Follow Us On

29

March

2024

Friday

പൂവന്‍കോഴിയുടെ ബിംബങ്ങളുള്ള ദൈവാലയ ഗോപുരങ്ങള്‍

പൂവന്‍കോഴിയുടെ ബിംബങ്ങളുള്ള  ദൈവാലയ ഗോപുരങ്ങള്‍

ജറുസലേം നഗരത്തിന്റെ കിഴക്കുവശത്താണ് ഒലിവുമല, കെദ്രോന്‍ താഴ്‌വരയ്ക്കപ്പുറം. നഗരത്തില്‍നിന്ന് മുന്നൂറ് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഓശാനനാളില്‍ വിജയശ്രീലാളിതനായി ആയിരങ്ങളുടെ അകമ്പടിയോടെ പട്ടണപ്രവേശം നടത്തിയ യേശു അന്ന് സായാഹ്നത്തില്‍ അസ്തമയസൂര്യന്റെ കിരണങ്ങള്‍ പതിച്ച പട്ടണത്തെയും ദൈവാലയത്തെയും വീക്ഷിച്ച് ഏറെ നേരം ധ്യാനനിരതനായിരുന്നു. പ്രവാചകരായ ഹഗ്ഗായി, സക്കറിയ, മലാക്കി എന്നിവരുടെ ശവകുടീരങ്ങള്‍ ഒലിവുമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നാണ് ഉത്ഥിതനായ യേശു നാല്‍പതാം നാള്‍ സ്വര്‍ഗാരോഹണം ചെയ്തത്. ശിഷ്യന്മാരുടെ അഭ്യര്‍ത്ഥനയെ ആദരിച്ച്, സ്വര്‍ഗസ്ഥനായ പിതാവേ (കര്‍ത്തൃപ്രാര്‍ത്ഥന) എന്ന പ്രാര്‍ത്ഥന അവരെ പഠിപ്പിച്ചത് ഇവിടെവച്ചായിരുന്നു. യേശു പലപ്പോഴും ഏകാന്ത പ്രാര്‍ത്ഥനയ്ക്കായി ഒലിവുമലയില്‍ പോയിട്ടുണ്ട്. ജറുസലേമിന് വരാനിരിക്കുന്ന നാശം യേശു മുന്‍കൂട്ടി പ്രവചിച്ചതും അതേക്കുറിച്ച് വിലപിച്ചതും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ലൂക്കാ 19:42).
കര്‍ത്താവ് കരഞ്ഞു
ഈ വസ്തുത സൂചിപ്പിക്കുന്ന ഒരു ചെറിയ പള്ളി ഇവിടെയുണ്ട്. ലത്തീനില്‍ ‘ദോമിനുസ് ഫ്‌ളെവിത്ത്’ (Lord wept) എന്നാണ് പള്ളിയുടെ പേര്. കുരിശുയുദ്ധകാലത്ത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ആദ്യത്തെ പള്ളി പണിതത്. പക്ഷേ, അവരുടെ പിന്‍വാങ്ങലോടെ പള്ളിയും നാശോന്മുഖമായി.
പിന്നീട് 1981-ല്‍ ഇപ്പോഴത്തെ പള്ളി നിര്‍മിതമായി. ഏതാണ്ട് ഇരുപതോളം പേര്‍ക്ക് ഇരുന്ന് പ്രാര്‍ത്ഥിക്കാവുന്നത്ര വലിപ്പമേ ഇതിനുള്ളൂ. ഭിത്തിയോട് ചേര്‍ന്ന് നടുവില്‍ ഒരു ചെറിയ അള്‍ത്താരയുണ്ട്. അവിടെനിന്ന് നോക്കിയാല്‍ പടിഞ്ഞാറ് ജറുസലേം നഗരം പൂര്‍ണമായും കാണാം. നഗരത്തിന് മകുടമായ ദൈവാലയവും. കമനീയമായ സ്ഫടികത്താല്‍ നിര്‍മിതമാണ് ആ ഭിത്തി. ദൈവാലയത്തിന്റെ രൂപകല്പനതന്നെ ഒരു കണ്ണീര്‍ക്കണത്തിന്റെ ആകൃതിയിലാണ് എന്നത് ശ്രദ്ധേയം. കര്‍ത്താവ് കരഞ്ഞു (ലൂക്കാ 19:41-42). തീര്‍ത്ഥാടകര്‍ക്കും അനുതാപത്തിന്റെ കണ്ണീര്‍ തൂകാന്‍ ഒരവസരം.
ഗത്‌സമെന്‍ തോട്ടം
പെസഹാനാളിലെ തിരുവത്താഴത്തിനുശേഷം, യേശു ശിഷ്യന്മാരോടുകൂടി പതിവുപോലെ ഒലിവുമലയിലേക്ക് പോയി അവിടെ അവരെ ഇരുത്തി, പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞിട്ട് അവിടുന്ന് ഒരു കല്ലേറുദൂരം മാറി മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിച്ചു. അത് ഗത്‌സമെന്‍ തോട്ടമായിരുന്നു. അവിടുത്തെ വിയര്‍പ്പ് രക്തത്തുള്ളികളായി നിലത്തുവീണു (ലൂക്കാ 22:44). അസഹ്യമായ വേദനയില്‍ ത്വക്കിനടിയിലെ രക്തധമനികള്‍ പൊട്ടി രോമകൂമങ്ങളിലൂടെ രക്തകണങ്ങള്‍ വിയര്‍പ്പുമായി കലര്‍ന്ന് വാര്‍ന്നൊഴുകി. ഈ പ്രതിഭാസത്തെ ശാസ്ത്രീയമായി ‘ഹിമാറ്റിഡ്രോസിസ്’ എന്നാണ് പറയുക.
ഗത്സമെനി എന്ന വാക്കിന് എണ്ണച്ചക്ക് എന്നും അര്‍ത്ഥമുണ്ട്. വിശുദ്ധനാട്ടിലെ മറ്റേതു ഭൂവിഭാഗത്തേക്കാളധികം ശ്രദ്ധാപൂര്‍വം സംരക്ഷിക്കപ്പെടുന്ന തോട്ടമാണിത്. യേശുവിന്റെ കാലത്തോളം പഴക്കമുള്ള ഏതാണ്ട് എട്ട് സൈത്തുമരങ്ങള്‍ ഇപ്പോഴുമുണ്ട്. പ്രായാധിക്യത്താല്‍ ചില ഭാഗങ്ങള്‍ ദ്രവിച്ചു തുടങ്ങിയെങ്കിലും പുതുമുളകള്‍ വരുന്നവയെ പ്രത്യേകം പരിരക്ഷിച്ചുവരുന്നു. റോമന്‍ ചരിത്രകാരനായ പ്ലീനിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ് ”ഒലിവുമരങ്ങള്‍ ഒരിക്കലും നശിക്കുന്നില്ല; അവ ഇന്നും ഫലമണിയും.”
ഗത്‌സമെനിയിലെ ദൈവാലയം
യേശുവിന്റെ പീഡാനുഭവരംഗങ്ങളെയും രക്തം വിയര്‍ക്കലിനെയും അനുസ്മരിക്കുന്ന ഒരു സ്മാരകമെന്ന നിലയില്‍ 379-ല്‍ ഒരു ബസിലിക്കാപള്ളി പണി തീര്‍ത്തു. പക്ഷേ, പേര്‍ഷ്യക്കാര്‍ 614-ല്‍ അതു നാമാവശേഷമാക്കി. എങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാര്‍ അത് പുനര്‍നിര്‍മിച്ചു; പിന്നെയും തകര്‍ക്കപ്പെട്ടു. ഇന്ന് ജറുസലേമിലെ ഏറ്റം സുന്ദരമായ ദൈവാലയം 1919-1924-ല്‍ പണി പൂര്‍ത്തിയാക്കിയ ‘സര്‍വരാഷ്ട്രദൈവാലയ’മാണ്. പതിനാറ് ലോകരാഷ്ട്രങ്ങളാണ് ഇതിന്റെ ചെലവ് വഹിച്ചത്.
ദൈവാലയത്തിന്റെ മുഖ്യബലിപീഠത്തിനുമുമ്പില്‍, യേശു കമഴ്ന്നുവീണു പ്രാര്‍ത്ഥിച്ച ഭാഗം ചങ്ങലയിട്ട് വേര്‍തിരിച്ചിട്ടുണ്ട്, ആരും അശ്രദ്ധമായി ചവുട്ടി നടക്കാതിരിക്കാന്‍. ഈ ദൈവാലയത്തിനകത്തും പുറത്തും ഒരളവുവരെ തോട്ടത്തിന്റെ പരിസരത്തും ശാന്തവും ഏകാന്തവുമായ അന്തരീക്ഷമാണുള്ളത്.
കര്‍ത്തൃപ്രാര്‍ത്ഥനയുടെ പള്ളി
ഒലിവുമലയിലെ ‘പാത്തൊന്‍നോസ്തര്‍’ (ഛൗൃ ളമവേലൃ) എന്ന ലത്തീന്‍ പേരിലറിയപ്പെടുന്ന പള്ളി വളരെ പ്രസിദ്ധമാണ്. ദൈവാലയത്തിനകത്തും പുറത്ത് വരാന്തയില്‍ ഭിത്തിയിലുമായി തുല്യവലിപ്പത്തില്‍ മാര്‍ബിള്‍ ഫലകങ്ങളില്‍ കര്‍ത്തൃപ്രാര്‍ത്ഥന കൊത്തിവച്ചിട്ടുണ്ട്. മൊത്തം 139 ലോകഭാഷകളില്‍ ഇങ്ങനെ പ്രാര്‍ത്ഥനയുണ്ട്. ഏതാനും വര്‍ഷംമുമ്പ്, വിശുദ്ധനാട് സന്ദര്‍ശിച്ച ലേഖകന് വിസ്മയം തോന്നിയത് ഇന്ത്യന്‍ ഭാഷയെന്ന തലക്കെട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രാര്‍ത്ഥന ഇംഗ്ലീഷ് ലിപികളിലെ പഴയ മലയാള പ്രാര്‍ത്ഥനയാണ്. അത് ഇങ്ങനെ വായിക്കാം: ‘അസമമെിഴമഹശൃശസസൗിിമ ിഷമിഴമഹൗറല ആമ്മ്യല..’’ (‘ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവായേ…’) പ്രാര്‍ത്ഥന അവസാനിക്കുന്നത് ‘ആമേനീശോ’ എന്നാണ്. അവിടുത്തെ അധികാരിയോട് ‘ഇത് മലയാളം എന്ന് തിരുത്തിയാല്‍ നല്ലത്’ എന്നു പറഞ്ഞപ്പോള്‍ അങ്ങനെ ആയിക്കോളാന്‍ അവര്‍ സമ്മതിച്ചു. ഏതായാലും 2005 മാര്‍ച്ചില്‍ വിശുദ്ധ വാരത്തില്‍ തീര്‍ത്ഥാടനം നടത്തിയ മലയാളികളുടെ ഒരു സംഘം തയാറാക്കിക്കൊണ്ടുപോയ മലയാള ഫലകം ദൈവാലയഭിത്തിയില്‍ സ്ഥാപിക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യജനകമാണ്.
യൂറോപ്പിലെ ചില ദൈവാലയങ്ങളില്‍ കണ്ട വ്യത്യസ്തമായൊരു കാഴ്ചയും ഇതോടൊപ്പം പങ്കുവയ്ക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു.
കോഴി കൂവി, പത്രോസ് കരഞ്ഞു
പാശ്ചാത്യ നാടുകളിലെ ദൈവാലയ ഗോപുരങ്ങളുടെ ഉച്ചിയില്‍ തലയുയര്‍ത്തി നിവര്‍ന്നുനിന്ന് കൂവുന്ന പൂവന്‍കോഴിയുടെ ലോഹനിര്‍മിതമായ ബിംബം കാണാം. ഇതിന്റെ പുരാവൃത്തം അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ഇതിന്റെ ഉറവിടം വേദപുസ്തകപരവും ചരിത്രപരവുമാണെന്ന്.
പെസഹാനാളിലെ അത്താഴവേളയില്‍ യേശു തന്റെ പീഡാസഹനങ്ങളെയും കുരിശുമരണത്തെയും കുറിച്ച് പറഞ്ഞപ്പോള്‍ പത്രോസ് പറഞ്ഞു ”കര്‍ത്താവേ, അങ്ങയോടൊത്ത് കാരാഗൃഹത്തില്‍ പോകാനും മരിക്കാനും ഞാന്‍ തയാറാണ്.” ഇതിന് കര്‍ത്താവിന്റെ പ്രതികരണം, ഈ രാത്രിയില്‍ കോഴി കൂവുന്നതിനുമുമ്പ് മൂന്നുവട്ടം നീയെന്നെ തള്ളിപ്പറയും (ലൂക്കാ 22:34) എന്നായിരുന്നു.
അധികം വൈകാതെ യേശുവിനെ പിടുകൂടിയ റോമന്‍ പടയാളികളും യഹൂദപ്രമാണികളും അവിടുത്തെ പ്രധാനാചാര്യന്റെ പക്കല്‍ കൊണ്ടുപോയി. പുറകെ പോയ പത്രോസ്, നടുമുറ്റത്ത് തീ കൂട്ടി കായുന്നിടത്ത് ചുറ്റിപ്പറ്റി നിന്നു. അപ്പോള്‍ ചിലര്‍ ‘താനും യേശുവിനോടുകൂടി ഉണ്ടായിരുന്ന ആളല്ലേയെന്ന്’ ചോദിച്ചതിന് പത്രോസ് പ്രതിവചിച്ചു. ”ഇല്ല, സത്യമായും ഞാനയാളെ അറിയുകപോലുമില്ല!” ഉടനെ കോഴി കൂവി; പത്രോസ് പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു (ലൂക്കാ 22:61-62).
ഈ ചരിത്രസത്യം അനുസ്മരിച്ചാണ് പില്‍ക്കാലത്ത് വിശുദ്ധ നാട്ടില്‍ അസംപ്ഷനിസ്റ്റ് വൈദികരുടെ നേതൃത്വത്തില്‍ ഒരു ചെറിയ പള്ളി പണിയിച്ചത്. 1931-ല്‍ പണിതീര്‍ത്ത ദൈവാലയത്തിന്റെ സ്ഥാനം പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ കൊട്ടാരത്തിന്റെ സ്ഥാനത്താണ്. ഈ പ്രധാന പുരോഹിതന്റെ പക്കലാണ് യേശുവിനെ ആദ്യം വിസ്തരിക്കാന്‍ കൊണ്ടുപോയത്.
പത്രോസിനെ സംബന്ധിച്ച് കോഴിയുടെ കൂവല്‍ ഗതകാല സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നതും അനുതാപത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നു. ഒപ്പം ജാഗ്രതയുടെയും ഉണര്‍വിന്റെയും പ്രതീകവുമാണ്.


ഫാ. ജോസ് പാലാട്ടി സി.എം.ഐ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?