Follow Us On

31

January

2023

Tuesday

ചരിത്രത്തില്‍ ഇടംപിടിച്ച അസാധാരണ യാത്ര!

ചരിത്രത്തില്‍  ഇടംപിടിച്ച  അസാധാരണ യാത്ര!

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം ചരിത്രത്തില്‍ ഇടംപിടിച്ചുകഴിഞ്ഞിരിക്കുന്നു. മുറിവുകളിലേക്ക് സ്‌നേഹത്തിന്റെ തൈലം പുരട്ടിയ സമാധാന യാത്രയെന്നാകും ഒരുപക്ഷേ നാെളത്തെ ചരിത്രകാരന്മാര്‍ അതിനെ വിലയിരുത്താന്‍ സാധ്യത. അസമാധാനം നിറയുന്ന ഇടങ്ങളില്‍ സാഹോദര്യത്തിന്റെ സന്ദേശം പരത്താന്‍ മാര്‍പാപ്പ പറത്തിവിട്ട സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ യാത്രതുടങ്ങിക്കഴിഞ്ഞു. ക്രൈസ്തവര്‍ക്ക് വൈകാരികമായ അടുപ്പംകൂടിയുള്ള രാജ്യമാണ് ഇറാക്ക്. വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ ദേശമാണത്. ലോകം ഇത്ര പ്രതീക്ഷയോടും ആകാംക്ഷയോടും പ്രാധാന്യത്തോടും വീക്ഷിച്ച ഒരു ലോക നേതാവിന്റെ സന്ദര്‍ശനം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഇരുള്‍ നിറയുന്ന കാലത്തോട് ദൈവം സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന അസാമാന്യ മനുഷ്യസ്‌നേഹിയിലൂടെ. നാല് ദിവസം നീണ്ടുനിന്ന സന്ദര്‍ശനത്തിനായി പാപ്പ തെരഞ്ഞെടുത്ത സ്ഥലങ്ങള്‍ത്തന്നെ ഏറെ പ്രത്യേകനിറഞ്ഞവയായിരുന്നു. ക്വാരഘോഷ്, ഹോഷ്അല്‍ബിയ, നിനിവേ തുടങ്ങി തച്ചുടയ്ക്കപ്പെട്ട ക്രൈസ്തവ കേന്ദ്രങ്ങളിലൂടെ എല്ലാം പാപ്പ കടന്നുപോയി. ബാഗ്ദാതില്‍നിന്നും ആരംഭിച്ച ഇറാക്കിലെ അപ്പസ്‌തോലിക സന്ദര്‍ശനം അവസാനിച്ചത് ഏര്‍ബിലിലെ ഫ്രാന്‍സാ ഹരീരി സ്റ്റേഡിയത്തിലെ ദിവ്യബലിയോടെയായിരുന്നു. ക്ഷമിക്കുന്ന സ്‌നേഹത്തെക്കുറിച്ചാണ് പത്രോസിന്റെ പിന്‍ഗാമി അവിടെ പങ്കുവച്ചത്. ആ സ്ഥലത്തിന് ഒരു പ്രത്യേകതകൂടിയുണ്ട്. ഐഎസ് അധിനിവേശക്കാലത്ത് മൊസൂള്‍, ക്വാരഘോഷ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അഭയമേകിയ ദേശമാണത്. സഹനങ്ങളുടെ നടുവിലൂടെ സഞ്ചരിക്കുന്നവരാണ് ദേശവാസികള്‍. എല്ലാവര്‍ക്കും നഷ്ടങ്ങളുടെയും വേദനകളുടെയും കഥകള്‍ പറയാനുണ്ട്.
ഏര്‍ബിലില്‍ പാപ്പ നല്‍കിയ സന്ദേശം ലോകം അമ്പരപ്പോടെയായിരിക്കും ശ്രവിച്ചിട്ടുണ്ടാകുക. മറ്റൊരു നേതാവിനും പറയാന്‍ കഴിയില്ല ഇത്തരം വാക്കുകള്‍. അതുകൊണ്ടുകൂടിയാണ് ഈ സന്ദര്‍ശനം സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെടുക. പാപ്പയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”നാം ശക്തരും വിവേകമുള്ളവരുമാണെന്ന ചിന്തയില്‍ ചിലപ്പോള്‍ കുടുങ്ങിയേക്കാം. യുദ്ധത്തിന്റെയും അക്രമണങ്ങളുടെയും മുറിവുകള്‍ നേരിടുമ്പോള്‍ മാനുഷികമായ ശക്തിയും വിവേകവുംകൊണ്ട് പ്രതികരിക്കണമെന്ന പ്രലോഭനം നമ്മിലുണ്ടാകും. എന്നാല്‍, കുരിശില്‍ ക്രിസ്തു വെളിപ്പെടുത്തിയ ശക്തിയും വിവേകവുമാണ് നമുക്ക് ആവശ്യം.” സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും നടുവില്‍ ക്രൈസ്തവര്‍ വേദനകളെ എങ്ങനെ സ്വീകരിക്കണമെന്നും വേദനിപ്പിക്കുന്നവരെ എപ്രകാരം കാണണമെന്നുമെന്നുള്ള കൃത്യമായ ഓര്‍മപ്പെടുത്തല്‍ പാപ്പയുടെ വാക്കുകളിലുണ്ട്. അധികാരങ്ങളല്ല, സുവിശേഷഭാഗ്യങ്ങളാണ് ലോകത്തെ മാറ്റിമറിക്കുന്നതെന്നാണ് മാര്‍പാപ്പ പറഞ്ഞത്.
ക്ഷമയുടെ കാലംകഴിഞ്ഞെന്ന ചിന്ത സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ക്രൈസ്തവരുടെ പ്രതിഷേധവും പ്രതികരണങ്ങളും ശക്തമല്ല എന്നൊരു ചിന്തയും പ്രബലമാകുന്നുണ്ട്. ഇത്തരം ആശയങ്ങള്‍ക്ക് സ്വീകാര്യത ഏറുകയും ചെയ്യുന്നു. മാനുഷികമായി ചിന്തിച്ചാല്‍ അതില്‍ ശരികളുണ്ടെന്ന് ആര്‍ക്കും തോന്നാം. തിരിച്ചടിക്കണമെന്ന തോന്നല്‍ പ്രലോഭനമാണെന്ന മാര്‍പാപ്പയുടെ വാക്കുകള്‍ ഹൃദയഫലകങ്ങളില്‍ രേഖപ്പെടുത്തേണ്ടവയാണ്. നമ്മുടെ എല്ലാ പ്രതികരണങ്ങളും സുവിശേഷത്തിന്റെ ചൈതന്യത്തിന് നിരക്കുന്നതാകണം. അപ്പോഴാണ് ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. അതിന് വിരുദ്ധമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കരുത്. വെറുപ്പും ഭിന്നതയും വിതക്കുന്നവരെ ശ്രദ്ധിക്കണം. അവര്‍ പങ്കുവയ്ക്കുന്നത് എത്ര മഹത്തായ ആശയങ്ങളാണെങ്കിലും അത് ദൈവത്തിന്റെ വഴികളല്ലെന്നും അവരെ നയിക്കുന്നത് ദൈവാത്മാവ് അല്ലെന്നതിനും മറ്റൊരു തെളിവ് ആവശ്യമില്ല.
എത്ര നഷ്ടങ്ങള്‍ ഉണ്ടായിട്ടും വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാതിരുന്നവരാണ് ഇറാക്കിലെ ക്രൈസ്തവര്‍. ഐഎസ് തീവ്രവാദികള്‍ ആ പ്രദേശം കീഴടക്കിയപ്പോള്‍ വിശ്വാസത്തെ തള്ളിപ്പറയാന്‍ തയാറായിരുന്നെങ്കില്‍ അനേകര്‍ രക്തസാക്ഷികളും അഭയാര്‍ത്ഥികളുമായി മാറുമായിരുന്നില്ല. ഒന്നുറപ്പാണ് അവരുടെ നഷ്ടങ്ങളും കണ്ണീരുമൊന്നും പാഴാവില്ല. ഇറാക്കിയിലെ സഭ വരുംകാലങ്ങളില്‍ ലോകത്തിലെ ഏറ്റവും ശക്തമായ സഭയായി വളരുമെന്നതില്‍ സംശയം വേണ്ട. സാധ്യതകളിലേക്ക് നോക്കേണ്ടതില്ല. ദൈവത്തിന് എല്ലാം മാറ്റിമറിയ്ക്കാന്‍ ഒരു നിമിഷം മതിയെന്ന ബോധ്യം മനസില്‍ നിറച്ചാല്‍ മതി.
എല്ലാം പൊറുത്ത് നിങ്ങള്‍ പരസ്പരം സ്‌നേഹിക്കൂ എന്നായിരുന്നു മാര്‍പാപ്പ ഇറാക്കിലെ ജനങ്ങളോട് പറഞ്ഞതിന്റെ സാരാംശം. ഇത് ഇറാക്കിലെ വിശ്വാസികള്‍ക്കു മാത്രമുള്ള സന്ദേശമല്ല. ലോകത്തിലെ ക്രൈസ്തവര്‍ക്ക്, അല്ല, ലോകത്തോട് മുഴുവനുമുള്ള ദൈവത്തിന്റെ ദൈവത്തിന്റെ വാക്കുകളാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?