Follow Us On

07

May

2021

Friday

മാതാപിതാക്കളും സഹോദരങ്ങളും സാക്ഷി, പേപ്പൽ ആശീർവാദത്തോടെ വാഴ്ത്തപ്പെട്ട അക്യുറ്റിസ് ഈജിപ്റ്റിലേക്ക്!

മാതാപിതാക്കളും സഹോദരങ്ങളും സാക്ഷി, പേപ്പൽ ആശീർവാദത്തോടെ വാഴ്ത്തപ്പെട്ട അക്യുറ്റിസ് ഈജിപ്റ്റിലേക്ക്!

വത്തിക്കാൻ സിറ്റി: മാതാപിതാക്കളെയും സഹോദരങ്ങളെയും സാക്ഷിയാക്കി, ഫ്രാൻസിസ് പാപ്പയുടെ ആശീർവാദം ഏറ്റുവാങ്ങി വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് ഈജിപ്റ്റിലേക്ക്! കയ്‌റോയിലെ ‘ഒയാസിസ് ഓഫ് ദ പിയറ്റാ’ എന്ന അനാഥാലയത്തിലേക്കാണ് ’21-ാം നൂറ്റാണ്ടിന്റെ വിശുദ്ധൻ’ എന്ന വിശേഷണമുള്ള അക്യുറ്റിസിന്റെ യാത്ര, ക്രിസ്തുവിന് പ്രഥമ സ്ഥാനം നൽകിയ തന്റെ ജീവിതം ഈജിപ്ഷ്യൻ മണ്ണിൽ സാക്ഷിക്കുകയാണ് ദൗത്യം.

കെയ്‌റോയിൽ സ്ഥാപിക്കാനുള്ള വാഴ്ത്തപ്പെട്ട അക്യുറ്റിസിന്റെ തിരുരൂപം കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പ ആശീർവദിച്ച് കൈമാറുകയായിരുന്നു. അപ്പസ്‌തോലിക മന്ദിരത്തിൽ ക്രമീകരിച്ച ആശീർവാദ കർമത്തിൽ വാഴ്ത്തപ്പെട്ട അക്യുറ്റിസിന്റെ മാതാപിതാക്കളായ അന്റോണിയയും ആൻഡ്രിയും, ഇരട്ട സഹോദരങ്ങളായ ഫ്രാൻസെസ്‌കായും മിഷേലും സന്നിഹിതരായതും സവിശേഷമായി. അക്യുറ്റിസിന്റെ കബറിടം സ്ഥിതിചെയ്യുന്ന അസീസി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡൊമനിക്കോ സൊറാറ്റിനോയും സന്നിഹിതനായിരുന്നു.

ഇഹലോക ജീവിതത്തിൽ ശുശ്രൂഷകളിലൂടെയും, മരണാനന്തരം സ്വർഗീയ മാധ്യസ്ഥ്യത്തിലൂടെയും അനേകായിരം ആത്മാക്കളെ ക്രിസ്തുവിന് നേടിക്കൊടുത്ത, ‘സൈബർ അപ്പോസ്തലൻ ഓഫ് യൂക്കരിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട അക്യുറ്റിസിനോടുള്ള വണക്കം ലോകമെമ്പാടേക്കും വ്യാപിക്കുകയാണ്. അതിന്റെ ഭാഗംതന്നെയാണ് കെയ്‌റോയിൽ തിരുരൂപം സ്ഥാപിക്കുന്ന നടപടി. കെയ്‌റോയിലെ ‘ഒയാസിസ് ഓഫ് ദി പിയറ്റാ’ അനാഥാലയത്തിന്റെ രക്ഷാധികാരികളായ ‘ബാംബിനോ ജെസു’ അസോസിയേഷനാണ് ഇതിന് മുൻകൈ എടുത്തത്.

വടക്കൻ ഇറ്റലിയിലെ പ്രമുഖ ശിൽപ്പികളായ മാറ്റിയോയും ഡാനിയേല പെരാത്തോണറുമാണ് തിരുരൂപം തയാറാക്കിയത്. ചുവന്ന പോളോ ഷർട്ടും ടെന്നീസ് ഷൂസും അണിഞ്ഞു നിൽക്കുന്ന അക്യുറ്റിസിന്റെ ഹൃദയഭാഗത്തുള്ള ദിവ്യകാരുണ്യത്തിൽനിന്ന് രശ്മികൾ സ്ഫുരിക്കും വിധമാണ് തിരുരൂപത്തിന്റെ നിർമാണം. ‘ദൈവത്തിന് പ്രഥമസ്ഥാനം നൽകുകയും എളിയ സഹോദരങ്ങളിലൂടെ ദൈവത്തെ സേവിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്നതിന് യുവജനങ്ങൾക്കുള്ള അടയാളമാണ് വാഴ്ത്തപ്പെട്ട കാർലോയുടെ സാക്ഷ്യം,’ എന്ന വാക്കുകളോടെയാണ് തിരുരൂപം പാപ്പ കൈമാറിയത്.

അനാഥാലയം കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രികളും ബാംബിനോ ജെസു അസോസിയേഷൻ കെയ്‌റോയിൽ നടത്തുന്നുണ്ട്. പാപ്പയുടെ രണ്ടാം പേഴ്‌സണൽ സെക്രട്ടറിയായിരുന്ന മോൺ. യോവാന്നിസ് ലാഹ്‌സി ഗൈദാണ് ഇപ്പോൾ ബാംബിനോ ജെസു അസോസിയേഷന്റെ പ്രസിഡന്റ്. അദ്ദേഹവും ആശീർവാദ കർമത്തിൽ സന്നിഹിതനായിരുന്നു.

1991ൽ ലണ്ടനിൽ ജനിച്ച അക്യൂറ്റിസ്, ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12നാണ് ഇഹലോകവാസം വെടിഞ്ഞത്. കേവലം 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ അനേകരെ വിശ്വാസവഴിയിലേക്ക് നയിച്ചതിലൂടെയാണ് അക്യുറ്റിസ് ശ്രദ്ധേയനായത്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ പ്രതിഭാശാലിയായിരുന്ന അദ്ദേഹം, തന്റെ കഴിവുകൾ പൂർണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്. കാൻസർ രോഗത്തിന്റെ വേദനയാൽ പുളയുമ്പോഴും ആ വേദന കാർലോ പാപ്പയ്ക്കും സഭയ്ക്കുംവേണ്ടി കാഴ്ചവെച്ച കാർലോയെ 2020 ഒക്‌ടോബറിലാണ് സഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?