമ്പ് എന്റെ ഫ്ളൈറ്റ് ഉയരും…” അവരുടെയെല്ലാം ഫ്ളൈറ്റ് ടിക്കറ്റ് റെഡിയായിരുന്നു. എന്നിട്ടും എന്നെ അന്ന് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത് ദൈവത്തിന്റെ പരിശുദ്ധാത്മാവായിരുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
കൈപിടിച്ചു നടത്തുന്ന ദൈവം
2011 മാര്‍ച്ച് 11, വെള്ളിയാഴ്ച. ജപ്പാന്സമയം ഉച്ചകഴിഞ്ഞ് മൂന്നുമണി. ഇന്ത്യന്‍ സമയം രാവിലെ 11.30. ഞങ്ങളെല്ലാവരും ഇബാറക്കി പ്രസ് സെന്ററിലെ ഓഫിസിലായിരുന്നു. പെട്ടെന്ന് പ്രസിന്റെ അഴിച്ചുവച്ചിരുന്ന ഭാഗങ്ങള്‍ പ്രകമ്പനം കൊള്ളുന്നത് ശ്രദ്ധയില്‍പെട്ടു. കാലിലൂടെ ഒരു തരിപ്പും കയറിവരുന്നുണ്ടായിരുന്നു. ഞാനും എന്റെ സുഹൃത്ത് രാജീവും പെട്ടെന്ന് ക്യാമറ കൈയിലെടുത്ത് അതു പകര്‍ത്താന്‍ തുടങ്ങി. എന്നാല്‍ കുറച്ചു സെക്കന്റുകള്‍ക്കകം പ്രകമ്പനം ശക്തമായി. ബേസ്മെന്റില്‍ ഉണ്ടായിരുന്ന ജാപ്പനീസ് എഞ്ചിനിയര്‍മാര്‍ ഓടിവന്നു, ഞങ്ങളോട് പുറത്തേക്കോടാന്‍ ആവശ്യപ്പെട്ടു. ഞങ്ങളതിന് ശ്രമിച്ചപ്പോഴേക്കും പ്രകമ്പനം വലിയ ശബ്ദത്തോടെയായി. ഞങ്ങള്‍ നിന്നിരുന്ന ബഹുനില കെട്ടിടം ശക്തമായി ആടിയുലയാന്‍ തുടങ്ങി. വേഗം പുറത്തു കടക്കാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. കാലുകള്‍ എടുത്തുവയ്ക്കുമ്പോള്‍ വീണുപോകുന്ന അവസ്ഥ. ഒരുവിധം ഞങ്ങള്‍ മുറ്റത്തെത്തി ഒരു വിളക്കുകാലില്‍ പിടിച്ചുനിന്നു.
ഒന്നു ശാന്തമായി എന്നു കരുതിയപ്പോള്‍ അടുത്ത പ്രകമ്പനം ഉണ്ടായി. അന്തരീക്ഷം പൊടിപടലംകൊണ്ടു നിറഞ്ഞു. തുടര്‍ച്ചയായി ഇടിമുഴങ്ങുന്നപോലെ. ഭൂമി ഇളകി മറിയുന്നതിനാല്‍ കാല് ചവിട്ടി നില്ക്കാനാവുന്നില്ല. മൈതാനത്തിന്റെ അറ്റത്തുള്ള കമ്പിവേലിയില്‍ തൂങ്ങിനിന്നു. ”എന്റെ ഈശോയെ രക്ഷിക്കണമേ” എന്നു മാത്രമായിരുന്നു പ്രാര്‍ത്ഥന. നിലത്തു ചവിട്ടിനില്ക്കാന് കഴിയാത്തതുമൂലം കമ്പിവേലിയില്‍ തുങ്ങി നിന്നു. ചുറ്റും നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ എന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചു- തൊട്ടപ്പുറത്ത് ചരിഞ്ഞ ഭൂമി വിണ്ടുകീറി മാറുന്നു. സ്ലാബുകളിട്ട് സീല്‍ ചെയ്ത ഓടകളിലെ മലിനജലം കലങ്ങി പുറത്തേക്ക് തെറിക്കുന്നു. ബഹുനില കെട്ടിടങ്ങള്‍ തെങ്ങിന്തലപ്പുകള് ശക്തമായ കാറ്റിലാടുന്നപോലെ ആടുന്നു. ലോകം അവസാനിക്കുകയാണ് എന്നായിരുന്നു ഞാന്‍ കരുതിയത്. മക്കളെയും ഭാര്യയെയുമൊക്കെ ഓര്‍ത്തു.
മൂന്നു മിനിറ്റുനേരത്തെ പ്രകമ്പനത്തിനുശേഷം സാവധാനം അന്തരീക്ഷം ശാന്തമായി. വൈദ്യുതി നിലച്ചതുകൊണ്ട് ഓഫിസ് അപ്പോള്‍ത്തന്നെ അടച്ചു. 15-20 മിനിറ്റുകള്‍ കൂടുമ്പോള്‍ ചെറുതും വലുതുമായ തുടര്‍ചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.
പന്ത്രണ്ടും പതിമൂന്നും തിയതികളിലായി മറ്റുള്ളവരെല്ലാം പോകുന്നതുകൊണ്ട് ഭക്ഷ്യവസ്തുക്കളെല്ലാം തീര്‍ത്തിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. വഴികള്‍ വിജനമായിരുന്നു. ഹൈവേയില്‍ എത്തിയപ്പോള്‍ റോഡെല്ലാം ബ്ലോക്ക് ആയിരിക്കുന്നതുകണ്ടു. ടൗണിലുള്ള ജപ്പാന്‍കാരെല്ലാം എങ്ങോട്ടോ പോകുവാന്‍ ധൃതി കൂട്ടുന്നപോലെ തോന്നി.
പിറ്റേന്നാണ് ഞങ്ങള്‍ക്ക് മനസിലായത്, ആ വലിയ ഭൂകമ്പത്തില്‍ ജപ്പാന്റെ ‘ഫുകുഷിമ’ ആണവനിലയം തകര്‍ന്നുവെന്നും സുനാമി ഉണ്ടായതുമൂലം സെന്ഡയ് ടൗണ്‍ മുഴുവനായും കടല്‍ എടുത്തുവെന്നും ഓടിക്കൊണ്ടിരുന്ന ഒരു ട്രെയിന്‍ അതുപോലെന്നെ കടലില്‍ പോയി എന്നും. കൂടാതെ സ്ഫോടനം നടന്ന ആണവലനിലയത്തിലെ അണുവികിരണം 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്ക് എത്തുമെന്നും. അത് അറിഞ്ഞതുകൊണ്ടാണ് ജപ്പാന്‍കാര്‍ കുടുംബസമേതം സ്ഥലംവിടാന്‍ തിരക്കു കൂട്ടിയതും ഹൈവേ ബ്ലോക്കായതും. ഞങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇരുട്ടായിരുന്നു. 40-50 കാറുകള്‍ പാര്‍ക്കു ചെയ്യാറുണ്ടായിരുന്ന പാര്‍ക്കിങ്ങ് ഏരിയ വിജനമായിരുന്നു. വൈദ്യുതിയും ഇല്ല. അതുകൊണ്ടുതന്നെ വെള്ളമില്ല. ഭക്ഷണം ഉണ്ടാക്കുവാനും സാധിക്കുമായിരുന്നില്ല. വാതിലും ജനല്പാളികളും അടര്‍ന്നുമാറി കിടക്കുകയായിരുന്നു.
പന്ത്രണ്ടും പതിമൂന്നും തിയതികളില്‍ പോകാനായി ടിക്കറ്റ് റെഡിയായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് പോകാനാകില്ലെന്ന് മനസിലായി. കാരണം എല്ലാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളും ഷട്ട്ഡൗണ്‍ ചെയ്തു. എല്ലാ റെയില്‍വേ സര്‍വീസും നിര്‍ത്തിവച്ചു. ഹൈവേ പല സ്ഥലങ്ങളിലും പിളര്‍ന്നു മാറിയതുകൊണ്ട് റോഡുഗതാഗതവും തല്ക്കാലം ഉണ്ടാകില്ലെന്ന അറിയിപ്പ് പുറകെ എത്തി. അതിനെക്കാളേറെ ഞങ്ങളെ ഭീതിയിലാഴ്ത്തിയത് ഞങ്ങള്‍ താമസിക്കുന്ന സ്ഥലം ശക്തമായ സുനാമി ഭീഷണിയുള്ള സ്ഥലമായിരുന്നു എന്ന സന്ദേശമാണ്.
ആദ്യ ജാഗരണ പ്രാര്‍ത്ഥന
വൈദ്യുതി ഇല്ലാത്തതിനാല്‍ മുറി ചൂടാക്കാനുള്ള സംവിധാനം നിലച്ചിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ഞങ്ങള്‍ രാത്രി കഴിച്ചുകൂട്ടി. 20-30 മിനിറ്റ് കൂടുമ്പോള്‍ വലിയ തുടര്‍ ചലനങ്ങളുണ്ടാകും. ആദ്യമെല്ലാം ഞങ്ങള്‍ പുറത്തേക്കോടി. അക്രൈസ്തവരായ സുഹൃത്തുക്കള്‍ എന്നോട് പാട്ടുപാടി പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടു. മൗനമായി ജപമാല ചൊല്ലിക്കൊണ്ടിരുന്ന ഞാന്‍ അവര്‍ക്കൊപ്പമിരുന്ന് പാടി പ്രാര്‍ത്ഥിച്ചു.
‘എന്നെ തോളിലേറ്റി താരാട്ടു പാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണു ദൈവം’
പാടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ‘ചാഞ്ചക്കമാട്ടുന്നപോലെ’ തുടര്‍ചലനങ്ങള്‍ വന്നുകൊണ്ടിരുന്നു.
അതിനിടെ മേലധികാരിയുടെ സന്ദേശം വന്നു. ഇനി അവിടെ നില്‍ക്കണ്ട. ഉടന്‍തന്നെ ഫ്ളൈറ്റ് ടിക്കറ്റ് റെഡിയാകും എന്നായിരുന്നു അത്. അരമിനിറ്റില്‍ താഴെ സംസാരിച്ചപ്പോഴേക്കും ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നു. രാത്രി മുഴുവന്‍ തുടര്ചലനങ്ങള്മൂലം ഉറങ്ങാതെയും പ്രാര്‍ത്ഥനയോടെയും ഭക്ഷണമില്ലാതെയും കൊടുംതണുപ്പില്‍ ഞങ്ങള്‍ കഴിച്ചുകൂട്ടി. സത്യം പറഞ്ഞാല്‍, അതായിരുന്നു എന്റെ ആദ്യത്തെ പൂര്‍ണ ജാഗരണ-ഉപവാസ പ്രാര്‍ത്ഥന.
ദൈവം അയക്കുന്ന മാലാഖമാര്‍
പിറ്റേന്ന് 12 കിലോമീറ്ററോളം നടന്ന് അടുത്ത സ്ഥലത്ത് ജനറേറ്ററിന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍ പരിശോധിക്കുവാന്‍ കഴിഞ്ഞു. മെയില്‍ബോക്സ് തുറന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. പതിമൂന്നാം തിയതി രാവിലെ ജപ്പാന്റെ ‘നരിത്താ’ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഓപ്പണ്‍ ആയശേഷം ആദ്യമായി ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റില്‍ ടിക്കറ്റ് റിസേര്‍വ് ചെയ്തുകൊണ്ടുള്ള മെയില്‍ ആണ് ഞാന്‍ കണ്ടത്. രണ്ടാഴ്ചമുമ്പ് ടിക്കറ്റ് റെഡിയായിരുന്ന മറ്റെല്ലാവര്‍ക്കും മുന്നിലായി 13-ന് അതിരാവിലെ എയര്‍പോര്‍ട്ട് തുറന്ന്കഴിഞ്ഞ് ഇന്ത്യയിലേക്കുള്ള ആദ്യത്തെ ഫ്ളൈറ്റിന് ഞാന്‍ കയറിപ്പറ്റി. ഇത് കര്‍ത്താവിന്റെ കാരുണ്യവും കരുതലും വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥവുമല്ലാതെ മറ്റൊന്നുമല്ല എന്നെനിക്ക് വ്യക്തമായി.
എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയായിരുന്നു അടുത്ത വെല്ലുവിളി. അവിടെയും ദൈവം ഒരു മാലാഖയെ ഒരുക്കിനിര്‍ത്തിയിരുന്നു. ഫ്ളൈറ്റ് ടൈമിന് കൃത്യം രണ്ടുമണിക്കൂര്‍ മുന്‍പേ സ്വന്തം കാറില്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചത് ജാപ്പനീസ് കമ്പനിയിലെ യോക്കോ സുറുമിയെ ആണ്. പ്രധാന വഴികള്‍ ബ്ലോക്കായിരുന്നതിനാല്‍ 250 കിലോമീറ്ററോളം രാത്രി പന്ത്രണ്ടുമണിക്കുശേഷം ഡ്രൈവ് ചെയ്തു ചെറിയ പോക്കറ്റ് റോഡുകളിലൂടെയാണ് സമയത്തിന് മുന്‍പേ എന്നെ അവര്‍ എയര്‍പോര്‍ട്ടിലെത്തിച്ചത്.
ജപ്പാന്റെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഭയങ്കരമായ ഭൂകമ്പമായിരുന്നു 2011 മാര്‍ച്ച് 11-ന് ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂകമ്പവും 50,000-ല്‍പരം ജനങ്ങള്‍ക്ക് ജീവനാശവും ഫുകുഷിമ ആണവ നിലയത്തിന്റെ സ്ഫോടനത്തിലേക്ക് നയിച്ച സുനാമിയും ഉണ്ടായപ്പോള്‍ അതിന്റെ പ്രഭവകേന്ദ്രത്തിന് ഏകദേശം 80 കിലോമീറ്റര്‍ മാത്രം അകലെ ഉണ്ടായിരുന്ന ഞങ്ങളെ ദൈവം പൊതിഞ്ഞു സംരക്ഷിച്ചു. ഉണ്ണിയേശുവിനെയുംകൊണ്ട് പലായനം ചെയ്ത യൗസേപ്പിതാവിന്റെ മാധ്യസ്ഥം തന്നെയാണ് ഞങ്ങളെ സുരക്ഷിതരായി നാട്ടിലെത്താന്‍ സഹായിച്ചതെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു.
മാര്ട്ടിന് പോള്‍
Leave a Comment
Your email address will not be published. Required fields are marked with *