Follow Us On

19

April

2024

Friday

വലിയനോമ്പ് കൃപയുടെ വസന്തകാലമാക്കാം, ഇതാ മൂന്ന് നിർദേശങ്ങൾ!

വലിയനോമ്പ് കൃപയുടെ വസന്തകാലമാക്കാം, ഇതാ  മൂന്ന് നിർദേശങ്ങൾ!

കൃപയുടെ കാലമായ നോമ്പുകാലം, ഉചിതമാംവിധം വിനിയോഗിച്ച് ദൈവത്തോടും മനുഷ്യരോടും കൂടുതൽ അടുക്കാൻ ശ്രമിക്കണമെന്ന് ഓർമിപ്പിക്കുന്നതിനൊപ്പം, നോമ്പുകാലം അനുഗ്രഹദായകമാക്കാൻ സഹായിക്കുന്ന മൂന്നു നിർദേശങ്ങളും പങ്കുവെക്കുന്നു  കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ

കൃപയുടെ കാലമായ വിശുദ്ധ നോമ്പിലാണ് നാം ഇപ്പോൾ. നോമ്പുകാലത്തെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് വാക്കിന് വസന്തകാലം എന്ന അർത്ഥംകൂടിയുണ്ട്. എങ്കിൽ നോമ്പുകാലം മാനസാന്തരത്തിന്റെയും അനുരഞ്ജനത്തിന്റെയും കൃപയുടെയും വസന്തകാലമാണ്. വസന്തകാലത്ത് പ്രകൃതി മനോഹരമായിരിക്കുന്നതുപോലെ നോമ്പുകാലം ജീവിതത്തെ മനോഹരമാക്കി, ആകർഷകമാക്കി ജീവിക്കാനുള്ള സുവർണാവസരമാണ്. ദൈവം നൽകുന്ന ഈ കൃപയുടെ കാലത്തെ ഉചിതമാംവിധം ഉപയോഗിച്ച് ദൈവത്തോടും മനുഷ്യരോടും കൂടുതൽ അടുക്കാൻ നമുക്ക് ശ്രമിക്കാം.

കർത്താവ് നേരിട്ട പ്രലോഭനങ്ങളുടെ വിവരണത്തോടെയാണ് നോമ്പുകാലം ആരംഭിക്കുന്നത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്ന ഇസ്രായേൽ ജനതയുടെ പ്രലോഭനങ്ങളും കർത്താവിന്റെ പ്രലോഭനങ്ങളും തമ്മിൽ സമാന്തരമുണ്ട്. ഇസ്രായേൽജനത മരുഭൂമിയിൽവെച്ച് പ്രലോഭനങ്ങൾക്ക് കീഴ്‌പ്പെട്ടെങ്കിൽ, കർത്താവ് പ്രലോഭനങ്ങളെ അതിജീവിച്ചവനും പ്രലോഭനങ്ങളുടെമേൽ വിജയം വരിച്ചവനുമാണ്.

സുവിശേഷങ്ങളിൽ കർത്താവ് നേരിട്ട മൂന്ന് പ്രലോഭനങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഇസ്രായേൽ ജനം മരുഭൂമിയിൽ നേരിട്ട മൂന്ന് പ്രലോഭനങ്ങളാണ് കർത്താവ് മരുഭൂമിയിൽവച്ച് നേരിട്ടത്. കല്ലുകളെ അപ്പമാക്കാനായിരുന്നു ഒന്നാമത്തെ പ്രലോഭനം. ഇസ്രായേൽ ജനത്തിന്റെ വിശപ്പും ദൈവത്തിനെതിരെയുള്ള പിറുപിറുപ്പും നാം ഓർക്കണം. നിത്യനായ ദൈവം അതിന് മറുപടി നൽകുന്നത് അവർക്ക് സ്വർഗത്തിൽനിന്ന് മന്ന നൽകിക്കൊണ്ടാണ് (പുറപ്പാട് 16, സംഖ്യ 11). എന്നാൽ, കർത്താവ് ഈ പ്രലോഭനത്തെ നേരിട്ടത് ദൈവവചനം പ്രഘോഷിച്ചുകൊണ്ടാണ്: ‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത്. ദൈവത്തിന്റെ അധരങ്ങളിൽനിന്ന് വരുന്ന ഓരോ വചനംകൊണ്ടുമത്രെ.’

കുടിവെള്ളത്തിനുവേണ്ടിയുള്ള ദാഹമായിരുന്നു ഇസ്രായേൽ ജനം മരുഭൂമിയിൽ നേരിട്ട രണ്ടാമത്തെ പ്രലോഭനം. അവർക്ക് ദാഹിച്ചപ്പോൾ ദൈവത്തിനെതിരെ അവർ ശബ്ദമുയർത്തി. ദൈവത്തെ അവർ പരീക്ഷിച്ചു (പുറപ്പാട് 17:17). സാത്താൻ കർത്താവിനെയും പ്രലോഭിപ്പിച്ചു. ‘നിന്റെ ദൈവമായ കർത്താവിനെ നീ പരീക്ഷിക്കരുത്’ എന്നു പറഞ്ഞുകൊണ്ടാണ് പിശാചിന്റെ പ്രലോഭനത്തെ യേശു തള്ളിക്കളഞ്ഞത്.

ഇസ്രായേൽജനം കാളക്കുട്ടിയെ സ്വർണംകൊണ്ടുണ്ടാക്കി ആരാധിക്കുന്നതാണ് മൂന്നാമത്തെ പ്രലോഭനം ജീവിക്കുന്ന ദൈവത്തെ മാറ്റി വിഗ്രഹത്തെ ആരാധിക്കാനുള്ള പ്രലോഭനം. സാത്താൻ കർത്താവിനോട് പറയുന്നതും ഇതുതന്നെ: ‘നീ എന്നെ ആരാധിക്കുക. ജീവിക്കുന്ന ദൈവത്തെ തള്ളിക്കളയുക. നിനക്ക് ഞാൻ എല്ലാം തരാം.’ ദൈവത്തെമാത്രം ആരാധിക്കണം എന്ന് പറഞ്ഞ് ആ പ്രലോഭനത്തെയും യേശു നേരിട്ടു.

ഇസ്രായേൽ ജനവും കർത്താവും നേരിട്ട പ്രലോഭനങ്ങളെക്കുറിച്ച് ധ്യാനിക്കണം. ഏത് പ്രലോഭനങ്ങൾക്കാണ് നാം കീഴടങ്ങുന്നത്? ദൈവത്തിനെതിരെ പിറുപിറുക്കാറുണ്ടോ? ദൈവത്തിനെതിരെ ശബ്ദമുയർത്താറുണ്ടോ? ദൈവത്തിന് കൊടുക്കേണ്ട ആരാധന മറ്റു കപടദൈവങ്ങൾക്ക് കൊടുക്കാറുണ്ടോ? ദൈവത്തെ മാറ്റിനിർത്തി നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാറുണ്ടോ? ഈ നോമ്പുകാലത്ത് ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കണം. പ്രലോഭനങ്ങൾക്ക് കീഴടങ്ങാതെ ജീവിക്കാൻ പഠിക്കണം. പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കുവാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കണം.

നോമ്പുകാലം അനുഗ്രഹദായകമാക്കാൻ മൂന്നു കാര്യങ്ങൾ നിർദേശിക്കാം.

1, നിസംഗത വെടിയാം

നിസംഗതയുടെ ആഗോളവൽക്കരണം നമ്മെ കാർന്നുതിന്നുന്ന രോഗമാണെന്ന് ഫ്രാൻസിസ് പാപ്പ തന്റെ നോമ്പുകാലസന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. നിസംഗതയുടെ ഫലമെന്താണ്? സാധാരണയായി നാം ആരോഗ്യവും സ്വസ്ഥതയുമുള്ളവരായിരിക്കുമ്പോൾ മറ്റുള്ളവരെ മറക്കുന്നു. അവരുടെ പ്രശ്‌നങ്ങളിലും സഹനങ്ങളിലും താൽപ്പര്യമില്ലാതാകുന്നു. എല്ലാ മനുഷ്യരെയും കാർന്നുതിന്നുന്ന ഒരു രോഗമായിത്തീർന്നിരിക്കുന്നു.

നോമ്പുകാലം ഇത്തരം പ്രവണതകളെ മാറ്റിക്കളയാനുള്ള അവസരമാണ്. ദൈവം ആരോടും നിസംഗത പുലർത്തുന്നില്ല. ഈയൊരു നവീകരണം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതിനുവേണ്ടി പരിശുദ്ധ പിതാവ് മൂന്ന് ബൈബിൾ പാഠങ്ങൾ നിർദേശിക്കുന്നു.

* ‘ഒരു അവയവം വേദനയനുഭവിക്കുമ്പോൾ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു’ (1 കോറി. 12:26). നാം ക്രിസ്തുവിന്റെ ശരീരമാണെങ്കിൽ, മറ്റുള്ളവരുടെ വേദനകളും സങ്കടങ്ങളും ദുരിതങ്ങളും നമ്മെയും സ്പർശിക്കുന്നതാണ്.

* ‘നിന്റെ സഹോദരൻ എവിടെ?’ (ഉൽപ. 4:9). ദൈവം കായേനോട് ചോദിച്ച ഈ ചോദ്യം നമ്മോടും ചോദിക്കുന്നു.

* ‘നിങ്ങൾ ദൃഢചിത്തരായിരിക്കുവിൻ’ (യാക്കോ. 5:8). പ്രാർത്ഥന വഴിയും പരസ്‌നേഹപ്രവർത്തനങ്ങൾവഴിയും സഹനംവഴിയും നാം ശക്തരാകുന്നുവെന്നോർക്കണം. എന്റെയും നിങ്ങളുടെയും സഹനം മാനസാന്തരത്തിലേക്കുള്ള വിളിയാണ് നൽകുന്നത്.

2, പ്രാർത്ഥനയിൽ ആഴപ്പെടാം

പ്രാർത്ഥനകളുടെ പ്രാർത്ഥനയാണ് വിശുദ്ധ കുർബാന. ഞായറാഴ്ചകളിലും ഇടദിവസങ്ങളിൽപ്പോലും വിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നത് ശീലമാക്കണം. ‘ഒരാൾ തന്റെ ജീവിതകാലത്ത് എത്ര കുർബാനകളിൽ ശരിയായി സംബന്ധിച്ചിട്ടുണ്ടോ അത്രയും വിശുദ്ധരെ അയാളുടെ മരണസമയത്ത് അയാളെ ആശ്വസിപ്പിക്കാനും ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിൽ അയാളെ സംരക്ഷിക്കാനും ഞാൻ നിശ്ചയമായും അയക്കുമെന്ന് വിശ്വസിച്ചുകൊള്ളുക,’ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരെക്കുറിച്ച് വിശുദ്ധ ജത്രൂദിന് കർത്താവ് കൊടുത്ത വാഗ്ദാനമാണിത്.

വിശുദ്ധ അഗസ്റ്റിൻ ഇപ്രകാരം പറയുന്നു: ‘ഒരാൾ വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്നതിനായി യാത്ര ചെയ്യുമ്പോൾ ഓരോ ചുവടുവയ്പ്പും മാലാഖമാർ എണ്ണിത്തിട്ടപ്പെടുത്തുകയും ഈ ജീവിതത്തിലും നിത്യതയിലും അയാൾക്ക് വളരെ ഉന്നതമായ പ്രതിഫലം നൽകുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ ഈ ലോകത്തിലുള്ള യാതൊന്നിനും വിശുദ്ധ കുർബാനയുടെ അനന്തമായ മൂല്യം ഇല്ല.’

”ഞാൻ സക്രാരിയുടെ മുമ്പിൽ ചിലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം,’ എന്നാണ് ജനീവയിലെ വിശുദ്ധ കാതറിൻ സാക്ഷ്യപ്പെടുത്തിയത്. ‘വിശുദ്ധ കുർബാനയുടെ യഥാർത്ഥ അർത്ഥമറിഞ്ഞിരുന്നുവെങ്കിൽ സന്തോഷംകൊണ്ട് നാം മരിക്കുമായിരുന്നു,’ എന്നത്രേ വിശുദ്ധ ജോൺ മരിയ വിയാനി ചൂണ്ടിക്കാട്ടിയത്.

നാം പങ്കുകൊള്ളുന്ന വിശുദ്ധ കുർബാനയ്ക്കനുസരിച്ച് നമ്മുടെ കൂടെ നടക്കാനും സ്വർഗത്തിലേക്ക് കൊണ്ടുപോകാനും അത്രയും വിശുദ്ധർ നമ്മുടെ കൂടെയുണ്ടാകും എന്ന ചിന്ത എല്ലാ ദിവസവും ദൈവാലയത്തിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കേണ്ടതല്ലേ? വിശുദ്ധ കുർബാനയിലൂടെ പാപി ദൈവവുമായി രമ്യപ്പെടുന്നു. നീതിമാന്മാർ കൂടുതൽ സത്യസന്ധരായിത്തീരുന്നു. സദ്ഗുണങ്ങളും യോഗ്യതകളും വളർച്ച പ്രാപിക്കുന്നു. സാത്താന്റെ പദ്ധതികൾ വിഫലമാകുന്നു. ചുരുക്കത്തിൽ, വിശുദ്ധ കുർബാനയ്ക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്താൽ നമുക്കൊന്നിനും കുറവുണ്ടാവുകയില്ല.

3, പാപപരിഹാരം അനിവാര്യം

പാപപരിഹാരത്തിനായി സൽകൃത്യങ്ങൾ നടത്തുക അനിവാര്യമാണ്. മത്സ്യവും മാംസവും വർജിക്കുകയെന്ന കാര്യം പലരും നടത്തുന്നുണ്ട്. വളരെ നല്ല കാര്യം. കരിക്കുറി തിരുനാളിനും ദുഃഖവെള്ളിയാഴ്ചയും മാംസം വർജിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യണം എന്നാണ് സഭാനിയമം അനുശാസിക്കുന്നത്. എന്നാൽ അരൂപിയുടെ പ്രവർത്തനത്തിന് നാം വിധേയരാകണം. സ്വമനസാലെ മത്സ്യവും മാംസവും വർജിക്കാൻ തയാറാകുമ്പോൾ ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകും.

മത്സ്യവും മാംസവും വർജിക്കുന്നതുവഴി ലഭിക്കുന്ന പണം പാവങ്ങൾക്കുവേണ്ടി നൽകാൻ തയാറാകണം. അങ്ങനെ നമ്മുടെ ഉപവാസവും മറ്റും മറ്റുള്ളവർക്ക് നന്മയായി പരിണമിക്കും. പ്രിയപ്പെട്ടവരെ, ഈ നോമ്പുകാലം വിശുദ്ധിയിൽ വളരാനുള്ള കാലമാകട്ടെ. എല്ലാവരെയും സ്‌നേഹിക്കാനും ഉൾക്കൊള്ളാനുമുള്ള കാലമാകട്ടെ. അങ്ങനെ നോമ്പുകാലം ആധ്യാത്മിക ജീവിതത്തിന്റെ വസന്തകാലമാകട്ടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?