Follow Us On

31

January

2023

Tuesday

‘പ്രയർ എനർജി’ മനസുവെച്ചാൽ നേടാം ആർക്കും

ഫാ. ജോസ് കേളംപറമ്പിൽ സി.എം.ഐ

‘പ്രയർ എനർജി’ മനസുവെച്ചാൽ നേടാം ആർക്കും

പ്രാർത്ഥനയുടെ ഓരം ചേർന്ന് നടക്കുന്നവരിൽ അവരറിയാതെ രൂപപ്പെടുന്ന ഒരു എനർജി. അതാണ് പ്രാർത്ഥിക്കുന്നവരുടെ ബലം- പ്രാർത്ഥന പകരുന്ന ശക്തി തിരിച്ചറിയാനും ആർജിക്കാനും ഈ നോമ്പുകാലം അവസരമാകണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ.

ആശ്രമത്തിലെ ആദ്യനാളുകൾ അത്രയ്ക്ക് മുഷിപ്പായിരുന്നു. നീണ്ട നിശബ്ദതകളും പ്രാർത്ഥനകളും സമ്മാനിച്ചത് അസ്വസ്ഥതകൾമാത്രം. ഉള്ളിലെ പ്രാർത്ഥനാബോധത്തിന് ജീവിതത്തെ പിടിച്ചുനിർത്താനാവുന്നില്ലല്ലോ എന്ന സങ്കടമായിരുന്നു ആ ശിഷ്യന്. ഒരു സായംസന്ധ്യയിൽ ശിഷ്യൻ ഗുരുസമക്ഷം ഹൃദയം തുറന്നു. വാക്കുകൾക്കിടയിൽനിന്ന് അടർന്നുവീണ ഒരു സമസ്യയിതായിരുന്നു: നീണ്ട ധ്യാനത്തിലൂടെയും പ്രാർത്ഥനയിലൂടെയും അങ്ങ് എന്താണ് നേടിയത്?

ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് ഗുരു പറഞ്ഞു: ‘ഞാൻ ഒന്നും നേടിയില്ല. മറിച്ച് എനിക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി.’ ഗുരുവിന്റെ വെളിപ്പെടുത്തലിൽ ശിഷ്യൻ അത്ഭുതപ്പെട്ടു. അതെ, എന്റെ അഹംഭാവം, വെറുപ്പ്, അത്യാഗ്രഹം, മരണഭയം അങ്ങനെ പലതും എന്നിൽനിന്ന് നഷ്ടപ്പെട്ടു. ശേഷം ഗുരു ശിഷ്യനെ ചേർത്തുനിർത്തി. പതിയെ ശിഷ്യനിൽ പ്രകാശം നിറഞ്ഞുതുടങ്ങിയിരുന്നു.

ഉത്തരമില്ലാതെ പോകുന്ന പ്രാർത്ഥനകൾക്ക് മുമ്പിലാണ് പല മനസുകളും തകർന്നു പോകുന്നത്. ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിൽ ഒടുവിലത്തെ പിടിവള്ളിപോലും പൊട്ടി അകലുമ്പോൾ മനസ് പ്രക്ഷുബ്ധമാവുകയാണ് ഇനി എന്തിനീ പ്രാർത്ഥനകൾ? ജീവിതത്തിന്റെ കയ്പ്പനുഭവങ്ങളാണ് ആ തീരുമാനത്തിലേക്ക് നയിക്കുന്നത് ഇനി മതി, എന്തിനീ പാഴ്കർമം? ആരുമറിയാതെ പകർന്നേകുന്ന ഊർജം പലരും അവിടെ കാണാതെ പോകുന്നു.

ഗത്‌സെമനിയിലെ ക്രിസ്തുവാണ് ഒരു തിരിവെട്ടം പകർന്നേകിയത്. ചങ്ക് തകർന്നും ചോര വിയർത്തുമുള്ള ഒരു പ്രാർത്ഥന: ‘പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകറ്റണമേ.’ ഇക്കാലമത്രയും ആരുടെ സ്വപ്‌നങ്ങൾക്കാണോ കാവൽ നിന്നത് ആ പിതാവിനോടായിരുന്നു ആ പ്രാർത്ഥന. ഇതൊന്നു മാറ്റിത്തരണമേയെന്ന്. ചോര വിയർത്ത പ്രാർത്ഥനയ്ക്കുപോലും വിലയില്ല എന്നു തോന്നിപ്പോകുന്ന നിമിഷങ്ങൾ. തുടർന്നുള്ള വരികൾ തെല്ല് ആശ്ചര്യപ്പെടുത്തുന്നുണ്ട്: ‘എങ്കിലും എന്റെ ഹിതമല്ല നിന്റേതാവട്ടെ.’

നെഞ്ച് തകർന്നുള്ള ആ പ്രാർത്ഥനയുടെ ഉത്തരമായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്രയുടെ ബലം. ഏതു പാനപാത്രമാണോ മാറ്റിത്തരണമെന്ന് കെഞ്ചിയത്, ആ പാനപാത്രം ഒരിഞ്ചുപോലും മാറിയില്ല. പക്ഷേ, ആ പാനപാത്രം മട്ടോളം കുടിച്ചു തീർക്കാനുള്ള ശക്തി ലഭിച്ചുകഴിഞ്ഞിരുന്നു. ദൈവസമക്ഷം വെച്ച നിയോഗം ലവലേശം മാറ്റമില്ലാതെ തുടരുമ്പോഴും മാറ്റം സംഭവിക്കുന്നത് പ്രാർത്ഥനയിൽ അഭയം തേടുന്നവർക്കാണ്.

എത്ര ചങ്കുറപ്പോടെയാണ് ആ കുരിശു താങ്ങിയുള്ള ഗാഗുൽത്താ കയറ്റം! അവിടെയും അവന്റെ നൊമ്പരം സ്വന്തം ചുമലിലെ ഭാരമല്ല, മറിച്ച് മുന്നിൽ നിൽക്കുന്നവരുടെ കവിൾത്തടത്തിൽ ചാലുകീറിയ കണ്ണുനീർത്തുള്ളികളായിരുന്നു ‘ജറുസലേം പുത്രിമാരേ എന്നെ ഓർത്ത് നിങ്ങൾ കരയേണ്ട…’ ഒരു അരികുകൊണ്ട് ഉരുകിത്തീരുമ്പോഴും മറു പാതികൊണ്ട് പ്രകാശം പകരാൻ മെഴുതിരിപോലുള്ള ജന്മങ്ങൾക്കേ സാധിക്കൂ.

ലോകമെമ്പാടും കീഴടക്കിക്കൊണ്ടായിരുന്നു നെപ്പോളിയന്റെ ജൈത്രയാത്ര. രാത്രിയിൽ, പതിവുള്ള ക്യാംപ് സന്ദർശനത്തിനിടയിൽ അദ്ദേഹം കണ്ടു, ഒരു കൂടാരത്തിൽ ഒരു തിരിവെട്ടം. അതു ലക്ഷ്യമാക്കി നടന്ന നെപ്പോളിയൻ കണ്ടത്, നിശയുടെ നിശബ്ദവേളയിൽ ഡ്രോങ്ങ് എന്ന കേണൽ പ്രാർത്ഥനാനിരതനായിരിക്കുന്നതാണ്. ഒന്നും അറിയാത്ത മട്ടിൽ നെപ്പോളിയൻ കടന്നുപോയി. പിറ്റേദിവസം ഒരു സിംഹത്തെപ്പോലെ യുദ്ധം പൊരുതി ജയിച്ച ഡ്രോങ്ങിനെ കണ്ട് നെപ്പോളിയൻ പറഞ്ഞു: ‘നിനക്ക് ഈ ശക്തി എവിടെനിന്ന് ലഭിച്ചുവെന്ന് എനിക്കറിയാം. ഇന്നു മുതൽ നീ എന്റെ സൈന്യാധിപനായിരിക്കും.’

തന്റെ രഹസ്യം നെപ്പോളിയൻ മനസിലാക്കി എന്നറിഞ്ഞ ഡ്രോങ്ങ് പറഞ്ഞു: ‘ഞാൻ പ്രാർത്ഥിക്കാതിരുന്നെങ്കിൽ അങ്ങയുടെ സൈന്യത്തിലെ ഏറ്റവും വലിയ ഭീരു ഞാൻ ആയിരുന്നേനേ.’ പ്രാർത്ഥനയുടെ ഓരം ചേർന്ന് നടക്കുന്നവരിൽ അവരറിയാതെ രൂപപ്പെടുന്ന ഒരു എനർജി. അതാണ് പ്രാർത്ഥിക്കുന്നവരുടെ ബലം. തൊട്ടടുത്ത ദിനം ജീവിതത്തിന്റെ വഴിത്താരയിൽ വരുന്ന എന്തിനെയും നേരിടാനുള്ള കരുത്ത്. ഇതാവണം നീറുന്ന നൊമ്പരങ്ങളുടെ സങ്കട കടൽ നീന്തിക്കടന്ന മനുഷ്യർ പറയുന്നതിന്റെ പൊരുൾ; എന്തോ അപ്പോൾ വല്ലാത്ത ബലമായിരുന്നു, ആരൊക്കെയോ കൂടെയുണ്ടെന്ന ഒരു തോന്നൽ… എന്നൊക്കെ.

പ്രാർത്ഥന മറന്ന് തളർന്നുറങ്ങുന്ന ശിഷ്യൻ വല്ലാതെ ഭീതിപ്പെടുത്തുന്നുമുണ്ട്. അതും ഗത്‌സെമനിയിൽതന്നെ. പലവട്ടം ഓർമപ്പെടുത്തിയിട്ടും വല്ലാതങ്ങു വഴുതിപ്പോവുകയാണ് ഉറക്കത്തിലേക്ക്. ഒരു മണിക്കൂറെങ്കിലും പ്രാർത്ഥിക്കുക. മുന്നിൽ ചില പരീക്ഷകൾക്ക് സാധ്യതയുണ്ട്. നേരിടാൻ ഉണർന്നിരിക്കുക. പരീക്ഷകൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ പ്രാർത്ഥന കരുത്താകും എന്നാണ് ഗുരു ഓർമിപ്പിക്കുന്നത്. രാവൊന്ന് ഇരുണ്ടു വെളുക്കുമ്പോൾ പ്രാർത്ഥന അവഗണിച്ചവൻ വല്ലാതെ ഇടറിയിരുന്നു.

പ്രാർത്ഥനയിൽ ശക്തിപ്രാപിച്ചവൻ തൊട്ടടുത്ത ദിനം ജീവിതത്തെ ചങ്കുറപ്പോടെ നേരിടുമ്പോൾ ഉറക്കച്ചടവിൽ പ്രാർത്ഥന മറന്നവനാകട്ടെ ആ കനൽചൂടിനരികെ ഒരു സ്ത്രീയുടെ ചോദ്യശരങ്ങൾക്കുമുമ്പിൽ വല്ലാതെ ചൂളിപ്പോവുന്നു. മൂന്നാണ്ടുകാലം മുട്ടിയുരുമി നടന്നവനെ അറിയുകപോലുമില്ല എന്ന് കൈമലർത്തിക്കാട്ടാനോളം ആ മനസ് ചുരുങ്ങുന്നു. ഉള്ളിലെ പ്രാർത്ഥനാനാളങ്ങൾ മങ്ങിത്തുടങ്ങിയപ്പോൾ വചനം ഇങ്ങനെ ഒരു വാക്യം കോറിയിടുന്നത് വല്ലാതെ പേടിപ്പെടുത്തുന്നുണ്ട്: ‘പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു.’

പുറത്തൊരു പത്രോസിന് സംഭവിച്ചതിനപ്പുറം ആർക്കും സംഭവിക്കാവുന്ന ഒരു സാധ്യത മിന്നിമായുന്നപോലെ. കൂടെയുള്ളവരെ തിരിച്ചറിയാനാവാത്തവിധം അന്ധമാക്കപ്പെടുന്ന നയനങ്ങൾ പെരുകുന്ന ഈ കാലത്തിൽ ഉള്ളിൽ കെടാതെ സൂക്ഷിക്കുന്ന പ്രാർത്ഥനാനാളങ്ങൾ ഒത്തിരി പ്രകാശം ചൊരിയും, മുന്നോട്ടുള്ള ഓരോ യാത്രകളിലും.

മരണങ്ങൾ രണ്ട്

ഒന്ന്, ദൈവത്തിനെതിരെ തൂലികയെന്ന പടവാൾ എടുത്ത വോൾട്ടയറിന്റേത്. ഈ ഭൂമുഖത്തുനിന്ന് ഈശ്വരനാമം തുടച്ചുനീക്കാൻ തന്റെ തൂലിക ചലിപ്പിച്ചവൻ. ഒടുവിൽ മരണാസന്നനായി കിടക്കുമ്പോൾ സ്വന്തം സ്ഥിതി തിരിച്ചറിഞ്ഞ് ഒരു വൈദികന്റെ സഹായം തേടുകയും കുമ്പസാരിക്കുകയും ചെയ്തു. രോഗവിമുക്തനായ അദ്ദേഹം ജീവിതത്തെ വീണ്ടും പഴയ വഴികളിലേക്കുതന്നെ തിരിച്ചുവിട്ടു. രണ്ടാമതും രോഗഗ്രസ്തനായിത്തീർന്ന അദ്ദേഹം അപസ്മാരരോഗിയെപ്പോലെ നിലവിളിക്കാനും ചുറ്റും നിന്നവരെ നിന്ദിക്കാനും ശപിക്കാനും തുടങ്ങി. മരണത്തിന് അൽപ്പംമുമ്പ് അടുത്തുനിന്നയാളോട് ‘ഇപ്പോൾ സമയമെന്തായി’എന്നു ചോദിച്ചു.

‘അർദ്ധരാത്രി’ എന്നായിരുന്നു അയാളുടെ മറുപടി. വോൾട്ടയർ അലറി: ‘ഹൊ! അർദ്ധരാത്രി. ഇവിടെയാണ് എന്റെ നിർഭാഗ്യകരമായ അനന്തത ആരംഭിക്കുന്നത്!’ അധികം താമസിയാതെ വോൾട്ടയർ മരിച്ചു. വോൾട്ടയറിന്റെ മരണം കാണുകയും അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിൽ പങ്കെടുക്കുകയും ചെയ്ത മർഷൽ മിച്ചേൽ പറയുന്നതിങ്ങനെ: ‘ഒരു നരകമുണ്ടെന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു. അത് വോൾട്ടയർ എനിക്ക് മനസിലാക്കിത്തന്നു.’

മറ്റൊന്ന്, അസൂയ ജനിപ്പിക്കുന്ന മരണം. പെരുമ്പടവം ശ്രീധരൻ ‘ഒരു സങ്കീർത്തനംപോലെ’ എന്ന നോവലിൽ തന്റെ അസൂയ ഇങ്ങനെ തുറന്നു പറയുന്നുണ്ട്: ‘എനിക്ക് ക്രിസ്തുവിനോട് മാത്രമേ അസൂയയുള്ളൂ. അതും ആ കുരിശുമരണത്തിന്റെ കാര്യത്തിൽ.’ അസൂയ ജനിപ്പിക്കാൻ മാത്രം എന്താണ് ആ മരണത്തെ മനോഹരമാക്കിയത്? ഉത്തരം വളരെ ലളിതം, ചില പ്രാർത്ഥനകൾ: ‘പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാൽ ഇവരോട് പൊറുക്കണമേ… അങ്ങേകരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു…’ ഭീതിജനകമായ മരണത്തെപ്പോലും മനോഹരമാക്കാൻ പ്രാർത്ഥനകൾക്ക് കഴിയുമെങ്കിൽ ജീവിതങ്ങളെ അതിമനോഹരമാക്കാനും കഴിയും, ഉറപ്പാണത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?