‘ബേസിക് അത്ഭുതങ്ങൾ’ ചെയ്താൽ മാത്രം മതി വിശുദ്ധനാകാൻ സാധിക്കുമെന്ന സന്ദേശവുമായി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ പ്രശസ്ത റേഡിയോ ജോക്കിയും മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.
‘വിശുദ്ധന്മാരുടെ ഇടയിൽ ഒരു ‘ഗുമ്മില്ല’ എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്ന ഒരാളാണ് യൗസേപ്പ് എന്ന ജോസഫ്,’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. എന്തെങ്കിലും ആവശ്യം വന്നാൽ കുഞ്ഞുനാളിൽ ഓടിപ്പോയി പ്രാർത്ഥിക്കുന്ന വിശുദ്ധരുടെ പട്ടികയിൽ യൗസേപ്പിതാവ് ഇല്ലായിരുന്നുവെന്ന് ജോസഫ് അന്നംകുട്ടി ജോസ് പറയുന്നു.
യൗസേപ്പിതാവ് അത്ഭുതങ്ങളൊന്നും പ്രവർത്തിച്ചതായി ബൈബിളിൽ പറയുന്നില്ല എന്നതാണ് അതിന്റെ വലിയൊരു കാരണമായി ജോസഫ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, യൗസേപ്പിതാവിനോട് പ്രത്യേകമായി പ്രാർത്ഥിക്കുന്ന ജോസഫിന്റെ അമ്മ അദ്ദേഹത്തിന്റെ ചിന്താഗതിയെ സ്വാധീനിച്ചു. മാലാഖ യൗസേപ്പിതാവിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത് മുതൽ, ഈശോയുടെ ജനനം വരെ യൗസേപ്പിതാവ് സഹിച്ച ബുദ്ധിമുട്ടുകൾ അമ്മ ഒരിക്കൽ ജോസഫിന് വിശദീകരിച്ച് നൽകി.
‘നീ ഈ പറയുന്ന ഏത് വിശുദ്ധന്മാരെക്കാളും വലിയ അത്ഭുതം പ്രവർത്തിച്ചത് ഈ മനുഷ്യനാണ്. രോഗങ്ങൾ സൗഖ്യമാക്കാൻ, കാണാതെ പോയ സാധനങ്ങൾ കണ്ടെത്താൻ, അസാധ്യകാര്യങ്ങൾ നടത്താനൊക്കെ ഒരു പരിധിവരെ പണംകൊണ്ട് മനുഷ്യന് സാധിക്കും. പക്ഷെ സ്നേഹത്തോടെ അവൈലബിൾ ആയിരിക്കുക, എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും കൂടെ നിൽക്കുക,നമ്മെ വിശ്വസിക്കുക, സ്നേഹിക്കുക എന്നൊക്കെ പറയുന്നതാണ് എന്റെ കണ്ണിൽ മനുഷ്യന് വേണ്ടുന്ന ബേസിക് അത്ഭുതം.’
എന്നിങ്ങനെ യൗസേപ്പിതാവിനെ പറ്റി അമ്മ പറഞ്ഞത് ഒരു വലിയ സത്യമാണെന്ന് ജോസഫ് അന്നംകുട്ടി ജോസിന് അന്ന് ബോധ്യമായി. തന്റെ ജീവിതത്തിൽ ആദ്യമായിട്ട് അമ്മയിൽനിന്നാണ് ‘ബേസിക് അത്ഭുതം’ എന്നൊരു വാക്ക് കേട്ടതെന്ന് അദ്ദേഹം ഓർത്തെടുത്തു. “Making the possible actually possible” (സാധ്യമായത് യഥാർത്ഥത്തിൽ സാധ്യമാക്കുന്നു) എന്നാണ് ജോസഫ് അന്നംകുട്ടി ജോസ് ‘ബേസിക് അത്ഭുത’ത്തിന് നൽകുന്ന നിർവചനം.
അതിനാൽ, ‘ഒരു വിശുദ്ധനാവാൻ അത്ഭുതങ്ങളുടെ അകമ്പടി വേണമെന്നില്ല, മകനായി, മകളായി, ഭർത്താവായി, ഭാര്യയായി, സുഹൃത്തായി ചെയ്യാൻ സാധിക്കുന്ന ബേസിക് അത്ഭുതങ്ങൾ ചെയ്താൽ മാത്രം മതി!’ എന്ന സന്ദേശം സമൂഹത്തിന് നൽകിക്കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *