Follow Us On

28

March

2024

Thursday

നക്ഷത്രങ്ങളെ ധ്യാനിക്കുവാന്‍ പഠിപ്പിച്ച് ഒരു തീര്‍ത്ഥയാത്ര

നക്ഷത്രങ്ങളെ ധ്യാനിക്കുവാന്‍ പഠിപ്പിച്ച്  ഒരു തീര്‍ത്ഥയാത്ര

”ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അനിയനാണ് ഫോണ്‍ എടുത്തത്. പെട്ടെന്ന് അവന്‍ പറഞ്ഞു ഞാന്‍ ഒരാളുടെ കൈയില്‍ കൊടുക്കാം. അങ്ങേത്തലയ്ക്കല്‍നിന്നും ‘ഹലോ’ എന്ന സ്വരം കേട്ടു. പിന്നെ ‘ആരാണെന്ന് മനസിലായോ’ എന്ന ചോദ്യവും. ‘ആയിഷ താത്തയല്ലേ’ എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ സന്തോഷംകൊണ്ട് മനസുനിറഞ്ഞൊരു മറുപടി ‘അപ്പോള്‍ ഞങ്ങളെയൊന്നും മോന്‍ മറന്നിട്ടില്ല അല്ലേ.’ പെട്ടെന്ന് വന്ന മറുപടിയായിരുന്നു ഇത്. ‘എങ്ങനെ മറക്കും താത്ത നിങ്ങളെയൊക്കെ…. ‘ ഇത് പറയുമ്പോള്‍ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. സ്വന്തം വീട്ടിലുള്ളവരെ പോലെതന്നെ ബന്ധമുള്ളവര്‍. അവരുടെ വീട്ടിലുള്ള ഓരോരുത്തരെക്കുറിച്ചും ചോദിക്കുമ്പോള്‍ എന്തൊക്കെ ഓര്‍മകളാണ് പെട്ടെന്ന് ഓടിവന്നത്. കുറച്ചു സമയംകൊണ്ട് ചെറുപ്പത്തില്‍ നടന്ന മുഴുവന്‍ കാര്യങ്ങളും ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തപോലെ. ഒരു വലിയ വീടുപോലെയായിരുന്നു ജനിച്ചു വളര്‍ന്ന ഗ്രാമം. സ്‌കൂളില്‍ പോകുന്ന വഴിക്ക് എന്തെങ്കിലും കാരണത്താല്‍ മുഖം വല്ലാതെയിരുന്നാല്‍ എത്ര പേരോടായിരുന്നു മറുപടി പറയേണ്ടിവന്നിരുന്നത്. ആ നാട്ടിലെ കുട്ടികള്‍ എല്ലാവരുടെയും മക്കള്‍ പോലെയായിരുന്നു.”
നാട്ടുകാരനായ സുഹൃത്തിന്റെ അനുഭവമാണിത്. സുഹൃത്ത് ഈ സംഭവം വിവരിക്കുമ്പോള്‍ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകള്‍ സന്തോഷംകൊണ്ട് നിറയുന്നുണ്ടായിരുന്നു. നാട്ടില്‍നിന്നും ഞങ്ങള്‍ പോന്നിട്ടു ഇരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞു. നാടുമായി ബന്ധപ്പെട്ട ചില സ്‌നേഹം പൊതിഞ്ഞ പഴയ കഥകളൊക്കെ ഇടയ്ക്ക് ഇപ്പോള്‍ താമസിക്കുന്ന ജര്‍മനിയിലുള്ളവരോട് പറയുമ്പോള്‍ അവരുടെയും കണ്ണുകള്‍ നിറയുന്നത് കണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയാറുണ്ട്. ഞങ്ങളുടെ മനസിലെ നിങ്ങളുടെ മാതൃരാജ്യം ദാരിദ്ര്യവും പട്ടിണിയും ബാലവേലയും സ്ത്രീകളെ ഉപദ്രവിക്കുന്നവരും അഴിമതിയും മോശം കഥകളും നിറഞ്ഞ നാടാണ്. അവിടെ ഇങ്ങനെയൊക്കെ സ്‌നേഹത്തില്‍ കഴിയുന്നവരുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.
വായിക്കരുത് പ്ലീസ്
‘നിങ്ങള്‍ വായിക്കുന്നതൊക്കെ വിശ്വസിക്കുന്ന ഒരു സ്വഭാവം നിങ്ങള്‍ക്കുണ്ടെകില്‍, നിങ്ങളോടുതന്നെ ചെയ്യാവുന്ന ഒരു നല്ല കാര്യം ഒന്നും വായിക്കാതെ ഇരിക്കുകയാണ്’ എന്ന ജാപ്പനീസ് ചിന്ത ആത്മാര്‍ത്ഥമായിട്ടു പിന്തുടരുന്ന കുറച്ചുപേരില്‍ ഒരാളാണ് ഞാനും. കുറേക്കാലമായിട്ട് വായിക്കാത്ത ഒരു വിഷയമാണ് മതങ്ങളുടെ പേരിലുള്ള തീവ്രവാദ കഥകള്‍. ഞങ്ങള്‍ അനുഭവിച്ച, ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങള്‍പോലെയുള്ള കുറെ ബന്ധങ്ങളില്‍ സംശയത്തിന്റെ ഒരു നിഴല്‍പോലും വീഴാതിരിക്കുവാനുള്ള കൊതികൊണ്ടാണ്. മതങ്ങളെ ബന്ധപ്പെടുത്തി പറയുന്ന പല കാര്യങ്ങളിലും സത്യമുണ്ടാകും. പക്ഷേ സ്വന്തംഅനുഭവത്തില്‍ ഞങ്ങള്‍ അനുഭവിച്ചതും, ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അതല്ലാത്തതുകൊണ്ടാണ്. പ്രശസ്തനായ ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ഞങ്ങളുടെ ചിന്തകള്‍ക്ക് അടിവര ഇടുന്നതാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് നമ്മള്‍ അധികവും നമ്മുടെ നാട്ടില്‍ വര്‍ഗീയത നിറഞ്ഞു നില്‍ക്കുന്നു എന്ന് അറിയുന്നത്. അത് അടച്ചുവച്ചാല്‍ നമ്മള്‍ കാണുന്ന ലോകം വേറൊന്നാണ്.
ഒരു വീടിന്റെ കഥ
ഇതൊക്കെ ഇവിടെ എണ്ണിപ്പെറുക്കി പറയുവാന്‍ കാരണം മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം ആണ്. മതത്തിന്റെ പേരില്‍ നടന്ന ചങ്കുപൊട്ടുന്ന കഥകളുള്ള ഭൂമിയുടെ ഒരു മാരകമുറിവുപോലെയുള്ള സ്ഥലത്ത്, കണ്ണുനീര് ഇനിയും തോര്‍ന്നിട്ടില്ലാത്ത നാട്ടില്‍ ചെന്നിട്ട് മാര്‍പാപ്പ പറയുവാന്‍ ശ്രമിക്കുന്നത് കൂട്ടിവായിച്ചാല്‍ ഒരു വരിയില്‍ ചുരുക്കാം. മുകളില്‍ വിവരിച്ച സുഹൃത്തിന്റെ വരികള്‍കൊണ്ട്. ‘എങ്ങനെ മറക്കും താത്ത നിങ്ങളെയൊക്കെ…’ മാര്‍പാപ്പ പറഞ്ഞതും അതുതന്നെ. സ്വന്തം വീട്ടില്‍ ഉള്ളവരെപോലെയെന്നല്ല, സ്വന്തം വീട്ടിലുള്ളവരാന്നെന്നാണ്. മുസ്ലീമും ക്രിസ്ത്യാനിയും യഹൂദനും എല്ലാം ഒരു അപ്പന്റെ മക്കള്‍ എന്ന്. ഇതാണ് ഇവിടെ സംഭവിച്ച മാരക മുറിവിനുള്ള പരിഹാരം. വേറെ ഒരു പരിഹാരവുമില്ല. നാലായിരം വര്‍ഷം പഴക്കമുള്ള സ്മാരകങ്ങളുള്ള നഗരത്തിന്റെ നടുക്കുനിന്ന് പാപ്പ പറഞ്ഞത് ശരിക്കും ഇറാക്കിനോട് മാത്രമല്ല, ലോകം മുഴുവനോടുമാണ്. പഴയതൊക്കെ മറന്ന്, ഒന്ന് കൂടെ പുതിയതായി തുടങ്ങുവാന്‍. നക്ഷത്രങ്ങളെ ധ്യാനിച്ച് നമ്മുടെ വേരുകളിലേക്ക് മടങ്ങിപോകുവാന്‍. നമ്മള്‍ എവിടെ തുടങ്ങിയോ അവിടെനിന്നും ഒന്നുകൂടെ വീണ്ടും തുടങ്ങുവാന്‍. മാര്‍പാപ്പയുടെ വാക്കുകള്‍ കത്തോലിക്കാ സഭയ്ക്ക് ലോകത്തോട് പറയാനുള്ള വാക്കുകള്‍തന്നെ.
നക്ഷത്രങ്ങള്‍കൊണ്ട് മുറിവുകള്‍ ഉണക്കാം
രണ്ടാമത്തെ ദിവസം ഷിയാ സമൂഹത്തിന്റെ ഏറ്റവും ഉന്നത നേതാവായ ഗ്രാന്‍ഡ് ആയത്തൊള്ള അല്‍-സിസ്തനിയുമായി കൂടിക്കാഴ്ച കഴിഞ്ഞശേഷം പാപ്പ പോയത് അബ്രഹാമിന്റെ ദേശമായ ഊര്‍ സമതലത്തിലേക്കാണ്. ഇവിടെ നടന്ന മതാന്തരസമ്മേളനത്തില്‍ ഷിയാ, സുന്നി, യഹൂദമതനേതാക്കള്‍ പങ്കെടുത്തു. ആ അപ്പന്റെ ജന്മഭൂമിയായ ഊര്‍ എന്ന സ്ഥലത്തുനിന്നുകൊണ്ട്, അബ്രാഹത്തെ ചൂണ്ടിക്കാണിച്ചാണ് പാപ്പ പറയുന്നത്, നമുക്ക് വേരുകളിലേക്ക് മടങ്ങിപ്പോകാമെന്ന്. നമ്മുടെ എല്ലാവരുടെയും അപ്പനായ അബ്രഹാം കണ്ട നക്ഷത്രങ്ങളെ ധ്യാനിച്ച് നമ്മുടെ മുറിവുകളെ ഉണക്കാം എന്നതായിരുന്നു. നക്ഷത്രങ്ങളുടെ കഥ പറഞ്ഞാണ് പാപ്പ തുടങ്ങിയത്. നാലുദിവസത്തെ യാത്ര അവസാനിപ്പിച്ചതും നക്ഷത്രങ്ങളെകുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു.
പ്രതീക്ഷയുടെ പുലരിയിലേക്ക്
‘ഐ.എസ്’ ഭീകരുടെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായ നഗരമാണ് ക്വാരഘോഷ്. അവിടുത്തെ ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ദൈവാലയം അവരുടെ ആയുധ പരിശീലനകേന്ദ്രമാക്കി മാറ്റിയിരുന്നു. ആ വിങ്ങുന്ന സ്ഥലത്തുനിന്നുകൊണ്ട് പാപ്പ പറഞ്ഞു. നമുക്ക് ചുറ്റും നോക്കുമ്പോള്‍ കാണുന്നത് വെറുപ്പിന്റെയും യുദ്ധത്തിന്റെയും വന്‍ നശീകരണ ശക്തിയുടെയും അവശിഷ്ടങ്ങളാണ്. പക്ഷേ അതിലുമുപരി ഇവിടെയുള്ള നമ്മുടെ ഈ ഒന്നിച്ചുചേരല്‍ ലോകത്തോട് വിളിച്ചുപറയുന്നത് മരണവും തീവ്രവാദവും അവസാനവാക്കല്ല എന്നാണ്. അവസാന വാക്ക് ദൈവമാണ്. നിങ്ങള്‍ ഒറ്റയ്ക്കല്ല. സുഹൃത്തുക്കളെ, ഈ നിമിഷം തകര്‍പ്പെട്ട കെട്ടിടങ്ങള്‍മാത്രം കെട്ടിപ്പൊക്കേണ്ട സമയമല്ല. അതിനുമുന്‍പ് കൂട്ടിയോജിക്കപ്പെടേണ്ട ബന്ധങ്ങള്‍ ഉണ്ട്. സ്വപ്‌നംകാണുന്നത് നിങ്ങള്‍ നിര്‍ത്തരുത്. പ്രതീക്ഷകള്‍ അസ്തമിക്കുവാന്‍ അനുവദിക്കരുത്
മൊസൂള്‍ നഗരത്തിന്റെ ഹൃദയഭാഗത്തു തകര്‍ന്നു കിടക്കുന്ന ദൈവാലയങ്ങളുടെ നടുക്കുനിന്ന് പാപ്പ നടത്തിയ പ്രാര്‍ത്ഥനയ്ക്കുമുമ്പുള്ള ആമുഖവരികള്‍ ഇങ്ങനെയായിരുന്നു. ദൈവം ജീവന്റെ ദൈവമാണെങ്കില്‍ – അവനതാണ് താനും – അവന്റെ നാമത്തില്‍ സഹോദരനെയും സഹോദരിയെയും കൊല്ലുവാന്‍ അനുവാദമില്ല. ദൈവം സമാധാനത്തിന്റെ ദൈവമാണെങ്കില്‍ അവനതാണ് താനും. അവന്റെ നാമത്തില്‍ യുദ്ധം ചെയ്യുവാന്‍ അനുവാദമില്ല. നമ്മുടെ സഹോദരനെയും സഹോദരിയെയും വെറുക്കുവാനും അനുവാദമില്ല.
സ്വര്‍ഗം ഭൂമിയിലേക്ക് കൊണ്ടുവരുക
രണ്ടാംദിവസം ബാഗ്ദാദിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ദൈവാലയത്തില്‍ നടന്ന വിശുദ്ധബലിയില്‍ സുവിശേഷഭാഗ്യങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പ പറഞ്ഞത്: സുവിശേഷഭാഗ്യങ്ങള്‍ ജീവിക്കുക എന്നുപറഞ്ഞാല്‍ സ്വര്‍ഗത്തെ ഭൂമിയിലേക്ക് കൊണ്ടുവരുക എന്നാണ്. അതിനുവേണ്ടി അസാധാരണമായിട്ട് ഒന്നും ചെയ്യേണ്ട. നമുക്ക് സാധിക്കുന്ന രീതിയില്‍ സ്‌നേഹംകൊണ്ട് അവന് സാക്ഷ്യം കൊടുക്കുക. നമ്മുടെ കഴിവിനപ്പുറമുള്ള ഒന്നും ചെയ്യേണ്ട. എങ്ങനെയാണ് പാവപ്പെട്ടവനും കരയുന്നവരും പീഡിപ്പിക്കപ്പെടുന്നവരും വാഴ്ത്തപ്പെട്ടവരാകുന്നത് എന്ന ചോദ്യത്തോടെയാണ് പാപ്പ തന്റെ സുവിശേഷവ്യാഖ്യാനം തുടങ്ങിയത്.
വലിയ സങ്കടങ്ങളുടെ മുന്‍പില്‍ നമുക്ക് രണ്ട് പ്രലോഭനങ്ങള്‍ ഉണ്ട്. ഒന്ന് ഒളിച്ചോട്ടമാണ്. അവിടം വിട്ടുപോവുക, അതിനെ അവഗണിച്ച് മാറിനടക്കുക. രണ്ടാമത്തെ പ്രലോഭനം അക്രമത്തിലൂടെയുള്ള പകരംവീട്ടലാണ്. ഗത്സെമനിയിലെ ശിഷ്യരുടെ രീതികള്‍. നിസഹായതുകൊണ്ട് ഓടിപ്പോകുന്ന ശിഷ്യരും വാളെടുക്കുന്ന പത്രോസും. ഒളിച്ചോട്ടവും വാളും പരിഹാരമല്ല. ഈശോ ചരിത്രം തിരുത്തിക്കുറിച്ചു. എങ്ങനെ? സ്‌നേഹത്തിന്റെ നിശബ്ദ സുവിശേഷംകൊണ്ട്, സഹിഷ്ണതയുടെ സാക്ഷ്യംകൊണ്ട്…നമ്മളും വിളിക്കപെട്ടത് അതിനുവേണ്ടിയാണ്. അതിലൂടെയാണ് ദൈവം തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത്.
തീര്‍ത്ഥാടകന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്ന അമ്പതാമത്തെ രാജ്യമാണ് ഇറാക്ക്. യുദ്ധത്തിന്റെ പകച്ചുരുള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ആദ്യത്തെ രാജ്യവും. ‘പ്രതീക്ഷയുടെ തീര്‍ത്ഥാടകനായിട്ടാണ്’ ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നതെന്ന് അദ്ദേഹം യാത്രയുടെ തലേദിവസം അയച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബാഗ്ദാദിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ രാഷ്ട്രീയ, മത നേതാക്കന്മാരോടുസംസാരിക്കുമ്പോള്‍ അദ്ദേഹം ഇതേ സന്ദേശം ആവര്‍ത്തിച്ചു.
‘ആദരവോടെ, പിതൃഭാവത്തോടെ, ആഡംബരങ്ങളില്ലാതെ, എളിമയോടെ, ആശ്വാസവാക്കുകളും പ്രതീക്ഷാവചനങ്ങളുമായിട്ടാണ് പാപ്പാ അവരുടെ അടുത്തേക്ക് ചെന്നുകയറിയത്.’ മാര്‍പാപ്പയുടെ ഇറാക്ക് യാത്രയെ ഒരു യൂറോപ്യന്‍ സെക്കുലര്‍ പത്രം വിവരിച്ചത് ഈ വരികള്‍കൊണ്ടാണ്.
ഈ യാത്രയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ പുരാതന നഗരമായ ഊറില്‍വച്ച് നടന്ന മതസൗഹാര്‍ദ്ദകൂട്ടായ്മയും മക്കയ്ക്കും മദീനയ്ക്കുംശേഷം ഷിയ മുസ്ലീങ്ങള്‍ തങ്ങളുടെ മൂന്നാമത്തെ പുണ്യനഗരമായി പരിഗണിക്കുന്ന നജഫില്‍വച്ച് ഉന്നത ഷിയാനേതാവ് ഗ്രാന്റ് ആയത്തൊള്ള അല്‍-സിസ്തനിയുമായിട്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ കൂടികാഴ്ചകൂടിയായിരുന്നു. ഈ കൂടിക്കാഴ്ചയുടെ ചരിത്രസ്മാരകമായി ഇറാക്കി പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി ‘ദേശീയ സഹിഷ്ണുതാദിനം’ പ്രഖ്യാപിച്ചു. ഇനിമുതല്‍ ഈ രണ്ടു മതനേതാക്കള്‍ കണ്ടുമുട്ടിയ മാര്‍ച്ച് ആറ് ദേശിയ സഹിഷ്ണുതാ ദിനമായി ഇറാക്കി ജനത ആചരിക്കും.
ചരിത്രം കുറിച്ച യാത്ര
127 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു റെക്കോര്‍ഡ് സ്ഥാപിച്ച വിശുദ്ധ ജോണ്‍പോള്‍ പാപ്പയുടെ ആഗ്രഹമായിരുന്നു ഇറാക്ക് സന്ദര്‍ശിക്കുക എന്നത്. രണ്ടായിരത്തില്‍ അവിടേക്കുള്ള യാത്ര തീരുമാനിച്ചുറപ്പിച്ചതാണ്. എന്നാല്‍, അതു യാഥാര്‍ത്ഥ്യമായില്ല. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ സ്വപ്‌നം കണ്ടു, ഫ്രാന്‍സിസ് പാപ്പ അത് നിറവേറ്റി.
ചരിത്രപരമായി പല പ്രത്യേകതകളും നിറഞ്ഞ യാത്രയായിരുന്നു. ഇറാക്കിന്റെ മണ്ണില്‍ കാലുകുത്തുന്ന ആദ്യത്തെ മാര്‍പാപ്പ. ഒന്നര വര്‍ഷത്തെ വലിയ ഇടവേളയ്ക്കുശേഷം പാപ്പ നടത്തിയ ആദ്യത്തെ സന്ദര്‍ശനം. എല്ലാംകൊണ്ടും ഒരുപാട് ‘റിസ്‌ക്’കൂടിയ യാത്രയായിരുന്നു ‘ഇറാക്ക് മിഷന്‍.’
മാര്‍പാപ്പ എന്ത് പറഞ്ഞാലും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍പോലും നല്ല വാക്കുകള്‍കൊണ്ട് പൊതിഞ്ഞാണ് ഈ യാത്രയെ വിവരിച്ചത്. ഫ്രാന്‍സിസ് ആശ്വാസകന്‍, പ്രതീക്ഷയുടെ പ്രവാചകശബ്ദവുമായി ഒരു യാത്ര, സമാധാന സങ്കീര്‍ത്തനങ്ങളുമായിട്ട് ഫ്രാന്‍സിസ്, അനുരഞ്ജനത്തിന്റെ ഒരു തീര്‍ത്ഥയാത്ര, വീടിന്റെ സുവിശേഷവുമായിട്ട് ഫ്രാന്‍സിസ് ഇറാക്കില്‍… എന്നിങ്ങനെ നീട്ടുപോകുന്നു.
തന്റെ പ്രഭാഷണങ്ങളില്‍ അദ്ദേഹം പകരംവീട്ടലിന്റെയും പ്രതികാരത്തിന്റെയും പ്രലോഭനങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി. കരുണയുടെയും സമാധാനത്തിന്റെയും പുതിയ സംസ്‌കാരത്തിന് തുടക്കമിടണമെന്ന് അപേക്ഷിച്ചു.
ഒന്നുകില്‍ നമ്മള്‍ ശത്രുക്കള്‍ അല്ലെങ്കില്‍ സഹോദരര്‍. ഇതിലേതെങ്കിലുംഒന്നേയുള്ളൂ നമുക്കുമുന്‍പില്‍- ഇതായിരുന്നു ഫ്രാന്‍സിസ് പാപ്പയ്ക്ക് ചുരുക്കിപ്പറയുവാന്‍ ഉണ്ടായിരുന്നത്. ഇതൊക്കെ വല്ലതും നടക്കുന്നതാണോ എന്ന ചോദ്യത്തിന് മനസില്‍ വിരിയുന്ന ഉത്തരം ഞാന്‍ പറഞ്ഞുതുടങ്ങിയ കഥയാണ്. നമ്മുടെ ഗ്രാമങ്ങളുടെ വിശുദ്ധി നിറയുന്ന കഥ.


ബാസ്റ്റിന്‍ നീലഗിരി വി.സി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?