Follow Us On

28

November

2022

Monday

ഹൃദയങ്ങളില്‍ തീ പടര്‍ത്തിയ മനുഷ്യന്‍

ഹൃദയങ്ങളില്‍ തീ പടര്‍ത്തിയ മനുഷ്യന്‍

ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ ഏഷ്യന്‍ പ്രതിനിധിയായ സിറിള്‍ ജോണ്‍ ഭാരതത്തിലെ കത്തോലിക്ക കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ വളര്‍ച്ചയില്‍ നല്‍കിയ സംഭവാനകള്‍ അനന്യമാണ്. ഡല്‍ഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയര്‍മാനായും ഇന്ത്യയിലെ നാഷണല്‍ സര്‍വീസ് ടീമിന്റെ ചെയര്‍മാനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആര്‍.എസില്‍ അംഗവും 2007-2015 കാലയളവില്‍ വൈസ് പ്രസിഡന്റുമായിരുന്നു. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും അദ്ദേഹം കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് ആഗോളസഭ അദ്ദേഹത്തെ ഷെവലിയാര്‍ പദവി നല്‍കി ആദരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പാര്‍ലമെന്റിലെ ജോയിന്റ് സെക്രട്ടറി ആന്റ് ചീഫ് ഓഫ് പ്രോട്ടോക്കോളായാണ് അദ്ദേഹം വിരമിച്ചത്. ഔദ്യോഗിക ജീവിതത്തിലെയും ശുശ്രൂഷാ ജീവിതത്തിലെയും നേട്ടങ്ങള്‍ക്ക് പിന്നിലെ സമര്‍പ്പണത്തെയും കഠിനാധ്വാനത്തെയുംകുറിച്ച് സിറിള്‍ ജോണ്‍ സണ്‍ഡേ ശാലോമിനോട് മനസുതുറക്കുന്നു.

?  കത്തോലിക്ക കരിസ്മാറ്റിക്ക് മുന്നേറ്റത്തിന് നല്‍കിയ സേവനങ്ങളെ മാനിച്ചുകൊണ്ട് സാര്‍വത്രിക സഭ ഷെവലിയാര്‍ പദവി നല്‍കി ആദരിച്ച സിറിള്‍ ജോണിന് ആദ്യമായി തന്നെ ശാലോം കുടുംബത്തിന്റെ അഭിനന്ദനങ്ങള്‍. 1993 മുതല്‍ പ്രാദേശിക-ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ നവീകരണരംഗത്ത് നേതൃനിരയില്‍
പ്രവര്‍ത്തിക്കുന്ന അങ്ങ് സാര്‍വത്രിക സഭയുടെ
ആദരവിനെ എങ്ങനെയാണ് സ്വീകരിക്കുന്നത്.

• ഈ ഷെവലിയില്‍ പദവി വളരെ എളിമയോടും നന്ദിയോടും കൂടി ഞാന്‍ സ്വീകരിക്കുന്നു. സഭ വ്യക്തിപരമായി എന്നെ ആദരിക്കുന്നതിലുപരിയായി കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തെ ആദരിച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം , കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ ഇങ്ങനെയൊരു ഷെവലിയര്‍ പദവി തന്നത്. പരിശുദ്ധ പിതാവിനും ആഗോള സഭയ്ക്കും സഭാധികാരികള്‍ക്കും കരിസ്മാറ്റിക് നവീകരണത്തോടുള്ള സ്‌നേഹവും അംഗീകാരവുമായിട്ടാണ് ഞാനിതിനെ കാണുന്നത്. രണ്ടാമതായി ഇത് അല്മായര്‍ക്കു കിട്ടിയ അംഗീകാരമാണ്.
സഭാപഠനങ്ങള്‍ അനുസരിച്ച് സഭയില്‍ അല്മായര്‍ക്ക് വലിയൊരു സ്ഥാനമാണുള്ളത്. പക്ഷേ പ്രവര്‍ത്തനത്തില്‍ വരുമ്പോള്‍ പലപ്പോഴും അല്മായര്‍ക്ക് വേണ്ടത്ര അംഗീകാരങ്ങള്‍ സഭയില്‍ കിട്ടാറില്ല. പക്ഷേ ഈയൊരു ഷെവലിയര്‍ പദവി സഭയില്‍ അല്മായര്‍ക്കുള്ള പ്രാധാന്യത്തെ എടുത്തു കാണിക്കുന്നു.

? ക്രൈസ്തവര്‍ ന്യൂപക്ഷമായ രാജ്യതലസ്ഥാനത്ത് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അവയെ അതിജീവിച്ച
മാര്‍ഗങ്ങളെക്കുറിച്ചും.

• ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് – ബ്ലും വേര്‍ യു ആര്‍ പ്ലാന്റ്ഡ് – എവിടെ പാകിയോ അവിടെ പുഷ്പിക്കുക എന്ന്. ഇവിടെ ദൈവം കൊണ്ടുവന്നു, ഇവിടെ ഒരു ഉത്തരവാദിത്വമുണ്ട് എന്ന് കണ്ടുകൊണ്ട് പ്രവര്‍ത്തിച്ചു. വടക്കെ ഇന്ത്യയിലെ പശ്ചാത്തലത്തില്‍ വചനപ്രഘോഷണം അത്ര എളുപ്പമല്ല. 1996-ല്‍, ഒരു കണ്‍വന്‍ഷന്‍ ഇവിടെ അനൗണ്‍സ് ചെയ്ത് പോസ്റ്ററുകള്‍ വഴിയിലൊക്കെ ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ കോടതിയില്‍നിന്നൊരു നോട്ടീസ് വന്നു. കണ്‍വന്‍ഷന്‍ തുടങ്ങുന്ന അന്ന് രാവിലെ കോടതിയില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. മോണ്‍സിഞ്ഞോര്‍ സി.ജെ. വര്‍ക്കിയച്ചനാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. അന്ന് കോടതിയില്‍ വക്കീലിനെ വിട്ടിട്ട് ഞങ്ങള്‍ കണ്‍വന്‍ഷന്‍ നടത്തി. ഇങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും ആരുമായും ഏറ്റുമുട്ടലിന് പോകാതെ പരിമിത സാഹചര്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ സുവിശേഷവല്‍ക്കരണം നടത്തുവാന്‍ സാധിച്ചു. വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും പ്രാര്‍ത്ഥനയുടെ ശക്തി ഇവയെ നേരിടുവാന്‍ സഹായകമായി. മലയാളികളെ മാത്രമല്ല, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷക്കാരെയും ക്രിസ്തുവിനുവേണ്ടി മുമ്പന്തിയില്‍ എത്തിച്ചു. അതോടൊപ്പം മൂന്ന് റീത്തുകളിലെയും പിതാക്കന്മാരുമായും ഒന്നിച്ചുപോകാനും അല്മായരെ ചേര്‍ത്തു നിര്‍ത്താനും സാധിക്കുന്നു. പ്രതീക്ഷിക്കുന്ന രീതിയിലുള്ള സഹകരണങ്ങള്‍ എപ്പോഴും കിട്ടണമെന്നില്ല. പക്ഷേ അങ്ങനെയുള്ളപ്പോഴും വ്യക്തികള്‍ക്ക് നവീകരണ അനുഭവം കൊടുക്കാനും അവരെ ഏകോപിപ്പിക്കാനും ദൈവം സഹായിച്ചു എന്നതാണ് സത്യം.

? ഡല്‍ഹി പോലൊരു നഗരത്തില്‍ ധ്യാനകേന്ദ്രവും കാരിസ് ഇന്ത്യയുടെ പ്രവര്‍ത്തനവും നിത്യാരാധനാ ചാപ്പലുമെല്ലാം പ്രവര്‍ത്തനമാരംഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ. സാമ്പത്തികമായും മറ്റു തരത്തിലും
ഉണ്ടായ പ്രതിസന്ധിയെ എങ്ങനെയാണ്
അതിജീവിച്ചത്.

• ഡല്‍ഹിയില്‍ ഒരു ധ്യാനകേന്ദ്രം തുടങ്ങാന്‍ ദൈവം കൃപ നല്‍കി. 1996 ജൂലൈ എട്ടിന് വ്യക്തിപരമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് കര്‍ത്താവ് ധ്യാനകേന്ദ്രത്തെക്കുറിച്ചുള്ള ദര്‍ശനം നല്‍കുന്നത്. പക്ഷേ അന്ന് ഞങ്ങള്‍ക്കൊരു ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നു. ഒരു ധ്യാനകേന്ദ്രത്തെപ്പറ്റി ചിന്തിക്കുകപോലും അസാധ്യം. അതുകൊണ്ട് മധ്യസ്ഥപ്രാര്‍ത്ഥനാ ഗ്രൂപ്പില്‍മാത്രം ഇക്കാര്യം പങ്കുവച്ചു. മൂന്നുവര്‍ഷം പ്രാര്‍ത്ഥിച്ചു. ഒരാള്‍ തന്ന പതിനായിരം രൂപ കൊണ്ടാണ് സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തത്. പിന്നീട് ഞങ്ങള്‍ ഭവനങ്ങള്‍ കയറിയിറങ്ങി പണം പിരിച്ചും ബാങ്കില്‍നിന്ന് ലോണെടുത്തും അഞ്ചേക്കര്‍ സ്ഥലം വാങ്ങി കെട്ടിടം പണിതു. അതിപ്പോള്‍ ഇരുന്നൂറ് പേര്‍ക്ക് താമസിച്ച് ധ്യാനിക്കാവുന്ന വലിയൊരു സെന്ററാണ്. ഡല്‍ഹിയിലുള്ളവര്‍ വലിയ സാമ്പത്തികഭദ്രതയുള്ളവരായിരുന്നില്ലെങ്കിലും ഈ സെന്ററിലൂടെ ലഭിക്കുന്ന ദൈവാനുഗ്രഹങ്ങള്‍ കണ്ടപ്പോള്‍ വരുമാനത്തിന്റെ ദശാംശം തന്ന് അവര്‍ സഹായിച്ചു. അത് ഇപ്പോഴും തുടരുന്നു.
കാരിസ് ഇന്ത്യയുടെ നാഷണല്‍ ചെയര്‍മാനായി 2001-ല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബംഗളൂരുവില്‍ ഉണ്ടായിരുന്ന നാഷണല്‍ കരിസ്മാറ്റിക് ഓഫീസ് ഡല്‍ഹിയിലേക്ക് മാറ്റി. അന്നത്തെ ആര്‍ച്ച്ബിഷപ് തന്ന മുറിയിലാണ് ഓഫീസ് തുടങ്ങുന്നത്. അതിനുശേഷം ഒരു ഫഌറ്റ് മേടിച്ചു. പിന്നീട് നാല് നിലയുള്ള ഒരു കെട്ടിടം വാങ്ങിക്കാനും കര്‍ത്താവ് കൃപ നല്‍കി.
ഓഫീസ് വാങ്ങി ആദ്യം ചെയ്തത് അവിടെ ദിവ്യകാരുണ്യ ആരാധന തുടങ്ങുകയായിരുന്നു. ആദ്യം അല്മായരാണ് വന്ന് സഹായിച്ചത്. ഇപ്പോള്‍ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നിത്യാരാധന നടത്തപ്പെടുന്നു. ഡല്‍ഹിയിലെ ഒരു ദൈവാലയത്തില്‍ ആരംഭിച്ച മധ്യസ്ഥ പ്രാര്‍ത്ഥനാ മിനിസ്ട്രി പിന്നീട് നിത്യാരാധനയായി കര്‍ത്താവ് മാറ്റുകയുണ്ടായി. അങ്ങനെ കരിസ്മാറ്റിക് ഓഫീസിലും ഇപ്പോള്‍ ധ്യാനകേന്ദ്രത്തില്‍ രണ്ട് ചാപ്പലുകളിലും ദിവ്യകാരുണ്യ ആരാധന നടക്കുന്നുണ്ട്. നിലവിലുള്ള ഏഴ് ചാപ്പലുകളിലും ആരാധന നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്.

? കരിസ്മാറ്റിക്ക് നവീകരണം
കേരളസഭയില്‍ ഏറെ ഫലം പുറപ്പെടുവിച്ചു എന്നതില്‍ സംശയമില്ല. എന്നിട്ടും എന്തുകൊണ്ടായിരിക്കാം സഭയ്ക്ക് പൊതുസമൂഹത്തെ കാര്യമായി സ്വാധീനിക്കാന്‍ കഴിയാതെ
പോയത്? ഇത് എങ്ങനെ പരിഹരിക്കാം.

• ഞാനും പലപ്പോഴും അതിശയിച്ചുപോകുന്ന കാര്യം – ഇത്രമാത്രം കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രഭാവമുള്ള സംസ്ഥാനത്ത് എന്തുകൊണ്ട് അടിസ്ഥാനപരമായ നവീകരണങ്ങള്‍ നടക്കുന്നില്ല? പല ‘ബഞ്ചുമാര്‍ക്കും’ എടുത്തുകഴിഞ്ഞാല്‍ കാണാന്‍ സാധിക്കുന്നത് പല തലങ്ങളിലും നവീകരണം വ്യക്തികളിലേക്ക് ചെന്നിട്ടില്ല എന്നുള്ളതാണ്.
മദ്യപാനം, ആത്മഹത്യ, അധാര്‍മികത തുടങ്ങിയ തിന്മകളില്‍ കേരളം മുമ്പിലാണ്. അനേകര്‍ ധ്യാനങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ നവീകരണം നടക്കുന്നില്ല എന്നതാണ് ഇതിന് കാരണമായി മനസിലാക്കാന്‍ സാധിച്ചത്. ധ്യാനത്തില്‍ പങ്കെടുക്കുന്നവരെല്ലാം നവീകരിക്കപ്പെടുകയാണെങ്കില്‍ കേരളസഭ മുഴുവന്‍ നവീകരിക്കപ്പെടാന്‍ അധികം സമയം ആവശ്യമായിരുന്നില്ല.
കരിസ്മാറ്റിക് നവീകരണത്തിന്റെ ലക്ഷ്യംതന്നെ അടിസ്ഥാനപരമായ മാനസാന്തരമാണ്. ഒരിക്കല്‍ മാത്രം മാനസാന്തരപ്പെടുകയല്ല, നിരന്തരമായ മാനസാന്തരം ആവശ്യമാണ്. വ്യക്തികള്‍ അത്ഭുതങ്ങളും അടയാളങ്ങളും സൗഖ്യങ്ങളും വിടുതലും തേടിയാണ് വരുന്നതെങ്കിലും (യേശുവിന്റെ കാലത്തും അങ്ങനെതന്നെയായിരുന്നു) അവരെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ സാധിക്കണം. വ്യക്തികളെ പ്രാരംഭതലത്തില്‍ നിര്‍ത്താതെ വളര്‍ച്ചയിലേക്ക് നയിക്കുവാനുള്ള വിളിയും കടപ്പാടും എല്ലാ ധ്യാനഗുരുക്കന്മാര്‍ക്കും ആത്മീയ നേതാക്കള്‍ക്കും ഉണ്ടെന്നുള്ള കാര്യം മറക്കരുത്.

? ഭാര്യ സോഫിയുടെ രോഗാവസ്ഥയും മരണവും എങ്ങനെയാണ് ജീവിതത്തെ ബാധിച്ചത്? തദവസരത്തില്‍ മക്കളുടെ കാര്യങ്ങളും ഔദ്യോഗികജീവിതവും ശുശ്രൂഷയും എങ്ങനെയാണ് ക്രമീകരിച്ചത്.

• ഭാര്യ സോഫി 2002-ല്‍ മാര്‍ച്ച് മാസത്തില്‍ രോഗിയായി. പതിനഞ്ചും പത്തും ഏഴും പ്രായമുള്ള മൂന്നു മക്കള്‍ ആ സമയത്തുണ്ട്. അവരുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ശ്രദ്ധിക്കാനായിട്ട് സോഫിയുണ്ടല്ലോ എന്ന ഉറപ്പായിരുന്നു നാഷണല്‍ ചെയര്‍മാനായി ചാര്‍ജെടുത്തപ്പോള്‍ എനിക്കുണ്ടായിരുന്നത്. സോഫി കാന്‍സര്‍ രോഗിയാണെന്ന് അറിഞ്ഞത് മാനുഷികമായി പറഞ്ഞാല്‍ ജീവിതത്തിലെ ഏറ്റവും വലിയൊരു ആഘാതമായിരുന്നു.
ഞാന്‍ ഒരുപാട് സങ്കടപ്പെട്ടു. പക്ഷേ അവിടെയെല്ലാം ദൈവത്തില്‍ ആശ്രയിക്കാനുള്ള കൃപ കിട്ടിയതാണ് ഏറ്റവും വലിയ ശക്തിയായി മാറിയത്. ജൂലൈ 24-നാണ് സോഫി മരിക്കുന്നത്. അത്രയും ദിവസങ്ങളില്‍ ഞാന്‍ നാട്ടിലും ഡല്‍ഹിയിലുമൊക്കെയായി സോഫിയെ ശുശ്രൂഷിച്ച്, കൂടെത്തന്നെ ഉണ്ടായിരുന്നു. എന്റെ കൈയില്‍ കിടന്ന് സോഫി മരിക്കുമ്പോള്‍ ഉള്ളില്‍ ഒരു ബോധ്യമുണ്ടായി – എന്റെ ദൈവം എന്നെയും മക്കളെയും കൈവിടുകയില്ല.
ദൈവമറിയാതെ എന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല. മക്കള്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ആ സമയത്ത് മക്കളെ നോക്കി, ഓഫിസിലെ കാര്യങ്ങളും നോക്കി, കരിസ്മാറ്റിക്കില്‍ നാഷണല്‍ ചെയര്‍മാന്‍ എന്ന ദൗത്യവുമൊക്കെ ചെയ്യുകയെന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു.
എങ്കിലും ദൈവമെന്നെ വിശ്വാസതലത്തില്‍ വളരെയധികം അനുഗ്രഹിച്ചു. ദൈവത്തില്‍ പൂര്‍ണമായും ആശ്രയിച്ച് പ്രാര്‍ത്ഥിച്ചു. വചനങ്ങളിലൂടെ ദൈവമെന്നെ ശക്തിപ്പെടുത്തി. ദൈവസ്‌നേഹത്തില്‍നിന്നും എന്നെ വേര്‍പെടുത്താന്‍ ഇവയ്‌ക്കൊന്നും -മരണത്തിനോ കഷ്ടപ്പാടുകള്‍ക്കോ- സാധിക്കുകയില്ലെന്ന ദൃഢമായ തീരുമാനമെടുത്ത് അതനുസരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. സോഫി മരിച്ച് ഒന്നേമുക്കാല്‍ വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും എന്റെ ജീവിതത്തിലേക്ക് ദൈവമൊരു ജീവിതപങ്കാളിയെ കൊണ്ടുവന്നു – എല്‍സമ്മ. എല്‍സമ്മയുടെ ഭര്‍ത്താവ് 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഒരു മകനും ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് നല്ലൊരു ഭാര്യയായിട്ടും മക്കളെ സംബന്ധിച്ച് നല്ലൊരു അമ്മയായിട്ടും ദൈവം തന്നെ ഒരാളെ കൊണ്ടുവരികയായിരുന്നു. വീണ്ടും ശുശ്രൂഷാതലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ പറ്റിയ ജീവിതസാഹചര്യങ്ങള്‍ ഒരുക്കിത്തന്നു. ഇതെല്ലാം ദൈവം ക്രമീകരിച്ച കാര്യങ്ങളാണ്. എനിക്ക് ശക്തി കിട്ടുന്നത് രണ്ട് ഭാര്യമാരുടെ മധ്യസ്ഥപ്രാര്‍ത്ഥന ഉള്ളതുകൊണ്ടാണ്. ഒരാള്‍ സ്വര്‍ഗത്തിലിരുന്നും മറ്റേയാള്‍ എന്റെ കൂടെയിരുന്നും.

? സമര്‍പ്പിതസമൂഹം ഈ നാളുകളില്‍ ആരോപണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. ഒരു അല്മായനെന്ന നിലയില്‍ ഇതിനെ എങ്ങനെ കാണുന്നു? അല്മായ സമൂഹം എങ്ങനെയാണ്
ഇതിനെ കാണേണ്ടത്.

• രണ്ടുതലത്തില്‍ ഞാനിതിനെ കാണുന്നു. ചുരുക്കം ചില സംഭവങ്ങളൊഴികെ, സമര്‍പ്പിതരില്‍ വലിയ വിഭാഗവും സ്‌നേഹവും സേവനവും ത്യാഗവും അനുഷ്ഠിച്ച് സഭയെ ഇപ്പോഴും ശുശ്രൂഷിക്കുന്നവരാണ്. പതിനായിരക്കണക്കിന് സമര്‍പ്പിതര്‍ അവരുടെ ജീവിതം ബലിയാക്കി സഭയ്ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി, ലോകത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. അത് മറക്കരുത്. അതോടൊപ്പംതന്നെ ഫോര്‍മേഷന്‍ ഹൗസുകളില്‍ വ്യക്തികള്‍ക്ക് കൂടുതല്‍ ആഴമായ ആത്മീയതലത്തിലുള്ള ഫോര്‍മേഷന്‍ കൊടുക്കേണ്ടതിന്റെ ആവശ്യകത സമര്‍പ്പിതര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ എടുത്തുകാണിക്കുന്നു. അല്മായര്‍ കൂടുതലായി സമര്‍പ്പിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. മറ്റുള്ളവരുടെ ജീവിതത്തിലെ ദുര്‍മാതൃക കണ്ട് നമ്മള്‍ വിശ്വാസജീവിതത്തില്‍നിന്ന് വ്യതിചലിക്കരുത്. നമ്മുടെ വിശ്വാസം ക്രിസ്തുവിലാണ്.

? ഔദ്യോഗിക ജോലി, ശുശ്രൂഷയുടെ തിരക്കുകള്‍, കുടുംബം, യാത്രകള്‍, മീറ്റിംഗുകള്‍ തുടങ്ങി നിരവധി തിരക്കുകള്‍ക്കിടയിലും പ്രാര്‍ഥനാജീവിതത്തില്‍ കുറവില്ലാതെ എങ്ങനെ മുമ്പോട്ട് പോകാന്‍ സാധിച്ചു

• പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് ഔദ്യോഗിക തിരക്കുകള്‍ കൂടിയപ്പോള്‍ വ്യക്തിപരമായ പ്രാര്‍ത്ഥന കൃത്യമായി കൊണ്ടുപോകാന്‍ സാധിക്കാത്ത അവസരത്തിലാണ് സെന്റ് ജോണ്‍ ക്രിസോസ്റ്റത്തിന്റെ വാക്കുകള്‍ വായിക്കാനിടയായത്. മത്സ്യത്തെ വെള്ളത്തില്‍നിന്ന് പുറത്തെടുത്താല്‍ കുറച്ചുസമയം കഴിയുമ്പോള്‍ അത് ചത്തുപോകും. അതുപോലെ നമ്മുടെ ആത്മാനിന് പ്രാര്‍ത്ഥനയില്ലെങ്കില്‍ കൂടുതല്‍ നാള്‍ ജീവിച്ചിരിക്കാന്‍ സാധിക്കുകയില്ല. ഈ വാക്കുകള്‍ എന്റെ ഉള്ളില്‍ വലിയൊരു ബോംബു പൊട്ടുന്ന അനുഭവമാണ് ഉണ്ടാക്കിയത്. പ്രാര്‍ത്ഥനയില്ലാതെ ഇങ്ങനെ പോയാല്‍ എനിക്കധികം ഓടാന്‍ കഴിയില്ല എന്നു തിരിച്ചറിഞ്ഞ ഞാന്‍ ഈശോയുടെ മുമ്പിലിരുന്നു. അന്ന് കര്‍ത്താവ് തന്നൊരു ബോധ്യമിതായിരുന്നു. ആഗ്രഹമുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ സാധിക്കും. എത്ര സമയമില്ലെങ്കിലും ശരീരത്തിന് ആവശ്യമായ ഭക്ഷണം നല്‍കാറുണ്ടല്ലോ. അതുപോലെ ആത്മാവിന് ആവശ്യമായ ഭക്ഷണം നല്‍കിയില്ലെങ്കില്‍ നിലനില്‍ക്കാന്‍ സാധിക്കുകയില്ല. ഇപ്പോള്‍ എല്ലാ ദിവസവും വ്യക്തിപരമായ പ്രാര്‍ത്ഥനക്കും വചനവായനക്കും സമയം കണ്ടെത്തുന്നു. വീട്ടിലുള്ളപ്പോള്‍ കുടുംബമൊന്നിച്ചും യാത്രയിലായിരിക്കുമ്പോള്‍ കൊന്ത ചൊല്ലിയും പ്രാര്‍ത്ഥിക്കും. മധ്യസ്ഥപ്രാര്‍ത്ഥന നടത്തും.
വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായ പ്രതിബദ്ധത, ബോധ്യം കാത്തുസൂക്ഷിച്ചതുകൊണ്ടാണ് അവയെ അതിജീവിക്കാന്‍ സാധിച്ചത്. ശുശ്രൂഷാതലത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഹൃദയത്തില്‍ ഉള്ള തീയ് അണയാതെ സൂക്ഷിക്കണം. അഭിഷേകം നഷ്ടപ്പെടരുത്. ഈശോയ്ക്കുവേണ്ടി അദ്ധ്വാനിക്കുമ്പോള്‍ അവിടുത്തോടുള്ള സ്‌നേഹത്താല്‍ ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു. അതെന്നെ വളരെ സഹായിച്ചു. 1993-ല്‍ ദൈവം വിളിച്ചപ്പോള്‍ കിട്ടിയ അഭിഷേകം കളഞ്ഞുകുളിക്കാന്‍ ഒരിക്കലും ഞാന്‍ സമ്മതിച്ചില്ല. ആ അഗ്നി എന്നും കത്തിക്കൊണ്ടിരുന്നു. പരിശുദ്ധാത്മാവിന്റെ അഭിഷേകംകൊണ്ടാണ് ശുശ്രൂഷാതലത്തില്‍ മുന്നേറാന്‍ സാധിച്ചത്. എന്റെ മിടുക്കല്ല. അതിന് ദൈവത്തിന് എപ്പോഴും ഞാന്‍ നന്ദി പറയുന്നു.

? ഔദ്യോഗിക ജീവിതത്തിലും ശുശ്രൂഷാ ജീവിതത്തിലും ഒരേസമയം വിജയിക്കാനാവുമെന്ന് ജീവിതം കൊണ്ട് അങ്ങ് തെളിയിച്ചു. എന്താണ് ഈ വിജയങ്ങള്‍ക്ക്
പിന്നിലെ രഹസ്യം?

• ഓഫീസിലായിരിക്കുമ്പോള്‍ ഓഫീസിനോടും ശുശ്രൂഷയില്‍ ആയിരിക്കുമ്പോള്‍ ശുശ്രൂഷയോടും പൂര്‍ണനീതി പുലര്‍ത്തുക എന്നതാണ് ഇതിന് ഒറ്റവാക്കിലുള്ള ഉത്തരം. ശുശ്രൂഷാ ജീവിതത്തിലേക്ക് കടന്നുവന്നെങ്കിലും എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരു കുറവും സംഭവിച്ചില്ല. വളരെ പ്രധാനപ്പെട്ടതും സെന്‍സിറ്റീവ് ആയിട്ടുള്ളതുമായ ചുമതലകള്‍ ഏല്‍പ്പിക്കപ്പെട്ടിരുന്നു. പലപ്പോഴും ഓഫിസില്‍നിന്ന് അര്‍ജന്റായിട്ടുള്ള ഫയലുകള്‍ വീട്ടില്‍ കൊണ്ടുവന്ന് അതിരാവിലെ എഴുന്നേറ്റിരുന്ന് ചെയ്തു തീര്‍ക്കുമായിരുന്നു. എല്ലാം ചെയ്യാന്‍ പരിശുദ്ധാത്മാവ് സഹായിച്ചു. ശുശ്രൂഷാജീവിതത്തിലും അതിന്റെ പേരില്‍ ഒരു കുറവും വരുത്തിയില്ല. അതിനായി പലപ്പോഴും ഏറെ ത്യാഗങ്ങള്‍ ഏറ്റെടുക്കേണ്ടതായി വന്നിട്ടുണ്ട്. ഉറക്കമല്ലാത്ത യാത്രകള്‍ തുടര്‍ക്കഥകളായിരുന്നു. ജോലിക്കാലത്ത് ശുശ്രൂഷയ്ക്കായി പുറത്തുപോകുമ്പോള്‍ വ്യാഴാഴ്ച രാത്രി ഫ്‌ളൈറ്റില്‍ പുറപ്പെടും. വെള്ളി, ശനി, ഞായര്‍ – മൂന്നു ദിവസം ശുശ്രൂഷ ചെയ്ത് വീണ്ടും യാത്ര ചെയ്ത് തിങ്കളാഴ്ച രാവിലെ എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍ ഓഫീസില്‍ പോകാനുള്ള സമയമായെങ്കില്‍ അതിനടുത്ത് എവിടെയെങ്കിലും ലഗേജ് വച്ച് ഓഫീസില്‍ പോകുന്ന ജീവിതശൈലിയായിരുന്നു അന്ന്. ഉറക്കവും വിശ്രമവും മാറ്റിവച്ചു മാത്രമേ അക്കാലയളവില്‍ പ്രാര്‍ത്ഥനയും ശുശ്രൂഷകളും മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയുമായിരുന്നുള്ളൂ.
സമയം ഒരു താലന്താണ്. ഉള്ള സമയം വെറുതെ കളയാതെ പ്രയോജനപ്പെടുത്തുക – ദൈവരാജ്യത്തിനുവേണ്ടി, പ്രാര്‍ത്ഥനക്ക്, കുടുംബത്തോടൊപ്പമായിരിക്കാന്‍, അല്ലെങ്കില്‍ ഓഫീസ് കാര്യങ്ങള്‍ക്ക് എല്ലാം. സമയം ഒട്ടും കളയാതെ പ്രയോജനപ്പെടുത്താന്‍ വളരെ ശ്രദ്ധാലുവായിരുന്നു.
ഓഫീസ് കാര്യങ്ങളും ആത്മീയശുശ്രൂഷകളും കൂട്ടിക്കുഴയ്ക്കാറില്ലായിരുന്നു. പക്ഷേ 2016 നവംബറില്‍ റിട്ടയര്‍ ആകുന്നതിനുമുമ്പായി ഒരു സംഭവമുണ്ടായി. ഒക്‌ടോബറില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ നേതൃത്വം കൊടുത്ത പ്രതിനിധിസംഘത്തിലെ അംഗമായി സൗത്ത് കൊറിയയില്‍ പോയി. ഫ്‌ളൈറ്റില്‍ ഒന്നിച്ച് തിരിച്ചുവരുമ്പോള്‍ സ്പീക്കര്‍ എന്നെ വിളിച്ചു ചോദിച്ചു, ‘ജോണ്‍ സാഹബ് റിട്ടയര്‍ ആകാന്‍ പോകുകയാണല്ലോ. റിട്ടയര്‍ ആയിക്കഴിഞ്ഞിട്ട് ഒരു കത്തോലിക്കാ പുരോഹിതന്‍ ആകാന്‍പോകുന്നെന്ന് ഞാന്‍ കേട്ടു. അങ്ങനെയാണോ.?’ ഞാന്‍ പറഞ്ഞു, കത്തോലിക്കാ സഭയില്‍ വിവാഹിതര്‍ക്ക് പുരോഹിതനാകാന്‍ സാധിക്കില്ല എന്ന്. അപ്പോള്‍ എന്നോട് പറഞ്ഞു, പക്ഷേ വചനപ്രഘോഷണത്തിന് പോകുന്നുണ്ട് അല്ലേ? സമയം കിട്ടുമ്പോള്‍ പോകുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത് സാധാരണ ശുശ്രൂഷാതലത്തിലുള്ള കാര്യങ്ങളൊന്നും ഓഫീസില്‍ പറയാറില്ലെങ്കിലും ചെയ്യുന്ന കാര്യങ്ങളെപ്പറ്റി ഏറ്റവും ഉന്നത തലത്തില്‍പ്പോലും വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്ന്. പക്ഷേ ഒരുവിധത്തിലും അവര്‍ എന്നെ തടയുകയോ അവധിയെടുക്കുമ്പോള്‍പോലും ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. ദൈവം ആ മേഖലയിലും എന്നെ സംരക്ഷിച്ചു. ഇതിലെല്ലാം ഞാന്‍ കാണുന്നത് ദൈവത്തിന്റെ പരിപാലനയും സംരക്ഷണവുമാണ്. അതുകൊണ്ടാണ് ഈ രണ്ടു തലവും നന്നായി കൊണ്ടുപോകാനും മാതൃകയായി ജീവിക്കുവാനും സാധിച്ചത്. അതിനെല്ലാം ദൈവത്തിന് നന്ദി പറയുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റ് ഉദ്യോഗസ്ഥനായി നേട്ടങ്ങളുടെ ഗോവണിപ്പടികള്‍ കയറിയപ്പോഴും വിശ്വാസത്തിന്റെ അഗ്നി ഹൃദയത്തില്‍ കെടാതെ കാത്തു സൂക്ഷിക്കാന്‍ സിറിള്‍ ജോണിന് സാധിച്ചു. വ്യക്തിജീവിതത്തിലും സുവിശേഷപ്രഘോഷണരംഗത്തും ഉണ്ടായ വെല്ലുവിളികളെയെല്ലാം ദൃഢനിശ്ചയത്തോടും ആത്മവിശ്വാസത്തോടും നേരിടുകയും അവയെ സാധ്യതകളാക്കി മാറ്റുകയും ചെയ്ത ഈ ജീവിതം വാസ്തവത്തില്‍ ഓരോ ക്രൈസ്തവനും വായിച്ചിരിക്കേണ്ട പാഠപുസ്തകമാണ്. ഭാരതത്തിലെയും ലോകത്തിലെ തന്നെയും കരിസ്മാറ്റിക്ക് ശുശ്രൂഷകളുടെ നേതൃരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച ആ സമര്‍പ്പണത്തിന്റെ ഒരു ഉപോല്‍പ്പന്നമെന്നതിലുപരി ദൈവം അദ്ദേഹത്തെ എത്രമാത്രം വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ്.
കുറവിലങ്ങാട്, തുണ്ടത്തില്‍ കുടുംബാംഗമായ സിറിള്‍ ജോണ്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെ ദ്വാരകയിലാണ് താമസം. 34 വര്‍ഷം പാര്‍ലമെന്റില്‍ ജോലി ചെയ്തശേഷം ജോയിന്റ് സെക്രട്ടറി ആന്റ് ചീഫ് ഓഫ് പ്രോട്ടോക്കോളായി 2016 ല്‍ വിരമിച്ചു. ഔദ്യോഗികജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മുക്തനായ ഷെവലിയാര്‍ സിറിള്‍ ജോണിലൂടെ പരിശുദ്ധാത്മാവ് വരും കാലങ്ങളില്‍ ചെയ്യുവാന്‍ പോകുന്ന വന്‍കാര്യങ്ങള്‍ക്കായി നമുക്കും കാതോര്‍ക്കാം.


രഞ്ജിത്ത് ലോറന്‍സ്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?