Follow Us On

01

December

2022

Thursday

ഫ്രാന്‍സിസ് പാപ്പ യൗസേപ്പിതാവിന് എഴുതിയ കത്തുകള്‍

ജോര്‍ജ് കൊമ്മറ്റം

ഫ്രാന്‍സിസ് പാപ്പ യൗസേപ്പിതാവിന് എഴുതിയ കത്തുകള്‍

യൗസേപ്പിതാവിനോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഭക്തി ലോകപ്രശസ്തമാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ ഒരു കുറിപ്പെഴുതി വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുന്നതാണ് പാപ്പയുടെ പതിവ്. പാപ്പയുടെ ശാന്തതയുടെയും യുവത്വത്തിന്റെയും രഹസ്യവും ഈ ഭക്തിയുമായി ബന്ധപ്പെട്ടതാണ്.

കത്തോലിക്കസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പ 85 ന്റെ പടിവാതിലും കടന്നു മുന്നോട്ടു കുതിക്കുകയാണ്. അദ്ദേഹത്തിന്റെ അനിതരസാധാരണമായ പ്രസരിപ്പിന്റെയും യുവചൈതന്യത്തിന്റെയും രഹസ്യമറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടാകും. വാര്‍ധക്യത്തെ അവഗണിച്ചുകൊണ്ട് ചുറുചുറുക്കോടെ മുന്നേറുന്ന ഫ്രാന്‍സിസ് പാപ്പ ഏവര്‍ക്കും ഒരു അത്ഭുതമാണ്. പ്രായത്തെ പ്രസരിപ്പുകൊണ്ടും ലാളിത്യം കൊണ്ടും തോല്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുവത്വ രഹസ്യങ്ങളില്‍ യൗസേപ്പിതാവിനോടുള്ള ഭക്തി പ്രധാന ഘടകമാണ്.

ഉറങ്ങുന്ന യൗസേപ്പിതാവ്
യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും കരംപിടിച്ച് എല്ലാ അപകടങ്ങളില്‍നിന്നും അവരെ കാത്തുസൂക്ഷിച്ച യൗസേപ്പിതാവിനെയാണ് പാപ്പയും കാര്യങ്ങളെല്ലാം ഏല്‍പിച്ചിരിക്കുന്നത്. പ്രശ്‌നങ്ങളും പ്രതിസന്ധികളും  വരുമ്പോള്‍ പാപ്പ ഒരു കുറിപ്പെഴുതി യൗസേപ്പിതാവിന് സമര്‍പ്പിക്കുന്നു. ബാക്കി യൗസേപ്പിതാവ് നോക്കിക്കൊള്ളുമെന്ന് അദ്ദേഹത്തിന് ഉറപ്പാണ്.
മാര്‍പാപ്പ സ്വന്തം കൈപ്പടയില്‍ കുറിപ്പെഴുതി തന്റെ മുറിയിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിനുകീഴില്‍വയ്ക്കും.

ഇപ്പോള്‍ തന്റെ കുറിപ്പുകള്‍ യൗസേപ്പിതാവിന്റെ തലയ്ക്കുകീഴെ ഒരു തലയിണ പോലെയായിട്ടുണ്ടെന്നും ആ ഉറങ്ങുന്ന രൂപം തനിക്ക് ഉറക്ക ഗുളികയേക്കാള്‍ ഫലപ്രദമാണെന്നും പാപ്പ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യൗസേപ്പിതാവിന്റെ തിരുരൂപത്തിനുമുണ്ട്‌ പ്രത്യേകത. യൗസേപ്പിതാവ് ഉറങ്ങുന്ന രീതിയില്‍ ഉള്ളതാണ്. ആ രൂപത്തിനുമുണ്ട് ഒരു കഥപറയാന്‍. വിശുദ്ധ ജോസഫിന് ദൈവം എല്ലാ സന്ദേശങ്ങളും നല്‍കിയത് സ്വപ്‌നത്തിലായിരുന്നു.

മേരി എന്ന കന്യകയെ ഭാര്യയായി സ്വീകരിക്കണമെന്നും ഹേറോദേസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഈജിപ്തിലേക്ക് പലായനം ചെയ്യുക എന്നുമൊക്കെയുള്ള സന്ദേശം ലഭിച്ചത് അദ്ദേഹത്തിന് ഉറക്കത്തിലായിരുന്നു. അദ്ദേഹത്തിന് യൗസേപ്പിതാവിനോടുളള ഭക്തി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യുവാവായിരിക്കുമ്പോള്‍ ആരംഭിച്ചതാണ്. 17-ാമത്തെ വയസില്‍ വൈദികനാകുവാനുള്ള ദൈവവിളി അദ്ദേഹത്തിന് ലഭിച്ചത് സെന്റ് ജോസഫ് ബസിലിക്കയില്‍വച്ചായിരുന്നു.

ദൈവത്തില്‍ വിശ്രമിക്കുക
എല്ലാം ദൈവത്തിന്റെ സമ്മാനമാണെന്നുള്ള തിരിച്ചറിവാണ് പാപ്പയുടെ ചുറുചുറുക്കിന്റെ മറ്റൊരു  രഹസ്യം. അതിനെക്കുറിച്ച് പാപ്പ തന്നെ പറയുന്നു: ”എന്റെ സമാധാനം ഏന്റെ ദൈവത്തിന്റെ സമ്മാനമാണ്. അതെന്നെ വിട്ടുപോകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന ഓരോ ദിവസവും ദൈവത്തില്‍ വിശ്രമിക്കുവാന്‍ പാപ്പ സമയം കണ്ടെത്തുന്നു. വിശ്രമിക്കുക മാത്രമല്ല ദൈവത്തിനു പറയാനുള്ളത് കേള്‍ക്കാന്‍ കാതോര്‍ക്കുകയും ചെയ്യും. നാം ശാന്തരായിരിക്കുമ്പോള്‍ ദൈവം തന്റെ പദ്ധതികള്‍ വെളിപ്പെടുത്തിത്തരും. ദൈവത്തിലുള്ള വിശ്രമം നമ്മുടെ ആത്മാവിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഉത്തമമാണെന്നും പാപ്പ പറയുന്നു.

ഉറങ്ങും നേരത്തെ ഉണരും
ഓരോ ദിവസവും പാപ്പയ്ക്ക് കൃത്യമായ ടൈംടേബിളുണ്ട്. രാത്രി 9.00 മണിക്ക് ഉറങ്ങാന്‍ പോകും. അതിരാവിലെ 4.30 ന് ഉണരും. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞാല്‍ ഒരു ലഘുവിശ്രമമുണ്ട്. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഉറക്കത്തിലേക്ക് വഴുതിവീഴുക. വിശുദ്ധ കൊച്ചുത്രേസ്യയും അങ്ങനെയായിരുന്നുവത്രെ. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറങ്ങിപ്പോയാലും കൊച്ചുേ്രത്രസ്യയെ ദൈവത്തിനും വലിയ ഇഷ്ടമായിരുന്നു. അതുപോലെ തന്നെയാണ് പാപ്പയെയും. ഒരു ശിശു തന്റെ പിതാവിന്റെ കരങ്ങളിലെപോലെ ഓരോ വിശ്വാസിയും ദൈവത്തോടൊപ്പമായിരിക്കണം. പിതാവിന്റെ കൈകളില്‍ ഒരു ശിശുവിനെപ്പോലെ ആയിരിക്കുക എന്നതാണ് ദൈവത്തിന്റെ അനുഗ്രഹം നേടാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം.

സ്‌ട്രെസ് നേരിടാന്‍ പ്രാര്‍ത്ഥന
ടെന്‍ഷന്‍ ഇല്ലാത്ത ജീവിതമില്ല. പിരിമുറുക്കത്തെ നേരിടാന്‍ പ്രാര്‍ത്ഥനയാണ് ഏറ്റവും ബെസ്റ്റ് എന്ന് പാപ്പയ്ക്ക് നന്നായി അറിയാം. പാപ്പ ദിവസവും വളരെ നേരം പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് തനിക്ക് തനതായ ശൈലിയുണ്ടെന്നാണ് പാപ്പ പറയുന്നത്. ദിവ്യബലിയും ജപമാലയും മാര്‍പാപ്പയ്ക്ക് പ്രിയങ്കരമാണ്. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ബൈബിള്‍ വളരെയധികം വായിക്കും, അതോടെ സമാധാനം തന്റെ ഉള്ളില്‍ വളരുമെന്ന് പാപ്പ പറയുന്നു.

നര്‍മ്മബോധം
നര്‍മ്മബോധമില്ലെങ്കില്‍ സന്തോഷകരമായി ജീവിക്കുവാന്‍ പ്രയാസമാണെന്നും ജീവിതം ആസ്വദിക്കുന്നതിനും കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നതിനും ഒരു ക്രിസ്ത്യാനിക്ക് അത്യാവശ്യം വേണ്ടത് നര്‍മ്മബോധമാണെന്നും പാപ്പ പറയുന്നു. മാത്രമല്ല, വിശുദ്ധ തോമസ് മൂറിന്റെ നല്ല നര്‍മ്മബോധത്തിനായുള്ള പ്രാര്‍ത്ഥന പാപ്പ സ്ഥിരമായി ചൊല്ലാറുണ്ടത്രെ. ഫ്രാന്‍സിസ് പാപ്പയുടെ യുവത്വത്തിന്റെ മറ്റൊരു രഹസ്യം അദ്ദേഹത്തിന്റെ ശുദ്ധമായ മനഃസാക്ഷിയാണ്. ഒരു മനുഷ്യനെ വയസനാക്കുന്നത് വര്‍ഷങ്ങളല്ല, പാപമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?